ആറാംമൈൽ റോഡ് തകർന്ന നിലയിൽ
വാഴക്കുളം: ടൗണിനോടനുബന്ധിച്ചുള്ള ആറാംമൈൽ റോഡ് തകർന്ന നിലയിൽ. മഞ്ഞള്ളൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന പൊതുമരാമത്ത് റോഡ് വർഷങ്ങളായി തകർന്ന നിലയിലാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.
വാഴക്കുളം കർമല ആശ്രമ ദേവാലയം, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, കാർമൽ പബ്ലിക് സ്കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകാൻ തെക്കുംമല, കദളിക്കാട് ഭാഗങ്ങളിൽ നിന്നെത്തുന്നവർ ഉപയോഗിക്കുന്ന വഴിയാണിത്.
സ്കൂൾ ബസുകളുൾപ്പെടെ ദിവസേന നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്ര ദുഷ്കരവും അപകടസാധ്യതയുള്ളതുമാക്കുന്നു.
റോഡിന് മതിയായ വീതിയില്ലാത്തതിനാൽ കുഴികൾ ഒഴിവാക്കിപോകുന്ന വാഹനങ്ങളുടെ അപകടസാധ്യത വർധിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ നടത്തിയ കോൺക്രീറ്റിംഗും പലയിടങ്ങളിലായി തകർന്നിട്ടുണ്ട്.
റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ടാറിംഗ് ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.
Tags : NattuVishesham DistrictNews