2020 ജൂണിലെ ഏതോ ഒരു ദിവസമായിരുന്നു, ആപ്പിള്മാപ്പില് വെറുതേ നോക്കിക്കൊണ്ടിരിക്കേ, അമേരിക്കന്സേനയില്നിന്നു പിരിഞ്ഞ മൈക്കിള്‍ ആഷ്മോര്‍ എന്ന മുന്‍ നാവികന് പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ കീരബാസ് ദ്വീപുരാഷ്ട്രത്തിലെ നിക്കുമരോരോയോടു ചേര്‍ന്നുള്ള കടല്പ്പൊയ്കയില് ആ പ്രതിച്ഛായ കണ്ടത്. തെളിഞ്ഞ കടല്വെള്ളത്തിനടിയില് വിമാന ആകൃതിയിലുള്ളതെന്നു പറയാവുന്ന എന്തോ വസ്തു കിടക്കുന്നു.
12 മീറ്റര്‍ നീളം വരുന്ന ആ വസ്തു, അന്നേക്ക് 83 വര്‍ഷം മുമ്പ്, ലോകം ചുറ്റി പറക്കലിനിടെ കാണാതായ അമീലിയ ഏര്ഹാര്ട്ട് എന്ന വനിതാ പൈലറ്റിന്റെ ലോക്ഹീഡ് ഇലക്ട്ര 10ഇ വിമാനമാകുമോ എന്ന ആഷ്മോറിന്റെ സംശയം ആദ്യമൊന്നും ആരും വകവച്ചിരുന്നില്ല. കാരണം, വിമാനത്തില്‍ ലോകം ചുറ്റുകയെന്ന റിക്കാർഡിനായി പറക്കുകയായിരുന്ന ഏര്ഹാര്ട്ടും ഒപ്പമുണ്ടായിരുന്ന നാവിഗേറ്റര്‍ ഫ്രെഡ് നൂനാനും ന്യൂഗിനിയയ്ക്കും ഹൗലാന്‍ ദ്വീപിനുമിടെ അപ്രത്യക്ഷമായ 1937 ജൂലൈ രണ്ടിനുശേഷം നൂറുകണക്കിന് വ ്യക്തികളും അന്വേഷണസംഘങ്ങളുമാണ്, പസഫിക്കിന്റെ വിവിധ ഭാഗങ്ങളില്‍ വിമാനം കണ്ടുവെന്ന് അവകാശവാദം ഉന്നയിച്ചത്. പക്ഷേ, അമീലിയയുടെ വിമാനം വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ പ്രഹേളികയായി ശേഷിക്കുകയായിരുന്നു.
അമേരിക്കയിലെ കാന്‍സസിലെ അറ്റ്ചിസണില് 1897 ജൂലൈ 24നു ജനിച്ച അമീലിയ ഏര്ഹാര്ട്ട് ആദ്യമായി പറക്കുന്നത് 1920ലായിരുന്നു. ഫ്രാങ്ക് ഹ്വാക്സ് എന്ന പൈലറ്റ് പറത്തിയ ചെറുവിമാനത്തില്‍. പിറ്റേക്കൊല്ലം കിന്നെര്‍ എയര്സ്റ്റെര് ഇനത്തിലെ ഒരു ചെറുവിമാനം സ്വന്തമായി വാങ്ങിയ അമീലിയ 1922ല്‍ പറക്കലിലെ ആദ്യ റിക്കാര്‍ഡ് കുറിച്ചു. 14,000 അടി ഉയരത്തില്‍ പറന്ന ആദ്യ വനിത!, 1928ല്‍ അടുത്ത റിക്കാര്‍ഡും നേടി. അറ്റ്ലാന്റിക്കിനു കുറുകെ പറന്ന ആദ്യവനിത എന്ന നേട്ടത്തിനു കാരണമായ യാത്രയില്‍ അമേലിയ പക്ഷേ യാത്രക്കാരി മാത്രമായിരുന്നു. വില്‍മര്‍ സ്റ്റുള്ട്സ്, ലൂയി ഗോര്‍ഡന്‍ എന്നിവര്‍ പറത്തിയ ഫോക്കര്‍ എഫ് സെവന് ബി വിമാനത്തിലെ യാത്രക്കാരി.
എന്നാല്‍, ഏറെ തയാറെടുപ്പിനും പരിശീലനത്തിനും ശേഷം 1932 മേയ് 20, 21 തീയതികളില്‍ അമീലിയ ഒടുവില്‍ അറ്റ്ലാന്റിക്കിനു കുറുകെ വിമാനം സ്വയം പറത്തുകതന്നെ ചെയ്തു. ന്യൂഫൗണ്ട്ലാന്‍ഡില്‍നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കു പറന്നെത്താനെടുത്ത സമയം 14 മണിക്കൂര്‍ 56 മിനിറ്റ്. ചാള്‍സ് ലിന്‍ഡ്ബെര്‍ഗ് എന്ന, അക്കാലത്തെ അതിപ്രശസ്ത വൈമാനികനുശേഷം, അറ്റ്ലാന്റിക്കിനു കുറുകെ തനിയെ വിമാനം പറത്തിയ അമീലിയയെ, ഡിസ്റ്റിങ്യൂഷ്ഡ് ഫ്ളൈയിംഗ്് ക്രോസ് ബഹുമതി സമ്മാനിച്ച് യുഎസ് ആദരിച്ചു. പറക്കലിലെ റിക്കാര്‍ഡുകളുടെ ഒരു പരമ്പരതന്നെയാണ് പിന്നാലെ എത്തിയത്.
ഹവായിയില്‍നിന്ന് കലിഫോര്‍ണിയയിലേക്ക് തനിയെ വിമാനം പറപ്പിച്ച ആദ്യത്തെയാള്‍ എന്ന നേട്ടം സ്വന്തമാക്കിയത് 1935ല്‍ ആയിരുന്നു. ലോസ് ആഞ്ചലസില്‍നിന്ന് മെക്സിക്കോ സിറ്റിയിലേക്കും തുടർന്ന് നെവാര്‍ക്കിലേക്കും വിമാനം പറത്തി. അമേരിക്കയിലും യൂറോപ്പിലും മാത്രല്ല, ലോകമെങ്ങും ഉയരങ്ങള്‍ കീഴക്കാന്‍ വെമ്പുന്ന സ്ത്രീകളുടെ മാതൃകയും വഴികാട്ടിയുമായ അമീലിയ, ദി നയന്റി നയന്‍സ് എന്നു പേരിട്ട, വനിതാ പൈലറ്റുമാരുടെ രാജ്യാന്തരസംഘടനയ്ക്ക് രൂപംനല്കി.
അതിനുശേഷമാണ്, വൈമാനികരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന, ലോകം ചുറ്റി പറക്കലിനായി 1937ല്‍ തയാറെടുപ്പുകള്‍ തുടങ്ങുന്നത്. എന്‍ആര്‍ 16020 രജിസ്ട്രേഷനുള്ള ലോക്ഹീഡ് ഇലക്ട്ര 10ഇ ഇനം വിമാനമാണ് അമീലിയ തെരഞ്ഞെടുത്തത്.
ബോയിംഗുമായും ഡഗ്ലസ് ഡിസി 2 വിമാനങ്ങളുമായും മല്‍സരിക്കാന്‍ ലോക്ഹീഡ് കമ്പനി 1934ല്‍ നിര്‍മിച്ചുതുടങ്ങിയ, 10 യാത്രക്കാര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനത്തിന് 1300 കിലോമീറ്റർ നിര്‍ത്താതെ പറക്കാന്‍ കഴിയുമായിരുന്നു. വിമാനയാത്രയുടെ ആരംഭദശകങ്ങളില്‍ ആയിരത്തിലേറെ കിലോമീറ്റർ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ അപൂര്‍വമായിരുന്നു. എന്നാൽ ലോകംചുറ്റിയുള്ള പറക്കലിന് അത് മതിയാകാതെ വരുമെന്നതിനാല്‍, 7200 കിലോമീറ്റർ തുടരെ പറക്കാന്‍ കഴിയുന്ന തരത്തില്‍ വിമാനത്തിൽ കുറെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
ഫ്ളോറിഡയിലെ മയാമിയില്‍നിന്ന് നാവിഗേറ്റര്‍ ഫ്രെഡ് നൂനാനുമായി അമീലിയയുടെ വിമാനം ലോക റിക്കാര്‍ഡിനായി പറന്നുയര്‍ന്നത് 1937 ജൂണ്‍ ഒന്നിനായിരുന്നു. പിറ്റേന്ന് വെനസ്വേലയിലെത്തിയ വിമാനം സാന്‍ ജുവാനില്‍നിന്ന് കാരിപ്പിറ്റോയിലേക്കും തുടർന്ന് പരമാരിബോയിലേക്കും പറന്നത് ജൂണ്‍ മൂന്നിന്. പിറ്റേന്ന് ബ്രസീലിലെ ഫോര്ട്ടാലെസയിലേക്കു പറന്നു. ഫോര്ട്ടാലെസയില്നിന്ന് നാറ്റല്‍, സെന്റ് ലൂയി (സെനെഗള്‍), ദക്കര്‍, ഗാവോ (വെസ്റ്റ് ആഫ്രിക്ക) എന്നിങ്ങനെ പറക്കല്‍ നീളുമ്പോള്‍ ജൂണ്‍ എട്ടായിരുന്നു. പത്താം തീയതി ദക്കറില്നിന്ന് ചാഡിലെ ഫോര്‍ട്ട് ലാമിയിലേക്കും സുഡാനിലെ ഖാര്‍ത്തൂമിലേക്കും അവിടെനിന്ന് എരിത്രിയയിലെ മസാവയിലേക്കും പറന്നു.
ജൂണ്‍ പതിനഞ്ചിന് മസാവയില്നിന്ന് അസാബിലേക്കും കറാച്ചിയിലേക്കും പറക്കല്‍ നീണ്ടു. ജൂണ്‍ 17ന് കറാച്ചിയില്‍നിന്ന് പറന്നിറങ്ങിയത് കോല്‍ക്കത്തയിലായിരുന്നു. ബര്‍മയിലെ അക്യാബിലേക്കും റംഗൂണിലേക്കും ബാങ്കോക്കിലെ സിയാമിലേക്കും പറക്കുമ്പോള്‍ ജൂണ്‍ 20. പിറ്റേന്ന് ബാങ്കോക്കില്‍നിന്ന് സിംഗപ്പൂരിലേക്ക്. സിംഗപ്പൂരില്‍നിന്ന് ഡച്ച് ഈസ്റ്റ് ഇന്‍ഡീസിലെ ബന്ദുങ്ങിലേക്കും തുടർന്ന് സുരബയയിലേക്കും കാപ്പുങ്ങിലേക്കും ഓസ്ട്രേലയിയിലെ ഡാര്‍വിനിലേക്കും.
പസഫിക്കലിനു കുറുകെയുള്ള പറക്കലിന്റെ അവസാനഘട്ടത്തിനായി ഡാര്‍വിനില്‍നിന്ന് തയാറെടുപ്പുകള്‍ നടത്തിയ അമീലിയ 29ന് അവിടെനിന്ന് ന്യൂഗിനിയയിലെ ലായിലേക്ക് പറന്നു. ലായില്‍നിന്ന്, പസഫിക്ക് ദ്വീപുരാഷ്ട്രമായ ഹൗലാന്‍ഡ് ഐലന്ഡിലേക്കു ടേക്കോഫ് ചെയ്തത് ജൂലൈ രണ്ടിന്. ഹൗലാന്‍ഡ് വിമാനത്താവളത്തില്‍, പക്ഷേ, അമീലയയുടെ വിമാനം ഒരിക്കലും ഇറങ്ങിയില്ല.
അന്നു രാവിലെ എട്ടു മണിക്ക് ഹൗലാന്ഡിന് അടുത്തെത്തിയിരുന്ന അമീലിയ യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ഇതാസ്ക എന്ന കപ്പലുമായി റേഡിയോയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള കൃത്യം ദിശ ചോദിക്കാനായിരുന്നു ആ ബന്ധപ്പെടല്‍. അമീലിയ പറയുന്നത് കപ്പലിലുള്ളവര്‍ കേട്ടെങ്കിലും, കപ്പലിലെ ആന്റീനയുടെ തകരാര്‍ മൂലം മറുപടി അമീലിയയ്ക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. രാവിലെ 8.43ന്, ‘ഞങ്ങള്‍ വടക്കോട്ടും തെക്കോട്ടും പറക്കുകയാണ്’ എന്നതായിരുന്നു അമീലിയ പറയുന്നതായി കേട്ട അവസാന വാക്യം. പിന്നെ ഒന്നുമില്ല. വിമാനത്തിനായി യുഎസ് നാവികസേന വന്‍സന്നാഹങ്ങളോടെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
89 വര്‍ഷങ്ങളിലെ നൂറു കണക്കിനു തെരച്ചിലുകള്‍ക്കു ശേഷം ഒരു ശ്രമം കൂടി നടത്താന്‍ കാരണമായിരിക്കുകയാണ്, മൈക്കിള്‍ ആഷ്മോറിന്റെ ഗൂഗിള്‍ മാപ്പ് പര്യവേക്ഷണം. കടലിനടിയില്‍ കാണപ്പെട്ട നിഴല്‍പോലുള്ള വസ്തുവിന്റെ നീളം അമീലിയയുടെ ഇലക്ട്ര വിമാനത്തിന്റെ നീളവുമായി പൊരുത്തപ്പെടുന്നതാണ് എന്നതാണ് പ്രതീക്ഷയ്ക്ക് ഒരു കാരണം. വിമാനം അവസാനം കാണപ്പെട്ട ഹൗലാന്‍ഡ് ദ്വീപിന്റെ ചുറ്റുവട്ടത്തുനിന്ന് ഏകദേശം 600 കിലോമീറ്റർ ദൂരമേ, അജ്ഞാതവസ്തു കാണപ്പെട്ട നിക്കുമാരോരോയിലേക്കുള്ളു.
മാപ്പില്‍ ഇങ്ങനെയൊന്നു കാണുന്നുണ്ടെന്ന് അറിയിച്ചതിനെത്തുര്‍ന്ന്, ആര്‍ക്കിയോളജിക്കല്‍ ലെഗസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിച്ചാര്‍ഡ് പെറ്റിഗ്രൂവാണ് അടുത്തയാഴ്ച ആരംഭിക്കാന്‍ പോകുന്ന തെരച്ചിലിനു മുന്‍കൈ എടുത്തത്. സംഘത്തെ നയിക്കുന്നത് അമേരിക്കയിലെ ഇന്ത്യാനയിലുള്ള പര്‍ദു യൂണിവേഴ്സിറ്റിയാണ്. 1937ല്‍, അമീലിയയുടെ ഇലക്ട്ര വിമാനത്തിന് പറക്കാന്‍ സഹായങ്ങള്‍ ഏറെ ചെയ്തുകൊടുത്തിരുന്നത് ഇതേ യൂണിവേഴ്സിറ്റിയായിരുന്നു.
വിമാനത്തിലും കപ്പലിലുംനിന്നും ഫോട്ടോകള്‍ എടുക്കുക, ഉപഗ്രഹചിത്രങ്ങള്‍ സമാഹരിച്ച് പഠനം നടത്തുക, വിദൂരസംവേദന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിഴല്‍പോലെ കാണപ്പെട്ട ഭാഗം അപഗ്രഥിക്കുക, മുങ്ങൽ വിദഗ്ധരെക്കൊണ്ട് നിരീക്ഷണം നടത്തുക, സമീപതീരപ്രദേശത്തും ബീച്ചുകളിലും പരിശോധന നടത്തുക ഇവയൊക്കയാണ് സംഘത്തിന്റെ ലക്ഷ്യം.
Tags : Sunday Deepika