1869 ഒക്ടോബര്‍ രണ്ടിന് മഹാത്മാഗാന്ധി ജനിച്ചുവീണ പോര്‍ബന്തറിലെ വീടും അദ്ദേഹം തന്റെ ആത്മീയ ജീവിതത്തിന്റെ നിര്‍ണായകഭാഗം ജീവിച്ച അഹമ്മദബാദിലെ സബര്‍മതി ആശ്രമവും തമ്മില്‍ ഏകദേശം 400 കിലോമീറ്ററുകളുടെ ദൂരമുണ്ട്. എന്നാല്‍ ഗുജറാത്തിലെ പോര്‍ബന്തറിൽ ഗാന്ധിജിയുടെ വീടും സബര്‍ബതി നദിക്കരയ്ക്ക് അടുത്ത് അദ്ദേഹം വസിച്ചിരുന്ന ലളിതമായ ആശ്രമവും തമ്മിലുള്ള ദൂരമാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍നിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള ദൂരം. മഹാത്മാവിന്റെ ജീവിതയാത്രയുടെ ആരംഭവര്‍ഷങ്ങള്‍ ദൃശ്യമാക്കുന്നതാണ് പോര്ബനന്തറിലെ ‘കീര്‍ത്തി മന്ദിര്‍’ എന്ന ചരിത്രമന്ദിരം.സ്വദേശികളും വിദേശികളുമായ അനേകം പേർ മഹാത്മജിയുടെ ജൻമഭവനം സന്ദർശിക്കാൻ ദിവസേന ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണ നിലനിർത്താൻ നിര്‍മിച്ച കീര്‍ത്തി മന്ദിര്‍ അറബിക്കടലിന്റെ തീരദേശത്തെ ചെറിയ നഗരമായ പോര്‍ബന്തറിലാണ് സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ മഹാത്മാഗാന്ധിയുടെയും അദ്ദേഹം മുന്നോട്ടുവച്ച സത്യത്തിന്റെയും അഹിംസയുടെയും കീര്‍ത്തി വിളിച്ചോതുന്നതാണ് ഈ സ്മാരകം. 1869ല്‍ മോഹൻദാസ് ഗാന്ധി ജനിച്ച പൂര്‍വികഭവനം കീര്‍ത്തി മന്ദിര്‍ എന്ന വലിയ മൂന്നുനില കെട്ടിടസമുച്ചയത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
ഒരു മൂന്നുനില മാളികയിലാണ് ഗാന്ധിജി ജനിച്ചതെന്ന വസ്തുത അദ്ദേഹത്തിന്റെ കുടുംബചരിത്രത്തിന്റെ പൈതൃകത്തിലേക്കും വെളിച്ചം വീശുന്നുണ്ട്. ഗാന്ധിജിയുടെ മുതുമുത്തച്ഛനായ ഹര്ജീവന് രാഖിദാസ് ഗാന്ധി 1777ല്‍ മാന്ബായി ഗംഗാജി മേത്തയില്‍നിന്ന് വാങ്ങിയതാണ് ഈ വസതി. പോര്‍ബന്തറിലെ ജേത്വാ രാജ്പുത് ചക്രവര്‍ത്തിമാരുടെ പ്രധാനമന്ത്രി (ദിവാന്)മാരായിരുന്നു മഹാത്മജിയുടെ പിതാമഹൻമാർ.
അസമത്വത്തിന്റെ ആ കാലഘട്ടത്തില്‍ സാമൂഹ്യശ്രേണിയില്‍ ഉന്നതപദവി പുലര്‍ത്തിയിരുന്ന കുടുംബത്തിലാണ് ഗാന്ധിജി ജനിച്ചതെന്നത് ഈ മൂന്നുനില കെട്ടിടത്തിന്റെ മുറ്റങ്ങളിലൂടെ നടക്കുമ്പോഴാണ് മനസിലാകുക. ഗാന്ധിജി ജനിച്ച മുറിയിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെയുമുള്ള യാത്ര നമ്മുടെ രാഷ്ട്രത്തിന്റെ പിതാവായ നേതാവിന്റെ ബാല്യം വെളിവാക്കുന്ന അപൂര്‍വ അവസരംകൂടിയാണ്.
മാതാവ് പുത്ലി ബായി മോഹൻദാസ് ഗാന്ധിയെ പ്രസവിച്ച ഇടം സ്വസ്തിക ചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. പോര്‍ബന്തറിലേക്കു താമസം മാറുന്നതിനു മുന്‍പ് 1869 മുതല്‍ 1876 വരെ ബാല്യത്തിലെ ഏഴു വര്‍ഷങ്ങള്‍ പോര്‍ബന്തറിലാണ് ഗാന്ധിജി ചെലവഴിച്ചത്. ഇടുങ്ങിയ തടിപ്പടിയിലൂടെ സന്ദര്‍ശകര്‍ക്ക് മുകളിലത്തെ നിലയിലേക്ക്, പ്രത്യേകിച്ച് ഗാന്ധിജിയുടെ വായനാമുറിയിലേക്ക് പ്രവേശിക്കാം.
കീർത്തി മന്ദിറിലെ കാഴ്ചകൾ
മൂന്ന് നൂറ്റാണ്ടു പഴക്കമുള്ള നിര്‍മിതിയുടെ അകത്തുള്ള ശാന്തമായ മുറികളും ഗാന്ധിജി ഉപയോഗിച്ചിരുന്ന സാധനങ്ങളും ഗാന്ധി കുടുംബത്തിന്റെ ഫോട്ടോകളും കാണാം. പോര്‍ബന്തറിലെ ദിവാന് കുടുംബത്തില്‍നിന്ന് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് നടന്നടുത്ത ഗാന്ധിജിയുടെ ശേഷിപ്പുകള്‍ കീര്‍ത്തി മന്ദിര്‍ എന്ന സ്മാരകമന്ദിരത്തിന്റെ വിവിധ മുറികളിലുണ്ട്.
കീര്‍ത്തി മന്ദിര്‍ സമുച്ചയം പൂര്‍ണമായും ഗാന്ധിജിയുടെ ഓര്‍മകള്‍ പേറുന്നവയാണ്. ഹിന്ദുക്ഷേത്രത്തിന്റെ വാസ്തുവിദ്യയില്‍ പണിതിട്ടുള്ള വലിയ നിര്‍മിതി സമുച്ചയത്തിനു മുന്നിലുണ്ട്. 79 അടി ഉയരമുള്ള ക്ഷേത്രം മഹാത്മാഗാന്ധിയുടെ 79 വര്‍ഷത്തെ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ജൈന, ബുദ്ധ, പാഴ്സി, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ വാസ്തുവിദ്യാ ഘടകങ്ങളും കീര്‍ത്തി മന്ദിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മഹാത്മാഗാന്ധിക്ക് എല്ലാ മതങ്ങളോടുമുണ്ടായിരുന്ന ആദരവും സ്നേഹവും സൂചിപ്പിക്കുന്നു.
ഗാന്ധിജിയുടെ അനുമതിയോടെ സ്മാരകം
1944ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മഹാത്മജിയെ ആഗാ ഖാന് കൊട്ടാരത്തില്‍നിന്ന് അവസാനമായി മോചിപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ഒരു സ്മാരകം നിര്‍മിക്കാന്‍ പോര്‍ബന്തറിലെ ജനങ്ങള്‍ തീരുമാനിച്ചു. ഇതിനായി, അവിടെ താമസിച്ചിരുന്ന ഗാന്ധി കുടുംബാംഗങ്ങളില്‍നിന്ന് ഈ വീട് ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ഗാന്ധിജി രേഖാമൂലം സമ്മതം നല്‍കുകയും രജിസ്ട്രേഷന് രേഖകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഈ രേഖ കീര്‍ത്തി മന്ദിര്‍ സമുച്ചയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കീര്‍ത്തി മന്ദിറിന്റെ മധ്യഭാഗത്ത് മഹാത്മാ ഗാന്ധിയുടെയും കസ്തൂര്‍ബാ ഗാന്ധിയുടെയും യഥാര്‍ഥ വലുപ്പത്തിലുള്ള എണ്ണച്ചായാ ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഗാന്ധിജിക്ക് തന്നെത്തന്നെ ഒരു ദൈവതുല്യനായി ആരാധിക്കുന്നത് ഇഷ്ടമില്ലാതിരുന്നതിനാല്‍ ഇവിടെ പുഷ്പമാലകള്‍ ഉപയോഗിക്കാറില്ല. അദ്ദേഹത്തിന്റെ ജീവിതത്തെയും ആശയങ്ങളെയും പ്രതിനിധീകരിക്കുന്ന സത്യം, അഹിംസ എന്നീ വാക്കുകള്‍ അവരുടെ പാദങ്ങള്‍ക്ക് സമീപം രേഖപ്പെടുത്തിയിട്ടുണ്ട്.
1947ല്‍ പ്രമുഖ ഗാന്ധിയന്‍ ദര്‍ബാര്‍ ഗോപാല്‍ദാസ് ദേശായിയാണ് കീര്‍ത്തി മന്ദിറിനു തറക്കല്ലിട്ടത്. മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയത് പ്രമുഖ വ്യവസായിയും സംരംഭകനുമായിരുന്ന നഞ്ചിഭായ് കാളിദാസ് ആയിരുന്നു. ഗാന്ധിജിയുടെ തറവാടുവീട് വാങ്ങിയതും കീര്‍ത്തി മന്ദിര്‍ നിര്‍മിച്ചതും അദ്ദേഹമാണ്. പോര്‍ബന്തര്‍ സ്വദേശിയായ പുരുഷോത്തം ഭായ് മിസ്ത്രിയായിരുന്നു മന്ദിരത്തിന്റെ ശില്പി. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മൂന്ന് മുറികളുണ്ട്: ഗാന്ധിജി ജനിച്ച മുറി, സ്വീകരണമുറി, അടുക്കള, ഭക്ഷണമുറി എന്നിവ കാണാം. താഴത്തെ നിലയില്‍തന്നെ മ്യൂസിയം, സ്മാരകം, ലൈബ്രറി എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ ഒരു ഫോട്ടോ ഗാലറിയുമുണ്ട്.
കീര്‍ത്തി മന്ദിറിനുള്ളില്‍ കസ്തൂര്‍ബ മഹിള ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. മഹാത്മജി ഉപയോഗിച്ചിരുന്ന ചര്‍ക്ക, കണ്ണട, ചെരുപ്പ്, ഇരിപ്പിടം എന്നിവ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്മാരകത്തിന്റെ നിര്‍മാണം 1950ല്‍ പൂര്‍ത്തിയായപ്പോഴേക്കും മഹാത്മാഗാന്ധി വധിക്കപ്പെട്ടിരുന്നു. 1950 മേയ് 27ന് അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്മാരകം ഉദ്ഘാടനം ചെയ്യുകയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു. കീര്‍ത്തി മന്ദിറിനു സമീപംതന്നെയാണ് കസ്തൂര്‍ബാ ഗാന്ധിയുടെ കുടുംബവീട് സ്ഥിതിചെയ്യുന്നത്.
Tags : Kirti Mandir Porbandar Sunday Deepoika