വൂസ്റ്റർ: വെസ്റ്റ് മിഡ്ലാൻഡിലെ വൂസ്റ്റർ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കലാപ്രതിഭകളുടെ നൃത്തവും സംഗീതവും സമന്വയിപ്പിച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈസ്റ്റർ - വിഷു ആഘോഷം ഗംഭീരമായി.
വൂസ്റ്റർ പീപ്പിൾട്ടൺ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ. ജോസഫ് നിർവഹിച്ചു.
വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിൻ കെ. ജോയ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോബിൻ കരുണാകരൻ നന്ദിയും പറഞ്ഞു.

ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന "എന്റെ മലയാളം' സ്കൂളിൽ 100 ശതമാനം അറ്റൻഡൻസ് കരസ്ഥമാക്കി പഠിക്കുന്ന കുട്ടികളായ ജോസഫ് ബിബിൻ, തീർഥ്വ അനീഷ്,അമേയ അജേഷ്, ആരവ് അജേഷ്, ആലിയ ബിൻസ് എന്നിവർക്കുള്ള കാഷ് അവാർഡും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.
ക്ലബിന്റെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും ഫാമിലി ക്ലബുകൾ പോലെയുള്ള കൂട്ടായ്മകൾ പുതിയ തലമുറയ്ക്ക് തടസം വരാതെ പഴയ തലമുറയിൽപ്പെട്ട കൂടുതൽ ആളുകളെ ഉൾപ്പെടുത്തി യുകെയിലുടനീളം വളർന്നു വരേണ്ടത് അനിവാര്യമാണെന്നും സി.എ. ജോസഫ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
മലയാളഭാഷ പുതിയ തലമുറയിലേക്ക് പകർന്നു നൽകുവാനുള്ള ഫാമിലി ക്ലബിന്റെ വലിയ ഉദ്യമത്തിന്റെ തെളിവാണ് ഒരു വർഷത്തിലധികമായി നടന്നുവരുന്ന "എന്റെ മലയാളം' സ്കൂളിലെ നിരവധി കുട്ടികൾ 100 ശതമാനം ഹാജർ കരസ്ഥമാക്കി പഠിക്കുന്നതും അവർക്ക് നൽകിയ അംഗീകാരങ്ങൾ ഏവർക്കും മാതൃകാപരമാണെന്നും സി.എ. ജോസഫ് അഭിപ്രായപ്പെട്ടു.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ചു വന്നിരുന്ന സി.എ. ജോസഫിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്ന നിലയിൽ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസും എന്റെ മലയാളം സ്കൂൾ പ്രധാന അധ്യാപിക രമ്യ അനീഷും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചും വൈസ് പ്രസിഡന്റ് സിനോജ് സെബാസ്റ്റ്യൻ ഉപഹാരം നൽകിയും ആദരിക്കുകയുണ്ടായി.
തുടർന്ന് നടന്ന കലാപരിപാടികൾ കാണികൾക്ക് കണ്ണിനും കാതിനും നവ്യാനുഭവം പകർന്നു നൽകുന്നവയായിരുന്നു. വൂസ്റ്ററിലെ അറിയപ്പെടുന്ന ഗായകരായ സെബാസ്റ്റ്യൻ, അജിത് തുടങ്ങിയവരും നർത്തകരായ മിട്ടു അഭിലാഷ്, മഞ്ജുഷ ബിൻസ്, ജിനു അനൂപ് എന്നിവരും ചേർന്നവതരിപ്പിച്ച നൃത്തങ്ങളും അബിത സുബിന്റെ നേതൃത്വത്തിൽ അൽഫോൻസാ ഫ്രാൻസിസും അനു സെബാസ്റ്റ്യനും ചേർന്നവതരിപ്പിച്ച മാഷ് അപ്പും അത്യാപൂർവമായ കലാപ്രകടനത്തിന്റെ നേർസാക്ഷ്യമായി മാറി.
ഫാമിലി ക്ലബിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടുകളും കണ്ണിന് കുളിർമയേകി. അവതാരകയായി എത്തിയ സവിത ആർ. രാജേഷ് ആഘോഷ പരിപാടികളുടെ വിജയത്തിന് വലിയ സംഭാവനയാണ് നൽകിയത്.
ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പായസവും പങ്കെടുത്തവർക്കെല്ലാം നാടിന്റെ രുചിയും ഓർമകളും സമ്മാനിച്ചു.

മിട്ടു അഭിലാഷ് നേതൃത്വം നൽകിയ ഫാമിലി ബിംഗോയും ആഘോഷത്തിന്റെ വേറിട്ട ആകർഷണമായി മാറി. ഓരോ കുടുംബവും ആവേശത്തോടെ പങ്കെടുത്ത മത്സരത്തിൽ വിജയികൾക്ക് സി.എ. ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈ വർഷത്തെ വൂസ്റ്റർ ഫാമിലി ക്ലബിന്റ ഈസ്റ്റർ - വിഷു ആഘോഷങ്ങൾക്ക് ഷിബിൻ മാത്യു, സാജു മാത്യു, ജോൺ ബാബു, അനീഷ് കുമാർ, ബിൻസ് ജോർജ്, കെ.എം. വിപിൻ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ വൂസ്റ്ററിലെ മലയാളി സംരംഭമായ പട്ടുനൂലിന്റെ ഇന്ത്യൻ വസ്തങ്ങളുടെയും ആഭരണങ്ങളുടെയും പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.
Tags : worcester family club easter vishu celebration