ഗുവാഹത്തി: ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. സീസണിലെ തങ്ങളുടെ തുടർച്ചയായ നാലാം വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിന്റെയും മിന്നും പ്രകടനമാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.
202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വെറും 26 പന്തിൽ 78 റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന് തകർപ്പൻ തുടക്കം നൽകിയത്. 15 പന്തിൽ അർധസെഞ്ച്വറി തികച്ച വൈഭവ് എട്ട് ഫോറും ഏഴ് സിക്സും പറത്തി. വൈഭവിനൊപ്പം രണ്ടാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്ത ധ്രുവ് ജുറേൽ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ രജത് പാട്ടിദാറിന്റെ (40 പന്തിൽ 63) അർധസെഞ്ച്വറിയും വിരാട് കോഹ്ലി (16 പന്തിൽ 32), വെങ്കടേശ് അയ്യർ (15 പന്തിൽ 29*) എന്നിവരുടെ പ്രകടനവുമാണ് ടീമിനെ 200 കടത്തിയത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രാജസ്ഥാൻ റോയൽസ് ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
Tags : Rajasthan Royals Vaibhav Suryavamshi IPL 2026 Royal Challengers Bangalore