കോയന്പത്തൂർ സുബ്ബരായ ട്രോഫിയിൽ റണ്ണറപ്പായ കണ്ണൂർ പൊലിസ് ടീം ( ഫയൽചിത്രം).
കണ്ണൂർ: ഫുട്ബോൾ കളത്തിലേക്ക് കേരള പൊലിസിനെ കൈപിടിച്ച് കയറ്റിയത് "കണ്ണൂർ സ്ക്വാഡ്' ആയിരുന്നു. പ്രശസ്തമായ കേരള പൊലിസ് ഫുട്ബോൾ ടീം രൂപീകരിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുന്പായിരുന്ന് അത്. 1967ലാണ് കണ്ണൂർ പൊലിസ് ഫുട്ബോൾ ടീമിന്റെ തുടക്കം. എആർ ക്യാന്പിലെ അസിസ്റ്റന്റ് കമൻഡാന്റ് വില്യംസിന്റെ നേതൃത്വത്തിലായിരുന്നു ടീം രൂപീകരണം. ഹെഡ് കോൺസ്റ്റബിൾ കുമാരനായിരുന്നു ആദ്യ പരിശീലകൻ. പൊലിസ് കായികമേളയിൽ പങ്കെടുക്കുകയെന്ന ലക്ഷ്യം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ.
എന്നാൽ, കണ്ണൂരിൽ പൊതുവെയുള്ള ഫുട്ബോൾ അന്തരീക്ഷത്തോടൊപ്പം കളിക്കാരുടെ ആത്മാർപ്പണവും ജില്ലാ പൊലിസ് സൂപ്രണ്ടുമാരുടെ പ്രോത്സാഹനവും ചേർന്നപ്പോൾ കാക്കിപ്പട കളിക്കളത്തിൽ കസറി. 1984ൽ ഡിജിപി എം.കെ.ജോസഫിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി താരങ്ങളെ റിക്രൂട്ട് ചെയ്ത് കേരള പൊലിസ് ടീം രൂപീകരിക്കുന്നതുവരെ ഫുട്ബോളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നത് കണ്ണൂർ പൊലിസായിരുന്നു.
1975-76ൽ ജില്ലാ സീനിയർ ഡിവിഷൻ ചാന്പ്യന്മാരായി പൊലിസ് ചരിത്രം കുറിച്ചു. അതുവരെ ക്ലബുകൾ മാത്രം സ്വന്തമാക്കിയിരുന്ന കണ്ണൂർ ലീഗ് കിരീടം ആദ്യമായി സർവീസ് ടീമിന്റെ കൈകളിൽ ഉയർന്നു. 1984-85വരെ മൂന്നു തവണയൊഴികെ പൊലിസ് തന്നെയായിരുന്നു ലീഗ് ചാന്പ്യന്മാർ. ഒന്പത് തവണയാണ് പൊലിസുകാർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. കെൽട്രോണിന്റെ കുതിപ്പിൽ പൊലിസ് ടീമിന് തളർച്ച നേരിട്ടെങ്കിലും 1989-90ൽ കണ്ണൂർ ലീഗ് കിരീടം തിരിച്ചുപിടിച്ചു. പിന്നീട് 2007-08ൽ ലീഗ് ചാന്പ്യൻമാരായി.
ദേശീയ ടൂർണമെന്റുകളിലൂടെ പൊലിസ് ടീം അതിവേഗം രാജ്യശ്രദ്ധ നേടി. ദക്ഷിണേന്ത്യൻ പൊലിസ് ചാന്പ്യൻഷിപ്പിൽ ഫുട്ബോൾ കിരീടം ഏറെക്കാലം കുത്തകപോലെ കണ്ണൂർ കാത്തു. 1984ൽ ഹൈദരബാദിലായിരുന്നു തുടക്കം. അതേവർഷം ജലന്ധറിൽ നടന്ന അഖിലേന്ത്യ ചാന്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി. 1982ൽ തിരുവനന്തപുരത്ത് നടന്ന ഓൾ ഇന്ത്യ പൊലിസ് ചാന്പ്യൻഷിപ്പിൽ റണ്ണേഴ്സപ്പായി. രാജസ്ഥാൻ പുസാദ് രാജി ട്രോഫി നേട്ടം കണ്ണൂർ പൊലിസിന്റെ പൊൻതൂവലാണ്. ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈയിലെ ക്ലബിനെ തോൽപ്പിച്ചാണ് ജേതാക്കളായത്. 1976ൽ ബംഗളൂരു പുട്ടയ്യ ട്രോഫിയിൽ ഇന്ത്യൻ കോച്ച് ജി.എം.എച്ച്. ബാഷ പരിശീലിപ്പിച്ച സിഐഎൽ ടീമിനെ തകർത്ത് സെമിയിലെത്തി.
കണ്ണൂർ ശ്രീനാരായണ ട്രോഫിയിൽ ഇന്ത്യൻ താരങ്ങളടങ്ങിയ ജെസിടി മിൽസ് ഫഗ്വാരയ്ക്കെതിരെയുള്ള പൊലിസ് ടീമിന്റെ പോരാട്ടം ഏറെ ആവേശത്തോടെയാണ് ഇപ്പോഴും ആളുകൾ ഓർക്കുന്നത്. ആദ്യമത്സരം സമനിലയിലായതിനാൽ പിറ്റേന്ന് വീണ്ടും കളിച്ചു. അതും സമനിലയിലായതോടെ ടൈബ്രേക്കറിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്തവണത്തെ ചാന്പ്യൻമാരായ ജെസിടി കരകയറിയത്.
ഇന്റർനാഷണൽ പി.കെ. ബാലചന്ദ്രൻ ഉൾപ്പെടെ മൂന്ന് സന്തോഷ് ട്രോഫി താരങ്ങൾ പൊലിസിൽ നിരയിൽനിന്നുണ്ടായി. ലെഫ്റ്റ് ഔട്ട് ബാലചന്ദ്രൻ അഞ്ചുതവണ സന്തോഷ് ട്രോഫി കേരള ടീമംഗമായിരുന്നു. സ്റ്റോപ്പർബാക്ക് എൻ. മോഹനൻ മൂന്നുതവണയും പാട്ടത്തിൽ രവി ഒരു തവണയും കേരളത്തിന്റെ ജഴ്സിയണിഞ്ഞു. മുൻ ഇന്ത്യൻ നായകൻ കെ.വി.ധനേഷും ഗോൾകീപ്പർ കെ.വി.ശിവദാസും പൊലിസിന്റെ അതിഥി താരങ്ങളായിരുന്നു.
കെ.പി.പി തുടക്കമിട്ട ഫുട്ബോൾ "കപ്പാസിറ്റർ’
1976 ജൂലൈയിലാണ് കണ്ണൂർ മാങ്ങാട്ടുപറന്പിൽ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ആരംഭിക്കുന്നത്. നാട്ടുകാരൻ കൂടിയായ സ്ഥാപക ചെയർമാൻ കെ.പി.പി. നന്പ്യാർ അതോടൊപ്പം തന്റെയൊരു സ്വപ്നംകൂടി ചേർത്തു. പ്രാദേശിക ഫുട്ബോൾ കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ ഒരു ടീമും സജ്ജമാക്കുക. അതിനായി അനുജനും സ്ഥാപനത്തിലെ സീനിയർ ഡെവലപ്പ്മെന്റ് എൻജിനിയറുമായ കെ.പി.എൻ.കുട്ടിക്ക് ചുമതല നൽകി.
1977ൽ രൂപീകരിച്ച കെൽട്രോൺ ഫുട്ബോൾ ടീം കന്പനിയുടെ ബ്രാൻഡ് ആയി മാറാൻ അധികനാൾ വേണ്ടിവന്നില്ല. തൊട്ടടുത്ത വർഷം ജില്ലാ സി ഡിവിഷൻ ലീഗിൽ അരങ്ങേറ്റം കുറിച്ചു. 1985-86 സീസണിൽ സീനിയർ ഡിവിഷൻ ജേതാക്കളായി. തുടർന്ന് 1989-90ൽ ഒഴികെ 18 വർഷം ജില്ലാ ലീഗിൽ കെൽട്രോണിന്റെ കുതിപ്പായിരുന്നു.
പ്രശസ്തമായ മുംബയ് റോവേഴ്സ് കപ്പിന്റെ സെമിയിൽ കളിക്കുന്ന ആദ്യത്തെ കേരള ടീമായിരുന്നു കെൽട്രോൺ. 1989-ലെ സെമിഫൈനൽ മത്സരത്തിൽ അവസാന മിനുട്ടിൽ നേടിയ ഒരു ഗോളിനാണ് കരുത്തരായ ഡെംപോ ഗോവ കെൽട്രോണിനെ മറികടന്നത്. 1988ൽ എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ ശ്രീനാരായണ ട്രോഫി പുനരാരംഭിച്ചപ്പോൾ ഏറ്റവും തിളങ്ങിയത് കെൽട്രോൺ ടീമായിരുന്നു. ജെസിടിയെ തോൽപിച്ച് ഫൈനലിൽ എത്തിയ കെൽട്രോൺ ടൈബ്രേക്കറിലാണ് കേരള പൊലിസിനോട് കീഴടങ്ങിയത്.
1991ൽ സ്പിരിറ്റഡ് യൂത്ത്സ് ക്ളബിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ ടൂർണമെന്റിൽ കെൽട്രോൺ ചാന്പ്യൻമാരായി. ഫെഡറേഷൻ കപ്പ് നേട്ടത്തിന്റെ തിളക്കവുമായി എത്തിയ കേരള പൊലിസാണ് കെൽട്രോണിന്റെ മുന്നേറ്റത്തിൽ തകർന്നത്. 1992ൽ തിരൂരിൽ ക്ലബ് ഫുട്ബോൾ ചാന്പ്യൻമാർക്കുള്ള കേരള കൗമുദി ട്രോഫി നേടി. അഹമ്മദാബാദിൽ നടന്ന ഏഷ്യാകപ്പ് അഖിലേന്ത്യാ ഇൻവിറ്റേഷൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിലെ ആദ്യകിരീടം കെൽട്രോണിനായിരുന്നു. ഫൈലിൽ സേസാ ഗോവയെയാണ് തോൽപ്പിച്ചത്.
പെപ്സി കപ്പും കൽപ്പറ്റ ജിനചന്ദ്ര ട്രോഫിയും കെൽട്രോണിന്റെ ഷോകേസിലെത്തി. മാമ്മൻ മാപ്പിള ട്രോഫി, തിരുവനന്തപുരം മേയേഴ്സ് ട്രോഫി, രാജസ്ഥാനിലെ മോഹൻ കുമാരമംഗലം അഖിലേന്ത്യ കപ്പ്, അഖിലേന്ത്യ സെൻട്രൽ റവന്യു ഓപ്പൺ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് എന്നിവയിൽ റണ്ണേഴ്സ് അപ്പായി. ബംഗളൂരു പ്രസിഡന്റ്സ് കപ്പിലും സ്റ്റഫോർഡ് ട്രോഫിയിലും കോഴിക്കോട് സേട്ട് നാഗ്ജിയിലും സെമിഫൈനൽ വരെ മുന്നേറി.
രാജ്യത്തിനും കേരളത്തിനുമായി നാല്പതിലേറെ കളിക്കാരെ കെൽട്രോൺ സമ്മാനിച്ചിട്ടുണ്ട്. 19 വർഷത്തെ ഇടവേളയ്ക്കുശേഷം 1992ൽ കേരളം കോയന്പത്തൂരിൽ സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിലെ ആറുപേർ കെൽട്രോണിൽ നിന്നായിരുന്നു. സുവർണനേട്ടങ്ങൾ കാലത്തിന് സമ്മാനിച്ച് 2004ൽ കെൽട്രോൺ ഫുട്ബോൾ ടീം ബൂട്ടഴിച്ചു.
(അവസാനിച്ചു)
Tags : NattuVishesham DistrictNews