മനാമ: ഗൾഫ് നാടുകളുടെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ മേയ് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പ്രവാസലോകത്ത് പണിയെടുക്കുന്ന ഓരോ തൊഴിലാളിയും ആധുനിക കാലത്തെ പോരാളികളാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ മേയ്ദിന സന്ദേശത്തിൽ പറഞ്ഞു.
തൊഴിലിടങ്ങളിലെ അവകാശങ്ങൾക്കും അന്തസുള്ള ജീവിതത്തിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ പുതുക്കലാണ് മേയ് ഒന്ന്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു അവധി ദിനമല്ല, മറിച്ച് സ്വന്തം വിയർപ്പിന്റെ വില തിരിച്ചറിയുന്നതിനും അന്തസുള്ള ജീവിതത്തെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള ദിവസമാണിത്.
മണലാരണ്യത്തിലെ പ്രതികൂലതയെ അതിജീവിച്ച് മാതൃരാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ പ്രവാസി തൊഴിലാളികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ജോലി സമ്മർദങ്ങൾക്കിടയിൽ പ്രവാസികൾ സ്വന്തം ആരോഗ്യവും മാനസിക ഉല്ലാസവും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഒറ്റപ്പെടലുകളിൽ പരസ്പരം താങ്ങായി മാറാൻ പ്രവാസി കൂട്ടായ്മകൾക്ക് സാധിക്കണമെന്നും പ്രവാസി വെൽഫെയർ മേയ്ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു.
ജാതി-മത-ലിംഗ ഭേദമന്യേ അധ്വാനിക്കുന്ന കൈകൾക്ക് ആദരവ് നൽകുന്ന മേയ്ദിനത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടിയായ മേയ് ഫെസ്റ്റ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ പ്രവാസി സെന്ററിൽ നടക്കും.
പ്രവേശനം പൂർണമായും സൗജന്യമായ മേയ് ഫെസ്റ്റിൽ സാമൂഹിക സേവന മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ്, ബഹ്റനിലെ പ്രമുഖ പ്രവാസി ബാഡ്മിന്റൺ ഗ്രൂപ്പുകൾ മാറ്റുരയ്ക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ്, പ്രവാസി വെൽഫെയർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ എന്നിവ മേയ് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഐക്യത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും മാത്രമേ മികച്ചൊരു തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂ. എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ മേയ് ദിനാശംസകൾ നേരുന്നതായും പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
Tags : may day pravasi welfare bahrain manama