ട്രോഫി ഏറ്റുവാങ്ങുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ "കേളി സോക്കർ 2026' ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഫാൽക്കൺ എഫ്സി അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി, അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സി, പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്സി അൽ ഖർജ് എന്നീ ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
വ്യാഴാഴ്ച രാത്രി 10ന് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് വരെ നീണ്ടു. ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി 3-1ന് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി.
രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ 4-2ന് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സിയെ മറികടന്ന് ഫൈനലിലെത്തി. ആവേശകരമായ ഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസിയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.
ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു.
റണ്ണേഴ്സ്-അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി. സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ ചെയർമാൻ അബ്ദുൾ കലാം, സാമ്പത്തിക കൺവീനർ ഗോപാൽ ചെങ്ങന്നൂർ എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി ടൂർണമെന്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും രേഖപ്പെടുത്തി.