ഒടുവള്ളി സിഎച്ച്സിയിൽ പുതുതായി നിയമിച്ച ഡോ. മൃദുല സുനിലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ.
തളിപ്പറമ്പ്: ഒടുവള്ളി സിഎച്ച്സിയിൽ പുതുതായി ഒരു ഡോക്ടർ കൂടി ചുമതലയേറ്റു. ഡോ. മൃദുല സുനിലാണ് പുതുതായി ചുമതലയേറ്റത്. ഇതോടെ സിഎച്ച്സിയിൽ നാലു ഡോക്ടർമാരുടെ സേവനം ലഭിക്കും. രാവിലെ മൂന്ന് ഡോക്ടർമാരുടെയും ഉച്ച കഴിഞ്ഞ് ഒരു ഡോക്ടറുടെയും സേവനമാണ് ലഭിക്കുക.
അടുത്ത മാസം ആദ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നിയമിക്കുന്ന ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് അറിയിച്ചു. സിഎച്ച്സിയെ മലയോരമേഖലയിലെ മുഴുവൻ ജനങ്ങൾക്കും കൂടുതൽ ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഇതിന്റ ഭാഗമായി ഡെന്റൽ വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരെയും ഫാർമസിസ്റ്റിനെയും ശുചീകരണ വിഭാഗത്തിലും ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് നാലു കോടി രൂപ ചെലവഴിച്ചു പുതിയ ഒ പി വാർഡ് നിർമിക്കുന്നതോടെ മലയോരമേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമാക്കി സിഎച്ച്സിയെ മാറ്റുമെന്നും ജെസി ഷിജി വട്ടക്കാട്ട് പറഞ്ഞു.
Tags : NattuVishesham DistrictNews