കാട്ടാനകൾ മറിച്ചിട്ട തെങ്ങ്.
വടക്കാഞ്ചേരി: അകമലയിൽ ഒഴിയാതെ കാട്ടാനഭീതി. കഴിഞ്ഞദിവസം രാത്രിയിൽ നാലാനകളാണ് മേഖലയിൽ വിഹരിച്ചത്. ആറ് ഏക്കർ സ്ഥലത്തെ കൃഷിയൊന്നാകെ നശിപ്പിച്ചു. നെടുങ്ങാട്ടിൽ വർക്കി, ജോയ്, പിശാന്തിപുഞ്ചയിൽ സഹദേവൻ, ബാബു എന്നിവരുടെ ഭൂമിയിലെ തെങ്ങ്, കവുങ്ങ്, വാഴകൾ, കടപ്ലാവ് എന്നിവ കുത്തിമറിച്ചിട്ടു.
വീടുകൾക്കുസമീപം ആനകളെത്തിയത് പരിഭ്രാന്തിപരത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എൻ. സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഒ. ആർ. ഷീലാമോഹൻ, കെ.പി. മദനൻ, ധന്യ നിധിൻ, കൗൺസിലർ വി.ബി പീതാംബരൻ എന്നിവർ മേഖലയിൽ സന്ദർശനംനടത്തി.
അതേസമയം അകമല മേഖലയിൽ തുടർച്ചയായി ആനയിറങ്ങുന്നതിനെ ചൊല്ലി രാഷ്ട്രീയവിവാദം ഉയർന്നിരിക്കുകയാണ്. മന്ത്രി ഷിബു ബേബിജോൺ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എൻ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിവച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടർച്ചവേണമെന്നും ആവശ്യപ്പെട്ടു.
കാട്ടാനശല്യം പരിഹരിക്കുന്നതിൽ എംഎൽഎയും പ്രാദേശിക ഭരണകൂടങ്ങളും വൻ പരാജയമാണെന്ന് നഗരസഭ പ്രതിപക്ഷനേതാവ് എസ്.എ.എ. ആസാദ് ആരോപിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഫെൻസിംഗ് പ്രവർത്തനങ്ങളിൽ ഗുരുതരക്രമക്കേടെന്നും കുറ്റപ്പെടുത്തി. വന്യമൃഗശല്യം നേരിടാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ നടപടികൾ ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി: ജനവാസ മേഖലകളിൽ കാട്ടാനശല്യം അതിരൂക്ഷം. വടക്കാഞ്ചേരി ടൗണിൽനിന്നു ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള എങ്കക്കാട് വീട്ടുപറമ്പുകളിൽ എത്തിയ കാട്ടാനകൾ കായ്ച്ചുനിൽക്കുന്ന നിരവധി തെങ്ങുകളും കവുങ്ങുകളും കുത്തിമറിച്ചു. വാഴ ഉൾപ്പെടെയുള്ള കൃഷികളും തകർത്തെറിഞ്ഞു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം.
അമ്പലപ്പാട് മുൻ ബാങ്ക് പ്രസിഡന്റ് പി.എം. കുര്യാക്കോസിന്റെ വീട്ടുപറമ്പിലും സമീപത്തുള്ള വീട്ടുപറമ്പുകളിലും കാട്ടാനകൾ വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. അധികൃതർ സ്ഥലം സന്ദർശിച്ച് കർഷകർക്ക് സഹായമൊരുക്കണമെന്നും മേഖലയിലെ ആനശല്യം ഒഴിവാക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച ഡിസിസി ജനറൽ സെക്രട്ടറിമാരായ ജിജോ കുര്യൻ, ഷാഹിദ റഹ്മാൻ, എൻ.ആർ. സതീശൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.പി. ഗിരീഷ്, ബ്ലോക്ക് സെക്രട്ടറി ശശി മംഗലം എന്നിവരും സ്ഥലം സന്ദർശിച്ചവരിൽ ഉൾപ്പെടും.
Tags :