പ്രതീകാത്മക ചിത്രം
ബെർലിൻ: യൂറോപ്പിനെ ഉലച്ച കടുത്ത ഉഷ്ണതരംഗത്തിൽ ജർമനിയിൽ മാത്രം 5,000-ത്തിലധികം ആളുകൾ മരണമടഞ്ഞതായി ഔദ്യോഗിക റിപ്പോർട്ട്. ജർമനിയിലെ പ്രധാന പൊതുജനാരോഗ്യ സ്ഥാപനമായ റോബർട്ട് കോഖ് ഇൻസ്റ്റിറ്റ്യൂട്ട് (RKI) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ ഞെട്ടിക്കുന്ന വിവരം.
ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം. ജൂൺ മാസത്തിൽ ഒരാഴ്ചയിലധികം യൂറോപ്പിനെ സ്തംഭിപ്പിച്ച ഉഷ്ണതരംഗത്തിനിടയിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്.
സർവകാല റിക്കാർഡ് തകർത്ത് ജൂൺ
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രമായ Copernicus Climate Change Service-ന്റെ റിപ്പോർട്ട് പ്രകാരം, 2026 ജൂൺ യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായി രേഖപ്പെടുത്തി.
മുൻവർഷങ്ങളിലെ എല്ലാ റിക്കാർഡുകളും തകർത്താണ് താപനില ഉയർന്നത്. ജർമനിയിലെ പല നഗരങ്ങളിലും താപനില തുടർച്ചയായി 40°C കടന്നതാണ് മരണനിരക്ക് കുത്തനെ കൂടാൻ കാരണം.
പ്രായമായവർക്ക് കനത്ത പ്രഹരം
മരണപ്പെട്ടവരിൽ ഭൂരിഭാഗവും വയോധികരും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമാണ്.
തലസ്ഥാനമായ ബെർലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ പോലീസ് തെരുവുകളിൽ വാട്ടർ സ്പ്രേയറുകൾ ഉപയോഗിച്ച് വെള്ളം തളിക്കേണ്ട സാഹചര്യം വരെയുണ്ടായി.
കടുത്ത ജാഗ്രതാ നിർദേശം
വരും ആഴ്ചകളിലും കടുത്ത ചൂടും വരൾച്ചയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നിർമാണ തൊഴിലാളികൾ, കായിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവർ, കുട്ടികൾ, പ്രായമായവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ധാരാളം വെള്ളം കുടിക്കാനും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Tags : EuropeHeatwave GermanyHeatwave ClimateCrisis HottestJune