ഗാബോണ്‍ (ബോട്സ്വാന): രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബ്രസീല്‍ വനിതാ പേസര്‍ ലോറ കാര്‍ഡോസോ. ലെസോത്തോയ്ക്ക് എതിരായ മത്സരത്തില്‍ ബ്രസീലിനായി ലോറ കാര്‍ഡോസോ നാല് റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തി.
ഒരു ഇന്നിംഗ്സില്‍ പുരുഷ-വനിതാ ട്വന്റി-20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഒമ്പത് വിക്കറ്റ് സ്വന്തമാക്കുന്നത്. മാത്രമല്ല, ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗാണ് ലോറ കാര്‍ഡോസോയുടെ 9/4 (3).
2025ല്‍ പുരുഷ ട്വന്റി-20യില്‍ മ്യാന്മറിന് എതിരേ ഭൂട്ടാന്റെ സോനം യെഷെ ഏഴ് റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച ബൗളിംഗ്.
വനിതാ ട്വന്റി-20യില്‍ ഇതുവരെയുണ്ടായിരുന്ന മികച്ച ബൗളിംഗ് ഇന്തോനേഷ്യയുടെ റോഹ്മാലിയ, മംഗോളിയയ്ക്ക് എതിരേ റണ്‍ വഴങ്ങാതെ ഏഴ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു.
മത്സരത്തില്‍ ബ്രസീല്‍ 189 റണ്‍സിന്റെ റിക്കാര്‍ഡ് ജയം നേടി. സ്കോര്‍: ബ്രസീല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202. ലെസോത്തോ 6.2 ഓവറില്‍ 13.
Tags : Nine wickets T20 cricket Brazilian women's pacer Laura Cardoso