പിറവം, തച്ചമ്പാറ, കാക്കനാട് എന്നിവിടങ്ങളില്‍നിന്നു ബംഗളൂരുവിലേക്ക് വണ്ടികയറിയ യുവാക്കളുടെ ബിസിനസ് സംരംഭം ടെന്റക്കിൾ ഇന്ന് ആകാശവിപണിയിൽ ഏറെ ശ്രദ്ധേയമാണ്. ആകാശത്തോളം ഉയർന്ന സ്വപ്നങ്ങളുമായി 2008ല്‍ ബംഗളൂരുവിലെത്തിയ പിറവം തട്ടുംപുറത്ത് എല്‍ദോ ഐപ്പ്, പാലക്കാട് തച്ചമ്പാറ ശ്രീനികേതില്‍ ശ്രീജിത്ത് പത്മനാഭന് എന്നിവരാണ് സംരംഭത്തിന്റെ തുടക്കക്കാർ. പിന്നാലെ കാക്കനാട് അതിയാലില്‍ അജിത്ത് ഏബ്രഹാമും ഇവർക്കൊപ്പം കൂടി.
ഇവരുടെ കൈവശമുണ്ടായിരുന്നത് മൂലധനത്തേക്കാൾ ആശയും ആശയവുമായിരുന്നു. വ്യോമയാന മേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവും സംരംഭം വിജയകരമായി കെട്ടിപ്പടുക്കാമെന്ന ആത്മവിശ്വാസവും. ഒറ്റമുറിയില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ഇന്ത്യയിലെ ശ്രദ്ധേയമായ Aviation, Aerospace, Engineering Procurement, MRO Solution ദാതാക്കളിലൊന്നായി വളര്‍ന്നു. 2008 ഏപ്രില്‍ എട്ടിന് തുടങ്ങിയ ടെന്റക്കിള്‍ എയ്റോ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ദക്ഷിണേഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് വിപണികളിലേക്കും സാന്നിധ്യം വിപുലമാക്കിയിരിക്കുന്നു.
വിശ്വാസ്യതയും സ്ഥിരതയുമുള്ള സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ടെന്റക്കിളിന്റെ പ്രവര്‍ത്തനം. വാണിജ്യ എയര്‍ലൈനുകള്‍, ജനറൽ ഏവിയേഷൻ, മെയിന്റനൻസ് മേഖലകള്‍ക്കാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നല്കുന്ന പ്രസ്ഥാനമായി പേരെടുത്തു ടെന്റക്കിള്‍. അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ ഏവിയേഷൻ, എയ്റോസ്പേസ് ഉപകരണനിർമാതാക്കളും വിതരണക്കാരുമാണ് ഇപ്പോൾ ഈ കമ്പനി.
ഒരു സ്വപ്നത്തിന്റെ തുടക്കം
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ എല്‍ദോ, ബംഗളൂരു വിഎസ്എം എയ്റോ സ്പേസിൽ നിന്നാണ് എയർക്രാഫ്റ്റ് എൻജിനിയറിംഗ് ബിരുദം നേടിയത്. പഠനശേഷം വിഎസ്എം എയ്റോ സ്പേസിലെ ബ്ലാക്ക് ബോക്സ് ഡീകോഡിംഗ് സെന്ററില്‍ ജോലി ചെയ്തു. തുടര്‍ന്ന് ഡെക്കാൻ ഏവിയേഷൻ (എയർ ഡെക്കാൻ) എൻജിനീയറിംഗ് വിഭാഗത്തില്‍ ചേര്‍ന്നു. ക്യാപ്റ്റന്‍ ജി.ആര്. ഗോപിനാഥും ക്യാപ്റ്റന്‍ കെ.ജെ. സാമുവലും നേതൃത്വം നല്‍കിയിരുന്ന ഡെക്കാൻ ഏവിയേഷനിലെ ദീര്‍ഘകാല അനുഭവമാണ് എല്‍ദോയ്ക്ക് വ്യോമയാന വ്യവസായത്തിന്റെ അപാരസാധ്യത വെളിപ്പെടുത്തിയത്.
ഒരു ജോലിക്കാരനായി തുടരാതെ ബിസിനസ് സംരംഭകനാകണമെന്ന് ക്യാപ്റ്റന്‍ കെ.ജെ. സാമുവല്‍ തുടരെ ഉപദേശിക്കുമായിരുന്നു. ഒടുവില്‍ സ്വന്തം പ്രസ്ഥാനം എന്ന ആശയം എല്‍ദോ ഗൗരവത്തിൽ പരിഗണിച്ചു. എന്നാല്‍, തനിയെ ഒരു വ്യോമയാന സംരംഭം തുടങ്ങുന്നതിൽ ആശങ്കയുണ്ടായിരുന്നു. സാമുവലിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്തിനെയും കൂട്ടിയത്. അങ്ങനെ ബംഗളൂരുവിലെ ഒരു ചെറിയ മുറിയില്‍ ഇരുവരും ചേർന്ന് സംരംഭത്തിനു തുടക്കം കുറിച്ചു. തുടക്കത്തില്‍ ചെറുവിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ബിസിനസ് ജെറ്റ് വിമാനങ്ങള്‍ക്കുമുള്ള സ്പെയര്‍ പാര്ട്സുകളായിരുന്നു വിതരണം ചെയ്തിരുന്നത്. പിന്നീട് ഉത്പന്നങ്ങളുടെ ശ്രേണി വികസിപ്പിച്ചു.
ഇന്ന് വ്യോമയാന മേഖലയ്ക്കാവശ്യമായ സ്പെയര്‍പാര്‍ട്സും ഗ്രൗണ്ട് സപ്പോര്‍ട്ട് മെഷീനുകളും വിതരണം ചെയ്യുന്ന സ്ഥാപനമാണ് ടെന്റക്കിള്‍. ഇതിനിടയില്‍ എല്‍ദോയുടെ ജൂനിയറായി പഠിച്ച അജിത്തിനെയും ഉൾപ്പെടുത്തി. ഖത്തര്‍ എയര്വേസില്നിന്നാണ് അജിത്ത് ഇവര്‍ക്കൊപ്പം ചേര്‍ന്നത്.
അനുഭവമാണ് കരുത്ത്
പതിറ്റാണ്ടുകളുടെ വ്യവസായ പരിചയമുള്ള സാങ്കേതികവാണിജ്യ വിദഗ്ധരുടെ ടീമാണ് ടെന്റക്കിളിന്റെ കരുത്ത്. ടീമിലെ വലിയൊരു വിഭാഗം എയർക്രാഫ്റ്റ് മെയിന്റനൻസ്, എയ്റോ നോട്ടിക്കൽ എൻജിനിയറിംഗ് മേഖലകളില്‍നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ സാങ്കേതിക ആവശ്യങ്ങള്‍ മനസിലാക്കി അനുയോജ്യമായത് നല്കാന് കഴിയുന്നു. അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള നിരവധി നിര്‍മാതാക്കളുടെ വിതരണക്കാരെന്ന നിലയിലും ടെന്റക്കിള്‍ പ്രവര്‍ത്തിക്കുന്നു.
എയ്റോ ഇന്ത്യ ഉള്‍പ്പടെ വ്യോമയാന പ്രദര്‍ശനങ്ങളിലും സ്ഥാപനത്തിന്റെ സാങ്കേതിക സാന്നിധ്യം ശ്രദ്ധേയമാണ്. 2024ലെ വിങ്സ് ഇന്ത്യ പ്രോഗ്രാമിൽ ഇന്നവേഷൻ എക്സലൻസ് പുരസ്കാരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് ഏറ്റുവാങ്ങിയതും മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമായി. ബോസ് ഏവിയേഷന്‍ ഹെഡ്സെറ്റുകളുടെ അംഗീകൃത വില്പനയിലും സർവീസിലും ടെന്റക്കിള്‍ എയ്റോ ലോജിസ്റ്റിക്സുണ്ട്.
പരിശീലനരംഗത്തും ചുവടുറപ്പിച്ച്
വ്യോമയാന ഉത്പന്ന വിതരണത്തിനപ്പുറം പരിശീലന മേഖലയിലും ടെന്റക്കിള്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ടെന്റക്കിള്‍ എയ്റോ ലോജിസ്റ്റിക്സിന്റെ ഭാഗമായ ടെന്റക്കിള്‍ ഏവിയേഷന്‍ അക്കാദമി, വ്യോമയാനമേഖലയിലെ സുരക്ഷയും കാര്യക്ഷമതയും ലക്ഷ്യമിട്ട് പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സാങ്കേതിക നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ഡെയ്ഞ്ചറസ് ഗുഡ്സ് റെഗുലേഷൻസ് ട്രെയിനിംഗ് നല്‍കുന്നതിന് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം ഉണ്ട്.
ഏവിയേഷൻ രംഗത്ത് അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നല്‍കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറിയും അക്കാദമിയിലുണ്ട്. ഇതിനുള്ള ട്രെയിനിംഗ് ബംഗളൂരു, കോല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലാണ്. കൊച്ചിയില്‍ സിയാലുമായി ചേര്‍ന്നാണ് പരിശീലനം.
ആകാശത്തോളം വളര്‍ന്ന സ്വപ്നം
സ്പെയര്‍ പാര്‍ട്സ് വിതരണത്തില്‍നിന്ന് Aerospace, Defence, MRO, Aviation Training, Engineering Procurement തുടങ്ങി വിവിധ മേഖലകളിലേക്ക് വളര്‍ന്നിരിക്കുന്നു ടെന്റക്കിൾ. ടെന്റാസെല്ലിലൂടെ മറ്റൊരു പടികൂടി മുന്നോട്ട് വയ്ക്കുകയാണ് ഇവരുടെ സംരംഭം. സ്വപ്നങ്ങള്‍ക്ക് ആകാശംപോലും അതിരല്ലെന്നു തെളിയിക്കുന്ന സംരംഭകയാത്രയാണിത്. മെറിന് റോസ് പോളാണ് അജിത്തിന്റെ ഭാര്യ. എയ്ഞ്ചല്‍ മേരിയും ആല്‍വിനുമാണ് മക്കൾ. സ്മിത മാത്യുവാണ് എല്‍ദോയുടെ ഭാര്യ. എലിസബത്ത്, റയാന്, മറിയ എന്നിവര്‍ മക്കളാണ്. അധ്യാപികയായ അഞ്ജനയാണ് ശ്രീജിത്തിന്റെ ഭാര്യ. അര്ജുന്, അക്ഷയ് എന്നിവര്‍ മക്കളാണ്.
ഗ്രൗണ്ട് പവറിലും സ്വന്തം കൈയൊപ്പ്
ടെന്റക്കിളിന്റെ സാങ്കേതിക വളർച്ചയിലെ ഏറ്റവും പുതിയ അധ്യായങ്ങളിലൊന്നാണ് ടെന്റാസെല്. ചെറുകിട, ഇടത്തരം ടര്‍ബൈന്‍ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും എന്ജിന് സ്റ്റാര്ട്ടിംഗിനാവശ്യമായ ഗ്രൗണ്ട് പവര്‍ നല്കുന്ന പോര്‍ട്ടബിള്‍ മെഷീനാണിത്. നിലവില്‍, യൂറോപ്പിലും യുഎസിലും മാത്രമാണ് ഇത്തരം ഉത്പന്നം നിർമിക്കുന്നത്. സിവില്‍ പാസഞ്ചര്‍ വിമാനങ്ങള്‍ മുതല്‍ മിലിട്ടറി ഫൈറ്റര്‍ ജെറ്റുകള്ക്കുവരെ അൽപംപോലും മലിനീകരണം വരാത്തവിധം പവര്‍ നല്കാന് കഴിയുന്ന ഏഷ്യയിലെ ആദ്യ യന്ത്ര നിര്‍മാതാക്കളാണ് ടെന്റാസെല്.
ഗ്രൗണ്ട് പവര്‍ ഉത്പാദിപ്പിക്കുന്നതിന് ടെന്റാസെല് ഉപയോഗിക്കുന്നത് സാക്ഷ്യപ്പെടുത്തിയ ഓണ്‍ബോര്‍ഡ് ബാറ്ററികളാണ്. അതുകൊണ്ടുതന്നെ, യൂറോപ്പിലും യുഎസ്എയിലും നിര്‍മിക്കുന്ന മറ്റ് ഉത്പന്നങ്ങളെക്കാൾ ഇതിന്റെ സുരക്ഷാ സംവിധാനങ്ങളും രൂപകല്പനയും വളരെ നവീനമാണ്. 26.4 വോള്‍ട്ട് നോമിനല്‍ വോള്‍ട്ടേജും 25 Ah ശേഷിയുമുള്ള ലിഥിയം അയണ്‍ ബാറ്ററിയാണ് ടെന്റാസെല്ലിന്റെ കരുത്ത്.
ഡിജിറ്റർ എൻജിൻ നിയന്ത്രണ സംവിധാനമുള്ള ആധുനിക വിമാനങ്ങൾ സ്റ്റാർട്ട് ചെയ്യുന്ന വേളയിൽ അതിലേക്ക് ആവശ്യമായ സ്ഥിരതയുള്ള വോള്‍ട്ടേജ് നല്കാൻ ടെന്റാസെല്ലിന് കഴിയും. കഠിനമായ തണുപ്പുള്ള അന്തരീക്ഷത്തിലും ആവശ്യമായ പവര്‍ ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഗ്രൗണ്ട് പവർ യൂണിറ്റുകളെ അപേക്ഷിച്ച് ചാര്‍ജിംഗ് സമയം ഏകദേശം 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുന്നതും പ്രത്യേകതയാണ്. Battery Management System, Custom Software, Bluetooth Connectivity എന്നിവയ്ക്കൊപ്പം IoT സംവിധാനവും ടെന്റാസെല്ലില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ ചാർജ്നില, കാര്യക്ഷമത, വോൾട്ടേജ്, താപനില തുടങ്ങിയവ തത്സമയം നിരീക്ഷിക്കാം.
ബാറ്ററി ചാര്‍ജ് കുറയുമ്പോഴും താപനില പരിധി കവിയുമ്പോഴും മുന്നറിയിപ്പ് നല്‍കാനും സംവിധാനമുണ്ട്. ഇതിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത് പോര്‍ട്ടബിള്‍ സോളാര്‍ ചാര്‍ജിംഗ് സംവിധാനത്തിന്റെ സംയോജനമാണ്. ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നത് കുറച്ച് സൗരോര്‍ജത്തിലൂടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതിലൂടെ പ്രവര്‍ത്തനച്ചെലവും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കാനാകും. വൈദ്യുതിലഭ്യത പരിമിതമായ സ്ഥലങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും കൂടുതല്‍ സ്വയംപര്യാപ്തമായ പ്രവര്‍ത്തനം ഉറപ്പാക്കാനും സഹായിക്കും.
Tags : Sunday Deepika