ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: അമേരിക്കയിലെ ഡാളസിൽ അഭിഭാഷകനായ ലാൽ വർഗീസിന്റെ രണ്ടാം ഗ്രന്ഥമായ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ആമസോൺ കിൻഡിൽ ഇബുക്കിൽ പ്ലാറ്റ്ഫോമിലൂടെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് ഇപ്പോൾ ലഭ്യമാണ്. അമേരിക്കയിൽ ഇതിന്റെ വില 5.99 യുഎസ് ഡോളർ മാത്രമാണ്.
മലങ്കര മാർത്തോമ സുറിയാനി സഭയുടെ ചരിത്രം, പൈതൃകം, വിശ്വാസം, ആരാധനാക്രമം (ലിറ്റർജി), കൂട്ടായ ആരാധന, സഭാപാരമ്പര്യങ്ങൾ, നവീകരണ പ്രസ്ഥാനം എന്നിവയെ സമഗ്രമായും സംക്ഷിപ്തമായും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. പ്രത്യേകിച്ച് മാർത്തോമ സഭയുടെ അടുത്ത തലമുറയ്ക്ക് അവരുടെ സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും ആഴത്തിൽ മനസിലാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഈ ഗ്രന്ഥം സഹായകമാകുമെന്ന പ്രത്യാശയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലങ്കര മാർത്തോമ സഭയുടെ ചരിത്രം അചഞ്ചലമായ വിശ്വാസത്തിന്റെയും നവീകരണാത്മക ദർശനത്തിന്റെയും സുവിശേഷമൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ്. കിഴക്കൻ സഭയുടെ സമ്പന്നമായ പാരമ്പര്യത്തിൽ വേരൂന്നിക്കൊണ്ട് കാലാനുസൃതമായ നവീകരണം സ്വീകരിച്ച സഭയുടെ യാത്രയാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്.
ഈ ഗ്രന്ഥത്തിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ആമുഖം എഴുതിയിട്ടുണ്ട്. വടക്കേ അമേരിക്കാ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയും, ഇംഗ്ലണ്ടിലെ ആദ്യകാല മാർത്തോമ പ്രവാസിയും പണ്ഡിതനുമായ ഡോ. സാക്ക് വർഗീസ് ആശംസാസന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഗ്രന്ഥത്തിന്റെ എഡിറ്റിംഗും മുഖവുരയും നിർവഹിച്ച റവ. ഡോ. ജെയിംസൺ കെ. പള്ളിക്കുന്നേലിനോടും, കൈയെഴുത്തുപ്രതി സൂക്ഷ്മമായി പരിശോധിക്കുകയും മുഴുവൻ പ്രവർത്തനങ്ങളിലും സഹകരിക്കുകയും ചെയ്ത ഭാര്യ കൊച്ചുമോളോടും ഗ്രന്ഥകാരൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മാർത്തോമ സഭയുടെ ചരിത്രം, വിശ്വാസം, ആരാധന, ലിറ്റർജി, സഭാപാരമ്പര്യം, കൂട്ടായ ആരാധനയുടെ പ്രാധാന്യം എന്നിവ പുതിയ തലമുറയ്ക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെന്നാണ് ഗ്രന്ഥകാരന്റെ പ്രത്യാശയും പ്രാർത്ഥനയും.
Tags : Lal Varghese's second book history of the Malankara Marthoma Suryani