കണ്ണൂർ: കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ മുഴുവൻ പ്രചാരണത്തിന് ഇറങ്ങേണ്ട തിരക്കിനടയിലും കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ കണ്ട സണ്ണി ജോസഫിനും പറയാനുണ്ടായിരുന്നത് സിപിഎം- ബിജെപി ഡീലിനെക്കുറിച്ചായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി ആവർത്തിച്ച് ആരോപണം ഉന്നയിക്കുന്നത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കണ്ണൂർ ഡിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കൂടിയായ സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അടിസ്ഥാനരഹിതമായി കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരേയോ പ്രധാനമന്ത്രിക്കെതിരെയോ ഒന്നും പറയുന്നില്ല. കേരളത്തിനു പുറത്ത് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ച് സിപിഎം വോട്ട് പിടിക്കുമ്പോഴാണ് പിണറായി രാഹുലിനെ കടന്നാക്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും കോൺഗ്രസിനെ മാത്രമാണ് വിമർശിക്കുന്നത്. പിണറായിക്കെതിരേ ഒന്നും പറയുന്നില്ല. പാലക്കാട്, കോന്നി ഉൾപ്പെടെ നിരവധി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും ഈ ഡീൽ വ്യക്തമാണ്.
എസ്എൻസി ലാവ്ലിൻ, സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ ആവിയായതും പിണറായിയുടെ മക്കൾക്കെതിരേയുള്ള പരാതികൾ മരവിപ്പിച്ചതും സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
?പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ ആരോപിക്കുന്ന താങ്കൾ അവിടെ രാഷ്ട്രീരംഗത്തുള്ള ഒരാളെ മത്സരിപ്പിക്കാത്തത് ഡീലിന്റെ ഭാഗമാണെന്ന് തിരിച്ചൊരു ആരോപണം ഉണ്ടായാൽ എന്തായിരിക്കും പ്രതികരണം?
=പാലക്കാടുള്ളത് യുഡിഎഫിന്റെ അതിശക്തനായ സ്ഥാനാർഥിയാണ്. രമേഷ് പിഷാരടി രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തി തന്നെയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തടക്കം സജീവമായിരുന്നു. രമേഷ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് പാലക്കാട്ട് ലഭിക്കുന്നത്. അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് എന്താണ് പ്രതികരണം?
=പിണറായിയുടെ ഉള്ളിലെ യഥാർഥ പിണറായി പുറത്തുവന്നതാണ്. അദ്ദേഹത്തിന്റെ പതിവ് ഏകാധിപത്യ ശൈലിയാണ് അവിടെ കണ്ടത്. സമന്നുത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ ക്ഷുഭിതനാകരുത്. പ്രസംഗത്തിനിടയിൽ ചോദിച്ചത് തെറ്റാണെങ്കിൽ പ്രസംഗം കഴിഞ്ഞശേഷം പറയാം എന്നെങ്കിലും പറയാമായിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കടക്ക് പുറത്ത് എന്നു പറയാത്ത മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെ സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ച മണ്ഡലങ്ങളിൽ, അതിന് വിരുദ്ധമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നത് വലിയ തിരിച്ചടിയും നേതൃത്വത്തിന്റെ പരാജയവുമല്ലേ?
=ഇത്തരം മണ്ഡലങ്ങളിൽ കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഉണ്ടാകില്ല. അവരുമായി ഇതിനകം സംസാരിച്ചുകഴിഞ്ഞു. പത്രിക പിൻവലിക്കും. സ്ഥാനാർഥി നിർണയ ഘട്ടത്തിൽപോലും മാധ്യമങ്ങൾ എന്തൊക്കെയാണ് പടച്ചുവിട്ടത്. എന്തുണ്ടായി? മലപോലെ വന്നത് എലി പോലെ പോയി.
?കോൺഗ്രസിലെ പ്രമുഖ നേതാവ് കെ. സുധാകരൻ പേരാവൂരിൽ പ്രചാരണത്തിന് വരാതിരുന്നത് എന്തുകൊണ്ടാണ്? താങ്കൾ അദ്ദേഹത്തെ കണ്ടില്ലെന്ന പരാതി ഉണ്ടല്ലോ?
=കെ. സുധാകരൻ എന്റെകൂടി നേതാവാണ്. ഡൽഹിയിൽ നിന്ന് പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ട്. കെ. സുധാകരന്റെ ശക്തമായ പിന്തുണ തനിക്കുണ്ട്. അദ്ദേഹത്തെ ഉടൻ കാണും. പേരാവൂരിൽ പ്രചാരണത്തിനും എത്തും. തന്നോട് സുധാകരന് സഹോദരതുല്യമായ സ്നേഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന് സ്ഥാനാർഥിത്വം നിഷേധിച്ചത് സണ്ണി ജോസഫാണെന്ന തരത്തിൽ പേരാവൂരിൽ വ്യാപകമായി ബോഡ് സ്ഥാപിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്.
Tags : Chief Minister attack Rahul Gandhi hide deals Sunny Joseph Kerala Assembly Election Niyama Sabha Election