ഡാളസ്: ജിമ്മിൽ വച്ച് സ്ത്രീകളുടെ ചിത്രം പകർത്തിയെന്ന് ആരോപണം നേരിടുന്ന 71 വയസുകാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഡാളസിലെ കരോൾട്ടണിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വില്യം മൈക്കൽ ബേൺസാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. പ്രദേശത്തെ ജിമ്മിൽ വച്ച് വില്യം മോശമായ രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.
ഈ പരാതി അന്വേഷിക്കുന്നതിനാണ് പോലീസ് വില്യമിന്റെ വീട്ടിലെത്തിയത്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ വില്യം കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തോക്ക് താഴെയിട്ടില്ല. തുടർന്ന് പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വില്യം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
വില്യം പൂർണമായും ബധിരനായിരുന്നുവെന്നും ശ്രവണസഹായി ഇല്ലാതെ കേൾക്കാൻ കഴിയില്ലായിരുന്നുവെന്നും ഇത് പോലീസ് റിപ്പോർട്ടിൽ മറച്ചുവച്ചതായി വില്യമിന്റെ സഹോദരപുത്രി ആരോപിച്ചു.
ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കരോൾട്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Tags : Carrollton Police Pictures of woman Gym Shoot