പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍ : ചാത്തന്നൂര്‍ സബ്ജില്ലാ സ്കൂള്‍ കായികമേളയുമായി ബന്ധപ്പെട്ട് പരാതിയുമായി കായികതാരങ്ങളും കായിക അധ്യാപകരും റഫറിമാരും. കൃത്യമായ സംഘാടനമില്ലാതെ തുടങ്ങിയ മേളയില്‍ അടിക്കടി ഗ്രൗണ്ട് മാറ്റിയതും കുടിവെള്ളം നല്‍കാതെയും കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. മേളയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
ഖോ -ഖോ, ഫുട്ബോള്‍ പോലുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും വെള്ളം പോലും കൊടുത്തില്ല. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ല. ഇതുസംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിദ്യഭ്യാസ അധികാരികള്‍ക്ക് പരാതി നല്കി.
ഗെയിമുകള്‍ക്ക് വിളിച്ച റഫറിമാര്‍ക്ക് കരാര്‍ പ്രകാരമുള്ള പ്രതിഫലം നല്‍കിയില്ലെന്നാണ് വേറൊരു പരാതി. മാത്രമല്ല, തുക എഴുതാതെ രസീത് ഒപ്പിട്ട് വാങ്ങിച്ചതായാണ് മറ്റൊരു പരാതി. സബ്ജില്ലാ മത്സരങ്ങള്‍ക്കായി സബ്ജില്ലയിലെ ആകെ കുട്ടികളുടെ എണ്ണം അനുസരിച്ച് കായിക വകുപ്പില്നിന്നുളള ഫണ്ടും, ഒരു മത്സരത്തില്‍ പങ്കെടുക്കാനായി ഒരു സ്കൂളിലെ 14 വയസില്‍ താഴെയുള്ള കുട്ടികളുടെ ടീമിന് 400 രൂപ നിരക്കിലും 17 വയസില്‍ താഴെയുള്ള കുട്ടികളുടെ ടീമുകള്‍ക്ക് 500 രൂപ നിരക്കിലും 19 വയസില്‍ താഴെയുള്ള കുട്ടികളുടെ മത്സരങ്ങള്‍ക്ക് 600 രൂപ നിരക്കിലും സബ്ജില്ലാ സെക്രട്ടറി ഫീസ് ഈടാക്കാറുണ്ട്. ഈ മത്സരങ്ങളില്‍ ഓപ്പണ്‍ സെലക്ഷന് വഴി പങ്കെടുക്കുന്ന ഒരു കുട്ടിക്ക് 200 രൂപ നിരക്കിലും ഈടാക്കുന്നുണ്ട്. എന്നിട്ടും കുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്.
സബ്ജില്ലയിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ കാലങ്ങളായി ചാത്തന്നൂര്‍ എന്‍എസ്എസ് ഗ്രൗണ്ടിലോ, കല്ലുവാതുക്കല്‍ കെപിഎച്ച്എസ് ഗ്രൗണ്ടിലോ നടത്തിവരികയായിരുന്നു. ഈ വര്‍ഷം ദൂരെയുള്ള സ്ഥലത്ത് കൊണ്ടുപോയി നടത്തിയതിലും പ്രതിഷേധം ഉയരുകയാണ്.