കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് സ്വന്തം ഇടവകയായ പയ്യാവൂർ സെന്റ് ആൻസ് പള്ളിയിൽ ഇടവകാ സമൂഹം നൽകിയ സ്വീകരണം.
പയ്യാവൂർ: കോട്ടയം അതിരൂപതയുടെ മലബാർ കുടിയേറ്റ മേഖലയിൽനിന്ന് ആദ്യമായി മെത്രാൻ പദവിയിലെത്തിയ മാർ തോമസ് ആനിമൂട്ടിലിന് സ്വന്തം ഇടവകയായ പയ്യാവൂർ സെന്റ് ആൻസ് പള്ളിയിൽ ഉജ്വലസ്വീകരണം നൽകി. പള്ളിയുടെ കവാടത്തിൽ ഹാരവും പൂച്ചെണ്ടും നൽകി സ്വീകരിച്ച ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പള്ളിയിലേക്ക് ആനയിച്ചത്.
നിസംഗത വെടിഞ്ഞ് സ്നേഹത്തിലും സാഹോദര്യത്തിലും ഒത്തുചേർന്ന് കത്തോലിക്ക സഭയുടെ മൂല്യങ്ങൾക്കൊപ്പം സമുദായാംഗങ്ങൾ മുന്നോട്ട് പോകണമെന്ന് തുടർന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ ബിഷപ് പറഞ്ഞു. ബധിരതയും അന്ധതയും നിറഞ്ഞ സാഹചര്യങ്ങൾ ഈ കാലഘട്ടത്തിലും നമ്മുടെ മുന്നിലുള്ളതായി നാം മനസിലാക്കണമെന്നും കാണേണ്ടവയെ കാണാതെയും കേൾക്കേണ്ടവയെ കേൾക്കാതെയും നിസംഗത പാലിച്ച് മുന്നോട്ടു പോകുന്ന ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം മനസിലാക്കാൻ സാധിക്കാത്തവിധം കാര്യങ്ങൾ മാറിമറിയുന്നത് നാം തിരിച്ചറിയണം. നമുക്കുചുറ്റുമുള്ള സഹോദരീസഹോദരങ്ങളിൽ ദൈവത്തെ കാണാനും മനസിലാക്കാനും സാധിക്കുമ്പോൾ അത് വലിയൊരു കാഴ്ചപ്പാടായി നാം മനസിലാക്കണമെന്നും മാർ ആനിമൂട്ടിൽ പറഞ്ഞു.
ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. ജെഗിൻ കൊളങ്ങയിൽ, ഫാ. ഫിലിപ്പ് ആനിമൂട്ടിൽ, ഫാ. ജോർജ് കപ്പുകാലായിൽ, ഫാ. ജിബിൽ കുഴിവേലിൽ, ഫാ. സുനിൽ പാറയ്ക്കൽ, ഫാ. സ്റ്റിബിൻ തെക്കേടത്ത്, ഫാ. സജി മലയിൽപുത്തൻപുരയ്ക്കൽ എന്നിവരും വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സ്വീകരണ സമ്മേളനവും നടന്നു. പയ്യാവൂർ സെന്റ് ആൻസ് ഇടവക സഹവികാരി ഫാ. സ്റ്റിബിൻ തെക്കേടത്ത് ആമുഖ പ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി. ഫാ. ജോർജ് കപ്പുകാലായിൽ, ഫാ. ബിബിൻ അഞ്ചെമ്പിൽ, എം.പി. സിറിയക്ക് എന്നിവർ പ്രസംഗിച്ചു. ബിഷപ് മാർ തോമസ് ആനിമൂട്ടിൽ മറുപടി പ്രസംഗം നടത്തി.
Tags :