ജന്മസിദ്ധമാണ് ചില അഭിരുചികള്‍. അവയുടെ പോഷണത്തിന് ലഭിക്കുന്ന അവസരങ്ങളും മനസിരുത്തിയുള്ള പരിശ്രമവും വ്യക്തിയുടെ ജീവിതയാത്ര ചേതോഹരമാക്കും. ഇതിനു പരസഹസ്രം ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് വയനാട്ടിൽ വെങ്ങപ്പള്ളി അത്തിമൂല എം. പിച്ചന് സലിമിന്റെ ജീവിതം. അക്കാദമിക യോഗ്യതകളുടെ പിന്‍ബലമില്ലാതെ പശ്ചിമഘട്ടത്തിന്റെ ഉന്നതികളില്‍ ഗവേഷണബുദ്ധിയോടെ തനിച്ചും കൂട്ടായും നടത്തിയ സഞ്ചാരങ്ങള്‍ സലിമിനെ പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനായി വളര്‍ത്തി.
ജൈവവൈവിധ്യ സമൃദ്ധിക്കു പുകള്‍പെറ്റ പശ്ചിമഘട്ടത്തില്‍ രഹസ്യവാസം നടത്തുന്ന അനേകം സസ്യജനുസുകളെ കണ്ടെത്തി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയ സലിം ഇന്ന് അറിയപ്പെടുന്ന സസ്യ വര്‍ഗീകരണ വിദഗ്ധനാണ്. ഫീല്‍ഡ് നാച്ചുറലിസ്റ്റ്, പരിസ്ഥിതി ശാസ്ത്രകാരന് എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹത്തെ തേടി നിരവധി ആദരവുകളും അംഗീകാരങ്ങളാണ് എത്തിയത്.
അത്തിമൂലയിലെ കര്‍ഷകനായ പിച്ചന് മുഹമ്മദിന്റെയും കാപ്പന് സൈനബയുടെയും മകനായ സലിമിന് 48 വയസ്. ഉന്നതവിദ്യാഭ്യാസത്തിന്റെ കുറവിനെ അടിയുറച്ച അഭിനിവേശത്തിന്റെയും നിരീക്ഷണപാടവത്തിന്റെയും പിന്‍ബലത്തില്‍ അതിജീവിച്ച അദ്ദേഹം സസ്യവര്ഗീകരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും സ്വന്തം നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ്. തെക്കന്‍ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയതില്‍ രണ്ട് വന്യസസ്യവര്ഗങ്ങളെ അന്താരാഷ്ട്ര ശാസ്ത്രലോകം സലിം എന്ന പേരുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്തിട്ടുണ്ട്. സയ്ഡന്ഫാഡെനിയേല സാലിമി (Seidenfadeniella salimii), ഇംപേഷ്യന്‍സ് സാലിമി (Impatiens salimii) എന്നിവയാണ് സലിം എന്ന നാമം ശാസ്ത്രസമൂഹത്തില്‍ അനശ്വരമാക്കുന്ന വന്യസസ്യവര്ഗങ്ങള്.
വയനാട്ടിലെ കാട്ടിമറ്റത്ത് 2011 ഡിസംബറില്‍ സലിം, ഡോ.ജോസ് മാത്യു തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ശാസ്ത്രസംഘം കണ്ടെത്തിയ അപൂര്‍വയിനം ഓര്‍ക്കിഡാണ് സയ്ഡന്ഫാഡെനിയേല സാലിമി. വയനാട്ടിലെതന്നെ മേപ്പാടി തൊള്ളായിരം വനമേഖലയില്‍ കണ്ടെത്തിയ ഇംപേഷ്യന്‍സ് സാലിമിയെ 2023ല്‍ കെ.എം.പി. കുമാറും എ. രേഷ്മയും ചേര്‍ന്നാണ് പുതിയ സ്പീഷിസായി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്. സലിമിനോടുള്ള ആദരസൂചകമായാണ് ചെടിക്ക് ഇംപേഷ്യന്‍സ് സാലിമി എന്ന് പേരിട്ടത്.
സസ്യനിരീക്ഷണത്തില് ബാല്യം മുതല്‍ കമ്പം
നന്നേ ചെറുപ്പത്തില്‍ മൊട്ടിട്ടതാണ് സസ്യനിരീക്ഷണത്തില് സലിമിനുള്ള താത്പര്യം. ജീവിതപരിസരങ്ങളിലെ സസ്യപ്രകൃതിയെ കൗതുകത്തോടും വാത്സല്യത്തോടുംകൂടെ കണ്ടുനില്ക്കുന്നതും സാധ്യമായ പരിചരണം നല്‍കുന്നതും ശീലമായിരുന്നു. ജീവിതപ്രാരാബ്ധങ്ങളുമായുള്ള മത്സരത്തിൽ അര്‍ഹിക്കുന്നതും ആഗ്രഹിച്ചതുമായ വിദ്യാഭ്യാസം നേടാനായില്ല. 1995ല്‍ വൈഎംസിഎ വൈത്തിരി ശാഖയില്‍ ഇന്ത്യന്‍ ട്രൈബല്‍ ഡെവലപ്മെന്റ് പ്രോജക്ടുമായി സഹകരിച്ചതോടെയാണ് സലിമിലെ പ്രകൃതിശാസ്ത്രകാരന് ഉദയംകൊണ്ടത്.
പ്രോജക്ടുമായി ബന്ധപ്പെട്ട യാത്രകള്‍ക്കിടെ കണ്ണിലുടക്കിയ അപരിചിത സസ്യജാലങ്ങളെ സലിം സ്വപ്രയത്നംകൊണ്ട് തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന്റെ വയനാട് പുത്തൂര്‍വയല്‍ കേന്ദ്രത്തില്‍ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ സസ്യ ഗവേഷണത്തില്‍ സലിമിനു മുമ്പില്‍ വിശാലവഴികള്‍ തുറന്നു. 1997ല്‍ വയനാട്ടിലെ മികച്ച സാമൂഹികപ്രവര്‍ത്തകനുള്ള നെഹ്റു യുവകേന്ദ്ര അവാര്‍ഡ് സലിമിനാണ് ലഭിച്ചത്.
ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ലീഡിംഗ് കമ്യൂണിറ്റി ഓര്‍ഗനൈസര്‍ പി.എ. റഷീദാണ് സലിമിനെ, ഗവേഷണനിലയത്തിന്റെ അന്നത്തെ ഡയറക്ടറും നിലവില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മേധാവിയുമായ ഡോ.എന്‍. അനില്‍കുമാറിനു പരിചയപ്പെടുത്തിയത്. പ്രകൃതിസ്നേഹി കെ.പി. ജോണ്‍ പൊഴുതനയും പരിസ്ഥിതിയുടെയും ശാസ്ത്രത്തിന്റെയും മേഖലകളിലേക്ക് സലിമിനെ നയിച്ചവരുടെ ഗണത്തിലുണ്ട്. ഇവര്‍ സലിമിന് നല്കിയ പ്രോത്സാഹനം വെറുതെയായില്ല എന്നതിന് കാലം സാക്ഷി.
കണ്ടെത്തലുകളിൽ നിര്‍ണായക പങ്ക്
പുതിയ 23 സസ്യവര്‍ഗങ്ങളുടെ കണ്ടെത്തലുകളിലും പത്തിലധികം ഭൗമരേഖപ്പെടുത്തലുകളിലും സലിം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചെമ്പ്ര മുതല്‍ ബ്രഹ്മഗിരി വരെ മലനിരകളിലും മറ്റിടങ്ങളിലും സസ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും അപൂര്‍വകാഴ്ചകള്‍ കണ്ടെത്തിയും നടത്തിയ സാഹസികയാത്രകളാണ് പുതിയ സസ്യജനുസുകളെ പരിചയപ്പെടുത്തുന്നതില്‍ സലിമിന് സഹായകമായത്. മലബാറിന്റെ സൗന്ദര്യം എന്ന് അര്‍ഥം വരുന്ന ഓര്‍ക്കിഡ് ലിപാരിസ് സന മലബാറിക്ക (Liparis sana malabarica), ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഡെന്‍ഡ്രോബിയം അനിലി (Dendrobium anilii) ഓര്‍ക്കിഡ്, അപൂര്‍വ സസ്യമായ സെറോപേജിയ മനോഹരി (Ceropegia manoharii), കിഴങ്ങുവര്‍ഗങ്ങളുടെ വന്യബന്ധുവായ ഡിയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii), സോണറില്ല സുല്‍ഫി എന്നിവ സലിമിന്റെ പ്രധാന കണ്ടെത്തലുകളാണ്.
കാംപെല്ലിയ ഔറന്റിയാക്ക (Campbellia aurantiaca) എന്ന സസ്യത്തിന്റെ സാന്നിധ്യം 175 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കണ്ടെത്തിയത് ഉൾപ്പടെ നേട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങളില്പ്പെടും. ഈ കണ്ടെത്തലുകള്‍ പ്രശസ്ത ശാസ്ത്രപ്രസിദ്ധീകരണമായ ‘ക്യൂ ബുള്ളറ്റിനില്‍’(Kew Bulletin) പ്രസിദ്ധീകരിക്കുകയും ആഗോള ബൊട്ടാണിക്കല്‍ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ സലിം ആദ്യമായി കണ്ടെത്തിയ സസ്യമാണ് സെറോപിജിയ മനോഹരി.
താന്‍ കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശികളായിരുന്ന ഡോ.എന്‍. അനില്‍കുമാര്‍, ഡോ.ബി.ബാലകൃഷ്ണന്, പ്രൊഫ. എം.എം. സുല്‍ഫി തുടങ്ങിയവരുടെ പേരും സലിം സസ്യങ്ങൾക്കു നല്‍കിയിട്ടുണ്ട്. അത്യപൂര്‍വ ഇരപിടിയന്‍ സസ്യത്തെ കണ്ടെത്തിയതിലും ഓര്‍ക്കിഡ് കുടുംബത്തില്‍നിന്നു പുതിയ ഇനം സസ്യത്തെ കണ്ടെത്തി ഡെന്‍ഡ്രോബിയം അനിലി എന്നു നാമകരണം ചെയ്തതിലും സലിമിന്റെ പ്രയത്നമുണ്ട്. മധ്യഭാരതത്തിലും ഡെക്കാന്‍ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സോമലതയുടെയും പാവട്ടയുടെയും ബന്ധുവിനെ വയനാട്ടില്‍ കണ്ടെത്തി.
തദ്ദേശീയ സസ്യ ജനിതക സമ്പത്തിന്റെ സംരക്ഷണത്തിന് വീട്ടുവളപ്പില്‍ ജൈവ സംരക്ഷണകേന്ദ്രം സജ്ജമാക്കിയ സലിം അതിന്റെ പരിപാലനത്തില്‍ അതീവശ്രദ്ധയാണ് പുലര്‍ത്തുന്നത്. സ്വന്തം പുരയിടത്ത സസ്യ ജനിതകസമ്പത്തിന്റെ അമൂല്യശേഖരമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. ഇവിടെ നിലവില്‍ അറുനൂറിലേറെ പരമ്പരാഗത, വന്യ സസ്യ ഇനങ്ങളുണ്ട്. ഇതില്‍ 174 വന്യ അലങ്കാരസസ്യങ്ങളും 127 വന്യ സസ്യബന്ധുക്കളും വംശനാശഭീഷണി നേരിടുന്ന 130 അപൂര്‍വ ഇനങ്ങളും കൃഷി ചെയ്യപ്പെടുന്ന ജനിതക വൈവിധ്യ ഇനങ്ങളും ഉള്‍പ്പെടും.
അമ്പതില്പരം ഗവേഷണ പ്രബന്ധങ്ങള്‍
52 ഗവേഷണ പ്രബന്ധങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റു രചനകളും സലിമിന്റേതായുണ്ട്. നൈസര്‍ഗിക ആവാസവ്യവസ്ഥയിലെ ഔഷധ സസ്യങ്ങള്‍, ഭക്ഷ്യയോഗ്യമായ സസ്യ ഇനങ്ങള്‍, വന്യപുഷ്പങ്ങള്‍, അവയുടെ വന്യ ബന്ധുക്കള്‍, എണ്ണയും പശയും ലഭ്യമാക്കുന്ന സസ്യങ്ങള്‍, വന്യ സുഗന്ധ വ്യഞ്ജനങ്ങള്‍, പൂമ്പാറ്റകളും പക്ഷികളും മറ്റു ജീവജാലങ്ങളും ആശ്രയിക്കുന്ന സസ്യങ്ങള്‍ എന്നിവയില്‍ സലിമിനുള്ള അറിവിന്റെ തെളിവാണ് പ്രബന്ധങ്ങളും മറ്റു രചനകളും.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിനായി 18 ഫീല്‍ഡ് അസസ്മെന്റ് റിപ്പോര്‍ട്ടുകള്‍ സലിം തയാറാക്കിയിട്ടുണ്ട്. നിരവധി എന്‍ജിഒകളില്‍ നേതൃസ്ഥാനം വഹിച്ച് ജൈവ വൈവിധ്യ സംരക്ഷണത്തെ ഗോത്രവിഭാഗങ്ങളുടെ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരകൃഷി എന്നിവയുമായി സലിം യോജിപ്പിക്കുന്നുണ്ട്. ജൈവവൈവിധ്യ, കാര്‍ഷിക മേഖലകളില്‍ ബോധവത്കരണത്തിന് നേതൃത്വം നല്കുകവഴി അനേകം വ്യക്തികളിൽ ശാസ്ത്രീയ മനോഭാവവും ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തില്‍ ബോധ്യവും വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.
തേടിവന്നത് നിരവധി അംഗീകാരങ്ങള്‍
പശ്ചിമഘട്ടത്തിന്റെ സസ്യപാരമ്പര്യം രേഖപ്പെടുത്താനും സംരക്ഷിക്കാനും ജീവിതം മാറ്റിവച്ച സലിം ദേശീയതലത്തിലേതടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അർഹനായി. ജനിതക വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ദേശീയ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം 2023ല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്നാണ് ഏറ്റുവാങ്ങിയത്.
ഫീല്‍ഡ് ഗവേഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വിജ്ഞാനവ്യാപനത്തിനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2019ലെ നാട്ടുശാസ്ത്രജ്ഞന്‍ അവാര്‍ഡ്, വനസംരക്ഷണത്തിലും പരിസ്ഥിതി ബോധവത്കരണത്തിലും കൈവരിച്ച നേട്ടങ്ങള്‍ക്ക് സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം (2012), സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരം (2017), സസ്യസമ്പത്തിന്റെയും ജൈവവൈവിധ്യ നിരീക്ഷണത്തിന്റെയും മാസ്റ്റര്‍ ക്ലാസ് ഫോട്ടോഗ്രാഫിക് ഡോക്യുമെന്റേഷന് ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡ് (2020), സാമൂഹിക പാരിസ്ഥിതിക നേതൃപാടവത്തിന് നെഹ്റു യുവകേന്ദ്ര സംഘാതന്റെ ദേശീയ യുവ പുരസ്കാരം എന്നിവ കരസ്ഥമാക്കിയ അംഗീകാരങ്ങളില്‍ പ്പെടും.
വയനാട്ടിലെ ഇടിയംവയലില്നിന്നു പകര്‍ത്തിയ ഇന്ദ്രെല്ല ആമ്പുള്ള ഇനം ഒച്ചുകളുടെ ചിത്രം, 2020ല്‍ ലക്നൗവില്‍ നടന്ന ബയോഡൈവേഴ്സിറ്റി കോണ്‍ക്ലേവ് ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ സലിമിനെ പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയിരുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഒച്ചിനമാണ് ഇന്ദ്രെല്ല ആമ്പുള്ള.
പശ്ചിമഘട്ട സംരക്ഷണം ഉത്തരവാദിത്വം
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നാണ് സലിമിന്റെ പക്ഷം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാര്‍ പ്രദേശത്തെ നിബിഡവനങ്ങളും ചോലക്കാടുകളും കാര്‍ബണ്‍ ആഗിരണം ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് സലിം അഭിപ്രായപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ സസ്യങ്ങള്‍ ഉപയോഗിച്ച് പ്രാദേശികതലത്തില്‍ സാറ്റ്ലൈറ്റ് ഗാർഡൻ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ് സലിം. ഇതുവഴി സസ്യ ജനിതക സമ്പത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അറിവ് പ്രചരിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. പ്രകൃതി ശാസ്ത്രജ്ഞന് എന്ന നിലയിൽ തന്റെ പ്രവര്‍ത്തനം അടിത്തട്ടിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളെയും അന്താരാഷ്ട്ര ശാസ്ത്ര മാനദണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നതാണെന്നാണ് സലിമിന്റെ വിലയിരുത്തല്‍.
സലിമിന് ഔപചാരിക വിദ്യാഭ്യാസം പ്രീഡിഗ്രി വരെ മാത്രമാണ്.അതിനുശേഷമുള്ളതെല്ലാം പഠിച്ചത് കാട്ടില്‍നിന്നാണ്. വര്‍ഷങ്ങളായുള്ള ഫീല്‍ഡ് പ്രവര്‍ത്തനത്തിലൂടെ, നിരീക്ഷണത്തിലൂടെ, സസ്യങ്ങളുടെ മാതൃകകള്‍ ശേഖരിച്ചും ശാസ്ത്രജ്ഞരുമായി സംവദിച്ചും. ഇദ്ദേഹത്തിന് കാട് സര്‍വകലാശാലയാണ്; സസ്യങ്ങള്‍ പാഠപുസ്തകങ്ങളും.
പശ്ചിമഘട്ടത്തിന്റെ സസ്യപാരമ്പര്യം രേഖപ്പെടുത്താനും സംരക്ഷിക്കാനും സമർപ്പിതമാണ് തന്റെ ജീവിതമെന്ന് ഇദ്ദേഹം കരുതുന്നു. പ്രകൃതിയോടും ചുറ്റുപാടുകളോടുമുള്ള കൗതുകത്തെ ശാസ്ത്രീയ കാഴ്ചപ്പാടിലേക്ക് മാറ്റാന്‍ ധാരാളം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പിന്തുണയും മാര്‍നിര്‍ദേശങ്ങളും സഹായകമായെന്ന് പറയാൻ സലിമിന് മടിയില്ല. ഭാര്യ ഗോശാലപ്പറമ്പന് ശബ്നയും വിദ്യാര്‍ഥികളായ സന ഫാത്തിമ, അയാന, ഹെമില്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
Tags : Green Man Western Ghats Sunday Deepika