ചിന്താവിഷയം
ഇരുപതാം നൂറ്റാണ്ടിലെ തുർക്കി സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു ചെറുകഥാകൃത്തായിരുന്നു സെയ്ത് ഫായിക് അബാസിയാനിക് (1906-1954). തുർക്കിയിലെ അദപസാറിയിൽ ജനിച്ച അദ്ദേഹം ഈസ്താംബൂളിലും ഫ്രാൻസിലും പഠിച്ചു. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തൊഴിൽരഹിതരും തെരുവുകളിൽ കണ്ടുമുട്ടുന്ന സാധാരണക്കാരുമായിരുന്നു അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന കഥാപാത്രങ്ങൾ. സമൂഹം പലപ്പോഴും ശ്രദ്ധിക്കാതെ കടന്നുപോകുന്ന മനുഷ്യരുടെ ജീവിതത്തിൽ അദ്ദേഹം കഥകളും മനുഷ്യസ്നേഹത്തിന്റെ ആഴങ്ങളും കണ്ടെത്തി. ഈസ്താംബൂളിനു സമീപമുള്ള കടലിലെ ബുർഗസാദ ദ്വീപിൽ ഏറെക്കാലം ജീവിച്ച അദ്ദേഹത്തിന്റെ രചനകളിൽ കടലും വള്ളങ്ങളും മത്സ്യത്തൊഴിലാളികളും നിറഞ്ഞുനിന്നു.
1952ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ "അവസാനത്തെ പക്ഷികൾ' എന്ന സമാഹാരത്തിലെ "ഭൂപടത്തിലെ ഒരു ബിന്ദു' എന്ന ചെറുകഥ മനുഷ്യന്റെ മനസാക്ഷിയെ ഉണർത്തുന്ന ഒരു സംഭവമാണ് അവതരിപ്പിക്കുന്നത്. മനുഷ്യരുടെ സ്വാർഥതയും കാപട്യവും കണ്ട് മനംമടുക്കുന്ന, കഥയിലെ ആഖ്യാതാവ് എഴുത്ത് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ആരോടും പരിഭവമില്ലാതെ, ഒന്നിലും ഇടപെടാതെ, ഒരു ദ്വീപിൽ ശാന്തമായി ജീവിക്കണം. ഭൂപടം കാണുമ്പോഴെല്ലാം നീലക്കടലിനു നടുവിലെ ചെറിയ ബിന്ദുക്കളിലേക്കാണ് അയാളുടെ കണ്ണുകൾ നീങ്ങുന്നത്. അവിടെ അധ്വാനിച്ചു ജീവിക്കുന്ന ലളിതമനുഷ്യർക്കിടയിൽ മനസമാധാനം കണ്ടെത്താമെന്ന് അയാൾ കരുതുന്നു. ലോകത്തെ തിരുത്താൻ ശ്രമിക്കുന്നതിനു പകരം ലോകത്തിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലതെന്ന് അയാൾക്കു തോന്നുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ഒരു മത്സ്യബന്ധനവള്ളം കരയ്ക്കെത്തുന്നത് അയാൾ കാണുന്നു. പിടിച്ച മീനുകളിൽ വിൽപനയ്ക്കുള്ളവ മാറ്റിവച്ചശേഷം അവശേഷിച്ച മീനുകൾ മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കാൻ തുടങ്ങി. അവർക്ക് മൂന്നെണ്ണം വീതം ലഭിച്ചു. വല കഴുകി വൃത്തിയാക്കാനും മറ്റും സഹായിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. അയാൾ മത്സ്യത്തൊഴിലാളികളുടെ ഗണത്തിൽപ്പെട്ടവനായിരുന്നില്ല. എങ്കിലും മീൻ പങ്കുവയ്ക്കുമ്പോൾ തനിക്ക് ഒരെണ്ണമെങ്കിലും കിട്ടുമെന്ന് അയാൾ കരുതി.
പങ്കുവയ്ക്കൽ അവസാനിച്ചപ്പോൾ ഒരു മീൻ മാത്രം അവശേഷിച്ചു. ആരോ അത് കരയിലേക്കെറിഞ്ഞു. അയാൾ സന്തോഷത്തോടെ അതെടുക്കാൻ കുനിഞ്ഞു. പെട്ടെന്ന് ഒരു മത്സ്യത്തൊഴിലാളി തന്റെ ഭാരമുള്ള ചെരിപ്പുകൊണ്ട് ആ മീനിന്റെ മേൽ ചവിട്ടിനിന്നു. ആ മീൻ എടുക്കാൻ അയാളെ അനുവദിച്ചില്ല. കണ്ടുനിന്ന ഒരാൾ പ്രതിഷേധിച്ചു: ""അയാളും നിങ്ങളോടൊപ്പം പണിയെടുത്തില്ലേ? ഒരു മീനെങ്കിലും അയാൾക്കു കൊടുത്തുകൂടെ?'' ""ഞങ്ങൾ അയാളെ വിളിച്ചില്ലായിരുന്നല്ലോ''എന്നായിരുന്നു അപ്പോൾ കേട്ട മറുപടി.
കഥയിലെ ആഖ്യാതാവ് കാത്തുനിന്നു. മറ്റുള്ളവർ ആരെങ്കിലും ഇടപെടുമെന്ന് അയാൾ പ്രതീക്ഷിച്ചു. പക്ഷേ, ആരും അനങ്ങിയില്ല. അപ്പോൾ, ""സാരമില്ല, എനിക്കൊന്നും വേണ്ട'' എന്നു പറഞ്ഞ് ആ പാവപ്പെട്ട മനുഷ്യൻ അവിടെനിന്നു നടന്നുപോയി. ആ കാഴ്ച ആഖ്യാതാവിന്റെ മനസമാധാനം തകർത്തു. മനുഷ്യരുടെ സ്വാർഥതയിൽനിന്ന് അകന്നുനിൽക്കാനാണ് അയാൾ ദ്വീപിലെത്തിയത്. ഇനി എഴുതുകയില്ലെന്നു തീരുമാനിച്ചതുമാണ്. എന്നാൽ കണ്ട അനീതിയെ മറക്കാൻ അയാൾക്കായില്ല. കടയിൽച്ചെന്ന് കടലാസും പെൻസിലും വാങ്ങി വീണ്ടും എഴുതാൻ തുടങ്ങി. ഒരു മീൻ അയാളുടെ മനസാക്ഷിയെ ഉണർത്തിയിരുന്നു.
ഈ കഥയിലെ ഏറ്റവും വേദനാജനകമായ കാര്യം ഒരു പാവപ്പെട്ട മനുഷ്യനു മീൻ ലഭിച്ചില്ല എന്നതു മാത്രമല്ല. അയാൾ അപമാനിക്കപ്പെട്ടപ്പോൾ മറ്റുള്ളവർ നിശബ്ദരായി നിന്നു എന്നതുകൂടിയാണ്. ഓരോരുത്തർക്കും അവർക്കാവശ്യമായ മീൻ ലഭിച്ചിരുന്നു. തന്മൂലം മറ്റൊരാളുടെ വേദന അവരുടെ പ്രശ്നമായി മാറിയില്ല.
മീനിന്റെമേൽ ചവിട്ടിനിന്ന മനുഷ്യൻ അനീതി ചെയ്തു. എന്നാൽ, അതു കണ്ടിട്ടും മിണ്ടാതിരുന്നവർക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? അവരിലൊരാൾ ഒരു മീൻ പങ്കുവച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ അയാൾക്കുവേണ്ടി ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ മനുഷ്യൻ അപമാനിതനായി മടങ്ങേണ്ടിവരുമായിരുന്നില്ല. ഒരാളുടെ ക്രൂരതയേക്കാൾ ചിലപ്പോൾ വേദനിപ്പിക്കുന്നത് അതു കണ്ടുനിൽക്കുന്ന മറ്റുള്ളവരുടെ നിസംഗതയാണ്.
ഇവിടെ മീനിന്റെ വില അതിന്റെ വിപണിവിലയല്ല. ആ പാവപ്പെട്ട മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് തന്റെ അധ്വാനത്തിനുള്ള അംഗീകാരവും മറ്റുള്ളവർക്കിടയിൽ തനിക്കും വിലയുണ്ടെന്ന ഉറപ്പുമായിരുന്നു. മീൻ നിഷേധിച്ചപ്പോൾ അയാൾക്കു നഷ്ടപ്പെട്ടത് ഒരു നേരത്തെ ഭക്ഷണം മാത്രമായിരുന്നില്ല; മനുഷ്യനെന്ന നിലയിൽ ലഭിക്കേണ്ട പരിഗണനകൂടിയായിരുന്നു. നമുക്ക് നിസാരമായി തോന്നുന്ന ഒരു കാര്യം മറ്റൊരാളുടെ ആത്മാഭിമാനത്തെ എത്ര ആഴത്തിൽ സ്പർശിക്കുമെന്ന് നാം പലപ്പോഴും തിരിച്ചറിയാറില്ല.
നമ്മുടെ ചുറ്റുപാടുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറില്ലേ? ഒരു കുട്ടിയെ മറ്റുള്ളവർ പരിഹസിക്കുന്നു. ഒരു സഹപ്രവർത്തകൻ അന്യായമായി കുറ്റാരോപിതനാകുന്നു. ദുർബലനായ ഒരാൾ അവഗണിക്കപ്പെടുന്നു. അധ്വാനിച്ച ഒരാൾക്ക് അർഹമായ അംഗീകാരം നിഷേധിക്കപ്പെടുന്നു. നാം അതെല്ലാം കാണുന്നു. പക്ഷേ, ഇക്കാര്യങ്ങളിൽ ഇടപെട്ട് എന്തിനു പ്രശ്നമുണ്ടാക്കുന്നു എന്നു കരുതി നാം മാറിനിൽക്കുന്നു.
ചിലപ്പോൾ നമ്മുടെ നിശബ്ദതയ്ക്കു പിന്നിൽ ഭയമായിരിക്കാം. മറ്റുചിലപ്പോൾ നമ്മുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്കയായിരിക്കാം. അതുമല്ലെങ്കിൽ, മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാകാൻ വൈമനസ്യമുള്ളതുകൊണ്ടാകാം. തന്മൂലം അനീതിയോടു യോജിപ്പില്ലെങ്കിലും അതിനെ എതിർക്കാതെ നാം മാറിനിൽക്കുന്നു. എന്നാൽ, സഹായം ആവശ്യമുള്ളവനു മറ്റുള്ളവരുടെ അനീതിയും നമ്മുടെ നിസംഗതയും തമ്മിൽ വലിയ വ്യത്യാസമുണ്ടാകണമെന്നില്ല. തെറ്റു ചെയ്യാതിരിക്കുന്നതും തെറ്റു നടക്കുമ്പോൾ ശരിയുടെ പക്ഷത്തു നിൽക്കാതിരിക്കുന്നതും ഒന്നല്ല എന്നത് നാം മറന്നുപോകരുത്.
നല്ല സമരിയാക്കാരന്റെ ഉപമയിൽ (ലൂക്കാ 10: 25-37) പുരോഹിതനും ലേവായനും വഴിയിൽ കിടന്ന മനുഷ്യനെ ആക്രമിച്ചില്ല. അവർ അയാളെ ഉപദ്രവിച്ചില്ല. പക്ഷേ, സഹായിക്കാതെ കടന്നുപോയി. സമരിയാക്കാരനാകട്ടെ മറ്റൊരാളുടെ വേദന തന്റെ യാത്രയെ തടസപ്പെടുത്താൻ അനുവദിച്ചു. അയാൾ അടുത്തുചെന്നു മുറിവുകൾ വച്ചുകെട്ടി പരിചരിച്ചു. പരിക്കേറ്റ മനുഷ്യൻ ആരാണെന്നോ തനിക്ക് എന്തു പ്രതിഫലം ലഭിക്കുമെന്നോ അന്വേഷിച്ചശേഷമല്ല സഹായിച്ചത്. സഹായം ആവശ്യമായ ഒരു മനുഷ്യനെ കണ്ടപ്പോൾ അയാൾ സഹായിച്ചു.
ദൈവവചനം നമ്മെ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു: ""നന്മ ചെയ്യാൻ അറിഞ്ഞിട്ടും അതു ചെയ്യാത്തവൻ പാപം ചെയ്യുന്നു'' (യാക്കോബ് 4:17). എല്ലാ അനീതികളും നമുക്ക് പരിഹരിക്കാനാകില്ല എന്നതു ശരിയാണ്. എന്നാൽ നമ്മുടെ കൺമുന്നിൽ ഒരാളുടെ അന്തസ് ചവിട്ടിമെതിക്കപ്പെടുമ്പോൾ ഒരു വാക്കുകൊണ്ടെങ്കിലും അയാളുടെ പക്ഷത്ത് നമുക്കു നിൽക്കാനാകും. ചിലപ്പോൾ ഒരു സഹായഹസ്തം നീട്ടിക്കൊടുക്കേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ, ഇതു ശരിയല്ല എന്നു പറയാനുള്ള തന്റേടം നമുക്കുണ്ടാകണം.
വലിയൊരു ത്യാഗം ചെയ്യാൻ അവസരം ലഭിക്കുന്നതുവരെ നന്മ ചെയ്യുന്നത് നാം മാറ്റിവയ്ക്കേണ്ടതില്ല. മറ്റൊരാൾക്കു പലപ്പോഴും അത്യാവശ്യമായിരിക്കുന്നത് നമുക്ക് നിസാരമായി തോന്നുന്ന ചെറിയൊരു സഹായമായിരിക്കും. സെയ്ത് ഫായിക്കിന്റെ കഥയിലെ ആഖ്യാതാവിന് ആ സാധുമനുഷ്യനെ തിരികെ വിളിച്ച് മീൻ കൊടുക്കാനായില്ല. എന്നാൽ, കണ്ട അനീതി ആരുമറിയാതെ മറഞ്ഞുപോകാൻ അനുവദിക്കാതിരിക്കാൻ അയാൾക്കു കഴിഞ്ഞു. അയാൾ തന്റെ പെൻസിൽ എടുത്ത് എഴുതി. ലോകത്തിൽനിന്ന് അകന്നുനിൽക്കാൻ തീരുമാനിച്ച മനുഷ്യനെ ലോകത്തോടുള്ള ഉത്തരവാദിത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു അപരിചിതന്റെ വേദനയായിരുന്നു.
നമുക്കെല്ലാവർക്കും എഴുത്തുകാരാകാനാവില്ല. പക്ഷേ, ഓരോരുത്തർക്കും സ്വന്തം സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യാനാകും. എന്നാൽ, അതിനു മറ്റുള്ളവരുടെ വേദന കാണാനുള്ള കണ്ണും അതിനോടു പ്രതികരിക്കാനുള്ള ഹൃദയവും ഉണ്ടാകണമെന്നു മാത്രം. ആ ദിവസം കരയിൽ കിടന്നത് ഒരു മീനായിരുന്നു. എന്നാൽ, അതിൻമേൽ ചവിട്ടിനിന്ന ചെരിപ്പിനടിയിൽ ഒരു മനുഷ്യന്റെ പ്രതീക്ഷയും ആത്മാഭിമാനവുമാണ് ഞെരിഞ്ഞമർന്നത്. അതു കണ്ടിട്ടും ഒന്നും ചെയ്യാതിരുന്നവരുടെ നിശബ്ദത ആ അപമാനത്തെ കൂടുതൽ വേദനാജനകമാക്കി. നമ്മുടെ കൈയിൽ എത്ര മീനുണ്ടെന്നതല്ല മനുഷ്യസ്നേഹത്തിന്റെ അളവ്. ഒരെണ്ണംപോലുമില്ലാതെ നിൽക്കുന്നവനെ കാണുമ്പോൾ നാം എന്തുചെയ്യുന്നു എന്നതാണ്.
Tags : fish price Sunday Deepika