പ്രതീകാത്മക ചിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മാതാപിതാക്കളെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന രോഗങ്ങളിലൊന്നായിരുന്നു പോളിയോ. പ്രത്യേകിച്ചും കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിച്ചിരുന്നത്. രോഗബാധിതരായവരില്‍ പലരും ജീവിതകാലം മുഴുവന്‍ തളര്വാതക്കാരായി കഴിയേണ്ടിവന്നു. ഈയൊരു പശ്ചാത്തലത്തിലാണ് വൈദ്യശാസ്ത്രജ്ഞനായ ജോനാസ് സാല്‍ക്ക് പോളിയോയ്ക്കെതിരായ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമത്തില്‍ മുഴുകിയത്.
1914 ഒക്ടോബര്‍ 28ന് ന്യൂയോര്‍ക്ക് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. കിഴക്കന്‍ യൂറോപ്പില്‍നിന്ന് അമേരിക്കയിലെത്തിയ കുടിയേറ്റ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ജോനാസിന്റെ പിതാവ് ദാനിയേല്‍ സാല്‍ക്ക് ന്യൂയോര്‍ക്കില്‍ ജനിച്ച ഒരു വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് ഡോറ റഷ്യയില്‍നിന്നു ബാല്യത്തില്‍ അമേരിക്കയിലെത്തിയതായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതിരുന്ന ഈ മാതാപിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്കി. തന്മൂലം ജോനാസിന് ന്യൂയോര്‍ക്ക് സിറ്റി കോളജില്‍ പഠിക്കാനും അതേത്തുടര്‍ന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളില്‍നിന്ന് വൈദ്യബിരുദം നേടാനും സാധിച്ചു.
ചികിത്സിക്കുന്ന ഡോക്ടറാകുന്നതിനേക്കാള് രോഗങ്ങള്‍ തടയാനുള്ള ഗവേഷണമായിരുന്നു അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. അങ്ങനെയാണ് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘത്തിനു പോളിയോ തടയാനുള്ള വാക്സിന് വികസിപ്പിച്ചെടുക്കാന്‍ സാധിച്ചത്. ഇത് ജോനാസിന്റെ മാത്രം നേട്ടമായിരുന്നില്ല. അനേകം ശാസ്ത്രജ്ഞരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും കൂട്ടായ പരിശ്രമം അതിനു പിന്നിലുണ്ടായിരുന്നു.
പോളിയോയ്ക്കെതിരായ പോരാട്ടത്തിന് സാധാരണക്കാരില്‍നിന്നും ചെറിയ സംഭാവനകള്‍ സ്വീകരിച്ചിരുന്ന മാര്‍ച്ച് ഓഫ് ഡൈംസ് എന്ന സംഘടനയാണ് ഗവേഷണത്തിനു വലിയ പിന്തുണ നല്‍കിയത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ നല്കിയ ചെറിയ നാണയത്തുട്ടുകള്പോലും മഹത്തായ ശാസ്ത്രീയയജ്ഞത്തിന്റെ ഭാഗമായി. 1954ല്‍ നടന്ന വാക്സിന് പരീക്ഷണത്തില്‍ ഏകദേശം 18 ലക്ഷം കുട്ടികള്‍ പങ്കെടുത്തു. വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു ഇത്.
1955 ഏപ്രില്‍ 12ന് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫലം പുറത്തുവന്നു. ജോനാസും സംഘവും വികസിപ്പിച്ചെടുത്ത വാക്സിന് പോളിയോ തടയുന്നതിനു ഫലപ്രദമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കയില്‍ ആ വാര്‍ത്ത വലിയ ആഘോഷത്തിന് വഴിതെളിച്ചു. വര്‍ഷങ്ങളായി കുട്ടികളുടെ ഭാവിയെ ഭയത്തോടെ നോക്കിയിരുന്ന മാതാപിതാക്കള്‍ക്ക് അത് പ്രത്യാശയുടെ ദിവസമായിരുന്നു.
അന്നു വൈകുന്നേരം ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായ എഡ്വേര്‍ഡ് മുറേ ഡോ. ജോനാസിനെ ഇന്റര്‍വ്യൂ ചെയ്തു. ആ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം ചോദിച്ചു: “വാക്സിന്റെ പേറ്റന്റ് ആരുടേതാണ ്? ജോനാസ് ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു: “ജനങ്ങളുടേതാണെന്ന് ഞാന്‍ പറയും. ഇതിനു പേറ്റന്റില്ല. സൂര്യന് പേറ്റന്റ് എടുക്കാന്‍ കഴിയു മോ ? വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ മറുപടികളിലൊന്നായി അതു മാറി.
ഈ സംഭവത്തെക്കുറിച്ച് പിന്നീടു പ്രചരിച്ച കഥകളില്‍ അല്പം അതിശയോക്തിയുണ്ട്. ജോനാസിന്റെ കൈവശമുണ്ടായിരുന്ന കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന പേറ്റന്റ് അദ്ദേഹം വേണ്ടെന്നുവച്ചു എന്ന രീതിയിലായിരുന്നു ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടത്. യഥാര്‍ഥത്തില്‍ വാക്സിനു പേറ്റന്റ് ലഭിക്കാനുള്ള നിയമസാധുത ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അഭിഭാഷകര്‍ പരിശോധിച്ചിരുന്നു. അതില്‍ നിയമപരവും ശാസ്ത്രീയവുമായ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നു. തന്മൂലം, ജോനാസിനു സ്വന്തമാക്കാമായിരുന്ന വലിയൊരു സന്പത്ത് ലളിതമായി അദ്ദേഹം വേണ്ടെന്നുവച്ചു എന്നു പറയുന്നത് ചരിത്രത്തെ അമിതമായി ലളിതവത്കരിക്കുന്നതിനു തുല്യമായിരിക്കും.
എന്നാല്‍, അതുകൊണ്ട് അദ്ദേഹത്തിന്റെ മറുപടിയുടെ മഹത്വം കുറയുന്നില്ല. കാരണം, തന്റെ നേതൃത്വത്തില്‍ നേടിയെടുത്ത ഒരു നേട്ടം തന്റെതന്നെ പേരില്‍ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. വാക്സിന് ജനങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞതില്‍ വലിയ സത്യമുണ്ടായിരുന്നു. സാധാരണക്കാരുടെ ചെറിയ സംഭാവനകളാണ് ഗവേഷണത്തിനു സഹായിച്ചത്. ധാരാളം കുട്ടികള്‍ പരീക്ഷണത്തില്‍ പങ്കെടുത്തു.
മാതാപിതാക്കള്‍ അവരെ അതിന് അനുവദിച്ചു. ശാസ്ത്രലോകത്തിലെ അനേകം പേരുടെ മുന്‍കാല ഗവേഷണങ്ങളുടെകൂടി അടിസ്ഥാനത്തിലാണു ജോനാസിന്റെ സംഘം മുന്നോട്ടുപോയത്. അതുകൊണ്ട് ഒരു മനുഷ്യന്റെ പേരിനേക്കാള്‍ വലുതായിരുന്നു ആ നേട്ടം. ജോനാസിന്റെ മകന് പീറ്റര്‍ സാല്‍ക്ക് പിന്നീട് അനുസ്മരിപ്പിച്ചിട്ടുള്ളതുപോലെ, ആ നേട്ടം ജനങ്ങളുടേതെന്നു പറയുന്നത് ഏറെ അര്‍ഥപൂര്‍ണമായിരുന്നു.
ഡോ. ജോനാസിനെക്കുറിച്ചുള്ള ഈ സംഭവകഥയുടെ പശ്ചാത്തലത്തില്‍ നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. നമ്മുടെ ജീവിതത്തില്‍ പലതും നമ്മള് നേടാറുണ്ട്. എന്നാല്‍, ആ നേട്ടങ്ങളെല്ലാം നമ്മുടെ മാത്രം സാമർഥ്യം കൊണ്ടാണെന്നു നമുക്ക് അവകാശപ്പെടാനാകുമോ? നമ്മുടെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ നാം ഏറെ അധ്വാനിച്ചിട്ടുണ്ടാകുമെന്നതു ശരിതന്നെ. എന്നാല്‍, ആ നേട്ടങ്ങള്‍ നേടിയെടുക്കാന്‍ എത്രയോ പേര് വിവിധ രീതിയില്‍ നമ്മെ സഹായിച്ചിട്ടുണ്ടാകും. അവരെ മറന്നുകൊണ്ട് നമ്മുടെ നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് നാം സ്വന്തമാക്കുന്നത് എങ്ങനെ ശരിയാകും.
നമ്മുടെ മാത്രം പരിശ്രമംകൊണ്ട് ഒന്നുംതന്നെ നാം നേടുന്നില്ല എന്നതല്ലേ വാസ്തവം? നമ്മുടെ ജീവിതത്തില്‍ നാം വിജയിക്കുന്നുണ്ടെങ്കില്‍ അതിനു നമ്മെ വിവിധ രീതിയില്‍ സഹായിച്ച മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സഹപ്രവര്ത്തകരുടെയുമൊക്ക പങ്ക് മറക്കാനാകുമോ? അവരൊക്കെ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്ഥിതി എന്താകുമായിരുന്നു. തന്മൂലം, നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് നമുക്കു മാത്രം അവകാശപ്പെട്ടതല്ല എന്നു വ്യക്തം. അങ്ങനെയെങ്കില്‍, നമ്മുടെ നേട്ടങ്ങള്‍ക്കുള്ള ക്രെഡിറ്റ് അവര്‍ക്കുകൂടി നല്കേണ്ടതല്ലേ?
ഈ പശ്ചാത്തലത്തില്‍ മറ്റൊരു പ്രധാന കാര്യംകൂടി നാം അനുസ്മരിക്കണം. ജീവിതത്തില്‍ നമുക്കു ദൈവത്തില്‍നിന്നു ലഭിക്കാത്തതായി എന്തെങ്കിലുമുണ്ടോ? നമ്മുടെ ആയുസും ആരോഗ്യവും കഴിവുകളും സന്പത്തുമെല്ലാം ദൈവം നമുക്കു തന്നിരിക്കുന്ന ദാനങ്ങളല്ലയോ? അപ്പോള്‍ പിന്നെ, നമ്മുടെ എല്ലാ നേട്ടങ്ങള്‍ക്കുമുള്ള സ്തുതിയും പുകഴ്ചയും നാം ദൈവത്തിനല്ലേ സമര്‍പ്പിക്കേണ്ടത്?
ദൈവവചനം ചോദിക്കുന്നു: “നിനക്കുള്ളവയില് ലഭിക്കാത്തതായി എന്തുണ്ട് ? ലഭിച്ചതാണെങ്കില്‍ ലഭിച്ചതല്ല എന്ന മട്ടില്‍ നീ അഭിമാനിക്കുന്നതെ ന്തിന് ?”(1 കോറിന്തോസ് 4:7). ദൈവവചനം വീണ്ടും പറയുന്നു: “എല്ലാ നല്ല ദാനങ്ങളും പൂര്‍ണമായ എല്ലാ വരങ്ങളും ഉന്നതത്തില്‍നിന്ന്, പ്രകാശങ്ങളുടെ പിതാവില്‍നിന്ന് ഇറങ്ങിവരുന്നു’’ (യാക്കോബ് 1:17). അപ്പോള്‍പ്പിന്നെ, നമ്മുടെ നേട്ടങ്ങളുടെയെല്ലാം പേറ്റന്റ് നമുക്കെങ്ങനെ അവകാശപ്പെടാനാകും?
നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് ഏറ്റവും പ്രധാനമായി ദൈവത്തിനും അതുപോലെ നമ്മെ നാമായിത്തീരാന് സഹായിച്ച എല്ലാവര്ക്കും സമർപ്പിക്കാം. അപ്പോഴാണ്, നാം ശരിക്കും നമ്മുടെ നേട്ടങ്ങള്‍ക്ക് അര്‍ഹരായിത്തീരുന്നത്.
Tags : Patented Sun SundayDeepika