കൊച്ചി: സംസ്ഥാന സെൻട്രൽ സ്കൂൾ കായികമേളയിൽ സീനിയേഴ്സിനെ പിന്തള്ളി പത്തനംതിട്ട ചെന്നീക്കര കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്വൺ വിദ്യാർഥിനി ഭൂമിക സഞ്ജീവും തൃശൂർ കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ്വൺ വിദ്യാർഥി ദേവസായ് കൃഷ്ണയും അതിവേഗ താരങ്ങളായി.
അണ്ടർ 19 താരങ്ങളേക്കാൾ കുറഞ്ഞ വേഗത്തിൽ ലക്ഷ്യം തൊട്ടാണ് അണ്ടർ 17 വിഭാഗത്തിൽ ഇറങ്ങിയ ഇരുവരും പൊന്നണിഞ്ഞത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 12.09 സെക്കൻഡിൽ ഭൂമിക ഫിനിഷ് ചെയ്തു. ആൺകുട്ടികളുടെ മത്സരത്തിൽ 11.01 സെക്കൻഡിലാണ് ദേവ്സായ് സ്വർണം അണിഞ്ഞത്.
അണ്ടർ 19 ആൺകുട്ടികളുടെ 100 മീറ്ററിൽ അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിലെ ജെസ്ബിൻ ജയിംസ് (11.03 സെക്കൻഡിൽ) സ്വർണം നേടി. അണ്ടർ 19 പെൺകുട്ടികളുടെ മത്സരത്തിൽ 13.04 സെക്കൻഡിൽ ഫിനിഷ് ചെയ്തു പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഇഷാ ഫെദേയ സ്വർണം നേടി. അണ്ടർ 17 പെൺകുട്ടികളുടെ 100 മീറ്ററിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയവരും ഈ വേഗത്തെ കിടപിടിക്കുന്ന പ്രകടനം പുറത്തെടുത്തു.
അണ്ടർ 14 പെൺകുട്ടികളിൽ കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ അന്നാ റോസ് ബെർളിയും (13.09) ഇതേ വിഭാഗത്തിലെ ആൺകുട്ടികളുടെ 100 മീറ്ററിൽ നിരഞ്ജൻ ജയകുമാറും (12.01) സ്വർണം നേടി.
വലതുകാലിലെ പേശിക്കേറ്റ പരിക്കു വകവയ്ക്കാതെയാണ് ഭൂമിക മത്സരത്തിനിറങ്ങിയത്. പത്തനംതിട്ട വള്ളക്കോട് ഗൗരികയിൽ സജീവ് കുമാർ- സിനി ദമ്പതികളുടെ മകളാണ് ഭൂമിക. ആദ്യ സംസ്ഥാന മീറ്റിൽ മത്സരിച്ച് അതിവേഗ താരമായതിന്റെ സന്തോഷത്തിലാണ് ദേവ്സായ്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വടശേരീവീട്ടിൽ രാജീവ് - സിജി ദമ്പതികളുടെ മകനാണ്.
Tags : State Central School Sports Meet Bhoomika Devasai