കോൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില. ഈസ്റ്റ് ബംഗാൾ എഫ്സിയോട് 1-1നായിരുന്നു കേരളത്തിന്‍റെ സമനില. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്.
എവേ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമനില എന്നത് എടുത്തു പറയേണ്ടത്. മലയാളി താരം മുഹമ്മദ് അജ്സലിന്‍റെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
തുടക്കം മുതൽ ഈസ്റ്റ് ബംഗാളിന്‍റെ ആധിപത്യമാണ് കാണാനായത്. 10-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളിന് പെനൽറ്റി. എയ്ബാന്‍റെ ഫൗളാണ് പെനൽറ്റിയിലേക്ക് വഴി തുറന്നത്.
പെനൽറ്റി കിക്കെടുത്ത യൂസഫ് എസിജാരിക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. പിന്നീട് താളം കണ്ടെത്താൻ പാടുപെടുന്ന ബാസ്റ്റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്.
കാത്തിരിപ്പിനൊടുവിൽ 92-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. എബിൻ ദാസിന്‍റെ കോർണറിൽ നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് മുഹമ്മദ് അജ്സൽ ഹെഡ്ഡറിലൂടെ വലയിലാക്കി. പിന്നീട് ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.
അഞ്ച് മത്സരങ്ങളിൽനിന്നും ഒരു പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽനിന്നും എട്ട് പോയിന്‍റുമായി ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തുണ്ട്.
Tags : Kerala Blasters East Bengal FC Football isl