Kerala
പാലക്കാട്: കുളപ്പുള്ളി-പാലക്കാട് പാതയിൽ മനിശീരിയിൽ വാഹനാപകടം. നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ചാണ് അപകടം.
ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ബസിൽനിന്ന് മദ്യത്തിന്റെതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പാലം പൊലിസ് എത്തി ഡ്രൈവറെ പരിശോധനയ്ക്ക് കൊണ്ടുപോയി.
തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ വശത്ത് ഇടിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: കന്യപ്പാടിയിൽ അമിത വേഗതയിൽ സഞ്ചരിച്ച കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് കാറുകളും പൂർണമായി തകർന്നു.
മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് കാറുകളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു,
കെഎ 21 സി0338 നമ്പർ ലോറിയിൽ കെഎൽ 14 എഇ 0915 വൈറ്റ് കളർ സ്വിഫ്റ്റ് , കെഎൽ 14 എജെ 0035 ബ്ലാക്ക് കളർ സ്വിഫ്റ്റ് എന്നീ കാറുകൾ ആണ് ഇടിച്ചത്.
National
ചണ്ഡീഗഡ്: ഡൽഹി-ജയ്പൂർ ഹൈവേയിൽ ഖേർക്കി ദൗല ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മുഹമ്മദ് അർമാൻ (14), പ്രിൻസ് കുമാർ (14), നവ്നീത് കുമാർ (19) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച നവ്നീതാണ് ബൈക്ക് ഓടിച്ചിരുന്നത്.
ടോൾ പ്ലാസയ്ക്ക് സമീപം യു-ടേൺ എടുക്കുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് ഓടിച്ച നവ്നീതിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അപകടസമയത്ത് ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വനസ്തലിപുരം സ്വദേശി അലേതി ശിരീഷ് കുമാറാണ് (38) മരിച്ചത്. ഷാമീർപേട്ടയിൽ നിന്ന് കേസര ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
അമിതവേഗത്തിയിലെത്തിയ കാർ ലോറിയുടെ പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുവച്ചു തന്നെ മരച്ചു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
മുണ്ടക്കയം: കെകെ റോഡിൽ വളഞ്ഞങ്ങാനത്തിനു സമീപം കെഎസ്ആർടിസി ബസും ടോറസ് ലോറിയും തമ്മിൽ റോഡിൽ ഉരഞ്ഞ് ഞെരുങ്ങി വഴി സ്തംഭിച്ചു. റോഡിൽ സമാന്തരമായി മറ്റൊരു സ്വകാര്യബസ് കേടായി കിടന്നതോടെ ഒരാൾക്കു പോലും മറുവശത്തേക്കു പോകാനാവാത്ത രീതിയിൽ വഴിയടഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് കഴിഞ്ഞപ്പോഴായിരുന്നു അപകടം. വലിയ കൊക്കയുടെ സമീപത്താണ് കെഎസ്ആർടിസി ബസ് നിന്നത്. കേടായി കടന്ന സ്വകാര്യബസിനെ മറികടന്ന് ലോറി മുന്നോട്ടുപോകുന്നതിനിടയിലാണ് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസ് ഇറക്കം ഇറങ്ങി എത്തിയത്. കടന്നുപോകാൻ വഴിയില്ലാതെ ഇതോടെ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ ഉരസി ഞെരുങ്ങുകയായിരുന്നു.
വാഹനങ്ങൾ പെട്ടെന്നു നിർത്താൻ കഴിഞ്ഞതോടെയാണ് വലിയ അപകടസാധ്യത ഒഴിവായത്. അല്പം കൂടി അരികിലേക്കു മാറിയിരുന്നെങ്കിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. മൂന്നു വാഹനങ്ങളും റോഡിൽ നിരന്നതോടെ വഴി പൂർണമായും സ്തംഭിച്ചു. രണ്ടു വശത്തേക്കും കിലോമീറ്ററുകൾ നീളത്തിൽ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. പൊലിസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Kerala
മലപ്പുറം: ദേശീയപാതയിൽ ഇടിമൂഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പെരുവള്ളൂർ കൂമണ്ണ വലിയപറന്പ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പെരുവള്ളൂർ കൂമണ്ണ പൂവ്വത്തൻമാട് കോട്ടീരി മുഹമ്മദിന്റെ മകൻ ഹാരിസ് (31), കൂമണ്ണ പൂവ്വത്തൻമാട് കഴുങ്ങുംതോട്ടത്തിൽ അബൂബക്കറിന്റെ മകൻ ജംഷീർ (36) എന്നിവരാണു മരിച്ചത്.കൂടെയുണ്ടായിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ മൂന്നോടെ രാമനാട്ടുകര നിസരി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവർ അപകടം നടന്നയുടൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമൂഴിക്കൽ വച്ച് ദിശതെറ്റിച്ച് ഓവർടേക്കിംഗ് ട്രാക്കിലൂടെ എത്തിയ കല്ലുകയറ്റിയ ലോറി, യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
നാട്ടിലെ സുഹൃത്തുക്കളായ അഞ്ചുപേരും കോഴിക്കോട് ബീച്ച് സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങവയാണ് അപകടമുണ്ടായത്. കണ്ണൂരിൽനിന്ന് ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിസരി ജംഗ്ഷനിൽ എത്തി ഹൈവേയിലേക്ക് കയറുകയും കുറച്ച് ദൂരം പോയി തിരിച്ച് സർവീസ് റോഡിലേക്കിറങ്ങാൻ തിരികെ യുടേണ് എടുത്ത് കോഴിക്കോട് ഭാഗത്തേക്കു വരുന്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറിൽ വന്നിടിച്ചെന്നാണ് പൊലിസ് പറയുന്നത്. അപകടം നടന്നയുടൻ തേഞ്ഞിപ്പലം പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഹാരിസിന്റെ ഭാര്യ: ഫർസാന (കൊളപ്പുറം). മകൾ: ആയിഷ ഇസ (മൂന്ന് വയസ്). സഹോദരങ്ങൾ റഹൂഫ് (മദീന), റഹീം, റാഹില. അമ്മ: റുഖിയ. ജംഷീറിന്റെ ഭാര്യ: ഫൗസിയ. മക്കൾ: നഫീസത്തുൽ മിസ്രിയ, ആയിശത്തുൽ ഖുബ്റ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: മൻസൂർ, റസീന, സൗദാബി. അമ്മ: നഫീസ.
Kerala
ഒഞ്ചിയം: മാഹിക്കും വടകരയ്ക്കുമിടയിലെ മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് റെയിൽവേ പാളത്തിലേക്ക് മറിഞ്ഞത്. അപകടസമയത്ത് മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ അധികൃതർ കടത്തിവിടുകയും ചെയ്തു.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
National
മൈസൂരു: മൈസൂരുവിന് സമീപം ചന്നപട്ടണയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതു പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് കുറ്റ്യാടി നരിക്കൂട്ടുംചാലിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊട്ടിൽപാലത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിൽ 15 പേരെ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
പെരുമ്പാവൂർ: നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരൻ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസിൽ ആണ് മരിച്ചത്. പിതാവിനൊപ്പം കടയിൽ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്.
പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേൽ ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടസമയത്ത് ടോറസ് ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
Kerala
കോട്ടയം: ചങ്ങനാശേരി എസി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.
Kerala
തൃശൂർ: പിക്കപ്പ് ലോറിയിൽനിന്ന് ഇരുന്പുപൈപ്പുകൾ ദേഹത്തേക്കുവീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി പട്ടത്താനം ജോസഫിന്റെ മകൻ ഷെറിൻ ജോണ് (42) ആണു മരിച്ചത്. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിനുസമീപം വെള്ളിയാഴ്ച രാവിലെയാണു സംഭവം.
പത്തു മീറ്ററിലേറെ നീളമുള്ള ഇരുന്പുപൈപ്പുകളും കന്പികളുമാണു ഷെറിന്റെ ദേഹത്തു പതിച്ചത്.
തൃശൂരിൽനിന്നു കുട്ടനെല്ലൂർ ഹൈവേ ഓവർബ്രിഡ്ജ് ഭാഗത്തേക്കുപോകുന്നതിനിടെ തൊട്ടുമുന്നിലുള്ള ഓട്ടോറിക്ഷ വലത്തോട്ടു തിരിയാനായി ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന ഷെറിനും ബ്രേക്കിട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന പിക്കപ്പ് ലോറിയും പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ വാഹനത്തിന്റെ കാബിനു മുകളിലൂടെ പൈപ്പുകൾ ഷെറിന്റെ ദേഹത്തേക്കു വീഴുകയായിരുന്നു.
ഓടിക്കൂടിയവരും മാളിലെ സുരക്ഷാജീവനക്കാരും ചേർന്ന് ഇരുന്പുപൈപ്പുകൾ നീക്കി ഷെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനുപിന്നാലെ പിക്കപ്പ് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒല്ലൂർ പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
District News
മട്ടന്നൂർ: ചാലോട്- ഇരിക്കൂർ റൂട്ടിൽ കൊളോളത്തിന് സമീപം ലോറി നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൊളോളം മാവിൻചോട്ടിൽ ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. ചാലോട് ഭാഗത്ത് നിന്നു ഇരിക്കൂർ ഭാഗത്തേക്ക് പുല്ലുമായി പോകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തെ തുടർന്നു ഏറെ നേരം ചാലോട് ഇരിക്കൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ലോറി റോഡിൽ നിന്നു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ അടക്കം രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടി.
District News
ചിങ്ങവനം: എംസി റോഡിൽ ചിങ്ങവനത്ത് ലോറി കാറിലിടിച്ച് മറിഞ്ഞു. കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഏഴരയോടെ ചിങ്ങവനം ജംഗ്ഷന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് കായംകുളത്തേക്ക് വാഴക്കുലയുമായി പോകുകയായിരുന്ന ലോറിയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാനായി പോയ മാന്നാർ സ്വദേശികളുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. അപകടത്തിൽപ്പെട്ടവരെ ലോറിയിൽനിന്നും കാറിൽനിന്ന് അഗ്നിരക്ഷാ സേനാ സംഘവും ചിങ്ങവനം പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
അപകടത്തെത്തുടർന്ന് എംസി റോഡിൽ വൻ ഗതാഗത തടസമുണ്ടായി. തുടർന്ന് ക്രയിൻ എത്തിച്ച് ലോറി മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
വണ്ണപ്പുറം: തമിഴ്നാട് രജിസ്ട്രേഷന് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. നെയ്യശേരി-തോക്കുമ്പന് സാഡില് റോഡിലെ കുത്തിറക്കത്തിലാണ് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞത്.
പട്ടയക്കുടി അമ്പഴത്തിനാല് ജംഗഷനു സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. തമിഴ്നാട്ടില്നിന്ന് ആലപ്പുഴയിലേക്ക് ശര്ക്കരയുമായി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവര് ഉള്പ്പെടെ ലോറിയില് ഉണ്ടായിരുന്ന രണ്ടു പേര്ക്ക് നിസാര പരിക്കേറ്റു.
ലോറി മറ്റു വാഹനങ്ങളില് ഇടിച്ചു മറിഞ്ഞു
കട്ടപ്പന: നിയന്ത്രണംവിട്ട ലോറി മറ്റു വാഹനങ്ങളില് ഇടിച്ചശേഷം മറിഞ്ഞു. കുമളി-ആനവിലാസം-കട്ടപ്പന റോഡില് കടമാക്കുഴിയില് ഇന്നലെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി കെഎസ്ആര്ടിസി ബസിലും മാരുതി കാറിലും ഇടിച്ച ശേഷമാണ് മറിഞ്ഞത്. മൂന്നു വാഹനങ്ങള്ക്കും കേടുപാടുകള് സംഭവിച്ചു. കാറിന്റെ മുന്ഭാഗം പൂര്ണമായും തകര്ന്നു.
അപകടത്തെത്തുടര്ന്ന് ഏറെ നേരം റോഡില് ഗതാഗതം പൂര്ണമായും തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേര്ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
Kerala
കോട്ടയം: പാലാ പൊൻകുന്നം റോഡിൽ പൈകയിൽ നിർത്തിയിട്ടിരുന്നതടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ ഗുരുതരപരിക്കുകളോടെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരും കുമ്പാനിയിലെ ക്രെയിൻ സർവീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കോട്ടയം: കോടിമതയില് നിര്ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില് മിനി ലോറി ഇടിച്ചു കയറി. കാബിനില് കുടുങ്ങിയ ഡ്രൈവറെ ഫയര്ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നു പുലര്ച്ചെ അഞ്ചിനാണ് അപകടം.
തിരുവനന്തപുരത്ത് വാഴക്കുലകള് ഇറക്കിയ ശേഷം തിരികെ മേട്ടുപ്പാളയത്തേക്ക് പോകുകയായിരുന്ന മിനിലോറിയുടെ ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ടയര് മാറ്റുന്നതിനായി റോഡരികില് നിര്ത്തിയിട്ട തടിലോറിക്ക് പിന്നിലായാണ് മിനിലോറി ഇടിച്ചു കയറിയത്.
ക്യാബിനിനുള്ളില് കുടങ്ങിയ മേട്ടുപ്പാളയം സ്വദേശി തുളസി രാമനെ (51) കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കാല് സ്റ്റിയറിംഗിനടിയില് കുടുങ്ങിയ നിലയിലായിരുന്നതിനാല് ഹൈഡ്രോളിക്ക് ഉപകരണങ്ങള് ഉപയോഗിച്ച് അരമണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവില് വാഹനം വെട്ടിപ്പൊളിച്ചാണ് ഫയര്ഫോഴ്സ് രക്ഷപെടുത്തിയത്. ഇദ്ദേഹത്തിന്റെ കാലിനും മുട്ടിനും നടുവിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.
National
കോയമ്പത്തൂർ: റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പൊള്ളാച്ചി-പഴനി ദേശീയപാതയിലെ നല്ലമ്പള്ളി ജംഗ്ഷനിലുണ്ടായ സംഭവത്തിൽ കനകരാജ്, ഭാര്യ നർമദ, മക്കളായ ആരതി, പുരാനി എന്നിവരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്.
കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അമിതവേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ദേശീയ പാതയില് കുമ്പളം ടോള് പ്ലാസയ്ക്ക് സമീപം അനധികൃതമായി നിര്ത്തിയിട്ട ലോറിയില് വാന് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നിര്ത്തിയിട്ട ലോറിക്ക് പിന്നില് പുലര്ച്ചെ മൂന്നോടെ മീന് കയറ്റിയ വാന് ഇടിച്ചു കയറുകയായിരുന്നു. മീന് വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകന് ഷെഫീഖ് (42) ആണ് മരിച്ചത്.
വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഇയാള് മരിച്ചതായാണ് വിവരം. വാഹനത്തില് കൂടെയുണ്ടായിരുന്ന പരുക്കേറ്റ ഒരാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഷെഫീഖിന്റെ മൃതദേഹം എറണാകുളം ജനറല് ആശുപത്രി മോര്ച്ചറിയില്. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കള്: അല്ഫിയ, ആദില, ആസിഫ്.
ഇതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയുണ്ടായ അപകടത്തില് കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാര്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാര് നിര്ത്തിയിട്ടിരുന്ന ലോറിയില് ഇടിച്ചായിരുന്നു അപകടം.
കാറോടിച്ചിരുന്ന തൃശൂര് വയലത്തൂര് കാളിയത്ത് വീട്ടില് മുഹമ്മദ് നിസാം (24), അന്യസംസ്ഥാന തൊഴിലാളികളായ സന്ജിബ് ഹര്ദിക് (30), നബാസ് സൗള് (30), റാസ് (30) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇതില് നബാസ് സൗളിന്റെ നില ഗുരുതരമാണ്. ഇവര് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
പാര്ക്കിംഗ് നിരോധനമുള്ള കുമ്പളം ടോള് പ്ലാസയ്ക്ക് സമീപം കണ്ടെയ്നര് ലോറിയുള്പ്പെടെയുള്ള വാഹനങ്ങള് നിര്ത്തിയിടുന്നത് പതിവ് കാഴ്ച്ചയാണ്. ഇതിന് മുമ്പും ഈ ഭാഗത്ത് നിര്ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് നിരവധി അപകടങ്ങള് ഉണ്ടായിട്ടുണ്ട്. ഒരു യുവതിയുള്പ്പെടെ ഒന്നിലധികമാളുകള്ക്ക് ജീവഹാനിയുമുണ്ടായിട്ടുണ്ട്.
Kerala
കൊച്ചി: കൂത്താട്ടുകുളത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ടാര് മിക്സിംഗ് പ്ലാന്റില് നിന്നും ലോഡുമായി വന്ന ലോറിയാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്ത്ത് താഴ്ചയിലേക്ക് മറിഞ്ഞത്. രാവിലെ 11 ഓടെയായിരുന്നു അപകടം. ഡ്രൈവര് പരിക്കുകളോടെ രക്ഷപ്പെട്ടു.
സംരക്ഷണ ഭിത്തി തകര്ന്നതോടെ ജല അതോറ്റിയുടെ കുടിവെള്ള പെപ്പും പൊട്ടിയിട്ടുണ്ട്. ഇതോടെ കുടിവെള്ള വിതരണവും നിലവില് തടസപ്പെട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിലൂടെ ടാര് മിക്സിംഗ് പ്ലാന്റില് നിന്നും ദിവസേനെ നിരവധി ലോറികള് പോകാറുണ്ട്.
ഇതിനെതിരെ നാട്ടുകാര് നിരന്തരം പരാതി നല്കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടാര് മിക്സിംഗ് പ്ലാന്റിനെതിരെ 120 ഓളം ദിവസം നാട്ടുകാര് പന്തലു കെട്ടി സമരം ചെയ്തിരുന്നു. പരാതിയുമായി മുന്നോട്ടു പോയിട്ടും നടപടികള് ഒന്നുമുണ്ടായിട്ടില്ല.
Kerala
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിളിമാനൂർ-പാപ്പാല പെട്രോൾ പമ്പിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരുടെ നില അതീവ ഗുരുതരമാണെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കളിപ്പാട്ടങ്ങളുമായി വരികയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ മാറാടിയില് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നടന്ന അപകടത്തില് തലയോലപ്പറമ്പ് സ്വദേശി സുമിത് എം. ഡേവിഡ് ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൂവാറ്റുപുഴയില് നിന്നും പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ലോറിയും പിറവത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില് പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി മാറിയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി.ജെ. ജോസഫ് (82) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ കൃഷ്ണ പാച്ച് വർക്സ് വർക്ക്ഷോപ്പിലെ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ പരേതയായ ബേബി ജോസഫ്. മക്കൾ: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കൾ: മായ (നഴ്സ്, ഓസ്ട്രേലിയ), ഷിങ്കിൾ (അധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കുഴ). സംസ്കാരം പിന്നീട്.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില് ടെല്ക്ക് വളവില് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര് ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്എഫ് ആശുപത്രിയില് എത്തിച്ചെങ്കിലും പുലര്ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
കൊല്ലം: ടിപ്പര് ലോറികളുടെ മരണപ്പാച്ചില് എന്നത് ഇന്ന് കേരളത്തിലെ റോഡുകളില് നിത്യേന കേള്ക്കുന്ന ഒരു പേടിപ്പെടുത്തുന്ന വാര്ത്തയായി മാറിയിരിക്കുന്നു. റോഡ് സുരക്ഷയെയും ജനങ്ങളുടെ ജീവനെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് ടിപ്പര് ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും.
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പര് ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര് മരിച്ചത് അവസാനത്തെ ഉദാഹരണമാണ്.
അമിതവേഗവും സമയം പാലിക്കലും
ക്വാറികളില്നിന്നും കണ്സ്ട്രക്ഷന് സൈറ്റുകളില്നിന്നും കൂടുതല് ട്രിപ്പുകള് ഓടിച്ചാല് കൂടുതല് പണം ലഭിക്കും എന്നതിനാല്, ഡ്രൈവര്മാര് പലപ്പോഴും അമിതവേഗത്തെ ആശ്രയിക്കുന്നു.
നിയമലംഘനങ്ങള്
മിക്കപ്പോഴും അനുവദിക്കപ്പെട്ടതിനെക്കാള് കൂടുതല് ഭാരം കയറ്റുന്നതാണ് ടിപ്പര് ലോറികള് നടത്തുന്ന നിയമലംഘനങ്ങളില് കൂടുതല്. അമിത ഭാരം കയറ്റുന്നതുമൂലമും ടോറസിന്റെ ബാലന്സ് തെറ്റുന്നതും സാങ്കേതികത്തകരാറുമാണ് മിക്ക അപകടങ്ങളുടെയും മൂല കാരണം. മണലും മറ്റ് നിര്മാണ സാമഗ്രികളും മൂടിയിടാതെ പൊതുനിരത്തിലൂടെ പായുന്നതും സര്വസാധാരണമായ കാഴ്ചയാണ്.
ഡ്രൈവിംഗിലെ അശ്രദ്ധയും തളര്ച്ചയും
അപകടങ്ങളുണ്ടാവുന്നതിന്റെ പ്രധാന കാരണം ഡ്രൈവര്മാരുടെ അശ്രദ്ധയാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. അതിന്റെ പ്രധാന കാരണം ദീര്ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യുന്നതാണ്. പലപ്പോഴും ലോഡിനനുസരിച്ചാണ് ഡ്രൈവര്മാരുടെ പ്രതിഫലം. അക്കാരണത്താല് വിശ്രമമില്ലാതെ ജോലി ചെയ്യാന് അവര് നിര്ബന്ധിക്കപ്പെടുന്നു.
റോഡുകളുടെ അവസ്ഥ
വീതികുറഞ്ഞതും തിരക്കേറിയതുമായ കേരളത്തിലെ റോഡുകളില് വലിയ ടിപ്പര് ലോറികള് വേഗത്തില് പായുമ്പോള് മറ്റ് വാഹനങ്ങള്ക്കും കാല്നടയാത്രക്കാര്ക്കും ഒഴിഞ്ഞുമാറാന് പോലും സമയം ലഭിക്കാറില്ല.
ജില്ലയിലെ ടിപ്പറിന്റെ നിയന്ത്രണം
സ്കൂളുകളുടെയും കോളജുകളുടെയും സുഗമമായ പ്രവര്ത്തനവുമായി ബന്ധപ്പെട്ട് വിദ്യാര്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കേരളത്തിലെ മോട്ടോര് വാഹന വകുപ്പ് ജില്ലയില് ടിപ്പര് ലോറികള്ക്ക് കര്ശന സമയ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്.
രാവിലെ: 8:30 മുതല് 10 വരെയും വൈകുന്നേരം 3:30 മുതല് 4:30 വരെയും ജില്ലയില് ടിപ്പര് വാഹനങ്ങള് ഓടിക്കാന് പാടില്ല. കൂടാതെ ഈ സമയങ്ങളല് ടിപ്പര് ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന മറ്റ് ഭാരവാഹനങ്ങളും നിരത്തിലിറങ്ങാന് പാടില്ല. ഈ നിയമങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട മോട്ടോര് വാഹന വകുപ്പും പോലീസും നടത്തുന്ന പരിശോധനകള് പേരില് മാത്രമൊതുങ്ങുന്നതും അപകടങ്ങള് ആവര്ത്തിക്കാന് കാരണമാകുന്നു.
Kerala
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മൂന്ന് മരണം. ബസ് കാത്തുനിന്ന ആളുകളുടെ മുകളിലേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ഇടിച്ചു കയറിയാണ് അപകടം. കുട്ടികൾ ഉൾപ്പെടെയുള്ളവർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. എത്ര പേരാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നതെന്നും അപകടത്തിൽ പെട്ടതെന്നും വ്യക്തമല്ല. പ്രായമായവർ ഉൾപ്പെടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും ലോറി അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
Kerala
കൊച്ചി: ഏലൂര് കണ്ടെയ്നര് റോഡില് ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്ച്ചെ നാലോടെയാണ് നാഗാലാൻഡിൽനിന്നും എട്ട് ടണ് ചോക്ലേറ്റുമായി കണ്ടെയ്നര് റോഡ് വഴി ഏലൂര് ഭാഗത്തേക്ക് വന്ന ലോറി മറിഞ്ഞത്.
കണ്ടെയ്നര് റോഡില് നിന്നും മഞ്ഞുമ്മല് സര്വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടം നടന്നത് പുലര്ച്ചെ ആയതിനാല് റോഡില് വാഹനങ്ങള് കുറവായിരുന്നു. അതിനാല് വലിയ ദുരന്തം ഒഴിവായി.
Kerala
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: കുണ്ടന്നൂർ പാലത്തിൽ ടിപ്പർ ലോറി കൈവരിയിൽ ഇടിച്ചു കയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോകുന്ന അലക്സാണ്ടർ പറമ്പിത്തറ പാലത്തിലാണ് സംഭവം.
ലോറി പാലത്തിന്റെ കൈവരിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. നിയന്ത്രണം നഷ്ടമായ ലോറിയിൽ നിന്നും ഡ്രൈവർ ചാടി രക്ഷപെട്ടു.
മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ലോറി നീക്കാൻ ശ്രമം നടക്കുകയാണ്.
Kerala
കടമ്പഴിപ്പുറം: പാലക്കാട് നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി. മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയിൽ കഴിഞ്ഞ ദിവസം ഒരു ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഈ ലോറിയിലെ സാധനങ്ങൾ മാറ്റ് വാഹനങ്ങളിലേക്ക് മാറ്റി കയറ്റുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിൽ വന്ന മൂന്നാമത്തെ ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് ലോറികൾക്കും കേടുപാടുകൾ സംഭവിച്ചു.
Kerala
മൂവാറ്റുപുഴ: എറണാകുളം വാഴക്കുളത്ത് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന് കണ്ടത്തില് മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.50 ഓടെ വാഴക്കുളം അഞ്ചാം മൈലിലായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അങ്കമാലിയിലെ റൈസ് കമ്പനിയുടെ ലോറി, തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന അനീഷയുടെ സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അനീഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി, പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Kerala
മലപ്പുറം: തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിൽ മൂന്ന് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ദേശീയ സുരക്ഷയെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻഐഎ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും വിവരിച്ചിട്ടുണ്ട്.
കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. 448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും എന്തിനാണ് ഇവ കടത്തിക്കൊണ്ടുവന്നതെന്നും കണ്ടെത്താൻ എൻഐഎ അന്വേഷണം ഊർജിതമാക്കി.
ഫെബ്രുവരി ഏഴിന് ചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ തുടർ അന്വേഷണമാണ് പുരോഗമിക്കുന്നത്. ലോറിയിൽ ഉള്ളി ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഫെബ്രുവരിയിൽ കണ്ടെത്തിയിരുന്നത്. ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്നും എൻഐഎ പരിശോധിച്ചു.
Kerala
പാലക്കാട്: ചന്ദ്രനഗറിൽ പാഴ്സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഡ്രൈവർമാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കോയന്പത്തൂർ തൃശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. ലോറിയിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോയന്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ടോറസ്. കോയന്പത്തൂർ ഭാഗത്ത് നിന്ന് വരുകയായിരുന്നു പാഴ്സൽ ലോറി. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.
Kerala
കൊച്ചി: മുവാറ്റുപുഴയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാർ. അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കൾ: അഞ്ജിത, അഞ്ജന. ഹരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കോട്ടയം: രാമപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരം അല്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം രാമപുരം പാലാ റോഡില് ബോയ്സ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Kerala
മലപ്പുറം: അനധികൃത മണല് കടത്ത് തടയാന് ശ്രമിച്ച പോലീസിനെ ലോറി കൊണ്ട് ഇടിപ്പിച്ച് കൊല്ലാന് ശ്രമിച്ച കേസിലെ പ്രതിയെ തിരൂര് പോലീസ് അറസ്റ്റ് ചെയ്തു.
പുതിയ കടപ്പുറം മുത്താട്ട് വീട്ടില് റാസിഖാണ് (29) അറസ്റ്റിലായത്. തിരൂര് സ്റ്റേഷനിലെ എസ്ഐ അനീഷ്, എസ്സിപിഒ കെ.ആര്. രാജേഷ്, സിപിഒ ടോണി വര്ഗീസ് എന്നിവ രെയാണ് ലോറി ഇടിപ്പിച്ച് അപായപ്പെ ടുത്താന് ശ്രമിച്ചത്.
കൂട്ടായി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണല്കടത്ത് തടയുന്നതിനിടെയാണ് സംഭവം. പ്രതി വാഹനം പോലീസിനു നേരെ ലോറി ഓടിക്കുകയായിരുന്നു. അനധികൃതമായി പുഴമണല് കയറ്റി കൂട്ടായി ഭാഗത്തു നിന്നും വന്ന ലോറിയെ പാരിസ് എന്ന സ്ഥലത്തു വച്ച് എസ്ഐയും കൂട്ടരും കൈകാ ണിച്ചതിനെ തുടര്ന്ന് ഇവരെ ലോറി ഇടിപ്പിച്ച് കൊല്ലാന് ശ്രമിക്കുകയും തുടര്ന്ന് പ്രതി ലോറിയുമായി രക്ഷപ്പെടുകയുമായിരുന്നു.
തുടര്ന്ന് പ്രതിയെ പിന്തുടര്ന്നതോടെ പ്രതി ലോറിയുടെ പുറക് വശം ബോഡി ഉയര്ത്തി മണല് റോഡിലേക്ക് തട്ടിയിട്ട് എസ്ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് അപകടം വരുത്താന് ശ്രമിക്കുകയും കൊലപ്പെടുത്താന് ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
National
കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ലോറിയും ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ 12.30ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
അപകടത്തിൽ ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങും വഴിയായിരുന്നു സംഭവം.
ഗുജറാത്തിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കും തൽക്ഷണം മരണം സംഭവിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്.
വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചാണ് മിനിലോറി നിന്നത്. രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
National
ബംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. പാലാ സ്വദേശിനികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം.
ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കുന്ന് ടൗണിലാണ് അപകടമുണ്ടായത്. ജിമ്മിൽ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.
National
ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവയില് ബസും ടിപ്പര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേര്ക്ക് പരിക്ക്. എടത്തല എട്ടേക്കര് പള്ളിക്ക് സമീപത്തുവച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആലുവയില് നിന്നും കിഴക്കമ്പലം ഭാഗത്തേക്ക് പോയ സെന്റ്തോമസ് ബസാണ് അപകടത്തില്പ്പെട്ടത്. അപകട സമയത്ത് ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ ബസിന്റെ മുന്ഭാഗം പൂര്ണമായും തകര്ന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തൃപ്പൂണിത്തുറ: മകനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടശേഷം മടങ്ങിയ ഗൃഹനാഥൻ ലോറിയിടിച്ചു മരിച്ചു. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചൂരക്കാട് ഭാഗത്ത് ദിനേശൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്ക് ശേഷം ഇരിങ്ങാലക്കുടയിലേയ്ക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് നാലിന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രമ. മക്കൾ: ജിഷ്ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി.
Kerala
കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രികൻ മരിച്ചു. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 6.20 ഓടെ ചൂരക്കാട് ഭാഗത്താണ് അപകടം. ദിനേശൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു.
ഇളയമകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു ദിനേശ്. കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് വർക്കിന് ശേഷം ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടമുണ്ടാക്കിയത്.
താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാലിന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രമ, മക്കൾ: ജിഷ്ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃത മണല് കടത്ത് നടത്തിയ ലോറി മണല് സഹിതം പൊലീസ് പിടികൂടി. സ്റ്റേഷന് പരിധിയില് അനധികൃതമായി പുഴ മണല് വാരുന്നുണ്ടെന്ന് മാവൂര് പൊലീസ് സ്റ്റേഷന് ഇന്സ്പെക്ടര് മുഹമ്മദ് റഫീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പരിശോധന നടത്തുകയായിരുന്നു.
മലപ്പുറം പെരിങ്ങാവ് സ്വദേശി അഭിനവിന്റെ ഉടമസ്ഥതയിലുള്ള സബ്ന സഫീര് എന്ന ലോറിയാണ് പിടികൂടിയത്. മണല് കയറ്റിയ ടിപ്പര് ലോറി തെങ്ങിലക്കടവ് നയാര പമ്പിന് സമീപം വെച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില് ഉണ്ടായിരുന്ന പോലീസാണ് പിടികൂടിയത്.
പോലീസിനെ കണ്ടപാടെ ലോറിയില് ഉണ്ടായിരുന്നവര് ഓടി രക്ഷപ്പെട്ടു. മാവൂര് പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് സുബൈദ, സിവില് പോലീസ് ഓഫീസര് വിനീത്, ഹോം ഗാര്ഡ് വേലായുധന് എന്നിവര് ചേര്ന്ന സംഘമാണ് ലോറി കസ്റ്റഡിയില് എടുത്തത്.
Kerala
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില് ലോറിയുടെ പിന്നില് ബസ് ഇടിച്ച് അപകടം. വൈറ്റിലയ്ക്കും ഇടപ്പള്ളി സിഗ്നലിനും ഇടയിലാണ് അപകടമുണ്ടായത്.
ചെന്നൈയില് നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ദീര്ഘദൂര ബസാണ് അപകടത്തില് പെട്ടത്. വേഗത്തില് എത്തിയ ബസ് മുന്നില് പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
നിരവധി യാത്രക്കാര് ബസില് ഉണ്ടായിരുന്നെങ്കിലും അപകടത്തില് ആര്ക്കും പരിക്കില്ല. എന്നാല് ബസ് സ്ഥലത്ത് നിന്നും മാറ്റാന് സാധിക്കാത്തതിനാല് വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് റിക്കവറി വാന് എത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള് ആരംഭിച്ചത്.
മുന്വശം മാത്രമാണ് തകര്ന്നതെങ്കിലും മുന്നോട്ടു കൊണ്ടുപോകാന് കഴിയാത്ത സ്ഥിതിയില് ആയിരുന്നു ബസ്. ഏറെ തിരക്ക് ഉണ്ടാവുന്ന റോഡ് ആയതിനാല് ബസ് റോഡിന് നടുവില് കിടന്നത് വലിയ ഗതാഗത തടസത്തിന് കാരണമായി.
Kerala
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിലുണ്ടായ സംഭവത്തിൽ ഏഴുപേർക്ക് പരിക്കറ്റു.
വയനാട്ടിൽനിന്ന് വരികയായിരുന്ന ഹരിതം കറിപൗഡറിന്റെ ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽനിന്ന് വളർത്തുപശുവിനെയും കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പിക്കപ്പ് വാൻ 10 അടിയോളം താഴ്ച്ചയിൽ കൽവർട്ടിനുള്ളിലേക്ക് മറിയുകയായിരുന്നു.
വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
ആലപ്പുഴ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് വ്യാഴാഴ്ച രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ് അച്ചു.
പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തി നശിച്ചു.
ടയറിൽ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട ടോൾ പ്ലാസ ജീവനക്കാർ ഇതേക്കുറിച്ച് ഡ്രൈവറോടു പറഞ്ഞു.
തുടർന്ന് വാഹനം ടോൾ പ്ലാസയ്ക്ക് സമീപം നിർത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് വൻ ഗതാഗത കരുക്ക് അനുഭവപ്പെട്ടു.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് ബൈക്ക് ലോറിയില് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തേവര സ്വദേശി സ്റ്റെഫിന് സ്റ്റീഫന് ആണ് മരിച്ചത്. രാവിലെ ഒമ്പരയോടെ കുഫോസിന് അടുത്താണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ലോറിയില് ഇടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി പോവുകയായിരുന്നു. സ്റ്റീഫനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കണ്ണൂർ: ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്. സിദ്ദിഖ് നഗറിൽ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇരിക്കൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്.
ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ. പ്രകാശ്– റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ.
Kerala
കൊല്ലം: ആയൂരിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ റോബിനെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ, കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ചശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും, ചടയമംഗലം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പരുക്കേറ്റ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർ വ്യത്യസ്ത ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Kerala
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ വടശേരിക്കര സ്വദേശി ഡി.പി. ഫിലിപ് (55) സഹോദരി ജിൻസി (സാലി, 64) എന്നിവരാണ് മരിച്ചത്.
ഫിലിപ് ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 3.30 നായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് - അമ്പലമുക്ക് ബൈപ്പാസിൽ ഇറക്കത്തിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയും പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ചെയ്തു.
അപകടത്തിൽ ലോറി ഡ്രൈവർ രാജസ്ഥാൻ രാജുപുർ സ്വദേശി ദിലീപിന് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന കൂറ്റൻ ഇലക്ട്രിക് കേബിൾ റോളുകൾ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
Kerala
കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.
ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.
എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്.
ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
Kerala
മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില് നിര്ത്തിയിട്ട ലോറിക്ക് പിന്നില് പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില് അബൂബക്കര് സിദ്ദീഖിന്റെ മകന് ഷാദില് (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്ച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര് പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്സല് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്. മീനാര്കുഴിയിലെ സജീവ എംഎസ്എഫ് പ്രവര്ത്തകനാണ്.
ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര് സഞ്ചരിച്ച പിക്കപ്പ് വാന് നി യന്ത്രണം വിട്ട് റോഡരികില് നിര്ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്ന്ന് ഷാദിലിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങള്: മുഹമ്മദ് ഷാബില്, ഷിഫ, റിഫ.
Kerala
മലപ്പുറം: പയ്യനാട്ട് കുഴല് കിണര് കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്ക്ക് പരിക്കേറ്റു. അന്തര് സംസ്ഥാന തൊഴിലാളികളായ വിക്കി, ശശിപാല്, പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്, ചന്ദ്രന്, വിജേഷ് എന്നിവര്ക്കാണ് പരിക്കേറ്റത്.
ഇവരെ സൂപ്പര്വൈസര് മോഹനനും നാട്ടുകാരും ചേര്ന്ന് മഞ്ചേരി ഗവ. മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം ഉണ്ടായത്. വണ്ടൂരിലേക്ക് കുഴല് കിണര് കുഴിക്കാന് പോകുമ്പോള് കുട്ടിപ്പാറ കാരേപറമ്പ് വളവില് മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു.
മഞ്ചേരി കൊരമ്പയില് ആര്ക്കേഡിലെ മഞ്ചേരി ബോര്വെല് എന്ന സ്ഥാപനമുടമ ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റെതാണ് ലോറി. ലോറി മറിഞ്ഞതോടെ ഡ്രൈവര് തമിഴ്നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി.
ഡ്രൈവര് ലോറിക്കടിയില് പെട്ടതാകാമെന്ന് അഭ്യൂഹം പരന്നു. ഉടന് മഞ്ചേരി അഗ്നിശമന സേനയെത്തി ക്രെയിന് ഉപയോഗിച്ച് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ലോറി ഉയര്ത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. അപകടം നടന്ന ഉടനെ ഡ്രൈവര് ഇറങ്ങി ഓടിയാതാകാമെന്നാണ് നിഗമനം.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊറ്റാമം ആറയൂര് അഴുവ് തോട്ടം ലിയോ നിവാസില് ലിയാനാര്ഡോ ദേവ് എബ്രഹാം (25) ആണ് മരിച്ചത്.
ഇന്ന് രാവിലെ രാവിലെ ഉദിയന്കുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാര്ക്കറ്റിന് മുന്നിലായിരുന്നു അപകടം. പാറശാല ഭാഗത്തു നിന്നും നെയ്യാറ്റിന്കരയിലേയ്ക്ക് പോവുകയായിരുന്ന ലിയാനാര്ഡോ ദേവ് മാര്ക്കറ്റില് നിന്നും പുറത്തേക്ക് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് കാൽനടക്കാരനെ തട്ടി നിയന്ത്രണം വിട്ട് ലോറിക്ക് മുന്നിലേക്ക് വീണത്.
ലോറിയിടിച്ചതോടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്ട്ടത്തിനുശേഷം ബന്ധുക്കള്ക്ക് കൈമാറിയതായി പാറശാല പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്നിശമനസേന അറിയിച്ചു.