പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂള്‍ കായികമേള നാളെ മുതല്‍ 26 വരെ കണിയാമ്പറ്റ ഗവ. യുപി സ്കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.
സ്വാഗത സംഘം ചെയര്മാന് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറല്‍ കണ്‍വീനര്‍ കണിയാമ്പറ്റ ജിയുപിഎസ് ഹെഡമിസ്ട്രസ് കെ.യു. സിനി, കണ്‍വീനര്‍ ടി. ബഷീര്‍, എഇഒ ഡോ. കെ.ടി. അഷ്റഫ്, പിടിഎ പ്രസിഡന്റ് ടി.പി. ഹാരിസ്, അബ്ദല്‍ റസാഖ്, കെ. സഹല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഉപജില്ലയിലെ 87 വിദ്യാലയങ്ങളില്‍നിന്ന് എല്‍പി മിനി, എല്‍പി കിഡീസ്, യുപി കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 2,500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 122 ഇനങ്ങളിലാണ് മത്സരം.
നാളെ രാവിലെ എട്ടിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പതാക ഉയര്‍ത്തും. ഒമ്പതിന് മാര്‍ച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം. 9.30ന് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ നിര്‍വഹിക്കും. സമാപന സമ്മേളനം 26ന് വൈകുന്നരം അഞ്ചിന് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുരേഷ് ബാബു അധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയം അബ്ദുറഹ്മാന് സമ്മാനവിതരണം നടത്തും. ഹരിതചട്ടം പാലിച്ച് മേള നടത്തുന്നതിന് 12 ഉപസമിതികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം നല്‍കും. ആദ്യദിനം എല്‍പി മിനി, എല്‍പി കിഡീസ്, യുപി കിഡീസ് വിഭാഗങ്ങളുടെ മത്സരങ്ങളാണ് നടക്കുക.
Tags : Nattuvishesham DistrictNews DeepikaNews Sports Meet