ജയിംസ് പന്തമ്മാക്കൽ
കാസർഗോഡ്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലിലെ അന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിവിധ കാലയളവുകളിലായി വാർഡ് മെംബർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന ജയിംസ് പന്തമ്മാക്കൽ ഈ കാലങ്ങളിൽ വരുമാനവുമായി പൊരുത്തപ്പെടാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തൽ. ഈ കാലയളവിൽ ജയിംസ് 78,97,232 രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചതായും 1,34,07,736 രൂപ ചെലവഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ ഉത്തരവിൽ പറയുന്നു. ഇതു രണ്ടും ചേർക്കുമ്പോൾ ആകെ 2,13,04,968 രൂപയാകും. എന്നാൽ ഈ കാലയളവിൽ ജയിംസിന്റെ അറിയപ്പെടുന്നതും നിയമാനുസൃതവുമായ വരുമാനം 1,18,06,300 രൂപ മാത്രമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അധികമായി കണ്ടെത്തിയ 94,98,668 രൂപയുടെ സ്വത്ത് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ ജയിംസിനു കഴിഞ്ഞിട്ടില്ല.
സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളും സാമ്പത്തിക വിഭവങ്ങളും ഉൾപ്പെടെയാണ് വിജിലൻസ് കണക്കെടുപ്പ് നടത്തിയത്. നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഉത്തരവുകൾക്കും അനുസരിച്ച് തന്റെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ജയിംസ് യഥാസമയം വെളിപ്പെടുത്തിയില്ലെന്നും അന്വേഷണ രേഖകളിൽ പറയുന്നു. ഈ നടപടികൾ 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഇ) വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളും ആരോപണങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് നിയമനടപടിക്ക് അനുമതി നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റു നിയമനടപടികൾ സ്വീകരിക്കാനും കോടതിയിലെത്തിക്കാനും ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.
ഗവർണറുടെ ഉത്തരവനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകർപ്പ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ, കോഴിക്കോട് സ്പെഷൽ സെൽ പോലീസ് സൂപ്രണ്ട്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പബ്ലിക് പ്രൊസിക്യൂട്ടർ, ഈസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കൈമാറിയിട്ടുണ്ട്.
നിയമപരമായി നേരിടും
ചിറ്റാരിക്കാൽ: വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും രാഷ്ട്രീയ എതിരാളികളാണ് തന്നെ വേട്ടയാടുന്നതെന്നും ജയിംസ് പന്തമ്മാക്കൽ പറഞ്ഞു. തനിക്ക് ഏജൻസി വഴി 21 ഓളം വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഉണ്ടായിരുന്നു.
ഇതിൽനിന്ന് ഒരു ദിവസം ഒരു ലക്ഷം രൂപ വരെ കമ്മീഷനായി കിട്ടിയിരുന്നു. ഇതിനെയാണ് അനധികൃത സമ്പാദ്യമെന്ന് വ്യാഖ്യാനിച്ചതെന്ന് ജയിംസ് പറഞ്ഞു. പരാതിക്കു പിന്നിൽ ഒരു മുൻ വനിതാ ജനപ്രതിനിധിയുടെ ഭർത്താവായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ചില ഉദ്യോഗസ്ഥ ലോബികളുമാണെന്നും ജയിംസ് പന്തമ്മാക്കൽ ആരോപിച്ചു.
Tags : NattuVishesham DistrictNews