നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം.
നീലേശ്വരം: ചായ്യോത്ത് ജിഎച്ച്എസ്എസിന്റെ ആതിഥേയത്വത്തില് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില് നടക്കുന്ന 68-ാമത് റവന്യു ജില്ലാ സ്കൂള് കായികമേളയ്ക്ക് ഇന്നു തുടക്കമാകും. മൂന്നുദിവസം നീണ്ടുനില്ക്കുന്ന മേളയില് 95 ഇനങ്ങളിലായി ഏഴ് ഉപജില്ലകളിലെ 1500 കായികതാരങ്ങള് മാറ്റുരയ്ക്കും. ഇന്നു രാവിലെ 9.15നു സബ്ജൂനിയര് വിഭാഗം 600 മീറ്റര് ഓട്ടമത്സരത്തോടെയാണ് മേള തുടങ്ങുന്നത്. രാവിലെ 10.30നു രാജ്മോഹന് ഉണ്ണിത്താന് എംപി ഉദ്ഘാടനം നിര്വഹിക്കും.
18നു വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദന് പള്ളിക്കാപ്പില് എംഎല്എ ഉദ്ഘാടനം ചെയ്യും. സന്ദീപ് വാര്യർ എംഎല്എ വിജയികള്ക്കുള്ള സമ്മാനദാനം നിര്വഹിക്കും. ഫോട്ടോഗ്രഫറും കോളംകുളം ക്ലാസിക് ഡിജിറ്റല് സ്റ്റുഡിയോ ഉടമയുമായ ഹരി ക്ലാസിക് ആണ് കായികമേളയുടെ ലോഗോ തയാറാക്കിയത്.
പത്രസമ്മേളനത്തില് സംഘാടകസമിതി ചെയര്മാന് എം. രാജന്, കണ്വീനര് കെ.ടി. സീമ, എം. സുനില്കുമാര്, വൈസ്ചെയര്പേഴ്സണ് പി. മനോഹരന്, നികേഷ് മാടായി, പ്രോഗ്രാം സെക്രട്ടറി കെ.വി.ബിജു, ടി.ആര്. പ്രീതിമോള്, ടി. ദീപേഷ്കുമാര്, പി.വി. സുനില്, പി.വി. സുകുമാരന് എന്നിവര് പങ്കെടുത്തു.