ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യുകെ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച വെബിനാറിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും മുഖ്യപ്രഭാഷകരായി പങ്കെടുത്തു.
അനുസ്മരണ പ്രഭാഷണത്തിൽ എം. സ്വരാജ് വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതവും പോരാട്ടവീര്യവും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു. അവകാശങ്ങൾക്കായി പോരാടുന്ന പുതുതലമുറയ്ക്ക് വി.എസിന്റെ ജീവിതം എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലവും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും എം. ശിവപ്രസാദ് വിശദീകരിച്ചു.
സമീക്ഷ യുകെ. നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമണും നാഷണൽ പ്രസിഡന്റ് രാജി ഷാജിയും സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗം ഷാജു സി. ബേബിയുടെ നന്ദിപ്രസംഗത്തോടെ വെബിനാർ സമാപിച്ചു.
Tags : SameekshaUK Webinar V.S.Achuthanandan