Kerala
ദേശമംഗലം (തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസുകാരനു ഗുരുതര പരിക്കേറ്റു. ദേശമംഗലം ഈസ്റ്റ് പല്ലൂർ നന്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനാണ് സാരമായി പരിക്കേറ്റത്.
വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലനെ ഓടിയെത്തിയ നായ കവിളിലും കൈയിലും കടിക്കുകയായിരുന്നു. കവിളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു 12.45നാണ് സംഭവം.
കുട്ടിയെ ഉടനെ ദേശമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ.ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ല.
മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു.
അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്യു പെൺകുട്ടികൾ സമരത്തിന് വന്നില്ല. സമരത്തിനു പോയാൽ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരും. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ പറഞ്ഞു.
International
കീവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർ നിപ്രോയിലും രണ്ടു പേർ ചെർണിഹീവിലുമാണ് മരിച്ചത്. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി 619 ഡ്രോണുകളും 47 മിസൈലുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്.
നിപ്രോയിൽ ജനവാസകേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഞ്ചു പേർ മരിച്ചത്. രാത്രിയിലെ ആദ്യ ആക്രമണത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കവേ പകലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. നിപ്രോയിൽ മാത്രം 30 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
റുമേനിയയിൽ പോസ്റ്റും വീടും തകർന്നു
ബുക്കാറെസ്റ്റ്: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ റുമേനിയയിൽ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു വൈദ്യുതി പോസ്റ്റും വീടിനോടു ചേർന്ന ഭാഗവും നശിച്ചു. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിനിടെയായിരുന്നു സംഭവം.
റുമേനിയയിൽ ആർക്കും പരിക്കില്ലെന്നാണ് അറിയിപ്പ്. ഡ്രോൺ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചുമാറ്റി.
ആകാശപോലീസിംഗിന്റെ ഭാഗമായി റുമേനിയയിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ റഷ്യൻ ആക്രമണത്തിനിടെ നിരീക്ഷണപ്പറക്കൽ നടത്തി. യുദ്ധവിമാനങ്ങൾ ഡ്രോണുകളെ വെടിവച്ചിട്ടുവെന്ന വാർത്ത ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
റഷ്യൻ ആക്രമണത്തിനിടെ റുമേനിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കാറുണ്ടെങ്കിലും നാശനഷ്ടം ഇതാദ്യമാണ്.
യുക്രെയ്ന്റെ മറുപടി യെക്കാത്തരീൻബെർഗിൽ
മോസ്കോ: അതിർത്തിയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ യെക്കാത്തരീൻബെർഗിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
നാലു വർഷം പിന്നിട്ട യുദ്ധത്തിൽ യെക്കാത്തെരീൻബെർഗ് ആക്രമിക്കപ്പെടുന്നത് ആദ്യമാണ്. ഇവിടത്തെ ഒരു ബഹുനില അപ്പാർട്ട്മെന്റിലാണ് ഡ്രോൺ പതിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കേറ്റു. അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു മാറ്റി.
National
ന്യൂഡൽഹി: ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി.
അതേസമയം വെടിവയ്പ്പിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ട്. എന്നാൽ അത്തരം നികുതി നൽകാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. ഇതിനിടെയാണ് ജഗ് അർണവ്, സാൻമാർ ഹെറാൾഡ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായത്.
Kerala
വൈക്കം: തെരഞ്ഞെടുപ്പ് യോഗത്തിലെ സിപിഎം നേതാവിന്റെ പ്രസംഗത്തിൽ പ്രകോപിതരായി ബിജെപി പ്രവർത്തകർ സിപിഎം നേതാവിന്റെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി.
സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ്പ്രസിഡന്റുമായ കെ.കെ. രമേശനെയാണ് വീടുകയറി ആക്രമിക്കുവാൻ ശ്രമിച്ചതെന്നാണ് പരാതി.
ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ കെ.കെ.രമേശൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് യോഗം ഉദ്ഘാടനം ചെയ്തു.
International
കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലെത്തിക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.
ശുഐബയിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സന്താന ശെൽവം മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തോടുള്ള അനുശോചനം എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
International
ടെഹ്റാൻ: ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു.
ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ മുഴുവൻ പ്രചാരണത്തിന് ഇറങ്ങേണ്ട തിരക്കിനടയിലും കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ കണ്ട സണ്ണി ജോസഫിനും പറയാനുണ്ടായിരുന്നത് സിപിഎം- ബിജെപി ഡീലിനെക്കുറിച്ചായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി ആവർത്തിച്ച് ആരോപണം ഉന്നയിക്കുന്നത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കണ്ണൂർ ഡിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കൂടിയായ സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അടിസ്ഥാനരഹിതമായി കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരേയോ പ്രധാനമന്ത്രിക്കെതിരെയോ ഒന്നും പറയുന്നില്ല. കേരളത്തിനു പുറത്ത് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ച് സിപിഎം വോട്ട് പിടിക്കുമ്പോഴാണ് പിണറായി രാഹുലിനെ കടന്നാക്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും കോൺഗ്രസിനെ മാത്രമാണ് വിമർശിക്കുന്നത്. പിണറായിക്കെതിരേ ഒന്നും പറയുന്നില്ല. പാലക്കാട്, കോന്നി ഉൾപ്പെടെ നിരവധി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും ഈ ഡീൽ വ്യക്തമാണ്.
എസ്എൻസി ലാവ്ലിൻ, സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ ആവിയായതും പിണറായിയുടെ മക്കൾക്കെതിരേയുള്ള പരാതികൾ മരവിപ്പിച്ചതും സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
?പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ ആരോപിക്കുന്ന താങ്കൾ അവിടെ രാഷ്ട്രീരംഗത്തുള്ള ഒരാളെ മത്സരിപ്പിക്കാത്തത് ഡീലിന്റെ ഭാഗമാണെന്ന് തിരിച്ചൊരു ആരോപണം ഉണ്ടായാൽ എന്തായിരിക്കും പ്രതികരണം?
=പാലക്കാടുള്ളത് യുഡിഎഫിന്റെ അതിശക്തനായ സ്ഥാനാർഥിയാണ്. രമേഷ് പിഷാരടി രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തി തന്നെയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തടക്കം സജീവമായിരുന്നു. രമേഷ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് പാലക്കാട്ട് ലഭിക്കുന്നത്. അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് എന്താണ് പ്രതികരണം?
=പിണറായിയുടെ ഉള്ളിലെ യഥാർഥ പിണറായി പുറത്തുവന്നതാണ്. അദ്ദേഹത്തിന്റെ പതിവ് ഏകാധിപത്യ ശൈലിയാണ് അവിടെ കണ്ടത്. സമന്നുത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ ക്ഷുഭിതനാകരുത്. പ്രസംഗത്തിനിടയിൽ ചോദിച്ചത് തെറ്റാണെങ്കിൽ പ്രസംഗം കഴിഞ്ഞശേഷം പറയാം എന്നെങ്കിലും പറയാമായിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കടക്ക് പുറത്ത് എന്നു പറയാത്ത മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെ സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ച മണ്ഡലങ്ങളിൽ, അതിന് വിരുദ്ധമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നത് വലിയ തിരിച്ചടിയും നേതൃത്വത്തിന്റെ പരാജയവുമല്ലേ?
=ഇത്തരം മണ്ഡലങ്ങളിൽ കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഉണ്ടാകില്ല. അവരുമായി ഇതിനകം സംസാരിച്ചുകഴിഞ്ഞു. പത്രിക പിൻവലിക്കും. സ്ഥാനാർഥി നിർണയ ഘട്ടത്തിൽപോലും മാധ്യമങ്ങൾ എന്തൊക്കെയാണ് പടച്ചുവിട്ടത്. എന്തുണ്ടായി? മലപോലെ വന്നത് എലി പോലെ പോയി.
?കോൺഗ്രസിലെ പ്രമുഖ നേതാവ് കെ. സുധാകരൻ പേരാവൂരിൽ പ്രചാരണത്തിന് വരാതിരുന്നത് എന്തുകൊണ്ടാണ്? താങ്കൾ അദ്ദേഹത്തെ കണ്ടില്ലെന്ന പരാതി ഉണ്ടല്ലോ?
=കെ. സുധാകരൻ എന്റെകൂടി നേതാവാണ്. ഡൽഹിയിൽ നിന്ന് പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ട്. കെ. സുധാകരന്റെ ശക്തമായ പിന്തുണ തനിക്കുണ്ട്. അദ്ദേഹത്തെ ഉടൻ കാണും. പേരാവൂരിൽ പ്രചാരണത്തിനും എത്തും. തന്നോട് സുധാകരന് സഹോദരതുല്യമായ സ്നേഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന് സ്ഥാനാർഥിത്വം നിഷേധിച്ചത് സണ്ണി ജോസഫാണെന്ന തരത്തിൽ പേരാവൂരിൽ വ്യാപകമായി ബോഡ് സ്ഥാപിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്.
International
നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെട്ടു. 13 പേര് കുട്ടികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) നിയന്ത്രണത്തിലുള്ള പ്രദേശമാണ് എല്‍-ഡായിന്‍. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് ആരോപിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പോലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണം.
പോലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും പോലിസീന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറഞ്ഞു. രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പോലീസുമായി സഹകരിക്കണം.
സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പോലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്ഐക്കാർ പോലീസുകാരനെ മർദിച്ചതും പോലീസ് ജീപ്പ് തടഞ്ഞതും വിവാദമായിരുന്നു.
International
ടെഹ്റാൻ: യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ . ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്.
വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചതായും ഐആർജിസി പറഞ്ഞു.
യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഐആർജിസി പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
Kerala
തൃശൂര്‍: സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് യുവതി. തൃശൂർ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും സംഘം അപഹരിച്ചത്.
ആക്രമത്തിന് നേതൃത്വം നൽകിയ യുവതി ഈ സ്പായിൽ ജോലി ചെയ്തിരുന്നു. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു. പുലർച്ചെ തന്നെ എട്ടംഗസംഘത്തെ പോലീസ് പിടികൂടി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബംഗുളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗുളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയിലുണ്ടെന്ന് ഇവര്‍ അറിഞ്ഞത്.
തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
International
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി.
24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
International
മോസ്കോ: ഇറാന് നേരെയുള്ള ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ വിമർശിച്ച് റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പറഞ്ഞു.
ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം. ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.
പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.
മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.
ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.
കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.
സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.
Kerala
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് യുവാവിന്റെ മുന്നിലേക്ക് പുലി ചാടി. ബൈക്ക് ഉപക്ഷിച്ച് അടുത്ത വീട്ടിലേക്ക് ഓടി കയറിയതിനാല്‍ പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായി യുവാവ് പറഞ്ഞു. പൂക്കോട്ടുംപാടം പരിയങ്ങാട് പറവില്‍ വിനീഷ് ആണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് തന്റെ മുന്നിലേക്ക് പരിയങ്ങാട് കള്ളുഷാപ്പിന്റെ അടുത്തുവച്ച് പുലി ബൈക്കിന് മുന്നിലേക്ക് ചാടിയതെന്ന് വിനീഷ് പറഞ്ഞു. ബൈക്ക് റോഡിലിട്ട് സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു യുവാവ്.
മനുഷ്യജീവന് ഭീഷണിയായ പുലിയെ ഉടന്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലി സാന്നിധ്യമുള്ളതിനാല്‍ ചക്കിക്കുഴി വനം സ്റ്റേഷന് പരിധിയില്‍ തട്ടിയേക്കലില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.
വനം ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. അതേസമയം മണ്ണ് വരണ്ട അവസ്ഥയിലായതിനാല്‍ പുലിയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും എന്നാല്‍ കണ്ടവര്‍ പുലി തന്നെയാണെന്നാണ് പറയുന്നതെന്നും വനപാലകര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പോലീസ് അസോസിയേഷൻ. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്ക് മർദനമേറ്റ സംഭവം ഞെട്ടിക്കുന്നതാണ്.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കേരള പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഡിപ്പാർട്ട്മെന്റും സർക്കാരും സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.
Kerala
മുണ്ടക്കയം: സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്. ശനിയാഴ്ച രാത്രിയിൽ മുണ്ടക്കയം വണ്ടൻപതാലിലുണ്ടായ സംഭവത്തിൽ പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്.സുമേഷിനാണ് (36) പരിക്കേറ്റത്.
സുമേഷ് സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുമേഷിനെ കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്(65) ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാല ക്യാമ്പസിൽ നടന്ന സാഹിത്യോത്സവത്തിനിടെ പ്രമുഖ ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബിന് നേരെ ആക്രമണം. ആർട്സ് ഫാക്കൽറ്റിയുടെ ഗേറ്റിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് നേരെ വെള്ളം നിറച്ച ബക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'പീപ്പിൾസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ' പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം.
മതിലിന് അപ്പുറത്തുനിന്നാണ് ആരോ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞതെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ബക്കറ്റ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ലെങ്കിലും വെള്ളം പൂർണമായും ദേഹത്ത് പതിച്ചു. ഇതിനുമുൻപും പലതവണ ഡി.യുവിൽ സംസാരിക്കാൻ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ്," അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഐസ ആരോപിച്ചു. പരിപാടി അലങ്കോലപ്പെടുത്താൻ ആസൂത്രിതമായി നടത്തിയ ശ്രമമാണിതെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ഐസയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എബിവിപി വ്യക്തമാക്കി. ക്യാമ്പസിൽ തെറ്റായ പ്രചാരണങ്ങൾ നടത്താനാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള പ്രമുഖർ ചരിത്രകാരന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ സ്വതന്ത്ര ചിന്തകൾക്ക് നേരെ നടക്കുന്ന ഇത്തരം ഭീഷണികൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു.
ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.
Kerala
ഇടുക്കി: കാപ്പിക്കുരു പറിക്കുന്നതിനിടെ വയോധികനെ കാട്ടാന ആക്രമിച്ചു. ഇടുക്കി മാങ്കുളത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ വസതിക്കുനേരെ വെടിവയ്പ്പ്. ഒഹായോയിലുള്ള വസതിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പടെയുള്ളവരുടെ സുരക്ഷവർധിപ്പിച്ചു.
Kerala
കല്‍പ്പറ്റ: കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലുണ്ടായ സംഭവത്തിൽ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി (42) ആണ് പരിക്കേറ്റത്.
തന്റെ കൃഷിയിടത്തിനു കാവൽ നിൽക്കുമ്പോഴാണ് മണിക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മണിയുടെ വാരിയെല്ലുകൾക്കും കാലുകൾക്കും പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
International
മോസ്കോ: വ്ളാദിമിര്‍ പുടിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. യുക്രെയ്ൻ തൊടുത്തവിട്ട ഡ്രോണാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ നൊവ്ഗൊറോദിലെ വസതിക്ക് നേരേ ഡ്രോൺ ആക്രമണമുണ്ടായത്. 91 ഡ്രോണുകളാണ് യുക്രെയ്ൻ അയച്ചതെന്നും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെല്ലാം തകർത്തെന്നും റഷ്യ പറഞ്ഞിരുന്നു.
എന്നാൽ ഡ്രോൺ ആക്രമണം നടന്ന സമയത്ത് പ്രസിഡന്റ് വസതിയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടൽ നടത്തുമ്പോഴാണ് പുടിന്റെ വസതിക്ക് നേരേ ഡ്രോൺ ആക്രമണമുണ്ടായത്.
District News
കോതമംഗലം: കീരംപാറ ചീക്കോട് പൈനാപ്പിള്‍ തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം. ഗുരുതര പരിക്കേറ്റ നേര്യമംഗലം ആവോലിച്ചാല്‍ മാലിൽ സതീശനെ(55) കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷിയിടത്തിൽ തൊഴിലെടുക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം അപ്രതീഷിതമായാണ് കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായത്. പിന്നിൽ നിന്ന് തുമ്പിക്കൈ കൊണ്ട് അടിച്ചതോടെ നിലത്തുവീണ സതീശനെ ആന പിന്നെയും ആക്രമിച്ചു.
ആനയുടെ ചവിട്ടേല്ക്കാതിരുന്നതിനാല് ജീവന് തിരിച്ചുകിട്ടി. തോട്ടത്തിലെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന തൊഴിലാളികള്‍ സതീശന്റെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് ആന പിന്മാറിയത്.
രണ്ട് ആനകള്‍ തോട്ടത്തിലുണ്ടായിരുന്നു. അതിലൊന്നാണ് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സതീശന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്.
വീഴ്ചയിൽ ചുണ്ടിലും മുറിവേറ്റു. ആനയുടെ ആക്രമണത്തിന്റെ നടുക്കം സതീശന് വിട്ടുമാറിയിട്ടില്ല. ഭാഗ്യംകൊണ്ടാണ് സതീശന്റെ ജീവന് തിരിച്ചുകിട്ടിയതെന്ന് ഭാര്യ സുബി പറഞ്ഞു.
പെരിയാറിന്റെ തീരത്താണ് പൈനാപ്പിള്തോട്ടം. ആശുപത്രിയില്‍ സതീശനെ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷിയും മറ്റ് അംഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവർ സന്ദര്‍ശിച്ചു. ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചീക്കോട് പ്രദേശത്ത് രാത്രിയില്‍ ആനയിറങ്ങുന്നത് പതിവാണ്. പകല്‍ സമയത്തുണ്ടായ സംഭവം ജനങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇഞ്ചത്തൊട്ടി വനത്തില്‍നിന്നും പെരിയാര്‍ കടന്നെത്തുന്ന ആനകള്‍ വിവിധ പ്രദേശങ്ങളില്‍ നിത്യസാന്നിധ്യമാണ്.
പാലമറ്റം, ചാരുപാറ, ചീക്കോട്, ആവോലിച്ചാല്‍, പേരക്കുത്ത് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ആനശല്യമുണ്ട്. ആനശല്യം തടയുന്നതിനുള്ള ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.
Kerala
കോഴിക്കോട്: വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു.
ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർജെഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Kerala
തിരുവനന്തപുരം: വഞ്ചിയൂരില്‍ ബാര്‍ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.
അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനാണ് പരാക്രമം. ഈ സമയം സ്ഥാപനത്തിൽ കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. സ്ഥാപനം ഡയറക്ടറുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ പാലക്കാട് പുതുശേരിയിലുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജനാണ് അറസ്റ്റിലായത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർക്കു പരിക്കേറ്റിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ ഉടൻ കോടതിയിൽ ഹാജരാക്കും.
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ യുവതിയെ അപമാനിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. തിരുവനന്തപുരം നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി പി.ജെറിൻ (39) ആണ് പിടിയിലായത്.
വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണ് പ്രതി. യുവതിയെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിലാണ് നടപടി. പ്രതിയുടെ കമ്പ്യൂട്ടറും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
International
ബർലിൻ: ജർമ്മനിയിലെ തുരിംഗിയ സംസ്ഥാനത്തെ മാര്‍ക്കറ്റിലുണ്ടായ കത്തിയാക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മൊറോക്കോ സ്വദേശിയായ 29 വയസുകാരനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി പോലീസിനു നേരെ തിരിഞ്ഞു. തുടർന്ന് പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ കല്ലറയിൽ ബിഎൽഒയെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. പേരാവൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് 89 എസ്ഐആർ ഫോമുകൾ വിതരണം നടത്തിക്കൊണ്ടിരുന്ന ബിഎൽഒ ചെടിക്കുളം സ്വദേശി അജയ്, സുഹൃത്ത് സുബിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു സംഭവം. വാഹനം നിർത്തി അജയ്യും സുഹൃത്തും ഫോം വാങ്ങാനായി സമീപത്തെ വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ വഴിയിൽ നിന്നിരുന്ന മുൻപരിചയം ഇല്ലാത്ത വ്യക്തി വാഹനം നിർത്തിയതിനെ ചോദ്യം ചെയ്യുകയും തടഞ്ഞുനിർത്തി ആക്രമിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി.
സർക്കാർ ജോലിക്കാരാണെന്നും ബിഎൽഒ ആണെന്നും ഡ്യൂട്ടിയുടെ ഭാഗമായി എത്തിയതാണെന്നും പറഞ്ഞിട്ടും ഇയാൾ മർദിക്കുകയായിരുന്നുവെന്നാണ് ആറളം ഇരിട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കൃത്യനിർവഹണം ഉൾപ്പെടെ തടസപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ആറളം പോലീസ് കേസെടുത്തു. കളരിക്കാട് സ്വദേശിയായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടകേസിൽ അറസ്റ്റിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയല്‍ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും യുവതിയുടെ സുഹൃത്ത് അർച്ചനയും പ്രതിയും മാത്രമാണ് തിരിച്ചറിയല്‍ പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും.
ആക്രമണത്തിൽ പരിക്കേറ്റ യുവതി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പ്രതി പുകവലിച്ചു. ഇത് യുവതി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്.
ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീന്റെ കാറാണ് കണ്ടെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്.
ഫരീദാബാദ് പോലീസാണ് വാഹനം പിടികൂടിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.
വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ഡൽഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ. ഫരീദാബാദ് സർവകലാശാലയിലെ വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം ഉമറിന്റെ ബന്ധുവെന്നാണ് വിവരം.
ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.
അതേസമയം രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നാണ് സൂചന.
സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു.
ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരമ്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തു നിന്ന് ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്റ്റിന്റെ ടെറസിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്.
രാവിലെ നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി.
അതേസമയം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.
മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരസംഭവത്തിൽ കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോണ്സർമാരെയും കാലതാമസമില്ലാതെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി അന്വേഷണം മികവോടെയും എത്രയും വേഗവും നടത്താൻ മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഭീകരർ വാങ്ങിയിരുന്നുവെന്ന് സൂചന. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ചുവന്ന കളർ ഫോർഡ് എക്കോസ്പോർട്ട് കാർ കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. യുപി, ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകി. അഞ്ചു പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.
അതേസമയം, സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.
National
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കാഷ്മീർ, ഡൽഹി പോലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യും.
പ്രാഥമിക പരിശോധനയില്‍ ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമല്ലെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍ ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.
അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കര്‍ശന പരിശോധന തുടരുന്നു. പോലീസ്, റെയില്‍വേ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സൗത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍, യാത്രക്കാരുടെ ലഗേജുകള്‍, സംശയകരമായ പാഴ്സലുകള്‍ എന്നിവ പരിശോധിച്ചു. പോലീസ് സംഘവും കൊച്ചി നഗരത്തിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും തുടരുന്നു.
അതേസമയം, ഗുരുവായൂരിലും പോലീസ് സുരക്ഷ ശക്തമാക്കി. ഏകാദശിവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പരിശോധന നടത്തുന്നത്.
ക്ഷേത്രപരിസരത്തെ വ്യാപാരസ്ഥാപനങ്ങളും ഒറ്റപ്പെട്ടുകാണുന്ന ഭക്തരുടെ ബാഗുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ക്ഷേത്രവും പരിസരവും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് പരിശോധന നടത്തി.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.
അതേസമയം, കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഏറെയും ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സ്വദേശികളാണ്. പരിക്കേറ്റ 24 പേർ ചികിത്സയിലാണ്.
അതേസമയം, ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
സ്ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടു തവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.
National
ന്യൂഡൽഹി: രാജ്യത്തിന്റെ നെഞ്ചുലച്ച ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നും നിർണായക യോഗം. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
സ്ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടു തവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.
സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഏറെയും ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സ്വദേശികളാണ്. പരിക്കേറ്റ 24 പേർ ചികിത്സയിലാണ്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് നൽകണമെന്ന് പ്രാര്‍ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുന്നു.’- രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം, സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, സ്ഫോടനം ചാവേർ ആക്രമണമെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആണെന്ന സൂചന പുറത്തുവന്നിരുന്നു.
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം.
യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
Kerala
ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്.
ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു.
ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി.
ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ സമയം മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി . രണ്ട് വർഷം മുൻപ് സിനേഷിനെ ബ്ലോക്ക് അഞ്ചിൽ വച്ച് ആന ഓടിച്ചിരുന്നു. ഫാമിനുള്ളിലെ മൺറോഡിൽ വച്ചായിരുന്നു അന്നത്തെ ആക്രമണം. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍പിഎഫ്, സായുധ പോലീസ് ഉള്‍പ്പെടെ പരിശോധന സംഘത്തിലുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, ഡൽഹി സ്വദേശിയായ വസ്ത്രവ്യാപാരി അമർ കഠാരിയ, ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരിച്ച മറ്റുള്ളവര്‍ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13 പേര് മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മുപ്പതിലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് വിലയിരുത്താൻ രാവിലെ 9:30 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നടന്നത് ഭീകരാക്രമണമാണെന്ന സൂചയുള്ള സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. ഐബി ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കോട്ട പരിസരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തിങ്കളാഴ്ച രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.
National
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള "എസ്1' കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും.
1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"എസ് 1' എന്നാൽ "സബ്വേർഷൻ 1' എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് "എസ് 1'.
പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ "എസ് 1' ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവർ "ഗാസി 1', "ഗാസി 2' എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇവരുടെ പ്രധാനവരുമാനം.
"എസ് 1' ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സമർഥരാണ്. ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളുടെ വിശദമായ ഭൂപടങ്ങൾ യൂണിറ്റിന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ സുരക്ഷാഏജൻസികൾ അടുത്തിടെയാണ് അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന "എസ് 1' പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകൾ "എസ് 1' ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്.
"എസ് 1' വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ ഇവിടെനിന്നുള്ളവരാണെന്ന് അറിയില്ലെന്നും ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ആയിരക്കണക്കിന് തീവ്രവാദികൾക്ക് "എസ് 1' പരിശീലനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Kerala
കൊച്ചി: ഷംഷാബാദ് ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ബിഷപ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ ഉരസിയെന്നു പറഞ്ഞായിരുന്നു ആക്രമണം.
പ്രതികൾ ബിഷപ് സഞ്ചരിച്ച കാറിന്റെ ഹെഡ് ലൈറ്റും പിന്നിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രണ്ടു പെൺകുട്ടികളും ട്രെയിനിന്റെ വാതിലിനോട് ചേർന്നുള്ള ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് പോലീസ് പറയുന്നു.
പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി താഴേക്കിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.
അർച്ചനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പരവൂർ: വർക്കലയ്ക്കു സമീപം യുവതിയെ മദ്യപൻ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ലോക്കോ പൈലറ്റിന്റെ കുറിപ്പ് വൈറലായി. കൊല്ലത്തെ ലോക്കോ പൈലറ്റ് എൻ.വി. മഹേഷാണ് യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഹൃദയഹാരിയായ അനുഭവം സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ...
29-ാം വർഷത്തിലേക്കു കടന്ന എന്റെ സർവീസ് ജീവിതത്തിൽ, ഞായർ രാത്രി നടന്ന കൊടുംക്രൂരതയ്ക്ക് ഇരയായ ആ പെൺകുട്ടിയുടെ മുഖം മറക്കുവാൻ സാധിക്കുന്നില്ല.
കന്യാകുമാരിയിൽനിന്ന് കൊല്ലത്തേക്കു പോകുന്ന മെമുവിലായിരുന്നു എനിക്ക് ഡ്യൂട്ടി. തിരുവനന്തപുരത്തുനിന്ന് മെമു ഏകദേശം കൃത്യസമത്തിനു തന്നെ പുറപ്പെട്ടു. കടയ്ക്കാവൂർ എത്തിയപ്പോൾ സ്റ്റേഷനിൽനിന്നു "തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസിൽ നിന്ന് ഒരു യാത്രക്കാരി ട്രാക്കിൽ വീണിട്ടുണ്ട്. ശ്രദ്ധിക്കുക,വേണ്ടത് ചെയ്യുക' എന്ന സന്ദേശം വയർലസ് സെറ്റിലൂടെ ലഭിച്ചു.
അപ്പോൾ രാത്രി ഏകദേശം 8.40 ആയി. നിർദേശ പ്രകാരം എതിർ ദിശയിൽ പോകുന്ന മെമു ട്രെയിൻ പതുക്കെ ജാഗ്രതയോടെ നീങ്ങി. മെമുവിന്റെ ഡ്രൈവിംഗ് കാബിനിൽ ഒരാൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ട്രാക്കിന് ഇരുവശവും ഇരുട്ടാണ്. കുറച്ചു മുന്നോട്ട് പോയപ്പോൾ വർക്കലയ്ക്ക് സമീപം ട്രാക്കിനടുത്ത് കിടക്കുന്ന നിലയിൽ ഒരു രൂപം. ഉടൻ ട്രെയിൻ നിർത്തി.
അത് ആ പെൺകുട്ടി തന്നെയായിരുന്നു...
ഇരു ട്രാക്കുകൾക്കും ഇടയിലായി കമിഴ്ന്നടിച്ചു രക്തത്തിൽകുളിച്ചു ശരീരമാകെ ചതവുകളുമായി വീണുകിടക്കുന്നു. മനസിൽ ഒരു വിങ്ങൽ... റോഡ് ഗതാഗതം ആ നിമിഷങ്ങളിൽ പ്രായോഗികമല്ലാത്ത ഭൂപ്രകൃതിയുള്ള പ്രസ്തുത സ്ഥലത്ത്, പിന്നെ ഒന്നും ആലോചിക്കാൻ സമയമില്ല. മെമുവിന്റെ കോച്ചിന്റെ ആദ്യത്തെ ഡോർ പെൺകുട്ടി കിടക്കുന്നതിന് അഭിമുഖമായി നിർത്തി.ശ്വാസം ഉണ്ടെന്ന് മനസിലായി. ആ സമയം ലോക്കൽ പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ മെമുവിൽ എടുത്തു കിടത്തുകയും നിമിഷങ്ങൾക്കുള്ളിൽ വർക്കല സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
സ്റ്റേഷന്റെ പ്രധാന കവാടത്തിൽ തന്നെ ട്രെയിൻ നിർത്തി, അവിടെ കാത്തുനിന്ന രക്ഷാപ്രവർത്തകരും മറ്റും ചേർന്ന് ഉടൻ പെൺകുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് കുട്ടിയെയും കൊണ്ട് കുതിച്ചു. ഇരുളിന്റെ കമ്പടം മൂടിയ അന്തരീക്ഷത്തിലും റെയിൽവേ ട്രാക്കിൽ കണ്ട ആ പെൺകുട്ടിയുടെ മുഖം മനസിൽ ഒരു നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നു.
ആ നിമിഷങ്ങളിൽ ഓടിയെത്തി സഹായങ്ങൾ ചെയ്ത നാട്ടുകാർക്ക് പ്രത്യേകം നന്ദി.
കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെട്ടുവെന്ന് പിന്നീട് മാധ്യമ വാർത്തകളിൽ കണ്ടു. ഓരോ ഡ്യൂട്ടിയിലും ആയിരക്കണക്കിന് ജീവനുകളെയും ഹൃദയത്തിലേറ്റി പോകുമ്പോൾ ഒരു ലക്ഷ്യം മാത്രമേയുള്ളൂ..."സുരക്ഷിതമായി ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക...'
എന്തായാലും ട്രെയിൻ നിർത്തി ട്രാക്കിൽ വീണു കിടന്ന ആ കുട്ടിയെയും കയറ്റി ആശുപത്രിയിലെത്തിക്കുവാൻ സാധിച്ചത് മറക്കുവാൻ സാധിക്കാത്ത ഒരു പുണ്യകർമമായി കരുതുന്നു. ആ ദിവസം ചെയ്തതു പോലെയുള്ള ഒരു ജീവൻരക്ഷാദൗത്യം ജീവിതത്തിൽ ആദ്യമാണ്. ഈ നിർണായക വേള തരണം ചെയ്യുവാൻ ആ പെൺകുട്ടിയുടെ കുടുംബത്തിന് സാധിക്കട്ടെ. കുട്ടി പൂർവസ്ഥിതിയിലേക്ക് മടങ്ങിവരുവാൻ പ്രാർഥിക്കുന്നു...
ഒരു കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ച കൃതാർഥതയോടെ ഓരോ ദിനവും കടന്നു പോകുന്നു... വീണ്ടും മറ്റൊരു ലക്ഷ്യസ്ഥാനവുമായി അടുത്ത ഡ്യൂട്ടി ആരംഭിക്കുന്നു.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു. അർച്ചനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
പ്രതിക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.