സംഭവസ്ഥലത്തുനിന്നുള്ള ചിത്രം
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെട്ടതായി ബെർലിനിലെ മലയാളി കൂട്ടായ്മകൾ അറിയിച്ചു.
മുഖത്തും കൈകളിലും വെട്ടേറ്റ വിദ്യാർഥി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർഥി വീസയിൽ ജർമനിയിലെത്തിയ അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പരിക്കേറ്റവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിർദേശം ജർമൻ അധികൃതർ നൽകിയിട്ടുണ്ട്.
പോട്സ്ഡാമർ പ്ലാറ്റ്സിന് സമീപം ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ പ്രതി അബ്ദുൾ ബല്ലൂട്ട് മാരകായുധങ്ങളുമായി രക്ഷപ്പെടുന്നതിനിടെയാണ് വഴിയാത്രക്കാരനായിരുന്ന മലയാളി വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തുണ്ടായിരുന്ന അടിയന്തര രക്ഷാസേന ഉടൻ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചു. ഈ സംഭവം ബെർലിനിലെയും ജർമനിയിലെയും മലയാളി സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, ഭീഷണി കുറഞ്ഞെങ്കിലും പ്രവാസികളും വിദ്യാർഥികളും പൊതുസ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജർമ്മൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ, യൂറോപ്പിലെ ഭിന്നലിംഗക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിൽ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് ആളുകളുടെ ഇടയിലേക്കാണ് ശനിയാഴ്ച പ്രതിയായ ലബനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദിനെ (21) വാൻ ഓടിച്ചുകയറ്റി ആക്രമം നടത്തിയത്.
കത്തിയുമായി ഓടിയ ഇയാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇസ്ലാമിക് ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു.
Tags : MalayaliStudent