ജില്ലാ കായികമേളയ്ക്ക് വേദിയാകുന്ന നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയം.
നെടുങ്കണ്ടം: റവന്യു ജില്ലാ കായികമേളയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 14, 15, 16 തീയതികളിൽ നടക്കുന്ന മേളയിൽ ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്നായി 2100 കായികതാരങ്ങൾ പങ്കെടുക്കും. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
വിപുലമായ ക്രമീകരണങ്ങൾ
കായികതാരങ്ങൾക്കും ഒഫിഷ്യൽസിനും വോളണ്ടിയർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 100 ഒഫീഷ്യൽസും 70 വോളണ്ടിയർമാരും മേളയുടെ നടത്തിപ്പിൽ പങ്കാളികളാകും. കായികതാരങ്ങൾക്കായി ഭക്ഷണവും കുടിവെള്ളവും ഉൾപ്പടെയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണവിതരണത്തിന്റെ ചുമതല കെപിഎസ്ടിഎക്കാണ്.
ആരോഗ്യസുരക്ഷ
ആരോഗ്യസംരക്ഷണത്തിനും അടിയന്തര ചികിത്സയ്ക്കുമായി അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം വിഭാഗങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലിസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെയും സേവനവും ഉറപ്പാക്കും.
ഹരിതചട്ടം പാലിക്കും
പരിസ്ഥിതിസൗഹൃദമായി മേള സംഘടിപ്പിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഹരിതകർമസേനയുടെ സഹകരണവും തേടിയിട്ടുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കി സ്റ്റേഡിയവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
സംഘടനകൾക്ക് ചുമതല
മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ അധ്യാപക സംഘടനകൾക്ക് ചുമതലകൾ വീതിച്ചുനൽകിയിട്ടുണ്ട്. പരിപാടികളുടെ ഏകോപനച്ചുമതല ആർഡിഎസ്ജിഎക്കും ഭക്ഷണവിതരണച്ചുമതല കെപിഎസ്ടിഎക്കുമാണ്.
സ്റ്റേജ്, പന്തൽ, ലൈറ്റ്, സൗണ്ട് എന്നിവയുടെ ചുമതല എകെഎസ്ടിയുവിനും സ്വീകരണച്ചുമതല കെഎസ്എസ്ടിഎഫിനുമാണ്. താമസസൗകര്യങ്ങളുടെ ചുമതല കെഎസ്എൽഎംടിടിഎക്കും ക്ഷേമകാര്യങ്ങളുടെയും ട്രോഫിയുടെയും ചുമതല കെഎസ്ടിഎക്കുമാണ്. നിയമപരിപാലനം, രജിസ്ട്രേഷൻ തുടങ്ങിയ പ്രവർത്തനങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
കായികാധ്യാപകരുടെ കുറവ് പ്രതിസന്ധി
തൊടുപുഴ: ജില്ലാ സ്കൂള്‍ കായികമേള നാളെ ആരംഭിക്കാനിരിക്കേ കായികാധ്യാപകരുടെ കുറവ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു. മികച്ച പരിശീലകരുടെ അഭാവം കുട്ടികളുടെ പ്രകടനത്തെയും കാര്യമായി ബാധിച്ചേക്കും.
വിരലിലെണ്ണാവുന്ന കായികാധ്യാപകരെ ഉപയോഗിച്ചാണ് പല ഉപജില്ലാ കായികമേളകളും നടത്തുന്നത്. 1500 ഓളം കായികതാരങ്ങള്‍ പങ്കെടുത്ത കട്ടപ്പന ഉപജില്ലാ കായികമേള നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് ആറു കായികാധ്യാപകര്‍ മാത്രമാണ്.
ജില്ലയില്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 484 സ്കൂളുകളാണുള്ളത്. യുപി വിഭാഗം മുതലാണ് കായികാധ്യാപകരുടെ സേവനം ലഭിക്കുന്നത്. ജില്ലയില്‍ ഇത്രയും സ്കൂളുകള്‍ക്കായി ആകെയുള്ളത് 60 കായികാധ്യാപകരാണ്.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകൾ കുറയുന്നതാണ് കായികാധ്യാപകരുടെ തസ്തിക കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് വിഷയങ്ങളില്‍ 1:40 അനുപാതത്തിലാണ് അധ്യാപക തസ്തിക വരുന്നത്. എന്നാല്‍ കായികാധ്യാപകരുടെ കാര്യത്തില്‍ 1:500 എന്ന അനുപാതത്തിലാണ് നിയമനം.
ഇത്തവണ 1:300 എന്ന അനുപാതത്തില്‍ കുടുതല്‍ താത്കാലിക കായികാധ്യാപകരെ വിവിധ സ്കൂളുകളില്‍ നിയോഗിച്ചിട്ടുണ്ടെന്നും അതിനാല്‍ ജില്ലാ കായികമേളയെ അധ്യാപകരുടെ കുറവ് ബാധിക്കില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.ആര്. ഗീത പറഞ്ഞു.
Tags : sports meet NattuVishasham DistrictNews