സഞ്ജു സാംസൺ, അഭിഷേക് ശര്‍മ
ഇന്ത്യന്‍ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ടീം മാനേജ്മെന്റിനു നേര്‍ക്കു വീണ്ടും ഇരട്ടനീതിയുടെ ചോദ്യശരങ്ങള്‍ ഉയരുന്നു. ഇത്തവണയും വാദിഭാഗത്തുള്ളത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന്റെ പക്ഷക്കാര്‍. പേരിന് അവസരം നല്‍കിയശേഷം സഞ്ജുവിനെ ഒഴിവാക്കുന്നതാണ് ഇത്തവണയും പ്രതിഷേധ സ്വരം ഉയരാന്‍ കാരണമായിരിക്കുന്നത്.
ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. കൗമാര സൂപ്പര്‍ സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ വരവോടെയാണ് സഞ്ജുവിനു സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം, മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ ഫോമില്‍ അല്ലാതിരുന്നിട്ടും അദ്ദേഹത്തെ സ്ഥിരമായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതാണ് ബിസിസിഐ വീണ്ടും പ്രതിക്കൂട്ടിലാകാന്‍ കാരണം.
2026 ട്വന്റി-20 ലോകകപ്പിനു മുമ്പും സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് സഞ്ജുവിന്റെ നിര്‍ണായക ബാറ്റിംഗിലൂടെ ആയിരുന്നു ഇന്ത്യ ലോക ചാമ്പ്യന്മാരായത്. ലോകകപ്പിന്റെ പ്ലെയര്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു.
എന്തുകൊണ്ട്..?
അഭിഷേക് ശര്‍മയ്ക്കു തുടരെ അവസരങ്ങള്‍ നല്കുമ്പോഴും എന്തുകൊണ്ട് സഞ്ജുവിനെ തുല്യമായി പരിഗണിക്കുന്നില്ലെന്ന ചോദ്യം മുന്‍താരങ്ങള്‍ അടക്കം ഉയര്‍ത്തിയിരിക്കുന്നു. ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയം (4-0) ഏറ്റുവാങ്ങിയശേഷം സുനില്‍ ഗാവസ്കര്‍ ബിസിസിഐ സെലക്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ശ്രേയസ് അയ്യരെ വലിഞ്ഞുകേറി ക്യാപ്റ്റന്‍സിയില്‍ എത്തിയവനെന്ന് ആക്ഷേപിച്ചായിരുന്നു ഗാവസ്കറിന്റെ രൂക്ഷപ്രതികരണം.
സിംബാബ്വെയ്ക്ക് എതിരായ ട്വന്റി-20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി. അയര്‍ലന്‍ഡ് (2-0), ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ സമ്പൂര്‍ണ പരാജയത്തിനുശേഷമായിരുന്നു ഇത്. സിംബാബ്വെയ്ക്ക് എതിരേയും ഇന്ത്യന്‍ ഓപ്പണര്‍ സ്ഥാനത്ത് അഭിഷേക് ശര്‍മയ്ക്കു ശോഭിക്കാനായില്ല. ഇതോടെ ഹനുമ വിഹാരി സഞ്ജുവിന്റെ പക്ഷംപിടിച്ച് രംഗത്തെത്തി. ലോകകപ്പ് ജയിപ്പിച്ച സഞ്ജുവിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നില്ല എന്നാണ് ഹനുമ വിഹാരിയുടെ ചോദ്യം.
അഭിഷേക് ഫോം
ട്വന്റി-20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി-20 ടീം കളിച്ചത് 10 മത്സരങ്ങള്‍. അയര്‍ലന്‍ഡിന് എതിരേ രണ്ട്, ഇംഗ്ലണ്ടിന് എതിരേ മഴയില്‍ ഉപേക്ഷിച്ചത് ഉള്‍പ്പെടെ അഞ്ച്, സിംബാബ്വെയ്ക്ക് എതിരേ മൂന്ന്. ഈ 10 മത്സരങ്ങളിലും അഭിഷേക് ശര്‍മ ക്രീസിലെത്തി. ഇംഗ്ലണ്ടിന് എതിരേ മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ച ആദ്യ മത്സരത്തില്‍ നേടിയ അര്‍ധസെഞ്ചുറി (24 പന്തില്‍ 59) മാത്രമാണ് അഭിഷേകിന് എടുത്തു പറയാനുള്ളത്. 49, 0, 59, 43, 10, 16, 3, 1, 8, 2 എന്നിങ്ങനെയായിരുന്നു അഭിഷേകിന്റെ അവസാന 10 ഇന്നിംഗ്സുകള്‍.
സഞ്ജു ഫോം
ട്വന്റി-20 ലോകകപ്പിനുശേഷം വെറും നാല് ഇന്നിംഗ്സില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. അയര്‍ലന്‍ഡിന് എതിരായ പരമ്പരയില്‍ രണ്ടും ഇംഗ്ലണ്ടിനെതിരേ രണ്ടും. 5, 0, 1, 27 എന്നതായിരുന്നു ഈ നാല് ഇന്നിംഗ്സില്‍ സഞ്ജുവിന്റെ സ്കോറുകള്‍.
ട്വന്റി-20 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്സ്. അതില്‍ സെമി, ഫൈനല്‍ അടക്കമുള്ള അവസാന മൂന്ന് ഇന്നിംഗ്സില്‍ നേടിയത് 97*, 89, 89. അവശ്യസമയത്ത് സഞ്ജുവിന്റെ ബാറ്റിംഗ് ഉപകാരപ്പെട്ടെങ്കിലും അതു മറക്കുന്നതാണ് ബിസിസിഐയുടെ ടീം സെലക്ഷന് എന്നു വ്യക്തം.
Tags : Sanju Abhishek Cricket Sports DoubleJustice