മണ്ണിടിഞ്ഞു തടസപ്പെട്ട മേട്ടുപ്പാളയം-കൂനൂർ ചുരംപാത ജെസിബി ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുന്നു.
മേട്ടുപ്പാളയം: നീലഗിരി ജില്ലയിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപ്പാളയം-കൂനൂർ ചുരംപാത തുടർച്ചയായ രണ്ടാംദിവസവും അടച്ചിട്ടു. മേട്ടുപ്പാളയം-കൂനൂർ, കോത്തഗിരി റോഡുകളിലെ 14 ഇടങ്ങളിലാണു മണ്ണിടിച്ചിലുണ്ടായത്. നീലഗിരി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു ഗതാഗത നിയന്ത്രണം.
പാർലിയാറിൽ ഊട്ടിയിൽനിന്നു കോയന്പത്തൂരിലേക്കു പോവുകയായിരുന്ന സർക്കാർ ബസിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണ് ഡ്രൈവർ മരിച്ചിരുന്നു. പരിക്കേറ്റ കണ്ടക്ടറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേട്ടുപ്പാളയം നദിക്കു കുറുകെയുള്ള പാലത്തിൽ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ചു. അവശ്യ-അടിയന്തരസേവന വാഹനങ്ങൾക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റു വാഹനങ്ങൾ കോത്തഗിരി വഴി തിരിച്ചുവിടുകയാണ്. നീലഗിരി ജില്ലാ കണ്ട്രോൾ റൂമിൽ 24 മണിക്കൂറും ബന്ധപ്പെടാം. ഹെൽപ് ലൈൻ നന്പറുകൾ: 1077, 0423-2450034, 0423-2450035.
Tags : mountain road Deepika DeepikaNewspaper BreakingNews Mettupalayam-Coonoor