അപകടത്തിൽ കേടുപാടുകൾ സംഭവിച്ച ഭിന്നശേഷിക്കാരിയുടെ സ്കൂട്ടർ
കൂത്താട്ടുകുളം: നടക്കാവ് ഹൈവേയിൽ ഗുഡ്വിൽ ആശുപത്രിക്ക് സമീപം സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. വടകര ഗോപുരം വീട്ടിൽ സുരേഷിന്റെ ഭാര്യ സിന്ധു സഞ്ചരിച്ച മൂച്ചക്ര സ്കൂട്ടറിലാണ് അജ്ഞാത കാറിടിച്ചത്.
ഹൈവേയ്ക്ക് സമീപമുള്ള ഡോ. ജെയിംസ് മാണിയെ കണ്ട് വടകരയിലെ വീട്ടിലേക്ക് മടങ്ങാൻ സ്കൂട്ടറിൽ കയറുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയും സിന്ധു റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. അപകടമുണ്ടാക്കിയ കാർ നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി.
പരിക്കേറ്റ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സിന്ധുവിനെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധു കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിലെ ജീവനക്കാരിയാണ്. സിന്ധു സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിന്ധുവിന്റെ പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. അപകടസ്ഥലത്തുനിന്ന് കാറിന്റെ തകർന്ന ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇവയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് കൂത്താട്ടുകുളം പൊലിസ് നടത്തിയ പരിശോധനയിൽ വാഹനത്തെക്കുറിച്ച് നിർണായക സൂചന ലഭിക്കുകയും അപകടമുണ്ടാക്കിയ വാഹന ഉടമയെ കണ്ടെത്തുകയുമായിരുന്നു.
Tags : NattuVishesham DistrictNews