ഉളിക്കൽ ടൗണിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പിടലിനായി ജെസിബി ഉപയോഗിച്ച് റോഡ് കുഴിക്കുന്നു.
ഉളിക്കൽ: വാഹനപ്പെരുപ്പവും റോഡിന്റെ ശോച്യാവസ്ഥയും അധികൃതരുടെ അനാസ്ഥയും മൂലം ഉളിക്കൽ ടൗണിലെ യാത്രാദുരിതം രൂക്ഷം. നിരവധി ആളുകളെത്തുന്ന ടൗണിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. മഴ ശക്തമാകുന്നതോടെ ഓവുചാലുകൾ നിറഞ്ഞൊഴുകി വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെടുന്നതും പതിവാണ്.
ഓവുചാലുകൾക്കു മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പലതും ഇളകിയ നിലയിലാണ്.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
കുഴിയെടുപ്പിൽ ചെളിക്കുളം
യാത്രാദുരിതത്തിനിടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ പ്രവൃത്തിയും ടൗണിലെ ഗതാഗതം താറുമാറാക്കി. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചതിനു പിന്നാലെ മഴ ശക്തമായതോടെ റോഡും പരിസരവും ചെളിക്കുളമായി. പൈപ്പിടാനായി എടുത്ത കുഴികളിൽ വാഹനങ്ങൾ കുടുങ്ങുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു. ചെളി നിറഞ്ഞതോടെ വ്യാപാരികളും ദുരിതത്തിലായി. കുഴിയെടുത്ത ഭാഗങ്ങൾ ഉടൻ പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മണ്ണ് ഉറച്ചശേഷമേ കോൺക്രീറ്റ് ചെയ്യാനാകൂവെന്നും അതിനുമുമ്പ് പ്രവൃത്തി നടത്തിയാൽ റോഡ് വീണ്ടും താഴാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഫുട്പാത്തും ഓവുചാലും കാടുകയറി
മലയോര ഹൈവേയുടെ ഭാഗമായ ഉളിക്കൽ ടൗണിലെ ഫുട്പാത്തും കാടുകയറി സഞ്ചാര യോഗ്യമല്ലാത്ത നിലയിലാണ്. ഓട്ടോറിക്ഷാ സ്റ്റാൻഡിന് എതിർവശത്തെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കു മുകളിലൂടെ വളർന്ന കാടും പടർപ്പും ഫുട്പാത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന റോഡിനരികിലെ ഓവുചാലും കാടുകയറി മൂടിയ നിലയിലാണ്. ഫുട്പാത്തും ഓവുചാലുകളും വൃത്തിയാക്കി യാത്രാസൗകര്യം ഉറപ്പാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :