കൊല്ലം: കേരള പൊലിസ് 47-ാമത് സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് അത്ലറ്റിക് മീറ്റ് 2026-ന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ദീപശിഖാ റാലിക്കും മാരത്തോണിനും സിറ്റി പൊ ലിസ് സ്വീകരണം നല്കി. റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമാന്‍ഡന്റ് ശക്തി സിംഗ് ആര്യ ഐപിഎസിന്റെ നേതൃത്വത്തിലാണ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ദീപശിഖാ മാരത്തണ്‍ പര്യടനം നടക്കുന്നത്. അഞ്ചിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച മാരത്തണ്‍ എട്ടിന് തിരുവനന്തപുരത്തെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കുന്നതിന്റഎ ഭാഗമായാണ് കൊല്ലം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ കൊല്ലം ചിന്നക്കടയില്‍നിന്ന് വി. പാര്‍ക്കിലേക്ക് വര്‍ണാഭമായ ദീപശിഖാ റാലി സംഘടിപ്പിച്ചു.
സ്കൂള്‍ ബാന്‍ഡ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, റോളര്‍ സ്കേറ്റിംഗ് ടീം, സൈക്ലിംഗ് ഗ്രൂപ്പ് എന്നിവരുടെ അകമ്പടിയോടെയാണ് ദീപശിഖാ റാലി നടന്നത്. ദീപശിഖാ റാലി വി. പാര്‍ക്കില്‍ സമാപിച്ചതിനോടനുബന്ധിച്ച് കളരിപ്പയറ്റ് പ്രദര്‍ശനവും ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തിയ ഫ്ലാഷ് മോബുകളും അരങ്ങേറി.
ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര തിരിച്ച ദീപശിഖാ റാലി രാവിലെ 10ഓടെ കൊല്ലം-തിരുവനന്തപുരം അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് തിരുവനന്തപുരം റൂറല്‍ പൊലിസിന് കൈമാറി.
പരിപാടിയില്‍ എംപി എന്‍.കെ. പ്രേമചന്ദ്രന്, ഇരവിപുരം എംഎല്‍എ വിഷ്ണു മോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, കായികപ്രേമികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ പങ്കെടുത്തു.
കഴിഞ്ഞ ആറിന് വൈകുന്നേരം 4.30ന് കൊല്ലം ബീച്ചില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച ‘ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ്’ സിറ്റി പൊലിസ് കമ്മിഷണര്‍ ടീം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചിരുന്നു.
കഴിഞ്ഞ ഏഴിനു രാത്രി ആലപ്പുഴയിൽ നിന്ന് ഓച്ചിറയിലെത്തിച്ചേര്ന്ന ദീപശിഖയെ ജനപ്രതിനിധികളുടെയും പൊലിസിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാരത്തോണായി ആനയിച്ച് കൊല്ലം സിറ്റി, കൊല്ലം റൂറല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ഏറ്റുവാങ്ങി.