National
ചെന്നൈ: ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തതിനെയും അജിത് കുമാറിനെ കണ്ടുമുട്ടിയതിനെയും രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷമായ ഡിഎംകെ. വിദേശ നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ വിജയ്, തന്റെ സുഹൃത്ത് അജിത്തിന്റെ കാർ റേസ് കാണാനാണ് അവിടെയെത്തിയതെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പരിഹസിച്ചു.
സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ വിദേശ നിക്ഷേപം കൊണ്ടുവരാൻ ഇപ്പോൾ യാതൊരു തിടുക്കവുമില്ലെന്നും ഡിഎംകെ നേതാക്കൾ വിമർശിച്ചു. എന്നാൽ ഡിഎംകെയുടെ വിമർശനങ്ങൾ തള്ളിക്കളഞ്ഞ ടിവികെ വക്താവ് അമരിക്കൈ വി. നാരായണൻ, വിജയുടെ സന്ദർശനം 'ബ്രാൻഡ് തമിഴ്നാടിന്റെ' മൂല്യം വർധിപ്പിക്കാനാണെന്ന് വ്യക്തമാക്കി.
"ഭരണപരമായ നയങ്ങൾ മുഖ്യമന്ത്രി നിശ്ചയിച്ചു നൽകിയിട്ടുണ്ട്, മന്ത്രിമാരും ഉദ്യോഗസ്ഥരും അത് നടപ്പിലാക്കുന്നുമുണ്ട്. ഒരു ഔദ്യോഗിക സന്ദർശനത്തിനിടെ സുഹൃത്തിനെ കാണുന്നത് തെറ്റല്ല. അജിത്ത് തമിഴ്നാട്ടിൽ മാത്രമല്ല, റേസിംഗ് രംഗത്തും വലിയൊരു താരമാണ്. അവർക്ക് അസൂയ ഉള്ളതുകൊണ്ടാണ് ഇത്തരം ചെറിയ കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നത്."
ചെന്നൈക്ക് സമീപം നിർദേശിക്കപ്പെട്ടിട്ടുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർഥ്യമാക്കാനും തമിഴ്നാടിലേക്ക് പുതിയ വ്യവസായങ്ങൾ എത്തിക്കാനുമാണ് മുഖ്യമന്ത്രി ഈ സന്ദർശനം നടത്തിയതെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
National
ചെന്നൈ: ജീവനക്കാർക്കു കൈക്കൂലി നൽകി ആശുപത്രി മോർച്ചറിക്കുള്ളിൽ കടന്ന് മൃതദേഹത്തിനൊപ്പം റീൽ ചിത്രീകരിച്ച രണ്ടുപേരും ഇവരെ സഹായിച്ച മൂന്നാമനും തമിഴ്നാട് പൊലിസ് പിടിയിൽ.
ചെന്നൈ ഗവൺമെന്റ് സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ നടന്ന വിവാദസംഭവത്തിൽ വ്യാസർപടി സ്വദേശികളായ സതീഷ് കുമാറും ഭരണകക്ഷിയായ ടിവികെയുടെ പ്രവർത്തകൻ ദീന എന്ന ദിനേശ് കുമാറുമാണു പിടിയിലായത്.
ഒട്ടേറെ കേസുകളിൽ പ്രതിയായ എറണാവൂർ സ്വദേശി ആനന്ദിന്റെ മൃതദേഹത്തിനൊപ്പമാണ് ഇവർ റീൽ ചിത്രീകരിച്ചത്. ആനന്ദ് ഇവരുടെ ഉറ്റ അനുയായി ആയിരുന്നു.
ആശുപത്രിയിലെ ബാറ്ററി വാഹനങ്ങൾ ഓടിക്കുന്ന ശങ്കർ എന്നയാളുടെ സഹായത്തോടെയാണ് സതീഷ് കുമാറും ദിനേശ് കുമാറും മോർച്ചറിയിൽ കടന്നത്. ശ്രീനിവാസൻ എന്ന മറ്റൊരു തൊഴിലാളിക്ക് 200 രൂപ കൈക്കൂലി നൽകി ഇരുവരും താക്കോൽ കൈവശപ്പെടുത്തുകയായിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിലെ പ്രസംഗത്തിനിടെ നടത്തിയ ആംഗ്യങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തന്റെ ആംഗ്യങ്ങൾ ആരെയും കളിയാക്കാനോ വ്യക്തിപരമായി അധിക്ഷേപിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും അതിനുപിന്നിൽ ദുരുദ്ദേശങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിലെ 45 മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവിൽ വിജയ് താടിയിൽ കൈവെച്ച് ഉയർത്തുന്ന രീതിയിൽ കാട്ടിയ ആംഗ്യമാണ് വിവാദത്തിന് വഴിവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരിക്കെ പോലീസിന്റെ ക്രൂര മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിക്കാനാണ് വിജയ് ഈ ആംഗ്യം കാണിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഭരണകക്ഷിയായ ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം, സിപിഐ എന്നീ പാർട്ടികളും വിജയിയുടെ നടപടിയെ ശക്തമായി അപലപിച്ചു.
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ രണ്ടു നിയമസഭാ സീറ്റുകൾ ഉൾപ്പടെ അഞ്ചു നിയമസഭാ സീറ്റുകളിലേക്കും ആസാമിലെ നാഗാവ് ലോക്സഭാ സീറ്റിലേക്കും ഒക് ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കും.
തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളിലിൽ വിജയിച്ച അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു.
ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച സീറ്റാണ് നന്ദിഗ്രാം.
ഭവാനിപുരിലും നന്ദിഗ്രാമിലും വിജയിച്ച അധികാരി ഭവാനിപുർ നിലനിർത്തുകയായിരുന്നു. പുതുച്ചേരിയിലെ തട്ടാൻചാവടിയിലും ഉപതെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി എൻ. രംഗസ്വാമി രാജിവച്ച സീറ്റാണിത്.
കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയി രാജിവച്ചതിനെത്തുടർന്നാണ് നാഗാവിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ബിജെപിയിൽ ചേർന്ന ബർദലോയി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ ഇരയിൻപ്(28) ആണ് മരിച്ചത്. ദേശീയപാതയിൽ കാട്ടാൻകുളത്തൂരിലാണ് അപകടം.
മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്. വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി തൊട്ടുമുന്നിലുള്ള കാറിലാണ് യാത്ര ചെയ്തിരുന്നത്.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ മധുരെ സ്വദേശി ചിന്ന അഗ്നിയെ പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപെട്ട കാർ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊട്ടിയം: കൊട്ടിയം ഉമയനല്ലൂരിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിലായി. തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരത്ത് രമേശ് സുഭാഷ് (24) ആണ് കേസിൽ അറസ്റ്റിലായത്. കൊട്ടിയം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
ഉമയനല്ലൂർ സ്വദേശി മുഹമ്മദ് റാഫിയുടെ ബുള്ളറ്റ് ആണ് പ്രതി മോഷ്ടിച്ചത്. കേസിൽ അന്വേഷണം തുടരുന്നതിനിടെ കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്ന് ആണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലിസിന് ലഭിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെയും ടവർ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലിസ് കണ്ടെത്തിയത്. ഇയാൾ കൊട്ടിയത്തും പരിസരപ്രദേശങ്ങളിലും കെട്ടിട നിർമാണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അന്വേഷണത്തിൽ രമേശ് സുഭാഷ് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലാപനം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ മറികടന്നാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഡിഎംകെയും എഐഎഡിഎംകെയും പിന്തുണച്ചു.
ചടങ്ങുകളിൽ ദേശീയ ഗാനമായ വന്ദേമാതരത്തിന് ഒന്നാം സ്ഥാനം നൽകണമെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയാണ് തമിഴ് ഭാഷാ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ് രംഗത്തെത്തിയത്. തമിഴ് വെറുമൊരു ഭാഷയല്ലെന്നും തങ്ങളുടെ ജീവശ്വാസവും വികാരവുമാണെന്നും സഭയിൽ നടത്തിയ പ്രകാശന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് ജനുവരിയിലും ജൂലൈയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന ഗാനത്തിന് പ്രഥമസ്ഥാനം നൽകണമെന്ന് വിജയ് സഭയിൽ ഉറപ്പിച്ചു പറഞ്ഞു. 1970 മുതൽ ചടങ്ങുകൾക്ക് തുടക്കത്തിൽ തമിഴ് ഗാനം പാടുന്ന പതിവുണ്ടായിരുന്നു. എന്നാൽ അടുത്തിടെ സർവകലാശാല ചടങ്ങിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് ഗാനം മൂന്നാമതായി പാടിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പാർട്ടി വ്യത്യാസമില്ലാതെ ഡിഎംകെയും എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചതോടെ, ഇനി പ്രത്യേക അനുമതിയില്ലാതെ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കണ്ണൻ ആണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്ക് സമീപം അഡയാറിലാണ് കഴിഞ്ഞ ദിവസം രാത്രി കൊലപാതകം നടന്നത്.
എഐഎഡിഎംകെ വിട്ടാണ് കണ്ണന് ടിവികെയില്‍ ചേർന്നത്. 2009ലെ ശിവ കൊലക്കേസിൽ കണ്ണന് പങ്കുണ്ടായിരുന്നതായി തമിഴ്നാട് പൊലിസ് പറയുന്നു. ഇതേതുടർന്നുള്ള പ്രതികാരമാണ് കണ്ണന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് ഭാഷ്യം.
ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. കണ്ണന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. പ്രതികളെ പിടികൂടാൻ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
National
ചെന്നൈ: ടിവികെ മന്ത്രിസഭയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും എന്നാൽ മന്ത്രിസഭയിലേക്കില്ലെന്ന് ഇടതുപാർട്ടികൾ. സിപിഎമ്മിന്റെയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കിയത്.
മന്ത്രിസഭയിൽ ചേരണമെന്ന് ടിവികെ മന്ത്രിമാർ ഇടതുനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. അടുത്ത ബുധനാഴ്ച നടക്കുന്ന ടിവികെ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
നിലവിൽ സിപിഎമ്മിനും സിപിഐക്കും രണ്ട് എംഎൽഎമാർ വീതമാണുള്ളത്. നിലവിൽ കോൺഗ്രസ് ടിവികെ മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ പ്രതിഷേധങ്ങളിൽ പങ്കാളികളായ അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സർക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധങ്ങളെ മുന്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വരഹിതമായുമാണ് കൈകാര്യം ചെയ്തതെന്നും വിജയ് വിമർശിച്ചു. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അധ്യാപകർക്കും ഒപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് വ്യക്തമാക്കി.
ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുക പ്രവര്‍ത്തനങ്ങളിലൂടെയാകും. സംസ്ഥാനത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കെതിരെ സിപ്കോട്ട് വ്യാവസായിക പദ്ധതിക്കും പറണ്ടൂര്‍ വിമാനത്താവളത്തിനും എതിരെ പ്രതിഷേധിച്ചതിന് കേസെടുത്തതായി വിജയ് പറഞ്ഞു.
ഇത്തരം കേസുകൾ ഇതുവരെ തീര്‍പ്പാകാതെ നിലനില്‍ക്കുകയാണ്. സമാനമായി അധ്യാപകർക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ജോസഫ് വിജയ് കൂട്ടിച്ചേർത്തു.
Movies
മേട്ടൂർ അണക്കെട്ട് സന്ദർശനത്തിനിടയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരു വയോധികയ്ക്ക് തന്റെ വിലകൂടിയ ക്രിസ്ത്യൻ ഡിയോർ കണ്ണട സമ്മാനിച്ചത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
കാവേരി ഡെൽറ്റയിലെ സാംബ കൃഷിക്കായി മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തുവിടാൻ സേലം ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.
ഔദ്യോഗിക തിരക്കുകൾക്കും ചടങ്ങുകൾക്കുമിടയിലാണ് ഈ ഹൃദ്യമായ സംഭവം നടന്നത്. സന്ദർശനത്തിനിടയിൽ വയോധികയുമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി, പെട്ടെന്ന് തന്റെ കണ്ണട ഊരി അവർക്ക് സമ്മാനിക്കുകയായിരുന്നു. ഏകദേശം അൻപതിനായിരത്തിലധികമാണ് കണ്ണടയുടെ വില.
മുഖ്യമന്ത്രിക്കൊപ്പം നടക്കുമ്പോൾ വയോധിക പുഞ്ചിരിയോടെ വഴിയരികിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഔദ്യോഗിക ചടങ്ങിന്റെ ഗൗരവത്തെ മാറ്റിമറിച്ച്, ജനപ്രിയ നടൻ കൂടിയായ മുഖ്യമന്ത്രിയുടെ ഈ ലളിതമായ പെരുമാറ്റം സന്ദർശനത്തെ കൂടുതൽ സ്നേഹനിർഭരമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിൽ ആവിൻ പാൽ സംഭരണവില വീണ്ടും വർധിപ്പിച്ചതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംഭരണവില ലിറ്ററിന് 44 രൂപയായാണ് ഉയർത്തിയത്. കാലിതീറ്റച്ചെലവും പരിപാലനച്ചെലവും ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
നേരത്തെ ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട വർധനയിലൂടെ സംഭരണവില 38 രൂപയിൽ നിന്ന് 41 രൂപയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് രൂപ കൂടി വർധിപ്പിച്ച് 44 രൂപയിലെത്തിച്ചിരിക്കുന്നത്. വിലവർധനവ് മൂലം ആവിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണമായും വഹിക്കും.
പ്രതിമാസം 60 കോടി രൂപയും പ്രതിവർഷം 720 കോടി രൂപയുമാണ് ഇതിലൂടെ സർക്കാരിന് അധികമായി ചെലവ് വരുന്നത്. സംസ്ഥാനത്തെ 3.16 ലക്ഷത്തിലധികം വരുന്ന പാൽ ഉത്പാദകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ വിജയ് സർക്കാർ വെട്ടിച്ചുരുക്കി. ഇസഡ് പ്ലസ് വിഭാഗത്തിൽ നിന്ന് അദ്ദേഹത്തിന്റെ സുരക്ഷ ഇസഡിലേക്ക് മാറ്റിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ മണിവസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന 54 പോലീസുകാരുടെ എണ്ണം പുതിയ ക്രമീകരണത്തിൽ 34 ആയി കുറച്ചു. സുരക്ഷ പൂർണമായി പിൻവലിച്ചിട്ടില്ല. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം അദ്ദേഹത്തിന് തുടർന്നും ലഭിക്കും.
തമിഴ്നാട്ടിലെ വിഐപികൾക്കും വിവിഐപികൾക്കും നൽകുന്ന സുരക്ഷ ആറു മാസത്തിലൊരിക്കൽ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവം എന്നിവ വിലയിരുത്തിയ ശേഷമാണ് ഈ മാറ്റം വരുത്തിയത്.
Business
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന പദ്ധതിയുടെ ഭാഗമായി തമിഴ്നാട് 1.28 ലക്ഷം മോതിരങ്ങൾക്ക് ഓർഡറുകൾ നൽകി.
ഏകദേശം 220 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണകക്ഷിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതി.
നാലുമാസം പദ്ധതി നടപ്പാക്കാൻ ഒരു ലക്ഷത്തിനു മുകളിൽ മോതിരങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആകെ തയാറാക്കുന്ന 1,28,499 മോതിരങ്ങളിൽ 70 ശതമാനവും തയാറാക്കുന്നത് ജോയ് ആലുക്കാസാണ്.
30 ശതമാനം മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സും ഒരുക്കും. ദ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷനാണ് ജോയ് ആലുക്കാസിനും കല്യാണിനുമായി കരാർ നൽകിയിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യൻ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം ലഭിക്കും. പ്രതിവർഷം 4,41,661 മോതിരങ്ങൾ വേണ്ടിവരുമെന്നു കണക്കാക്കുന്ന പദ്ധതിക്കായി 755.83 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.
Movies
പരിഹസിച്ചവർക്ക് മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യ്ക്കൊപ്പമുള്ള ചിത്രം ഒടുവിൽ പങ്കുവച്ച് പാലക്കാട് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയ് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് കെ ഉണ്ണിക്കണ്ണൻ വിജയ് ഫാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
തോൽക്കുന്നവനേ ജയിക്കുകയുള്ളൂ, തലവര മാറ്റിയ ദളപതി എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷമാണ് ഉണ്ണിക്കണ്ണൻ വിജയിയോടൊപ്പം ഫോട്ടോയെടുത്തത്.
കഴിഞ്ഞ വർഷം ‘ജനനായകന്റെ’ സെറ്റിൽ നിന്നും എടുത്ത ഫോട്ടോ ഉണ്ണിക്കണ്ണന് ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിലും വലിയ സൈബറാക്രമണം ഉണ്ണിക്കണ്ണന് നേരിടേണ്ടി വന്നിരുന്നു.
ഒടുവിൽ നടൻ ചന്തു സലിംകുമാർ, നടിമാരായ കല്യാണ പ്രിയദർശൻ, മമിത ബൈജു എന്നിവർ ഇടപെട്ടാണ് തനിക്ക് ആ ഫോട്ടോ ലഭിച്ചതെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഫോട്ടോ ലഭിക്കാൻ ഇവരെല്ലാം ഏറെ കഷ്ടപ്പെട്ടെന്നും അതിന് നന്ദിയുണ്ടെന്നും ഉണ്ണക്കണ്ണൻ പറഞ്ഞു.
നിമിഷങ്ങൾക്കകം വൈറലായ പോസ്റ്റിന് താഴെ സിനിമാ മേഖലയിൽ നിന്നടക്കം നിരവധിപേർ ആശംസകളും സൗഹൃദ കമന്റുകളുമായി രംഗത്തെത്തി. മമിത ബൈജു, നടന്മാരായ ചന്തു സലീംകുമാർ, മാത്യു തോമസ്, ഗായകൻ ഡബ്സി അടക്കമുള്ളവർ കമന്റുമായി എത്തിയിട്ടുണ്ട്. ചന്തു സലിംകുമാർ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെക്കുകയും ചെയ്തു.
National
ചെന്നൈ: ഇടതുകക്ഷികളും കോക്രോച്ച് ജനതാ പാർട്ടിയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ വിദ്യാർഥികളെ വിലക്കിയ വിവാദ ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.
കഴിഞ്ഞ 17 നാണു വിലക്ക് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്കും കോളജ് പ്രിൻസിപ്പൽമാർക്കും പോലീസിനും ജില്ലാ ഭരണകൂടത്തിനും സർക്കുലർ അയച്ചത്.
ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പ്രീണിപ്പിക്കാനാണു തീരുമാനമെന്നും വിമർശനം ഉയർന്നു. ഇതേത്തുടർന്നാണ് കാരണമൊന്നും പറയാതെ വിവാദ തീരുമാനം പിൻവലിച്ചുള്ള സർക്കുലർ ഇന്നലെ പുറത്തിറങ്ങിയത്.
National
ചെന്നൈ: തമിഴ്നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ഇടപെടല്‍ നടത്താനുമാണ് കാർ നൽകുന്നതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ പുതിയ പദ്ധതിക്ക് കീഴില്‍ ഓരോ നിയമസഭാംഗത്തിനും 75,000 രൂപയുടെ അലവന്‍സും ലഭിക്കും. ഡ്രൈവറുടെ ശമ്പളവും കാറുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായാണ് തുക. ഇവയ്ക്ക് പുറമേ ഓരോ എംഎല്‍എ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കാനായി മാസം 25,000 രൂപയും സർക്കാർ നൽകും.
അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭിക്കാതെ എംഎല്‍എമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വിസികെ എംഎല്‍എ ജോതിമണി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വിഷയം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷം രംഗത്ത്. സർക്കാരിന്റെ 100 ദിനങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിൽ ബിജെപിയും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർത്തിയത്. തമിഴ്നാട് സെക്രട്ടറിയേറ്റിലെ ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജിൽ നിന്ന് ചെന്നൈയിലെ നാമക്കൽ കവിഞ്ഞാർ മാളിഗൈ കെട്ടിടത്തിന്റെ 10-ാം നിലയിലേക്ക് ഓഫീസ് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാരുടെയും ഉപദേശകരുടെയും സ്ഥലസൗകര്യക്കുറവ് പരിഹരിക്കാനാണ് ഈ താത്കാലിക മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി 5.54 കോടി രൂപയുടെ ടെൻഡർ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നിർമാണ ജോലികൾ ആരംഭിച്ചതിന് ശേഷമാണ് സർക്കാർ ടെൻഡർ ഓൺലൈനായി പരസ്യപ്പെടുത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ടെൻഡർ നടപടികളിൽ സുതാര്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ടിവികെ സർക്കാർ ഇപ്പോൾ സ്വജനപക്ഷപാതവും നിയമലംഘനവും നടത്തുകയാണെന്ന് ബിജെപി നേതാവ് സി.ആർ. കേശവൻ ആരോപിച്ചു.
ടെൻഡർ പൂർത്തിയാകുന്നതിന് മുൻപേ നിർമാണം ആരംഭിച്ചതിൽ കൂടുതൽ വ്യക്തത വേണമെന്ന് ഡിഎംകെ എംഎൽഎ ഇ.വി. വേലുവും ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിഡബ്ല്യുഡി മന്ത്രി ആധവ് അർജുന തമിഴ്നാട് നിയമസഭയിൽ വ്യക്തമാക്കി. ടെൻഡർ നടപടികൾ പൂർണമായും സുതാര്യമായിരിക്കുമെന്നും, ഖജനാവിന് യാതൊരുവിധ നഷ്ടവും സംഭവിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രി വിജയിയുടെ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും 100 ചതുരശ്ര അടിയിൽ താഴെയുള്ള മുറികളിലാണ് നിലവിൽ ജോലി ചെയ്യുന്നതെന്നും, വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾക്കും മറ്റുമായി സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുക മാത്രമാണ് ഓഫീസ് മാറ്റത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Movies
തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത തൃഷയായിരുന്നു സമൂഹമാധ്യമങ്ങളിലെ താരം. തൃഷ കാറിൽ നിന്നിറങ്ങി വരുന്നതും സദസിൽ ഇരിക്കുന്നതും വിജയ്യെ അഭിസംബോധന ചെയ്യുന്നതുമൊക്കെ ഇപ്പോൾ വൈറലാണ്.
അതേസമയം ചർച്ചകൾ ഒരു വശത്ത് മുറുകുമ്പോൾ ചടങ്ങിനെത്തിയ സാരിയുടത്ത ചിത്രങ്ങൾ പങ്കുവച്ച് എല്ലാ ചർച്ചകളെയും കെയർഫ്രീ ആക്കുകയാണ് തൃഷ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ താരം തെരഞ്ഞെടുത്തത് അമ്മയുടെ സാരിയായിരുന്നു. ഇക്കാര്യം തൃഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
തൃഷയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘പ്രിയപ്പെട്ടവളെ... നിന്നെ പ്രണയിക്കാതിരിക്കാൻ നീയെനിക്കൊരു കാരണം പറഞ്ഞുതരൂ? അകത്തും പുറത്തും ഏറ്റവും സുന്ദരിയായ നീ’ എന്നായിരുന്നു ഖുഷ്ബുവിന്റെ കമന്റ്.
മഞ്ഞ നിറത്തിലുള്ള കസവ് സാരിയുടുത്തായിരുന്നു തൃഷ ചടങ്ങിനെത്തിയത്. ഇളംപച്ചനിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കൾക്കൊപ്പമാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കാണാൻ ഇരുന്നത്. തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.
ചെന്നൈ സെൻറ് ജോർജ് ഫോർട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ ഉൾപ്പെടെ മുൻനിരയിലായിരുന്നു തൃഷ ഇരുന്നതും.
മഞ്ഞ നിറമുള്ള സാരിയും മുടിയിൽ മുല്ലപ്പൂക്കളുമായി മുഖ്യമന്ത്രി വിജയ് വരുന്നത് കാത്തിരിക്കുന്ന തൃഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Kerala
കരുങ്കല്‍/വെള്ളറട: കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്ലഹേം സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു.
വെള്ളറട കത്തിപാറ പിഎഎന്‍ ഹൗസ് നിവാസില്‍ അനില്‍രാജ് -സോണി ദന്പതികളുടെ മകൾ അന്‍സിജി (21) ആണ് മരിച്ചത്. മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു അന്‍സിജി.
കഴിഞ്ഞ 14ന് കോളജില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍, അന്‍സിജിയെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും ഇതില്‍ മനംനൊന്ത അന്‍സിജി കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നവെന്നും പറയപ്പെടുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പളിനും മാനേജ്മെന്റിനുമെതിരെ കരുങ്കല്‍ പോലീസ് കേസെടുത്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കും അമ്മയ്ക്കുമെതിരേ അധിക്ഷേപ പരാമർശം നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ.
നാഗേന്ദ്രന്റെ മോശം പരാമർശത്തോട് മന്ത്രിമാരും മുന്നണിനേതാക്കളും അതിരൂക്ഷമായാണു പ്രതികരിച്ചത്. സംഭവത്തിൽ നാഗേന്ദ്രൻ പരസ്യമായി മാപ്പുപറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലായിരുന്നു വിവാദപരാമർശം. ജൂൺ 23-ന് സംസ്ഥാന നിയമസഭയിൽ വിജയ് പറഞ്ഞ ഒരുകഥയെപ്പറ്റിയാണ് നാഗേന്ദ്രൻ പരാമർശിച്ചത്.
തന്റെ പിതാവിനെ തെരയുന്ന ഒരു കുട്ടിയെക്കുറിച്ചായിരുന്നു കഥ. ഇതിനുപിന്നാലെ വിജയ്യെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ബിജെപി നേതാവ് നടത്തി.
National
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്.
മരം മുറിക്കാൻ അനുമതി നൽകിയെന്ന് കേരളത്തിന്റെ മുതിർന്ന അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ആരോപിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, കേരളത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ തങ്ങളെ ഒക്ടോബറിൽ അറിയിച്ചതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
National
ചെന്നൈ: സർക്കാർ പരിപാടികളിൽ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്ത് ആദ്യം തന്നെ ആലപിക്കുന്നത് ഉറപ്പാക്കാനായുള്ള സുപ്രധാന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.
അമ്മയെ പോലെയാണ് മാതൃഭാഷയെന്നും എന്നാൽ തമിഴ് തായ് വാഴ്ത്ത് അതിനും മുകളിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴിന്റെ പെരുമയ്ക്ക് തിരുക്കുറൽ ഒന്ന് മാത്രം മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളിൽ സംസ്ഥാന ഗീതം ഉൾപ്പെട്ടിരുന്നില്ല.
തമിഴ് തായ് വാഴ്ത്തിന്റെ കാര്യത്തിൽ സർക്കാർ ഒരുതരത്തിലും പിന്നോട്ടുപോവില്ലെന്ന് വിജയ് വ്യക്തമാക്കി. മനോന്മണീയം സുന്ദരനാർ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമത് പാടിയത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള ഫോറങ്ങളിലും ചെന്നൈ ഹൈക്കോടതിയിലും കേരള സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡിംഗ് കോൺസലായി അഡ്വ. ജെറിൻ ആഷർ സോജൻ നിയമിതനായി.
മുൻ സ്പെഷൽ ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. സോജൻ ജയിംസ് ഉപ്പുമാക്കലിന്റെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മുൻ എച്ച്ഒഡി ഡോ. ലിസമ്മ ജോൺ ചെറുപറമ്പിലിന്റെയും മകനാണ്.
Kerala
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്നും ഒരടി ഉയര്‍ത്താന്‍ കേരളം സമ്മതിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്. കോട്ടയം കാരിത്താസ് ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസും സംയുക്തമായി കരുതലായി കാരിത്താസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആശുപത്രിയില്‍ ഫ്ളാഗ് ഓഫ് ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള നിലപാട് മുന്‍കാലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 ല്‍ നിന്നും ഒരടി ഉയര്‍ത്താന്‍ കേരളം സമ്മതിക്കില്ല. ഇതാണ് കേരളത്തിന്റെ നിലപാട്.
ഡാമിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്ക്കുന്ന കാലമാണ്. അതിനാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളുള്‍പ്പെടെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും ഇക്കാര്യങ്ങള്‍ ഒന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല.
ഡാം സുരക്ഷാ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഡിസംബര്‍ 31നു മുന്‍പു നടത്തേണ്ട കാര്യമായിരുന്നു പക്ഷേ, അതു നടന്നിട്ടില്ല. ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം നിരാശാജനകമാണ്.
142 അടിയായി നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിനും കൂടി അനുകൂലമായി സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്ന നിലപാടാണ്. അതിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ രണ്ടും സംസ്ഥാനങ്ങള്‍ക്കും അവകാശമില്ല. അതിനാല്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ തീര്‍പ്പ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേരളത്തിന്റെ താത്പര്യം സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തി സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഉറച്ച നിലപാട് സ്വീകരിക്കും. ബുധനാഴ്ച തമിഴ്നാട് സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ യോഗം ചേര്‍ന്നു.
തമിഴ്നാടിനു ആവശ്യമായ ജലം കൊടുക്കുന്നതിനും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാര്‍ പ്രശ്നം സമന്വയമായി പരിഹരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ ആശങ്ക സുപ്രീംകോടതിയെ കൃത്യമായി അറിയിച്ചശേഷം പരിഹാരമുണ്ടാക്കും.
കേരളം ആവശ്യപ്പെടുന്ന പ്രതിനിധി മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ വേണം. മുമ്പുണ്ടായിരുന്ന ശിവരാജനെ കേരളവുമായി ആലോചിക്കാതെ മാറ്റി പുതിയ ആളെ നിയമിച്ചു. ഇത് കേരളത്തിനു അംഗീകരിക്കാവുന്നതല്ലെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു. അങ്ങനെയാണ് കേരളത്തിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കേന്ദ്രം ഒരു പാനല്‍ നല്‍കിയത് അതില്‍ നിന്നുമാണ്.
മുഖ്യമന്ത്രിയുമായും വകുപ്പു തലത്തിലും കൂടിയാലോചിച്ച് ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്പെഷല്‍ സെക്രട്ടറിയും മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫുമായ അശുതോഷ് ദാസിനെ കേരള പ്രതിനിധിയായി നിയമിച്ചതെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Sports
ചെന്നൈ: കായിക മേഖലയുടെ സമഗ്രവികസനത്തിന് തമിഴ്നാട്ടിലെ വിജയ് സര്ക്കാന് 2026-27 ബജറ്റില്‍ വകയിരുത്തിയത് 1,051 കോടി രൂപ.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കായിക താരങ്ങളെയും വകുപ്പ് അധികൃതരെയും അസൂയപ്പെടുത്തുന്ന നീക്കമാണിത്.
2025-26 ബജറ്റില്‍ 572 കോടി രൂപയായിരുന്നു. ഇത്തവണ 83.7 ശതമാനം വര്‍ധന.
National
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വർധിപ്പിക്കുന്നതിനൊപ്പം കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് അർഹതപ്പെട്ട ജലവിഹിതം നേടിയെടുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റവതരണ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ സുപ്രീം കോടതി നേരത്തെ തമിഴ്നാടിന് അനുമതി നൽകിയിരുന്നെങ്കിലും, കേരളത്തിന്റെ കടുത്ത ആശങ്കകളും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തി നിലവിൽ ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തി നിർത്തുകയായിരുന്നു.
എന്നാൽ ബജറ്റിലെ പുതിയ ഔദ്യോഗിക പ്രഖ്യാപനത്തോടെ, ജലനിരപ്പ് ഉയർത്താനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുമെന്ന ശക്തമായ സൂചനയാണ് പുറത്തുവരുന്നത്.
Movies
നടി തൃഷയ്ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത വിജയ് സർക്കാരിന്റെ നടപടിയെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്.
ഉദയനിധിയുടെ അറസ്റ്റ് ഭാവിയിലേക്ക് നല്ല മുന്നറിയിപ്പാണെന്ന് കങ്കണ അഭിപ്രായപ്പെട്ടു.
പൊതുവേദിയിൽ അശ്ലീല അധിക്ഷേപങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നടത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മിസ്റ്റർ സ്റ്റാലിനെ ജയിലിലടച്ചു. അദ്ദേഹം ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടാവാം, എങ്കിലും അറസ്റ്റ് നല്ലൊരു കീഴ്വഴക്കമാണ്', എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ. പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമർശം. തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സദസിൽ നിന്ന് ചിലർ തൃഷയുടെ പേര് വിളിച്ചു പറഞ്ഞു.
തുടർന്ന് ഉദയനിധി നടത്തിയ പരാമർശം നടി തൃഷയെ അധിക്ഷേപിക്കുന്നതും അശ്ലീല ചുവയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുകയായിരുന്നു.
Movies
തൃഷയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിക്കും സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നടപടി.
അറസ്റ്റ് ഭയന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ തന്നെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയാണ്.
കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയത്.
National
ചെന്നൈ: തമിഴ് ചലച്ചിത്രതാരം തൃഷയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിക്കും സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നടപടി.
അറസ്റ്റ് ഭയന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ തന്നെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയാണ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയത്.
National
കോയന്പത്തൂർ: തമിഴ്നാട്ടിലെ നല്ലംപള്ളിയിൽ അതിവേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ടാങ്കർലോറിക്കുപിന്നിൽ ഇടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഉദുമലപേട്ട-പൊള്ളാച്ചി ദേശീയപാതയിലാണ് അപകടം.
ദേശീയപാതയിലെ ചെടികൾ നനയ്ക്കാനായി വെള്ളം എത്തിച്ച ടാങ്കർ ലോറിയിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കോയന്പത്തൂർ മധുക്കര ഗുരുബാംപാളയം സ്വദേശി കനകരാജ്, ഭാര്യ നർമ്മദ, മക്കളായ ആരതി, പൂരണി എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കാർ ഡ്രൈവറാണെന്ന സംശയമുണ്ട്.
National
ചെന്നൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് തമിഴ്നാട് സര്‍ക്കാർ.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹന്‍ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രഷേതിധങ്ങളില് പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തതില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.
National
ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഇവിഎം അട്ടിമറിയാണെന്ന് ആരോപിച്ച് ഡിഎംകെ കോടതിയിലേക്ക്. കൊളത്തൂർ മണ്ഡലത്തിൽ ഉപയോഗിച്ച ഇവിഎം പരിശോധിച്ചപ്പോൾ മുപ്പത് ശതമാനത്തിലേറെയും അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഡിഎംകെ നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ വ്യക്തമാക്കി.
വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അട്ടിമറി ആരോപണങ്ങൾ പൂർണമായും തള്ളി ജില്ലാ തെരഞ്ഞെടുപ്പ് അധികൃതർ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്.
തുടർന്ന് മണ്ഡലത്തിലെ 14 പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകളിൽ സംശയം പ്രകടിപ്പിച്ച് സ്റ്റാലിനും ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 29 മുതൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രങ്ങൾ പരിശോധിച്ചിരുന്നു.
എട്ട് യന്ത്രങ്ങൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിലും ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. 157-ാം നമ്പർ പോളിംഗ് സ്റ്റേഷനിലെ ഇവിഎമ്മുകളിൽ ചിലതിന്റെ വിവിപാറ്റ്, കൺട്രോൾ യൂണിറ്റുകൾ എന്നിവയിലെ അഡ്രസ് ടാഗുകൾ പൂരിപ്പിച്ചിരുന്നില്ല. കൂടാതെ സീലുകൾ കൃത്യമല്ലായിരുന്നുവെന്നും അഡ്രസ് ടാഗുകൾ പുതിയത് പോലെ തോന്നിച്ചെന്നും ഇളങ്കോ ആരോപിച്ചു.
അതേസമയം ഡിഎംകെയുടെ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണറുമായ ജി.എസ്. സമീരൻ പറഞ്ഞു. ഒരു വിവിപാറ്റ് യൂണിറ്റിൽ മാത്രമാണ് ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയത്. അത് പോളിംഗ് ദിനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
മൈസൂരു: തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരേ പ്രതിഷേധിക്കുന്ന സംഘടനകൾ സമരത്തിൽനിന്ന് പിന്മാറണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.കബനി റിസർവോയർ പൂർണശേഷിയിലെത്തിയാൽ തുറന്നുവിടാതെ നിർവാഹമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലേക്ക് അടുത്ത 15 ദിവസം 3500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്മെന്റ് അഥോററ്റി നിർദേശിച്ചതിനെത്തുടര്‍ന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കബനിയിലേക്കുള്ള നീരൊഴുക്ക് 40,000 ക്യൂസെക്സ് ആയി ഉയർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പ്രകൃതിയുടെ ശക്തിയെ മനുഷ്യന്റെ തീരുമാനങ്ങൾകൊണ്ട് നിയന്ത്രിക്കാനാവില്ല.
വെള്ളം വിട്ടുനൽകേണ്ടെന്ന് നമ്മൾ തീരുമാനിച്ചാലും ഡാം നിറഞ്ഞാൽ അത് തടഞ്ഞുനിർത്താനാകില്ല. പ്രതിഷേധക്കാർ വെള്ളമൊഴുകുന്ന സ്ഥലത്തേക്ക് പോകാൻ പാടില്ല. ശക്തമായ വെള്ളപ്പൊക്കത്തിൽ അപകടങ്ങൾ സംഭവിച്ചേക്കാം- ഡി.കെ. ശിവകുമാർ പറഞ്ഞു.
National
ചെന്നൈ: കർണാടകയിൽ ഏത് പാർട്ടി അധികാരത്തിലിരുന്നാലും അവർ തമിഴ്നാടിന് ജലം നൽകാൻ മടിക്കുകയാണെന്നും കാവേരിയിലെ ജലം പങ്കിടുന്നതിൽ നീതിക്കായി സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിലേക്ക് പോകുകയാണെന്നും തമിഴ്നാട് നിയമമന്ത്രി സി.ടി.ആർ. നിർമൽകുമാർ.
മറ്റു പാർട്ടികളുടെ ആവശ്യംകൂടി പരിഗണിച്ച് വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിജയ് എല്ലാ പാർട്ടികളുടെയും സംയുക്ത സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയിൽ(സിഡബ്ല്യുഎംഎ)നിന്നുള്ള നിർദേശങ്ങൾപോലും ആവർത്തിച്ച് നിരസിക്കുന്ന സാഹചര്യത്തിൽ കാവേരിയിലും മേക്കേദാട്ടു ഡാം തർക്കത്തിലും സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ സുപ്രീംകോടതിയാണ് ആശ്രയമെന്നും അദ്ദേഹം പറഞ്ഞു.
സിഡബ്ല്യുഎംഎ നിർദേശം കൂടി കർണാടക നിരാകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച റദാക്കി. തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന ചർച്ചയാണ് കർണാടക സർക്കാർ മാറ്റിവെച്ചത്. തമിഴ്നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
ഇതിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കും. കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ശക്തമായതിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നട സംഘടനകൾ രംഗത്തുവന്നിരുന്നു. വെള്ളം വേണ്ടെന്ന് പറയാതെ വിജയ് ബംഗളൂരുവിലേക്ക് വരേണ്ടന്ന് മുന്നറിയിപ്പ് നൽകി.
വന്നാൽ വിമാനത്താവളത്തിൽ തടയുമെന്നും കന്നഡ സംഘടനകൾ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കന്നഡ സംഘടനകൾ സംസ്ഥാനത്ത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാടിന് വെള്ളം നൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടതാണ് പ്രതിഷേധങ്ങൾക്ക് കാരണം.
National
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നല്കുന്നതു തമിഴ്നാട് സർക്കാരിന്റെ പരിഗണനയിൽ.തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി മെനു പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ പിഎം പോഷൺ (ഉച്ചഭക്ഷണം)പദ്ധതിക്കു കീഴിൽ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും ആഴ്ചയിൽ അഞ്ചു ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്.
Kerala
തൊടുപുഴ: കേരളത്തില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളും വരണ്ട ഭൂമിയായി മാറുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് വെള്ളം എത്തിക്കുന്ന വൈഗ ഡാമിലെ ജലനിരപ്പ് നിലവില്‍ ആശങ്കാജനകമാണ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുമ്പോഴാണ് വൈഗയിലേക്ക് സാധാരണ വെള്ളം കൊണ്ടുപോകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മഴക്കുറവ് അനുഭവപ്പെടുന്നതുമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
തേനി, ദിണ്ടിഗല്‍, നിലക്കൊട്ടെ, പെരിയകുളം, മധുര, ഉസ്ലാംപെട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിനുള്ള ജലം മാത്രമാണ് വൈഗ ഡാമില്‍നിന്ന് നിലവില്‍ തുറന്നുവിടുന്നത്. മുല്ലപ്പെരിയാറില്‍ നിലവില്‍ 112 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 134 അടി വെള്ളമുണ്ടായിരുന്നു. ഇതോടെ കമ്പം, തേനി അടക്കമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വരളുകയാണ്.
പുതുകൃഷിയിറക്കാനാകാതെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഇതു കേരളത്തിലേക്കുള്ള പച്ചക്കറിവരവ് കുറയാനും കാരണമായേക്കും. വൈഗ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ കാര്‍ഷികമേഖല സജീവമാകുന്നത്.
എന്നാല്‍ 72 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടില്‍ നിലവില്‍ 33 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 64 അടി വെള്ളമുണ്ടായിരുന്നു. സമീപകാലയളവിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവില്‍ വൈഗഡാമിലേത്. ഇനിയും മഴ ലഭിക്കാത്ത സാഹചര്യം തമിഴ്നാട്ടിലെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമാക്കും.
മുല്ലപ്പെരിയാര്‍, കുമളി, വരശനാട്, ബോഡിമെട്ട് തുടങ്ങിയ കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
നെല്‍കൃഷിയും പച്ചക്കറിയുമുള്‍പ്പെടെ സമൃദ്ധമായി വളരേണ്ട കാലയളവിലാണ് ഇവിടത്തെ കൃഷിയിടങ്ങള്‍ ഇത്തവണ വറ്റിവരണ്ടു കിടക്കുന്നത്. ഇത് കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
National
തിരുനൽവേലി: തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ്വാഴ്ത്തി’നെച്ചൊല്ലി വീണ്ടും വിവാദം. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പങ്കെടുത്ത ബിരുദാദന ചടങ്ങിൽ തമിഴ് തായ്വാഴ്ത്ത് ആലപിക്കുന്നത് മൂന്നാമത് ആക്കിയതാണു വിവാദം.
തിരുനൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് തമിഴ് സംസ്ഥാന ഗീതം വന്ദേമാതരത്തിനും ജനഗണമനയ്ക്കും പിന്നിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ പരിപാടി ബഹിഷ്കരിച്ചു.
ഗവർണറുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം, ചടങ്ങിൽ ആദ്യം ‘വന്ദേമാതര’വും പിന്നാലെ ‘ജനഗണമന’യും ആലപിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഒടുവിലായി ‘തമിഴ് തായ്വാഴ്ത്തും’ആലപിച്ചു. മന്ത്രിക്കൊപ്പം രണ്ട് എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ഗാന പ്രോട്ടോകോൾ നടപ്പാക്കിയതിനെ വൈദ്യുതി- ഊർജ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ അപലപിച്ചു. സംസ്ഥാന സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ്വാഴ്ത്തി'ന് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രി വിജയ്യുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. തമിഴ്നാട്ടിൽ നിന്ന് മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളാണ് കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി എത്തിക്കുന്നത്.
നിലവിലെ നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കും ഈ നിയന്ത്രണം തടസമാകുകയാണ്.
അതിനാൽ നിയന്ത്രണം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുകയോ ഇളവ് നൽകുകയോ ചെയ്താൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്കും അത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
National
ശിവകാശി: തമിഴ്നാട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശിവകാശിക്കു സമീപമുള്ള സെങ്കമലപ്പെട്ടിയിൽ ഇന്നലെ രാവിലെയാണു സംഭവം.
രാംപ്രകാശ് (38) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തിൽ വിരുദുനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ചെന്നൈ: പൊതുമേഖലാ ബാങ്കിന്റെ മാനേജരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ ഡിഎംകെ മുൻ നേതാവ് എം.കെ. അഴഗിരിയുടെ മകൾ കായൽവിഴിക്കെതിരേ കേസ്. ചെന്നൈ അഡയാറിലെ എസ്ബിഐ എൻആർഐ ശാഖാ മാനേജർ ഹർഷീൻ സിംഗിനെയാണ് കായൽവിഴി മർദിച്ചത്. ബാങ്ക് പ്രവർത്തിക്കുന്നത് കായൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്.
കഴിഞ്ഞദിവസം ലിഫ്റ്റ് കേടായ വിവരം ബാങ്ക് മാനേജർ ഫോണിൽവിളിച്ചു പറഞ്ഞതാണു പ്രകോപനകാരണമെന്നു പറയപ്പെടുന്നു. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
National
തഞ്ചാവൂർ: കാവേരി നദീജലം പങ്കുവയ്ക്കൽ, മേക്കെദാട്ടു അണക്കെട്ടു നിർമാണം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്യിന് കർണാടക സർക്കാരിന്റെ ക്ഷണം ലഭിച്ചതായി തമിഴ്നാട് സർക്കാർ.
സംസ്ഥാനം ചർച്ചയ്ക്കു തയാറാണെന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു.
National
ചെന്നൈ: മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കെതിരേയുള്ള വിവാദ പരാമർശത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അറസ്റ്റിലായതിനെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകർ.
മുഖ്യമന്ത്രിയുടെ എല്ല് തവിടുപൊടിയാക്കുമെന്നു പ്രസംഗിച്ച വിളാത്തികുളം എംഎല്‍എ എ ജി.വി. മാർക്കേണ്ഡേയൻ കഴിഞ്ഞദിവസമാണ് തൂത്തുക്കുടിയിൽ അറസ്റ്റിലായത്.
മുഖ്യമന്ത്രിക്കെതിരേയുള്ള പരാമർശം ജനരോഷം ക്ഷണിച്ചുവരുത്തിയെന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ അനുയോജ്യമായ നടപടി സ്വീകരിക്കാമെന്നും സ്പീക്കർ ജെസിഡി പ്രഭാകർ വ്യക്തമാക്കി.
അറസ്റ്റിനു പിന്നാലെ തൂത്തുക്കുടി എസ്പി വിവരം അറിയിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കൃഷ്ണഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. തമിഴ്നാട്-കർണാടക അതിർത്തിയിലെ ദെങ്കണിക്കോട്ട-ഹൊസൂർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് പ്രകമ്പനമുണ്ടായത്.
ഭൂചലനത്തിൽ ആർക്കെങ്കിലും പരിക്കോ ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം.
Kerala
തൂത്തുക്കുടി: കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെപ്പോയതിൽ മനംനൊന്ത് മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപം സാവേരിയർപുരത്ത് നടന്ന സംഭവത്തിൽ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.
മേരി മൈക്കിളിന്റെ ഭാര്യ അടുത്തിടെ മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ ദാരുണമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും വീട് തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
National
ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.
ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മുക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ അറിയിച്ചു.
സ്കൂൾ വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും രാജ്മോഹൻ സർക്കുലറിൽ ആവശ്യപ്പെട്ടു.
National
ചെന്നൈ: തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കലിന് 2.23 കോടി റേഷൻ കാർഡ് ഉടമകൾക്ക് ഗുണമന്മേയുള്ള ഡബിൾ മുണ്ടും സാരിയും സമ്മാനമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപനം.
പദ്ധതി നടപ്പാക്കാൻ ആദ്യഘട്ടമായി 300 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 642 കോടിയാണ് പദ്ധതിച്ചെലവ്. 2.27 കോടി മുണ്ടുകളും അത്രയും സാരികളുമാണു വിതരണം ചെയ്യുക.
സ്വർണനിറമോ വെള്ളിനിറമോ ഉള്ള കസവുമുണ്ടും നില, പിങ്ക്, ഐവറി വൈറ്റ് നിറങ്ങളിലുള്ള സാരിയും പൊങ്കൽ ഗിഫ്റ്റിനൊപ്പമുണ്ടാകും. അരി, പഞ്ചസാര, ശർക്കര തുടങ്ങിയ പലചരക്ക് വിഭവങ്ങളും കാർഡ് ഉടമകൾക്കു ലഭിക്കും.
National
കന്യാകുമാരി: കന്യാകുമാരിയിൽ വേതനം കൂട്ടി നൽകാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിച്ച ജീവനക്കാരിയുടെ വീടിന് നേരെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ ആക്രമണം. കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം.
കരുങ്കല്‍ സ്വദേശി കാവോസിമയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഷാജില ആണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാജിലയുടെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു കാവോസിമ.
കാവോസിമയ്ക്ക് 300 രൂപയായിരുന്നു വേതനം. വേതനം കൂട്ടി നൽകാൻ കാവോസിമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ വേതനം ലഭിക്കാതെ വന്നതോടെ കാവോസിമ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് ഷാജില കാവോസിമയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
കാവോസിമയുടെ ഭര്‍ത്താവിനെയും കുട്ടികളെയും അമ്മായിയമ്മയെയും ഷാജില ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കാവോസിമ കരുങ്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. ടിവികെ സർക്കാരിനെ അട്ടിമറിക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ ഇളയരാജ ചെന്നൈ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.
ആദ്യത്തെ അറസ്റ്റ് ചെന്നൈയിലും മറ്റ് രണ്ട് അറസ്റ്റ് കരൂരിലുമാണ് നടന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ 35 കോടി വാഗ്ദാനം ചെയ്തതായാണ് ആരോപണം.
തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനായിരുന്നു പണം വാഗ്ദാനം ചെയ്തതെന്ന് ഇളയരാജ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
National
ചെന്നൈ: തമിഴക വെട്രി കഴകത്തെ വെറുമൊരു നടന്റെ പാർട്ടിയെന്ന് വിളിച്ച് പരിഹസിക്കുന്നവരുടെ വായടപ്പിച്ച് പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. തമിഴ്നാട്ടിലെ ജനങ്ങൾ നൽകിയ 35 ശതമാനം വോട്ടുകളുടെ പിൻബലത്തിലാണ് തങ്ങൾ അധികാരത്തിൽ വന്നത്.
ഇത്തരം പരിഹാസങ്ങളെ താൻ ഒട്ടും ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെയെ രൂക്ഷമായ ഭാഷയിലാണ് വിജയ് വിമർശിച്ചത്. ഒരു കുടുംബത്തിന് മാത്രം പ്രാധാന്യം നൽകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം.
തമിഴ്നാട്ടിലെ ഓരോ സാധാരണ കുടുംബത്തിനും തുല്യ പ്രാധാന്യവും അവകാശവും നൽകുന്ന ഭരണമാണ് തങ്ങളുടേതെന്ന് വിജയ് അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയും നീറ്റ് പരീക്ഷ തട്ടിപ്പിനെയും അദ്ദേഹം വിമർശിച്ചു. തമിഴ്നാട് നിയമസഭയിൽ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്.
Movies
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യെ സന്ദർശിച്ച് നടി സാമന്ത റൂത്ത് പ്രഭു. കഴിവുതെളിയിച്ച മേഖലയിൽനിന്ന് മാറി ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കുന്നത് ചെറിയ കാര്യമല്ലെന്നും പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്നും സാമന്ത പങ്കുവച്ച കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സമാന്ത പങ്കുവച്ചിട്ടുണ്ട്.
"ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്യെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഊർജ്ജസ്വലത, അദ്ദേഹത്തിന്റെ സാന്നിധ്യം, ആളുകൾ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻവേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു.
എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ധൈര്യമാണ്. നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക.
അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമ്മളെങ്ങനെ സംഭാവന ചെയ്യാമെന്ന് ചോദിക്കുക. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്.
പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്താലല്ല, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യത്താലാണ്.
അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇത് കാണുന്ന ഓരോ യുവജനങ്ങൾക്കും, ജീവിതം നിങ്ങൾ ആരംഭിച്ച സ്വപ്നത്തേക്കാൾ എത്രയോ വലുതാകാം എന്നതിന്റെ ഓർമ്മപ്പെടുത്തലാകട്ടെ. സാമന്ത കുറിച്ചു.
ഭർത്താവുകൂടിയായ രാജ് നിദിമോരു നിർമിക്കുന്ന ‘മാ ഇൻടി ബംഗാരം’ ആണ് സാമന്ത നായികയായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. നന്ദിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതമി, ഹിമാങ്ക് ദുവുരു എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
National
ചെന്നൈ: മുൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് (ടിഎംസി) തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിട്ടു.
ടിഎംസി ജനറൽ കൗൺസിൽ യോഗമാണു തീരുമാനമെടുത്തതെന്ന് ജി.കെ. വാസൻ വ്യക്തമാക്കി.
മുന്നണിയിൽ നിന്ന് പിന്മാറിയെങ്കിലും എഐഎഡിഎംകെയും ബിജെപിയുമായുള്ള സൗഹൃദം തുടരും.
വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കണമെന്നാണു പ്രവർത്തകർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ഒരുപോലെ ചർച്ചയായി നടൻ രാഘവ ലോറൻസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ വിഷയത്തിൽ തന്റെ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം ഈ മാസം 11-ാം തീയതി (വ്യാഴാഴ്ച) രാവിലെ 9:30-ന് അമ്മയുടെ അനുഗ്രഹത്തോടെ പ്രഖ്യാപിക്കുമെന്നാണ് ലോറൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നതിൽ പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരുച്ചിറപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച യോഗത്തിൽ, "നിങ്ങളിൽ ഒരാളെയായിരിക്കും ഇവിടെ സ്ഥാനാർത്ഥിയാക്കുക" എന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക നേതാക്കൾക്ക് പുറമേ വിജയിയുടെ അടുത്ത സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ രാഘവ ലോറൻസിന്റെ പേര് കഴിഞ്ഞ ഒരാഴ്ചയായി ഈ മണ്ഡലത്തിലേക്ക് സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്
ലോകേഷ് കനകരാജ് നിർമിച്ച് രത്നകുമാർ സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താൻ ഇപ്പോൾ ഉള്ളതെന്നും, ഈ മാസം 10-ഓടെ ഇതിന്റെ ഷെഡ്യൂൾ പൂർത്തിയാകുമെന്നും ലോറൻസ് വ്യക്തമാക്കി. ഇതിന് തൊട്ടടുത്ത ദിവസമായിരിക്കും താരത്തിന്റെ നിർണായക പ്രഖ്യാപനം.
ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് രാഘവ ലോറൻസ്. അതുകൊണ്ടുതന്നെ 11-ാം തീയതി നടത്തുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണോ എന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.
National
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന് എന്നിവരുടെ പുറത്തുപോക്കിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ നിന്ന് വീണ്ടും രാജി.
ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് ആണ് രാജിവച്ചത്. പദവി ഒഴിഞ്ഞതായും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു.
ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി മുറകെ പിടിക്കുന്ന ദേശീയതയിലും ദേശസ്നേഹത്തിലും രാജ്യസേവനത്തിലും ഇപ്പോഴും പ്രചോദിതയാണെന്നാണ് സുമതിയുടെ വാക്കുകള്‍.
അണ്ണാമലൈക്കു പിന്നാലെയുള്ള സുമതി വെങ്കിടേഷിന്റെ രാജി തമിഴ്നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, എന്താണ് അടുത്ത പദ്ധതിയെന്ന് സുമതി വ്യക്തമാക്കിയിട്ടില്ല.
Kerala
തൃശൂർ: തിരുവില്വാമലയിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മിൽസ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച നടന്നത്.
പിടിയിലായ പ്രതി സൂര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ നാല് എംഎൽഎമാർ രാജിവച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നതിൽ കുതിരക്കച്ചവടം നടന്നുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെയുടെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ. ആവശ്യം ന്യായമാണെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
സംഭവം എഐഎഡിഎംകെയെയാണു നേരിട്ടു ബാധിക്കുന്നത്. രാജിക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തണം. കേവലം പാർട്ടി മാറ്റത്തിനപ്പുറം മറ്റുകാരണങ്ങൾ ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.മരഗതം കുമാരവേൽ, എസ്.ജയകുമാർ, പി.സത്യഭാമ, ഇസക്കി സുബ്ബയ്യ എന്നീ നാല് എംഎൽഎമാരാണ് രാജിവച്ചു ടിവികെയിൽ ചേർന്നത്. മേയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ടുചെയ്ത എഐഎഡിഎംകെ വിമത എംഎൽഎമാരിൽ ഇവരും ഉൾപ്പടുന്നു. കഴിഞ്ഞ ശനിയാഴ്ച എഐഎഡിഎംകെയുടെ നിയമസഭ വിപ്പ് ഗവർണറെ സന്ദർശിച്ച് ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ ഗുണ്ടകളുടെ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. തെങ്കാശിയിലെ നെട്ടൂർ ഗ്രാമത്തിലായിരുന്നു ആദ്യ ആക്രമമണം. മുഖംമൂടിധാരികളായ ഒന്‍പതംഗ സംഘം വടിവാൾകൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു.
ആറു പേർക്കു പരിക്കേറ്റു. ഇതേതരത്തിലുള്ള ആക്രമണത്തിൽ തിരുനെൽവേലി ജില്ലയിൽ ഒരാൾക്കു പരിക്കേറ്റു. ആക്രമണശേഷം രക്ഷപ്പെട്ട ഗുണ്ടകൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ദളിത് വിഭാഗത്തിനു നേർക്കുണ്ടായ ആക്രമണത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഫോണില്‍ വിളിച്ചുവെന്നും കൈകോർത്ത് മുന്നോട്ടുപോകുമെന്നും നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയ് സുരേഷ് ഗോപിയെ വിളിച്ചത്.
കേവല സൗഹൃദസംഭാഷണത്തിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
''ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്.
കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസോടെ, കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കി.
പ്രിയ സഹോദരന്, തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'' എന്നും സുരേഷ് ഗോപി കുറിച്ചു.
ബുധനാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.