ബംഗളൂരു: വിരാട് കോഹ്ലി ക്കും രോഹിത് ശർമയ്ക്കും പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ കെ.എൽ. രാഹുലും പ്രസിദ്ധ് കൃഷ്ണയും. വിജയ് ഹസാരെ ട്രോഫിക്കുള്ള കർണാടക ടീമിൽ ഇരുവരും കളിക്കും.
ജനുവരി 24 മുതലാണ് ടൂർണമെന്റ് തുടങ്ങുന്നത്. മായങ്ക് അഗർവാളാണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിൽ കളിച്ചതിനുശേഷമാണ് രാഹുലും പ്രസിദ്ധും ആഭ്യന്തര ഏകദിന ടൂർണമെന്റിൽ കളിക്കാൻ ഒരുങ്ങുന്നത്.
ദേശീയ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബിസിസിഐയുടെ കർശന നിർദേശത്തെതുടർന്നാണ് രാഹുലിനെയും പ്രസിദ്ധിനെയും ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്.
ടെസ്റ്റിൽനിന്നും ട്വന്റി20യിൽ നിന്നും വിരമിച്ച ഇന്ത്യൻ താരങ്ങളായ വിരാട് കോഹ് ലി ഡൽഹിക്കായും രോഹിത് ശർമ മുംബൈക്കായും വിജയ് ഹസാരെയിൽ കളിക്കുന്നുണ്ട്.
ജാർഖണ്ഡ്, കേരളം, തമിഴ്നാട്, ത്രിപുര, രാജസ്ഥാൻ, മധ്യപ്രദേശ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് കർണാടക. അഹമ്മദാബാദിലാണ് കർണാടക ലീഗ് മത്സരങ്ങളെല്ലാം കളിക്കുക.
Tags : Rahul Prasidh domestic cricket