സെപ്റ്റംബര്‍ ഏഴിന് ബഹാമസിലെ ഗ്രേറ്റ് ഹാര്‍ബര്‍ സിറ്റിയില്‍നിന്ന് മയാമിലേക്ക് പറക്കുകയായിരുന്നു, അഞ്ചു സീറ്റുള്ള പൈപ്പര്‍ പിഎ 34 വിമാനം. രാവിലെ പതിനൊന്നോടെ ബാഹാമസ് ദ്വീപുകളിലൊന്നായ അന്ഡ്രോസിന് പടിഞ്ഞാറ് കടലില്‍ വീണ് വിമാനത്തിലുണ്ടായിരുന്ന നാലു പേരും മരിച്ച സംഭവം, അമേരിക്കയ്ക്ക് പുറത്ത് ഏറെയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നില്ല, അപകടമുണ്ടായ സ്ഥലം അതായിരുന്നില്ലെങ്കില്‍.
ബര്‍മുഡ ദ്വീപ്, അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ഫ്ളോറിഡ, മയാമിക്ക് 1600 കി.മീ തെക്കു കിഴക്കുള്ള കരീബിയന്‍ ദ്വീപ്, പോര്‍ട്ടോ റീക്കോ ഈ മൂന്നിനും ഇടയില്‍, ബര്‍മുഡ ട്രയാങ്കിള്‍ എന്നു വിളിക്കുന്ന വടക്കന്‍ അറ്റ്ലാന്റിക് പ്രദേശത്തിനുള്ളിലാണ് ഈ ചെറുവിമാനവും അപകടത്തില്‍പ്പെട്ടത്. ആ മേഖലയെപ്പറ്റി കാലാകാലങ്ങളായുള്ള ഭീതികളും കേട്ടുകേഴ്വികളും കഥകളുമാണ് അപകടം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കാൻ കാരണം.
1950 സെപ്റ്റംബര്‍ 17ന് മയാമി ഹെറാള്‍ഡ് പത്രത്തില്‍, അസോസിയേറ്റഡ് പ്രസ് ലേഖകൻ എഡ്വാര്‍ഡ് വാന്‍ വിങ്കിള്‍ ജോണ്‍സ് എഴുതിയ ഒരു ലേഖനമാണ്, പ്രദേശത്തെപ്പറ്റിയുള്ള ഭീതികള്‍ക്ക് ലിഖിതരൂപം കൊടുത്തതെങ്കിലും നാല്പ്പതുകള് മുതല്‍ സമുദ്രസഞ്ചാരികളുടെയും വൈമാനികരുടെയും ഇടയില്‍ പ്രചരിച്ചിരുന്ന അനേകം കഥകളുടെ കേന്ദ്രമായിരുന്നു ബര്‍മുഡ ത്രികോണം. 1945 ജൂലൈ 10ന് അമേരിക്കന്‍ നാവികസേനയുടെ പിബിഎം 3 സി മറീനര്‍, ബ്യൂണോ 6545 വിമാനം പരിശീലനപ്പറക്കലിനിടെ, ബഹാമാസിലെ പ്രോവിഡന്‍സ് ദ്വീപിനു സമീപം 12 പേരുമായി കാണാതായതാണ് ബര്‍മുഡ അപകടങ്ങളുടെ തുടക്കമെന്നു കരുതുന്നു. പിന്നീട് അപകടങ്ങളുടെ പരമ്പരയായിരുന്നു.
കപ്പലുകളും വിമാനങ്ങളും ഒരേപോലെ അപകടത്തില്‍പ്പെട്ടിട്ടുള്ള ഈ മേഖലയിലെ അപകടങ്ങളുടെ കൃത്യമായ നാളും തീയതിയും വിവരങ്ങളുമെല്ലാം സൂക്ഷിക്കപ്പെട്ടിട്ടുള്ളത് വിമാനങ്ങളുടെ കാര്യത്തിലാണ്. നാല്പതുകളില് ആറ് വിമാനാപകടങ്ങള്‍, അന്‍പതുകളില്‍ നാല്, അറുപതുകളില്‍ 19, എഴുപതുകളില്‍ 27, എണ്‍പതുകളില്‍ 23, തൊണ്ണൂറുകളില്‍ 13, 2000 മുതല്‍ 2009 വരെ ആറ്, 2010 മുതല്‍ 2019 വരെ മൂന്ന്, 2020 മുതല്‍ ഇക്കൊല്ലം ഇതേവരെ മൂന്ന്. ഇതാണ് അപകടങ്ങളുടെ, അല്ലെങ്കില്‍, കാണാതാകലുകളുടെ എണ്ണം.
അവശിഷ്ടംപോലും കണ്ടെത്താനാകാതെപോയ വിമാനങ്ങളും കഴിഞ്ഞ ഏഴാം തീയതിയിലെ അപകടം പോലെ മരിച്ചവരുടെ ശരീരങ്ങള്‍ കടലില്‍നിന്നു കിട്ടുകയും അവശിഷ്ടങ്ങള്‍ കണ്ടെത്താനാകാതെ വരികയും ചെയ്യുന്ന അപകടങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിശകലനത്തിലേക്കു വരുംമുമ്പ്, ഏഴാം തീയതിയിലെ അപകടം എങ്ങയാണ് ഉണ്ടായതെന്നുകൂടി നോക്കാം.
നാല്പതു കൊല്ലം പൈലറ്റ് പരിചയമുണ്ടായിരുന്ന മരിയോ ലാമര്‍ സീനിയര്‍ എന്ന എണ്പതുകാരന് പറത്തിയിരുന്ന വിമാനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ലിലി, കൊച്ചുമക്കൾ സോഫി സോസ, ക്രിസ്റ്റിയന്‍ സോസ എന്നിവരായിരുന്നു യാത്രക്കാര്‍. ബഹാമസിലെ ബെറി ഐലന്‍ഡ്സിലെ ഗ്രേറ്റ് ഹാര്‍ബര്‍ കേയിലുള്ള വീട്ടില്‍നിന്ന് മയാമിയിലേക്കായിരുന്നു യാത്ര. എന്‍ 212 എംഎല് റജിസ്ട്രേഷനുള്ള പൈപ്പര്‍ പിഎ 34 വിമാനം രാവിലെ 10.12നാണ് ടേക്കോഫ് ചെയ്തത്. അന്ഡ്രോസ് ദ്വീപിന് 20 കി.മീ പടിഞ്ഞാറ്്, രാവിലെ 11.04ന് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. റോയല്‍ ബഹാമസ് ഡിഫന്‍സ് ഫോഴ്സ്, ബഹാമസ് എയര്‍ റസ്ക്യൂ അസോസിയേഷന്, യുഎസ് കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ നടത്തിയ തെരച്ചിലില്‍ പിന്നീട് കുടുംബാംഗങ്ങളും ബോട്ടുകളില്‍ പങ്കുചേര്‍ന്നു. മൃതദേഹങ്ങൾ കിട്ടിയെങ്കിലും വിമാന അവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായില്ല.
ബര്‍മുഡ ട്രയാങ്കിളില്‍ എണ്പതു കൊല്ലമായി ഉണ്ടായ അപകടങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി എന്ന് മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നതില്‍ അദ്ഭുതം ഇല്ല. വസ്തുതകള്‍ കൃത്യമായി പരിശോധിച്ചാല്‍, ഈ സമുദ്രപ്രദേശത്തുണ്ടായിട്ടുള്ള വിമാന, കപ്പല്‍ അപകടങ്ങളെ തമ്മില്‍ കൃത്യമായി ബന്ധിപ്പിക്കുന്ന പൊതുഘടകങ്ങള്‍ ഏറെയൊന്നും ഇല്ലെന്നതാണ് വാസ്തവം. ബര്‍മുഡ ട്രയാങ്കിള്‍ പ്രദേശത്തിനു കൃത്യമായ അതിരുകളും ആരും നിര്‍വചിച്ചിട്ടില്ല.
മരിയോ ലാമറിന്റെ വിമാനം അപകടത്തില്‍പ്പെട്ട സമയത്തുണ്ടായിരുന്നതുപോലെ, നല്ല കാറ്റും മഴയും ഇടിമിന്നലുമുള്ളപ്പോഴാണ് പല അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ക്യുമിലോ നിമ്പസ് എന്ന മഴമേഘ കൂമ്പാരങ്ങളില്‍ പെട്ടുപോകുന്ന വിമാനങ്ങള്‍ രക്ഷപ്പെടുക. പ്രയാസമുള്ള കാര്യമാണ്. വിമാനങ്ങളുടെ പല വിധ തകരാറുകള്‍, പറത്തിയിരുന്നവര്ക്കു പറ്റിയ പിഴവുകള്‍, വ്യോമഗതാഗത നിയന്ത്രകരുടെ നിര്‍ദ്ദേശങ്ങളില്‍ വന്ന പാളിച്ചകള്‍ അങ്ങിനെ പല കാരണങ്ങളും ഈ മേഖലയിലെ അപകടങ്ങള്‍ക്കു പിന്നിലുണ്ട്. ഇക്കഴിഞ്ഞ സംഭവത്തിലെപ്പോലെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടാതിരിക്കുന്നത് ദുരൂഹത തോന്നിപ്പിക്കുമെങ്കിലും കടലില്‍നിന്ന് വിമാനങ്ങള്‍ വീണ്ടെടുത്ത സംഭവങ്ങളും ഒട്ടേറെയുണ്ട്. മുൻപു പറഞ്ഞ അസോസിയേഡ് പ്രസ് വാര്‍ത്താ ഏജന്‍സി ലേഖനത്തില്‍, ഫ്ളോറിഡ, ബര്‍മുഡ, പോര്‍ട്ടോ റീക്കോ എന്നിവ അതിരിടുന്ന കടല്‍പ്രദേശം എന്ന് ഒഴുക്കന്മട്ടില് പറഞ്ഞു പോകുന്നതേയുള്ളൂ.
പില്ക്കാലത്ത് മയാമി, സാന്‍ ജുവാന്‍, ബെര്‍മുഡ എന്നിങ്ങനെ, ബര്‍മുഡ ത്രികോണ മൂലകള്‍ പരിഷ്കരിക്കപ്പെടുകയും ചെയ്തു. ഈ സമുദ്രമേഖലയുടെ വിസ്തീർണം 1.3 ച.കി.മീ മുതല്‍ 3.9 ച.കി.മീ വരെയുള്ള കണക്കുകള്‍ നിലവിലുണ്ട്. അതിര്ത്തികളെപ്പറ്റിയുള്ള അവ്യക്തത കാരണം, ഒരു അപകടമുണ്ടായാല്‍ അത് ബര്‍മുഡ ട്രയാങ്കിളിന്റെ ഉള്ളിലാണോ പുറത്താണോ ഉണ്ടായതെന്ന് കൃത്യമായി പറയാനാവില്ല.
നാല്പ്പതുകള് മുതല്‍ ഇന്നേവരെ ഈ മേഖലയിലുണ്ടായ വിമാനാപകടങ്ങളില്‍ 20 എണ്ണമെങ്കിലും ദുരൂഹമാണെന്നും 50 കപ്പലപകടങ്ങള്‍ക്ക് വിശദീകരണം ഇല്ലെന്നും പറയുന്നുണ്ടെങ്കിലും, ആ അവ്യക്തമായ കണക്കിൽപ്പോലും കടലിന്റെ ഏതേത് അതിര്‍ത്തികള്‍ക്കുള്ളിലാണ് സംഭവങ്ങള്‍ ഉണ്ടായതെന്നതിന് കൃത്യമായ വിവരങ്ങളില്ല. പ്രകൃത്യാതീത ശക്തികള്‍ മുതല്‍, ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ പ്രത്യേകതകള്‍ വരെ വിശദീകരണത്തിന് സാധ്യതകളായി കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഏറെ വ്യത്യസ്തമായ അപകടങ്ങള്‍ അങ്ങനെ ഒരേ രീതിയില്‍ വിശദീകരിക്കാന്‍ എളുപ്പമല്ല.
ബര്‍മുഡ ത്രികോണ മേഖലയില്‍ ഒരു സമാന്തര പ്രപഞ്ചം (പാരലല്‍ യൂണിവേഴ്സ്) നിലവിലുണ്ടെന്നും അത് സമയകാലങ്ങളിലുണ്ടാക്കുന്ന വ്യതിചലനങ്ങളാണ് വിമാനങ്ങളെയും കപ്പലുകളെയും വലിച്ചെടുത്തു കൊണ്ടുപോകുന്നതെന്നുമുള്ള സിദ്ധാന്തം മുതല്‍, പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പറയുന്ന അറ്റ്ലാന്റിസ് എന്ന, നഷ്ടപ്പെട്ടുപോയ നഗരം കടലില്‍ ഈ ഭാഗത്താണെന്നും അതിന്റെ സ്വാധീനവലയത്തിലാണ് കപ്പലുകളും (വിമാനങ്ങളും) അപകടത്തില്പ്പെടുന്നതെന്നുമുള്ള ഭൗമികമായ വിശദീകരണംവരെ ഉണ്ടായിട്ടുണ്ട്.
യാഥാര്‍ഥ്യത്തോട് അടുത്തുനില്ക്കുന്നതെന്നു തോന്നിക്കുന്ന മറ്റൊരു വിശദീകരണമാണ് ഭൂമിയുടെ കാന്തികമണ്ഡലത്തിലെ വ്യതിചലനങ്ങള്‍. ഈ പ്രദേശത്ത് ഭൗമകാന്തിക മണ്ഡലത്തിന് ചെറിയ താളപ്പിഴകളുണ്ടെന്നും വിമാനങ്ങളുടേയും കപ്പലുകളുടേയും ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ അവതാളത്തിലാകുന്നു എന്നുമാണ് വിശദീകരണങ്ങള്‍.
ഫ്ളോറിഡയ്ക്കു സമീപത്തുനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്കുള്ള ഗള്‍ഫ് സ്ട്രീം എന്ന സമുദ്രജലപ്രവാഹമാണ് അപകടമുണ്ടാക്കുന്നതെന്ന സിദ്ധാന്തവും ഉണ്ടെങ്കിലും അത് വിമാനാപകടങ്ങളെ വിശദീകരിക്കുന്നില്ല എന്നൊരു പരിമിതിയുണ്ട്. ഈ ഭൂപ്രദേശത്തെ, അല്ലെങ്കില്‍ സമുദ്രപ്രദേശത്തെ, പ്രക്ഷുബ്ധമായ കാലാവസ്ഥയാണ് എല്ലാറ്റിനും കാരണമെന്ന് പ്രശ്നത്തെ ലളിതവത്കരിക്കുന്നവരുമുണ്ട്. കാറ്റിലും കോളിലും പെട്ടാല്‍ കപ്പലുകളും വിമാനങ്ങളും ഒരേപോലെ അപകടത്തില്പ്പടാന് സാധ്യത ഏറെയല്ലേ എന്നതാണ് ചോദ്യം.
Tags : Mystery maritime Sunday Deepika