പ്രതീകാത്മക ചിത്രം
ബെർലിൻ: യുഎസിലെ ഷിക്കാഗോയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പറക്കുകയായിരുന്ന സ്വിസ് ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽവച്ച് അടിയന്തരമായി തിരിച്ചിറക്കി.
222 യാത്രക്കാരും 16 ജീവനക്കാരുമടക്കം 238 പേരുണ്ടായിരുന്ന വിമാനം പോർച്ചുഗലിന്റെ അധീനതയിലുള്ള അസോറസ് ദ്വീപസമൂഹത്തിലെ ടെർസീറ ദ്വീപിലുള്ള ലാജസ് വ്യോമതാവളത്തിലാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
ഷിക്കാഗോയിൽ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം ചൊവ്വാഴ്ച ഉച്ചയോടെ സൂറിച്ചിൽ എത്തേണ്ടതായിരുന്നു. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനിടെ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടു.
തുടർന്ന് പൈലറ്റ് അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന ട്രാൻസ്പോണ്ടർ കോഡ് 7700 സജീവമാക്കി. തുടർന്ന് വിമാനം തിരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്നായ അസോറസിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഏകദേശം 2,000 കിലോമീറ്റർ അധികദൂരം സഞ്ചരിച്ച ശേഷമാണ് വിമാനം പ്രാദേശിക സമയം രാവിലെ 8.30ഓടെ ലാജസ് വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങിയത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയർലൈൻസ് അറിയിച്ചു. വിമാനത്തിനുള്ളിൽ രൂക്ഷമായ ഗന്ധം ഉണ്ടായതിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി സാങ്കേതിക വിദഗ്ധർ പരിശോധന നടത്തിവരികയാണ്.
അസോറസിൽ ഇറങ്ങിയ യാത്രക്കാരെ സൂറിച്ചിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയതായി സ്വിസ് എയർലൈൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഒലിവർ ബുഷ്ഹോഫർ അറിയിച്ചു.
സംഭവത്തെ തുടർന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനയും അടിയന്തര ലാൻഡിംഗിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
Tags : Azores Plane 238Passengers NRINews