മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന, ചരിത്രപരമായും ആത്മീയമായും പ്രാധാന്യമുള്ള ക്ഷേത്രനഗരമാണ് ഹരിഹരേശ്വര്‍. പ്രകൃതിസൗന്ദര്യവും പുരാതന ക്ഷേത്രപാരമ്പര്യവും ഒരുമിച്ചുചേരുന്ന കൊങ്കണിലെ ഈ തീരദേശനഗരത്തിന് ‘ദേവ്ഘര്‍’ അഥവാ ദൈവത്തിന്റെ വീട് എന്നാണ് വിളിപ്പേര്.
ഹരി (വിഷ്ണു), ഹരന് (ശിവന്) എന്നീ നാമങ്ങള്‍ ചേര്‍ന്നാണ് നഗരത്തിന് ഹരിഹരേശ്വര്‍ എന്ന പേര് ലഭിച്ചത്. പേരു സൂചിപ്പിക്കുന്നതുപോലെ ശിവന്, വിഷ്ണു എന്നീ മൂര്‍ത്തികളുടെ സമന്വയമാണ് ക്ഷേത്രസങ്കല്‍പ്പം. ബ്രഹ്മാവ്, പാര്‍വതി എന്നിവരുടെ മൂര്‍ത്തികള്‍ ഇവിടെയുണ്ട്. ദേവതകളെ ലിംഗരൂപത്തിലാണ് ഇവിടെ ആരാധിക്കുന്നതെന്നത് സവിശേഷതയാണ്. സാവിത്രി നദി അറബിക്കടലില്‍ പതിക്കുന്നത് ഇവിടെയാണ്. പവിത്രമായ ജലാശയങ്ങളും പുണ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്നതിനാലാണ് പ്രദേശം ‘ദേവ്ഘര്‍’ എന്നറിയപ്പെടുന്നത്. കൂടാതെ ‘ദക്ഷിണ കാശി’ എന്ന പേരിലും അറിയപ്പെടുന്നു.
അഗസ്ത്യമുനി ഇവിടെ തപസ് അനുഷ്ഠിച്ചിരുന്നതായും പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ തീര്‍ഥാടനം നടത്തിയിരുന്നതായും പ്രാദേശിക വിശ്വാസം നിലനില്ക്കുന്നു. മറാത്ത സാമ്രാജ്യത്തിലെ പ്രധാനമന്ത്രിമാരായിരുന്ന പെഷവമാരുടെ കുലദൈവമായിരുന്നു ഹരിഹരേശ്വരന്. 1674ല്‍ മറാത്ത സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവജി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. 1723ല്‍ തീപിടിത്തത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പെഷവ ബാജിറാവു ഒന്നാമന് ക്ഷേത്രം പൂര്‍ണമായി പുനരുദ്ധരിച്ചു.
ഹരിഹര്‍ കുന്നിനു ചുറ്റും കടലിലേക്ക് ഇറങ്ങിനില്ക്കുന്ന കറുത്ത ബാസാള്‍ട്ട് പാറകള്‍ തുരന്നുണ്ടാക്കിയ ‘പ്രദക്ഷിണ മാര്‍ഗം’ ഏറെ പ്രശസ്തമാണ്. ചന്ദ്രറാവു മോറെ എന്ന പ്രാദേശിക ഭരണാധികാരിയാണ് ഇതിന്റെ ആദ്യകാല രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. പതിനാറാം നൂറ്റാണ്ട് മുതല്‍ മറാത്ത സാമ്രാജ്യത്തിന് കൊങ്കണ്‍ തീരത്തെ അറബിക്കടല്‍ വഴിയുള്ള വ്യാപാരപാതകള്‍ നിരീക്ഷിക്കുന്നതിനും വിദേശ അധിനിവേശങ്ങളില്‍നിന്ന് തീരം സംരക്ഷിക്കുന്നതിനും ഹരിഹരേശ്വര്‍ തന്ത്രപ്രധാന കേന്ദ്രമായിരുന്നു.
ഇന്ന്, തീര്‍ത്ഥാടനകേന്ദ്രം എന്നതിലുപരി പൗരാണിക ഐതിഹ്യങ്ങളും മറാത്ത സാമ്രാജ്യത്തിന്റെ ചരിത്ര പ്രാധാന്യവും പ്രകൃതിഭംഗിയും ഒരുപോലെ സമന്വയിക്കുന്ന കൊങ്കണ്‍ തീരത്തെ അപൂര്‍വമായൊരു സാംസ്കാരിക കേദാരമാണിവിടം. ആത്മീയതയും ചരിത്രവും കടല്‍ത്തീരത്തിന്റെ ശാന്തതയും ഒരേ സ്ഥലത്ത് ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഭാരതത്തിലെ ഏറ്റവും സവിശേഷ ഇടങ്ങളിലൊന്നായി ഹരിഹരേശ്വര്‍ നിലകൊള്ളുന്നു.
Tags : Harihareshwar Sunday Deepika