International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
International
ജനീവ: നേപ്പാൾ-ടിബറ്റ് പ്രളയം 93,000 പേരെ നേരിട്ടു ബാധിച്ചിരിക്കാമെന്ന് റെഡ് ക്രോസ്. മഞ്ഞുപാളി ഇടിഞ്ഞതും തുടർന്നുണ്ടായ പ്രളയവും ഗുരുതര പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് നേപ്പാളിലെ റെഡ് ക്രോസ്- റെഡ് ക്രസന്റ് പ്രതിനിധി സംഘത്തിന്റെ തലവൻ ഡേവിഡ് ഫിഷർ ജനീവയിൽ പറഞ്ഞു.
മഞ്ഞുമല ഇടിഞ്ഞതിനെത്തുടർന്നു രൂപപ്പെട്ട തടാകം പൊട്ടിയൊലിച്ചതു മൂലം റെഡ് ക്രോസിന്റെ ദുരിതാശ്വാസ വസ്തുക്കളുമായി വന്ന വാഹനങ്ങൾ കുടുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തം അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ മേധാവി കമാൽ കിഷോർ മുന്നറിയിപ്പു നല്കി.
ദുരന്തത്തിൽ ആറ് ആശുപത്രികൾക്കു കേടുപാടുണ്ടായെന്നും എട്ട് ആരോഗ്യപ്രവർത്തകരെ കാണാതായിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് താരിഖ് ജസറേവിക് അറിയിച്ചു.
പ്രളയത്തിൽ ശുചിത്വ സംവിധാനങ്ങൾ തകർന്നതിനാൽ പകർച്ചവ്യാധികൾ, വയറിളക്കം ശ്വാസകോശരോഗങ്ങൾ എന്നിവ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
International
ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.
തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല. ഭൂരിഭാഗവും വിനോദസഞ്ചാരികളോ തീർഥാടകരോ ആയിരിക്കാമെന്നാണ് അനുമാനം.
ബുധനാഴ്ച പ്രളയം ഉണ്ടായതിനു പിന്നാലെ സന്പൂർണ രക്ഷാപ്രവർത്തനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ഇന്നലെ ഗൈറോംഗ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെരച്ചിലിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഉദ്യോഗസ്ഥർ നേതൃത്വം നല്‍കും.
പ്രസിഡന്റ് ഷിയുടെ ഉത്തരവിനു പിന്നാലെ, ചൈനീസ് സേനയിൽ ഇന്ത്യ-ചൈന അതിർത്തിയുടെ ചുമതലയുള്ള വെസ്റ്റേൺ തിയറ്റർ കമാൻഡ് സൈനികരെ മേഖലയിൽ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിരുന്നു.
District News
അടൂർ: മഴക്കാലമായാൽ ഏഴംകുളം പഞ്ചായത്തിന്റെ അറുകാലിക്കൽ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് കാരണം മഴക്കാലത്ത് കളികൾ നടത്തുക ബുദ്ധിമുട്ടാണ്.
സ്റ്റേഡിയം നവീകരിക്കണമെന്നത് ഈ പ്രദേശത്തുള്ളവരുടെ കാലങ്ങളായ ആവശ്യമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ബജറ്റിൽ 50 ലക്ഷം രൂപ സ്റ്റേഡിയം നവീകരണത്തിന് വകയിരുത്തിയതാണ്. പക്ഷേ പ്രവർത്തനങ്ങളൊന്നും നടന്നില്ല. പുതിയ ഭരണസമിതി സ്റ്റേഡിയം നവീകരണം പരിഗണിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. നിലവിൽ സ്റ്റേഡിയത്തിന്റെ വശങ്ങളിൽ കാട് കയറിയിട്ടുണ്ട്.
മൈതാനത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. സ്റ്റേഡിയം നവീകരിച്ചാൽ പഞ്ചായത്തിലെ കായിക പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമാവും. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളൊക്കെ നടത്താൻ സ്ഥല സൗകര്യമുള്ള മൈതാനമാണ്.
ഏഴംകുളം ജംഗഷനോട് ചേർന്ന് ഇത്രയും സ്ഥലസൗകര്യമുള്ള മറ്റു പൊതുമൈതാനങ്ങളും ഇല്ല.
National
ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റസിഡൻഷ്യൽ സ്കൂളിൽ മുന്നൂറോളം വിദ്യാർഥികൾ കുടുങ്ങി. കുലസാഹി സേവാശ്രം സ്കൂളിലാണ് സംഭവം. കനത്ത മഴയയിൽ ബ്രഹ്മണി നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് സ്കൂളിൽ വെള്ളം കയറിയത്.
ഹോസ്റ്റലുകളും ക്ലാസ് മുറികളും വെള്ളത്തിനടിയിലാണ്. സ്കൂളിന്റെ അടുക്കള, കുഴൽക്കിണർ, ശുചിമുറികൾ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. വിദ്യാർഥികളെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. കുട്ടികൾക്ക് കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതികളെയും പ്രളയത്തെയും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ "കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' നടപ്പാക്കുന്നു.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയാറാക്കിയ സമഗ്ര പ്രളയ പ്രതിരോധ രൂപരേഖയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഐഐടി വിദഗ്ധ സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഐഐടി റൂര്‍ക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ തികച്ചും ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം മുന്നോട്ടുവച്ചിട്ടുള്ളത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, റിമോട്ട് സെന്‍സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും.
പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമെ നടപ്പാക്കാവൂ എന്നും സംഘം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും നടപ്പാക്കല്‍ രീതികളും സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ എ.പി. അനില്‍ കുമാര്‍, സണ്ണി ജോസഫ്, ടി. സിദ്ദിഖ്, മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.
International
ടോക്കിയോ: ജപ്പാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു, ഒരാളെ കാണാതായി. ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ചിബയിൽ 24 മണിക്കൂറിനിടെ 360 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും റെയിൽവേ ട്രാക്കുകളും പൂർണമായി വെള്ളത്തിനടിയിലായി. റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടതോടെ ടോക്കിയോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ നരിറ്റയിൽ ഏഴായിരത്തോളം യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. ടോക്കിയോ നഗരവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളും അടച്ചു.
പ്രളയത്തെ തുടർന്ന് 25,000ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ വാൻ ഒഴുക്കിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു. ദേവാസിലുള്ള സത്വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയെത്തുടര്‍ന്ന് തോട് കവിഞ്ഞൊഴുകി വെള്ളം റോഡിലേക്ക് കയറിയിരുന്നു. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്നോട്ട് പോകരുതെന്ന് നാട്ടുകാര്‍ വാന്‍ ഡ്രൈവര്‍ മുകേഷ് സിംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഡ്രൈവർ വാൻ മുന്നോട്ട് ഓടിക്കുകയായിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് മുകേഷ് സിംഗ് ഉൾപ്പെടെ രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ വാനിലുണ്ടായിരുന്ന മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേരെ കാണാതാവുകയും പിന്നീട് നടത്തിയ തെരച്ചിലിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Health
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.
ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?
ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി കൂട് = 20 -25 g) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേബിൾ സ്പൂണ്‍ മതിയാകും .
c. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.
എങ്ങനെ തയാറാക്കാം?
ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കന്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം അഞ്ചു മിനിറ്റ് ഉൗറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നു പുറത്തേക്കു പോകാൻ സഹായിക്കും .
രൂക്ഷ ഗന്ധമാണെങ്കിൽ
കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം. അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ചേർക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറയും.
സൂപ്പർ ക്ലോറിനേഷൻ എങ്ങനെ?
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.
അരുചി മാറാൻ എന്തൊക്കെ ചെയ്യാം?
ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .
ശുചിത്വം പാലിക്കാം
തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
കലക്ക് മാറ്റാൻ ആലം നല്ലതല്ല
കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത്. കലക്ക് മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ ആലം പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
കലങ്ങിയ വെള്ളം തെളിക്കാൻ
കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഉൗറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, (വെള്ളപ്പൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടണ്‍ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപ്പിന്റെ അറ്റത്ത് പഞ്ഞിയോ (cotton) തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ മാർക്കറ്റിൽ നിന്നു കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.
Leader Page
ഇക്കുറിയും പ്രളയം ആയിരങ്ങളെ ദുരിതക്കയത്തിലാക്കി. പ്രളയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയുമാണെന്ന യാഥാർഥ്യം ഇപ്പോഴെല്ലാവരും അംഗീകരിക്കുന്നുണ്ട്. ഇതേത്തുടർന്ന് വൈകിയാണെങ്കിലും കേരള സർക്കാർ മണൽ വാരാൻ എടുത്തിരിക്കുന്ന തീരുമാനം അഭിനന്ദാനർഹമാണ്.
പുഴകളിലും കായലുകളിലും ഡാമുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞിരിക്കുകയാണ്. 2018ലെ പ്രളയം ഇതിന്റെ രൂക്ഷത വർധിപ്പിച്ചു. കായലുകൾ ചതുപ്പുനിലങ്ങളാകാൻ ഏതാനും വർഷങ്ങൾ മാത്രം മതി. കായലിൽനിന്നു കട്ടകുത്തൽ നിറുത്തിച്ചതും ഒരു കാരണമാണ്.
ഒന്നാലോചിച്ചു നോക്കൂ! സഹ്യപർവതം മുതൽ താഴോട്ടുള്ള കരഭൂമിയിൽനിന്നു മഴ കുത്തിയൊലിപ്പിച്ചു കവർന്നെടുത്തുകൊണ്ടുപോയി പുഴകളിലും കായലുകളിലും അടിത്തട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നതല്ലേ ഈ മണലും എക്കലും. ഇത് നീതിപൂർവം കരയ്ക്കവകാശപ്പെട്ടതല്ലേ? ഈ വിലപ്പെട്ട സമ്പത്ത് ഖനനം ചെയ്തെടുത്ത് നിർമാണപ്രവർത്തനങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?
എം സാൻഡും പുഴമണലും
പകരം നമ്മൾ ചെയ്യുന്നതെന്താണ്? ഉഗ്ര പ്രഹരശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മലയുടെ മാറു പിളർന്ന് പാറ പൊട്ടിച്ച് എം സാൻഡ് എന്ന നിർമിതമണൽ ഉണ്ടാക്കുന്നു. ആവശ്യക്കാർ ഇത് വലിയ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്നു. ഈ പ്രക്രിയയിൽ കാര്യമായ തൊഴിലും സൃഷ്ടിക്കപ്പെടുന്നുമില്ല. അതിനാൽ ഗുണന്മയേറിയതും എം സാൻഡിനേക്കാൾ കുറഞ്ഞ വിലയ്ക്കു കിട്ടുന്നതുമായ പുഴമണൽ ഖനനം ചെയ്യുന്നതിനെ എതിർക്കേണ്ടതുണ്ടോ?
വൻ മുതൽമുടക്കുള്ള യന്ത്രസഹായവും ശബ്ദ, അന്തരീക്ഷ, പരിസര മലിനീകരണവും ഇല്ലാതെയും വൻതോതിൽ ഇന്ധനവും ഊർജവും പാഴാക്കാതെയും പുഴമണൽ വാരിയെടുക്കാം. അനേകം ചെറുപ്പക്കാർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിനും ധനസമാഹരണത്തിനും അതുവഴിയുള്ള ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കുമുള്ള സുവർണാവസരം. ഗ്രാമങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. മണൽ വാരാൻ സർക്കാർ തീരുമാനമെടുത്ത സ്ഥിതിക്ക് എത്രയും വേഗം നടപ്പിൽ വരുത്തുക. മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നല്ലതാണ്.
കാലാവസ്ഥാവ്യതിയാനവും മേഘവിസ്ഫോടനവും
ആഗോളതാപനം മൂലം ഭൂമിയിൽ കാലാവസ്ഥയിൽ വലിയ വ്യത്യാസം വന്നിട്ടുണ്ട്. എൽനിനോ പ്രതിഭാസം മൂലം അതിതീവ്ര മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. മഴ പെയ്യുന്ന രീതിയിൽതന്നെ ഇപ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏഴു മുതൽ പതിനാലു കിലോമീറ്റർ വരെ കൂമ്പാര മേഘങ്ങൾ (Cumulative Cloud) രൂപപ്പെട്ട് ഒറ്റയടിക്ക് മേഘവിസ്ഫോടനമായി ഒരു ചെറിയ പ്രദേശത്ത് അതിതീവ്ര മഴ തകർത്തുപെയ്യുന്ന പ്രതിഭാസം, ഈ അടുത്ത കാലത്തായി കണ്ടു വരുന്നു. ഇത്രയും ജലം ഒഴുകിപ്പോകാനുള്ള സംഭരണശേഷി നമ്മുടെ നദികൾക്കില്ല. കാരണം, മണൽ നിറഞ്ഞുകിടക്കുകയാണ്. കൂടാതെ, നമ്മുടെ നാട്ടിലെ കാനകളും അഴുക്കുചാലുകളുമെല്ലാം ബ്ലോക്കായി കിടക്കുന്നു. ഫലമോ പ്രളയവും അതിന്റെ ദുരിതപർവങ്ങളും. കൂടാതെ,പകർച്ചവ്യാധികളും. കുടിവെള്ള സ്രോതസുകളെല്ലാം മലിനജലസംഭരണികളായി മാറും.
ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്തു വേണം സർക്കാരുകളും ജനങ്ങളും പദ്ധതികളും പ്ലാനുകളും തയാറാക്കാൻ. ഇതൊരു ഉണർത്തുപാട്ടാണ്, മുന്നറിയിപ്പാണ്. “If you want peace prepare for war” എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതലുകളും മുന്നൊരുക്കങ്ങളും നടത്തണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകൾ കൂടുതലും ദരിദ്ര ജനവിഭാഗങ്ങളായിരിക്കുമെന്നത് മറക്കരുത്. മണൽ വാരുന്ന ഒറ്റ പ്രവൃത്തികൊണ്ട് അനേകം ഗുണങ്ങൾ ലഭിക്കുന്നതിനൊപ്പം അനേകം ഭവിഷ്യത്തുകൾ ഒഴിഞ്ഞു പോകുകയും ചെയ്യും.
Kerala
റാന്നി: പമ്പ നദിയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനത്തെ പിന്തുണച്ച് പഴകുളം മധു എംഎൽഎ രംഗത്ത്. മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് എംഎൽഎ പ്രതികരിച്ചു.
മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയും കെ.യു. ജനീഷ് കുമാർ എംഎൽഎയും അനാവശ്യ വിമർശനം ഉന്നയിക്കുകയാണെന്നും മധു കുറ്റപ്പെടുത്തി.
അതേസമയം ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവലോകന യോഗങ്ങളിലും തന്നെ ഒഴിവാക്കിയെന്നായിരുന്നു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണം. ദുരന്തമേഖലയിൽ മുഖ്യമന്ത്രി നടത്തുന്ന സന്ദർശനങ്ങൾ വെറും 'ഷൂട്ടിംഗ്' ആണെന്നും മുൻകൂട്ടി നിശ്ചയിച്ച ലൊക്കേഷനുകളിൽ എത്തി ഫോട്ടോയെടുത്ത് മടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Leader Page
മലയാളത്തിലൊരു കൗതുകകരമായ ആശയപ്രയോഗമുണ്ട്. "വാതില്‍' എന്നാല്‍ "വാ ഇതിലെ', "മതില്' എന്നാല്‍ "മതി ഇതിലെ'. ഇത് ഭാഷാശാസ്ത്രപരമായ വ്യാഖ്യാനമല്ല; എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ മഴക്കാല യാഥാര്‍ഥ്യത്തെ ഏറ്റവും മനോഹരമായി ഓര്‍മിപ്പിക്കുന്ന ഒരു രൂപകമാണ്.
ഒരുകാലത്ത് കേരളത്തിന്റെ ഭൂപ്രകൃതി മഴവെള്ളത്തോട് "വാ ഇതിലെ' എന്നായിരുന്നു പറയുന്നത്.
വയലുകളും തണ്ണീര്‍ത്തടങ്ങളും തോടുകളും ഓടകളും കനാലുകളും മഴവെള്ളത്തെ സ്വീകരിച്ച് അതിന്റെ സ്വാഭാവിക യാത്ര തുടരാന്‍ അനുവദിച്ചിരുന്നു. ഇന്ന് ആ വാതിലുകള്‍ ഒന്നൊന്നായി അടയുകയാണ്. പകരമുയരുന്നത് മതിലുകൾ. പുരയിടത്തിലെ മതിലുകള്‍ മാത്രമല്ല, മണ്ണിട്ടുയര്‍ത്തിയ സ്ഥലങ്ങള്‍, പ്ലോട്ടുകള്‍, നികത്തപ്പെട്ട വയലുകള്‍, കൈയേറിയ നീര്‍ച്ചാലുകള്‍, അടച്ച ഓടകള്‍, ശാസ്ത്രീയ ആസൂത്രണമില്ലാത്ത നിര്‍മാണങ്ങള്‍ - ഇവയെല്ലാം ചേര്‍ന്ന് മഴവെള്ളത്തോട് "മതി... ഇതിലെ' എന്നാണു പറയുന്നത്.
മഴയ്ക്ക് മതിലുകളില്ല. മലമുകളില്‍ വീഴുന്ന ഒരോ മഴത്തുള്ളിയും അതിന്റേതായ വഴിയിലൂടെ തോടുകളിലേക്കും പുഴകളിലേക്കും ഒടുവില്‍ കടലിലേക്കും എത്തുന്നതാണ് പ്രകൃതിയുടെ ക്രമം. എന്നാല്‍ ഇന്ന് കേരളത്തില്‍ മഴവെള്ളത്തിന്റെ വഴിക്ക് എല്ലായിടത്തും മനുഷ്യന് തീര്‍ത്ത തടസങ്ങളുണ്ട്. വെള്ളം പോകേണ്ട ഓരോ വഴിക്കും ഓരോ മതില് ഉയരുമ്പോള്‍, പ്രകൃതിയുടെ ഒഴുക്ക് തടസപ്പെടുന്നു. അപ്പോള്‍ മഴവെള്ളം പുതിയ വഴികള്‍ തേടുന്നു. പലപ്പോഴും ആ വഴി റോഡുകളിലൂടെയും വീടുകളിലൂടെയുമാണ്. അതുകൊണ്ടുതന്നെ പല വെള്ളക്കെട്ടുകളും ഇന്ന് മഴയുടെ മാത്രം സൃഷ്ടിയല്ല; നമ്മുടെ വികസനരീതിയുടെ പ്രത്യാഘാതം കൂടിയാണ്.
വ്യക്തിഗത വികസനവും പൊതുനഷ്ടവും
ഒരുകാലത്ത് വീടുകളുടെ അതിരുകള്‍ വേലികളായിരുന്നു. മഴവെള്ളത്തിന് ഒരു സ്ഥലത്തുനിന്ന് ഒഴുകിപ്പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇന്ന് സുരക്ഷയുടെയും സ്വകാര്യതയുടെയും പേരില്‍ ഉയര്‍ന്ന കോമ്പൗണ്ട് മതിലുകളാണ്. സ്വന്തം ഭൂമിയെ സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ആ സംരക്ഷണം മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുമ്പോള്‍, അത് വ്യക്തിപരമായ തീരുമാനമല്ല; പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമാണ്.
ഒരു സ്ഥലം വെള്ളം കയറാതിരിക്കാന്‍ മണ്ണിട്ടുയര്‍ത്തുന്നു. അതിന്റെ ചുറ്റും ഉയര്‍ന്ന മതില് കെട്ടുന്നു. മഴപെയ്യുമ്പോള്‍ ആ വെള്ളം അടുത്ത പുരയിടത്തിലേക്കോ റോഡിലേക്കോ തിരിയുന്നു. അടുത്തയാളും അതുതന്നെ ചെയ്യുന്നു. അങ്ങനെ ഓരോ മതിലും ഓരോ സ്ഥലത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, മുഴുവന്‍ പ്രദേശവും വെള്ളത്തിലാകുന്ന സാഹചര്യം രൂപപ്പെടുന്നു.
ചെറിയ തീരുമാനങ്ങളുടെ വലിയ പ്രത്യാഘാതം
കേരളത്തിലെ പല നഗരങ്ങളിലും ഇന്നു കാണുന്ന വെള്ളക്കെട്ടിനു പിന്നില്‍ ചെറിയ തീരുമാനങ്ങളുടെ വലിയ പ്രത്യാഘാതമുണ്ട്. വീടുകള്‍ ഉയരുന്നു, മതിലുകള്‍ ഉയരുന്നു, വെള്ളത്തിന്റെ വഴിയും അതോടൊപ്പം ഉയരുകയാണ്. അതുകൊണ്ടാണ് മണിക്കൂറുകള്‍ മാത്രം നീളുന്ന മഴപോലും വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറ്റുന്നത്. പുരയിടത്തിലെ മതിലുകള്‍ മാത്രമല്ല പ്രശ്നം. ഓടകള്‍ മൂടുന്നതും തോടുകള്‍ കൈയേറുന്നതും വയലുകള്‍ നികത്തുന്നതും കുന്നുകള്‍ ഇടിച്ചുനിരത്തുന്നതും ഇതേ മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. വെള്ളം എവിടെയെങ്കിലും പോയിക്കൊള്ളുമെന്ന ധാരണയില്‍ നടന്ന വികസനം ഇന്ന് വെള്ളം എവിടെയും പോകാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.
മറന്നുപോയ മുന്നറിയിപ്പുകള്‍
2018ലെ മഹാപ്രളയത്തിനു ശേഷം കേരളത്തില്‍ മഴവെള്ള ഒഴുക്കും നഗരവെള്ളക്കെട്ടും സംബന്ധിച്ച് നിരവധി പഠനങ്ങളും ശിപാര്‍ശകളും പുറത്തുവന്നു. സ്വാഭാവിക നീര്‍ച്ചാലുകള്‍ സംരക്ഷിക്കുക, തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്തുക, മഴവെള്ളത്തിന്റെ ഒഴുക്ക് കണക്കിലെടുത്ത് വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഡ്രെയിനേജ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഉയര്‍ന്നിരുന്നു. എന്നാല്‍, പല പ്രദേശങ്ങളിലും ഇവ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഇന്നും നിലനില്ക്കുന്നു.
ആരുടെ ഉത്തരവാദിത്വം?
ഇവിടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് കൂടുതല്‍ പ്രധാനമാകുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഓടകളും കനാലുകളും ശുചീകരിക്കുക, കൈയേറ്റങ്ങള്‍ നീക്കംചെയ്യുക, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി സ്ഥിരപരിഹാരം നടപ്പാക്കുക, പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്കുമ്പോള് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുക - ഇവയെല്ലാം പ്രാദേശിക ഭരണസംവിധാനത്തിന്റെ നിര്‍ണായക ഉത്തരവാദിത്വങ്ങളാണ്. പല സ്ഥലങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കാത്തതിനാല്‍ ചെറിയ മഴപോലും വലിയ വെള്ളക്കെട്ടായി മാറുന്നുവെന്നത് ആവര്‍ത്തിച്ച് കാണുന്ന യാഥാര്‍ഥ്യമാണ്.
അതേസമയം, പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഓടകളിലേക്ക് മാലിന്യം തള്ളുന്നതും മഴവെള്ളത്തിന്റെ വഴികള്‍ കൈയേറുന്നതും വെള്ളത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്നരീതിയില് നിര്‍മാണങ്ങള്‍ നടത്തുന്നതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. പ്രളയപ്രതിരോധം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല; സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്.
വെല്ലുവിളി ആസൂത്രണക്കുറവ്
കാലാവസ്ഥാ വ്യതിയാനം അതിശക്തമായ മഴയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ മുന്നറിയിപ്പു നല്കുന്നു. അതിനാല്‍ മഴയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ പരിഹാരമുണ്ടാകില്ല. മഴ പെയ്യുന്നത് പ്രകൃതിയുടെ നിയമമാണ്. എന്നാല്‍ ആ മഴവെള്ളം എതിലേ ഒഴുകണമെന്നത് നമ്മുടെ ആസൂത്രണമാണു തീരുമാനിക്കുന്നത്. മഴയെ തടയാനാകില്ല. പക്ഷേ മഴവെള്ളത്തിന്റെ വഴി അടയ്ക്കാതിരിക്കാം. അതുകൊണ്ട് ഇനി ചോദിക്കേണ്ടത് "എത്ര മഴ പെയ്തു?' എന്നതല്ല. "നമ്മള് കെട്ടിയ മതിലുകള്‍ക്കിടയില്‍ മഴവെള്ളത്തിന് ഇനിയും ഒരു വഴിയെങ്കിലും ബാക്കിയുണ്ടോ?' എന്നതാണ്.
Movies
കണ്ണൂരിലെ ചെറുപുഴയിൽ വെള്ളത്തിൽ വീണ വയോധികനെ രക്ഷിച്ചതിന് ശേഷം ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ രക്ഷാപ്രവർത്തന പരിശീലകൻ രാജേഷിന് (36) ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി.
ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്നാണ് മമ്മൂട്ടി കുറിച്ചത്.
‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’മമ്മൂട്ടിയുടെ വാക്കുകൾ.
പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. പിന്നീട് നാല് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്.
കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിംഗ് പരിശീലകനായും പ്രവർത്തിച്ചു.
രണ്ടു വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
District News
തേഞ്ഞിപ്പലം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളെത്തിച്ചും പ്രവര്‍ത്തനങ്ങളില്‍ സജീവമായും കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. തോര്‍ത്ത്, ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, നൈറ്റി, ടീ-ഷര്‍ട്ട്, ഡയപ്പര്‍, സാനിറ്ററി നാപ്കിന്, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി ക്യാമ്പുകളില്‍ അടിയന്തരമായി ആവശ്യമായ വിവിധ സാധനങ്ങളാണ് എന്‍എസ്എസ് യൂണിറ്റുകള്‍ കൈമാറിയത്.
ഡിസാസ്റ്റര്‍ മാനേജ്മെന്റ്് പരിശീലനം പൂര്‍ത്തിയാക്കിയ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ സേവനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്സേവനങ്ങള്ക്കുമായി ലഭ്യമാണെന്ന് സര്‍വകലാശാല പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയകുമാര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ മിക്കയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങുന്ന സാഹചര്യത്തില്‍ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കല്‍, കിണറുകളുടെ ക്ലോറിനേഷന്, പരിസര ശുചീകരണം എന്നിവ ഉള്‍പ്പെടെയുള്ള പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ തുടരുകയാണ്.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ജില്ലാ കോ ഓർഡിനേറ്റര്‍മാര്‍ നേതൃത്വം നല്‍കുന്നുണ്ട്.
Editorial
മറ്റാരും കാണുന്നില്ലെന്നും സിസിടിവി കാമറയില്ലെന്നും ഉറപ്പായാൽ ഏതു മാലിന്യവും എവിടെയും വലിച്ചെറിയാൻ മടിയില്ലാത്തവരായി മലയാളികളിലേറെയും മാറി. അങ്ങനെ നാം മുക്കിയതെല്ലാം പെരുമഴ ഇത്തവണയും പൊക്കിക്കൊണ്ടു വന്നിട്ടുണ്ട്. വിസർജ്യത്തോടുകളെല്ലാം രാജവീഥികളോടു ചേർന്നുകഴിഞ്ഞു. സർക്കാരിനും ജനങ്ങൾക്കും കൂട്ടുത്തരവാദിത്വമുള്ള തിന്മയാണിത്. തീവ്രമഴ മുന്നറിയിപ്പുകളിലേക്ക് മഴക്കാല ദുരിതങ്ങളുടെ ഉത്തരവാദിത്വം ചുരുക്കുന്നതുപോലെ, "ഇവിടെ മാലിന്യം നിക്ഷേപിക്കരുതെ'ന്ന ബോർഡ് സ്ഥാപനത്തിലും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിതകർമസേനയിലും അപര്യാപ്തമായ സംസ്കരണസംവിധാനങ്ങളിലും മാലിന്യനിർമാർജനമൊതുക്കിയ നാടാണ് കേരളം. എവിടെ മാലിന്യം തള്ളുമെന്ന് ധാരണയില്ലാത്ത ജനം എല്ലായിടത്തും മാലിന്യമെറിഞ്ഞു. അങ്ങനെ നമ്മുടെ നിരത്തുകളും ജലസ്രോതസുകളും വിഷമയമായി. വർഷാവർഷം മഴ നടത്തുന്ന ഈ "ശുചീകരണപ്രക്രിയ'കൂടി ഇല്ലാതിരുന്നെങ്കിൽ കേരള മാതൃകയുടെ ചെന്പു തെളിഞ്ഞേനേ.
ഓരോ മഴക്കാലവും പല ദുരിതങ്ങളുമായാണ് എത്തുന്നത്. അതിൽ പ്രധാനം ജീവഭയമാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമൊക്കെയായി ഇതിനകം 25 പേരാണ് ഇത്തവണ മരിച്ചത്. നിരവധി മനുഷ്യർ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി. സർക്കാർ സംവിധാനങ്ങൾ സജീവമായിട്ടുണ്ട്. പക്ഷേ, ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാനുള്ള സ്ഥിരപദ്ധതികളില്ല. അതുപോലെ, വർധിച്ചുവരുന്ന മാലിന്യത്തിന്റെ സംസ്കരണം ഇപ്പോഴത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് അസാധ്യമാണ്. എവിടെ മാലിന്യം തള്ളണമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചാൽ ജനങ്ങളിലേറെയും അവിടെ കൊണ്ടുപോയി ഇടും.
പക്ഷേ, യഥാസമയം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ ഒരൊറ്റ പഞ്ചായത്തിൽ പോലുമില്ല. മാസത്തിലൊരിക്കൽ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കന്പനി ഹരിതകർമസേന വഴി പ്ലാസ്റ്റിക് ശേഖരിക്കുന്നത് വലിയ ആശ്വാസമാണ്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കുന്നുണ്ട്. പക്ഷേ, മാലിന്യമലയുടെ ഒരറ്റത്തുപോലും ഇതൊന്നും എത്തുന്നില്ലെന്ന് ഓർമിപ്പിക്കുന്നതാണ് വെള്ളപ്പൊക്കത്തിനു മുകളിലെ മാലിന്യപ്പൊക്കങ്ങൾ. കഴിഞ്ഞ വർഷങ്ങളിലും നമ്മളിതു കണ്ടതാണ്. അടുത്ത വർഷവും കാണും; സർക്കാർ ഇടപെടുന്നില്ലെങ്കിൽ.
ആളുകളുടെ മനോഭാവവും മാറണം. ഹരിതകർമസേനയ്ക്ക് അന്‍പതോ നൂറോ രൂപ കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ഒന്നും രണ്ടും വീട്ടുകാരല്ല. അതുപോലെ പ്ലാസ്റ്റിക് കവറുകളിൽനിന്നു ജൈവമാലിന്യം നീക്കി കഴുകിക്കൊടുക്കാൻ മടിക്കുന്നവരുണ്ട്. ശുചിത്വവും മാലിന്യശേഖരണവും സംസ്കരണവുമൊന്നും പരിശീലിപ്പിച്ചിട്ടില്ലാത്ത മാതാപിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയുമൊക്കെ തോൽവിയാണിത്. കുട്ടികളെ വീട്ടിൽതന്നെ മാലിന്യം കൈകാര്യം ചെയ്യാൻ പഠിപ്പിക്കണം. വിദ്യാലയങ്ങൾക്കും മതപഠനകേന്ദ്രങ്ങൾക്കുമൊക്കെ ഉത്തരവാദിത്വമുണ്ട്. എഴുത്തുകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡിസ്രേലി പറയുന്നത്, “ശുചിത്വവും ചിട്ടയും സഹജവാസനയല്ല; വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതാണ്. മിക്ക മഹത്തായ കാര്യങ്ങളെയും പോലെ, അവയോടുള്ള അഭിരുചി നിങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണം’’ എന്നാണ്. നിർഭാഗ്യവശാൽ അതൊന്നും നമ്മളോ നമ്മളെ ഭരിക്കുന്നവരോ പഠിച്ചില്ല.
പരിഹരിച്ചേ തീരൂ. നിലവിൽ കേരളത്തിലെ മാലിന്യത്തിന്റെ തോതനുസരിച്ചുള്ള ശേഖരണ-സംസ്കരണ സംവിധാനമില്ലെന്ന് ഭരിക്കുന്നവർ സമ്മതിക്കണം. അതനുസരിച്ചുള്ള സംസ്കരണ പദ്ധതികൾ തയാറാക്കണം. ജൂണിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ച നിർദേശമനുസരിച്ച്, വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോഴത്തെ മൂന്ന് എന്നതിനു പകരം നാലായി തരംതിരിച്ച് മാലിന്യം ശേഖരിക്കണം. അതിന് എവിടെയാണ് മൂന്നു പാത്രങ്ങളുള്ളത്? കേന്ദ്രത്തിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും സുപ്രീംകോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിർദേശം. പക്ഷേ, മൂന്നോ നാലോ പാത്രങ്ങളിലായി മാലിന്യം സൂക്ഷിക്കാനും അവ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കാനും സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ? ഉണ്ടെങ്കിൽ അതു നടപ്പാക്കണം. എന്നിട്ടും മാലിന്യപ്പൊതിയുമായി ആളില്ലാമൂല തപ്പി നടക്കുന്നവരെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ ആവർത്തിക്കാൻ തോന്നാത്തത്ര പിഴ ഈടാക്കണം.
മിക്ക വിദേശരാജ്യങ്ങളിലും വീട്ടിലോ പരിസരത്തോ വയ്ക്കുന്ന നാലു പാത്രങ്ങളിൽനിന്ന് സർക്കാർ സംവിധാനങ്ങൾ മാലിന്യം യഥാസമയം ശേഖരിക്കുന്നതിനാൽ പ്രശ്നങ്ങളില്ല. കേരളത്തിൽ എന്നാണ് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുന്നത്? മുന്നറിയിപ്പുകൾ, ബോർഡുകൾ, ഉത്തരവുകൾ... ഇത്തരം പ്രഹസനങ്ങളുടെ പരാജയമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഭരണാധികാരികളേ, നിങ്ങൾക്കു കടുകുമണിയോളം പ്രതിബദ്ധതയുണ്ടെങ്കിൽ ഈ മാലിന്യമലകളോട് മാറിപ്പോകാൻ പറയൂ.
District News
തൊടുപുഴ: ജില്ലയില്‍ മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായിത്തീര്‍ന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്താന്‍ തീരുമാനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം നല്കി.
ലഭ്യമായ റവന്യു ഭൂമി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. റവന്യു ഭൂമിയുടെ ലഭ്യത സംബന്ധിച്ച് പരിശോധന നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കും.
റോഡുകളും പാലങ്ങളും കലുങ്കുകളും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുംവരെ കാത്തിരിക്കാതെ, ആഘാതം കുറയ്ക്കാനുള്ള സുരക്ഷാ മുന്‍കരുതല്‍ അടിയന്തരമായി സ്വീകരിക്കണം. ഡാമുകളുടെ പൊതുവായ സ്ഥിതിയും റോഡുകളുടെ അപകടാവസ്ഥയും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും പുനരധിവാസവും അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ജില്ലയില്‍ 28 വില്ലേജുകള്‍ ദുരന്തബാധിതമാണ്. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 138 കുടുംബങ്ങളിലെ 326 പേരാണ് കഴിയുന്നത്.
കനത്ത മഴയില്‍ 117 റോഡുകള്‍ തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 46 റോഡുകളും തദ്ദേശ വകുപ്പിന്റെ 71 റോഡുകളുമാണ് തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്ക് ഒന്‍പത് കോടിയുടെ നാശനഷ്ടവും തദ്ദേശ വകുപ്പിന്റേത് 74 ലക്ഷം രൂപയുടെ നഷ്ടവുമാണ് കണക്കാക്കുന്നത്. മഴക്കെടുതികളില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കും. മഴ മുന്നറിയിപ്പുകള്‍ അടിക്കടി മാറാമെന്നതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഉടന്‍തന്നെ എസ്റ്റിമേറ്റ് തയാറാക്കി കളക്ടര്‍ക്ക് നല്‍കണം. മൂന്നാര്‍ സിഎസ്ഐ പള്ളിക്ക് സമീപം അപകടാവസ്ഥയിലുള്ള മണ്‍തിട്ട നീക്കാനായി ദേശീയപാത, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥര്‍ ഉടന്‍ സംയുക്ത പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു.
മൂന്നാറിലെ പാലം അപ്രോച്ച് റോഡിന്റെ നിര്‍മാണം വേഗത്തില്‍ തീര്‍ക്കാന്‍ തദ്ദേശ, പൊതുമരാമത്ത് വകുപ്പുകള്‍ നടപടി സ്വീകരിക്കണം. പുല്ലുപാറ അമലഗിരി ഭാഗത്തെ റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും നടപടി സ്വീകരിക്കും.
ദേശീയപാതയുടെ ഭാഗമായ കെകെ റോഡിലെ മണ്ണിടിച്ചിലുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നും അതിന്റെ ചെലവ് തിരിച്ചുനല്‍കാമെന്നും ദേശീ യപാതാ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍തന്നെ എസ്റ്റിമേറ്റ് കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
വാഗമണ്ണില്‍ മണ്ണിടിയുന്ന ഭാഗത്തെ നാല് കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റിയിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് ക്യാമ്പില്‍നിന്ന് തിരിച്ചുപോയി താമസിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അവര്‍ക്ക് ഭൂമിയും വീടും നല്കി പുനരധിവസിപ്പിക്കുന്നതില്‍ തദ്ദേശവകുപ്പിനോട് റിപ്പോര്‍ട്ട് തേടി. തൊടുപുഴ പന്നിമറ്റത്ത് മണ്‍ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള രണ്ടു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി കളക്ടറോടു നിര്‍ദേശിച്ചു.
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും ഇറിഗേഷന്‍ വകുപ്പും യോഗത്തില്‍ അറിയിച്ചു. മലങ്കര ഡാമില്‍ നിലവില്‍ ജലനിരപ്പ് കുറയുകയാണ്. 40.56 മീറ്ററാണ് 12 വരെയുള്ള കണക്ക് പ്രകാരം ജലനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. നിലവില്‍ അഞ്ച് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. മുവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആര്ഡിഒയുമായും തഹസില്‍ദാറുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ യോഗം നിര്‍ദേശിച്ചു.
മുല്ലപ്പെരിയാര്‍ ജലം കൊണ്ടുപോകുന്ന ആനവച്ചാല്‍ കനാല്‍ ഷട്ടര്‍ ഉയര്‍ത്താത്തതിനാല്‍ വെള്ളക്കെട്ടിനു സാധ്യതയുണ്ട്. പരമാവധി ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനു കത്തു നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചതോടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 70 ശതമാനം ആയിരുന്ന ജലനിരപ്പ് നിലവില്‍ 43 ശതമാനം മാത്രമാണ്. ഇടുക്കി ഡാമില്‍ വൈദ്യുതി ഉത്പാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമില്‍ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതെന്നും വിലയിരുത്തി.
ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് തുടങ്ങിയവരും ജില്ലയിലെ വകുപ്പുമേധാവികളും പങ്കെടുത്തു.
Kerala
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
Kerala
പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ കൊട്ടം ചുരത്തിലെ വയൽ പീടികയിൽ ഹനീഫയുടെ (40) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു നൂറു മീറ്ററോളം അകലെ നിന്നാണ് ഇന്നു രാവിലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപെട്ടത്.
പുഴയിലുടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ തൊണ്ടിയിൽ ചെസ് കഫേയുടെ സമീപത്തുവച്ചാണ് ഒഴുക്കിൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.
District News
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പ്രളയക്കെടുതി. ദുരിതാശ്വാസക്യാമ്പുകളുടെ എണ്ണവും ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. റോഡുകൾ വെള്ളത്തിലായി. ബസ് ഗതാഗതം നിരോധിച്ചതോടെ കുമരകം ഒറ്റപ്പെട്ടു.
താഴത്തങ്ങാടി മുതൽ കോണത്താറ്റു പാലം വരെയുള്ള റോഡിലാകെ വെള്ളമാണ്. ഇല്ലിക്കൽ കവല, ആമ്പക്കുഴി, കടത്തുകടവ്, ചെങ്ങളം ഹൈസ്കൂൾ, ഒന്നാം കലുങ്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കൂടുതൽ. കുമരകം ഗവ. ഹൈസ്കൂളിൽ ഇന്നലെ 10 കുടുംബങ്ങൾക്കായി ഒരു ക്യാമ്പ് തുടങ്ങി.
തിരുവാർപ്പിലും താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. 15 ക്യാമ്പുകളിലായി 300ലധികം ആളുകൾ അഭയം തേടി. തിരുവാർപ്പിലേക്കും ബസ് സർവീസ് നാമമാത്രമാണ്. ഇന്നലെ ജലനിരപ്പ് കുറയാനുള്ള ലക്ഷണം രാവിലെ കണ്ടിരുന്നെങ്കിലും ഉച്ചയോടെ വെള്ളം കൂടുകയായിരുന്നു. അയ്മനം പഞ്ചായത്തിലും ജനങ്ങൾ ദുരിതക്കെടുതി നേരിടുകയാണ്. 184 ദുരിത ബാധിതർ വിവിധ ക്യാമ്പുകളിലെത്തിയിട്ടുണ്ട്.വിരിപ്പു കൃഷിയിറക്കാൻ ഒരുക്കങ്ങൾ നടത്തുന്ന നെൽ കർഷകർക്കും വെള്ളപ്പൊക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആർപ്പൂക്കര വെള്ളത്തിൽ
ആർപ്പൂക്കര: കരിപ്പ, മണലേൽപള്ളി, ആര്യാട്ടുഴം, കരിപ്പൂത്തട്ട്, മണിയാപറമ്പ്, പറയൻമാലി, മാടശേരി, പനമ്പാലം, കോലേട്ടമ്പലം, ചൂരക്കാവ്, അൽഫോൻസ ഭവൻ, മൂഴിമുഖം പ്രദേശങ്ങൾ വെള്ളത്തിലായി.
കോലേട്ടമ്പലം -മണലേൽപള്ളി റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. കരിപ്പ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ ആളുകളെ ഫയർ ഫോഴ്സെത്തി സുരക്ഷിത കേന്ദ്രത്തിലേക്കാക്കി. ആർപ്പൂക്കര ഗവ. വിഎച്ച്സി, കരിപ്പൂത്തട്ട് സ്കൂൾ, കുമരംകുന്ന് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അൽഫോൻസാ ഭവനിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങി.
മീനടത്ത് ഗതാഗതം മുടങ്ങി
മീനടം: റോഡില്‍ വെള്ളം കയറിയതിനാല്‍ മീനടം വഴിയുള്ള ഗതാഗതം മുടങ്ങി. ഞണ്ടുകുളം പാലത്തിലും റോഡിലുമാണ് വെള്ളം കയറിയത്. ഇന്നലെ രാവിലെ മുതല്‍ ബസ് സര്‍വീസ് ഉള്‍പ്പെടെ നിലച്ചു. മീനടം - പാമ്പാടി റൂട്ടിലോടുന്ന ബസുകള്‍ വെട്ടത്തുകവലയില്നിന്നു തിരിഞ്ഞു പയ്യപ്പടി വഴി മാളികപ്പടിയിലെത്തിയാണ് സര്‍വീസ് നടത്തിയത്. ചെറിയ വാഹനങ്ങള്‍ പുത്തന്‍പുരപ്പടി ജംഗ്ഷനില്‍നിന്നു പരിയാരം വഴി യാത്ര നടത്തി.
കൃഷി നശിച്ചു
മീനടം: വെള്ളം കയറിയതിനാല്‍ പാടങ്ങളിലെ കൃഷി നശിച്ചു. മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളിലെ പാടങ്ങളില്‍ കൃഷി ചെയ്ത കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. പാടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പയര്‍, പാവല്‍, പടവലം, വെള്ളരി, ഏത്തവാഴ തുടങ്ങിയ കൃഷിയാണ് നശിച്ചത്.
നീലിമംഗലം ഭാഗത്തും വെള്ളം
നീലിമംഗലം: നീലിമംഗലം ഭാഗങ്ങളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി. പാറമ്പുഴ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇറഞ്ഞാല്‍ റോഡിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
പെണ്ണാർതോട് കവിഞ്ഞൊഴുകി
ഏറ്റുമാനൂർ: പോളനിറഞ്ഞ പെണ്ണാർതോട് കവിഞ്ഞൊഴുകിയതിനെത്തുടർന്ന് മുപ്പതിലേറെ വീടുകളിൽ വെള്ളം കയറി. വർഷങ്ങളായി പോള നീക്കം ചെയ്യാത്തതിനെ തുടർന്നാണ് ഒഴുക്കു നിലച്ചത്.അടിയന്തര നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജിയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നു രാവിലെ പത്തിന് മൈനർ ഇറിഗേഷൻ അധികൃതർ സ്ഥലം സന്ദർശിക്കും.
അതിരമ്പുഴയിൽ വീടുകൾ വെള്ളത്തിൽ
ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്തിന്റെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ. 10-ാം വാർഡിൽ ഇരുപ്പേൽചിറയിൽ 25 വീടുകളിലും 19-ാം വാർഡിൽ മൂന്നു വീടുകളിലും 20-ാം വാർഡിൽ ആറ് വീടുകളിലും 22-ാം വാർഡിൽ 33 വീടുകളിലും 23 -ാം വാർഡിൽ 10 വീടുകളിലും 24 -ാം വാർഡിൽ കളരിക്കൽ ചിറയിൽ 20 വീടുകളിലുമാണ് വെള്ളം കയറിയത്. ചാലാശേരി- വട്ടമല കോളനിയിൽ വീടുകൾക്കു ചുറ്റും വെള്ളം കയറിയതോടെ കിടപ്പു രോഗികൾ ഉൾപ്പെടെ വലഞ്ഞു.
അതിരമ്പുഴയിൽ സെന്റ് അലോഷ്യസ് എൽപി സ്കൂളിലും ശ്രീകണ്ഠമംഗലം ഗവ. എൽപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 80ലേറെ പേർ ക്യാമ്പുകളിലുണ്ട്.
ഏറ്റുമാനൂരിൽ ആയിരത്തിലേറെ വീടുകൾ വെള്ളത്തിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി. മീനച്ചിലാറിനോട് ചേർന്ന ഭാഗങ്ങളിലാണ് പ്രധാനമായും വെള്ളപ്പൊക്കം ഉണ്ടായത്. 15, 16, 17, 18, 20, 21 വാർഡുകൾപ്പെടുന്നപേരൂർ, കറത്തേടം, പായിക്കാട്, പാറേക്കടവ്, പൂവത്തുംമൂട്, കക്കയം, പുന്നത്തുറ, മാടപ്പാട്, കമ്പനിക്കടവ്, പള്ളിക്കുന്ന്, ചെറുവാണ്ടൂർ, തെള്ളകം പ്രദേശങ്ങളിലാണ് വീടുകൾ വെള്ളത്തിലായത്.
പനച്ചിക്കാട്, കുറിച്ചി വെള്ളപ്പൊക്കം രൂക്ഷമായി
ചിങ്ങവനം: പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കുറിച്ചിയിൽ 15,18,19 വാർഡുകളിലെ 70 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കുറിച്ചി ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 250 പേര് ഉണ്ട്. ആനകുഴി, കവുണുതറ ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട്, കുഴിക്കാട്ട് കോളനി, പന്നിമറ്റം, പുതുവൽ ഭാഗം, പനച്ചിക്കാട്, അമ്പാട്ട് കടവ് തുടങ്ങിയ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.
കുഴിമറ്റം സദനം സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 80 പേരാണ് എത്തിയത്. പനച്ചിക്കാട് അമ്പാട്ട് കടവ് റോഡിലും പാത്താമുട്ടം ഞാലിയാകുഴി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ആറുമാനൂർ ഒറ്റപ്പെട്ടു
അയര്‍ക്കുന്നം: അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍, ഗൂര്‍ഖണ്ഡസാരി, പുളിഞ്ചുവട്, തേവരതുരുത്ത് ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. പ്രദേശത്തുള്ള നൂറില്‍പ്പരം വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസമായി. വാഹന ഗതാഗതവും നിലച്ചു. നിരവധിപ്പേര്‍ വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചു. ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയദുരിതത്തിൽ നീണ്ടൂർ
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ എട്ടു വീടുകളിലും 12-ാം വാർഡിൽ ഏഴു വീടുകളിലും 13-ാം വാർഡിൽ ഒമ്പതു വീടുകളിലും 14-ാം വാർഡിൽ 20 വീടുകളിലും 15-ാം വാർഡിൽ ഏഴു വീടുകളിലും വെള്ളം കയറി.നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 15 പേർ ക്യാമ്പിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ വെള്ളം കയറി. 20 പേരെ മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിച്ചു.
മട വീണു
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിലെ മാക്കോത്തറ പാടശേഖരത്തിൽ മടവീണു. വിതയ് ക്കാൻ ഒരുക്കിയിട്ട പാടശേഖരമായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ഗതാഗതം നിലച്ചു
ഏറ്റുമാനൂർ: മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന് റോഡുകളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഏറ്റുമാനൂർ-അയർക്കുന്നം റോഡിൽ പട്ടർമഠം പാലത്തിനു സമീപവും ഏറ്റുമാനൂർ-പുന്നത്തുറ റോഡിൽ കറ്റോട് ജംഗ്ഷനു സമീപവും ഷട്ടർ കവല- കണ്ണമ്പുര-പള്ളിക്കുന്ന്- ചെറുവാണ്ടൂർ റോഡിൽ കണ്ണമ്പുരയ്ക്കു സമീപവും വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
ബൈപാസ് റോഡ് അടച്ചു
ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസ് റോഡ് ഞായറാഴ്ച രാത്രി പന്ത്രണ്ടോ അടച്ചു. പൂവത്തുംമൂട് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.
District News
മറവൻതുരുത്ത്: മൂവാറ്റുപുഴയാർ കരകവിഞ്ഞതോടെ മറവൻതുരുത്തിലെ ജലാശയങ്ങളുടെ ഓരത്തും ഉൾപ്രദേശങ്ങളിലുമുള്ള നിരവധി വീടുകൾ വെള്ളക്കെട്ട് ദുരിതത്തിൽ. വീടുകളിൽ വെള്ളം കയറിയ അഞ്ചു കുടുംബങ്ങളിൽനിന്നായി 16 പേരെ മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കായിക്കരി ഭാഗത്ത് വെള്ളം കയറിയ വീട്ടിൽ ഒറ്റപ്പെട്ടുപോയ വയോധികയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജും ജനപ്രതിനിധികളും ഒത്തുചേർന്ന് വള്ളത്തിലെത്തി പുറത്തെത്തിച്ച് ബന്ധുക്കളെ ഏല്പിച്ചു.
വെള്ളപ്പൊക്ക ദുരിതമേറിയാൽ കടായി സ്കൂളിലും ഇടവട്ടം എസ്എൻഡിപി ഹാളിലും ക്യാമ്പ് തുറക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആതിര വിനയൻ, വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് എന്നിവർ പറഞ്ഞു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കാഷ്മീർ താഴ്വരയിലുണ്ടായ മിന്നൽപ്രളയത്തിൽ വീട്ടമ്മ മരിച്ചു. മേഘവിസ്ഫോടനത്തെത്തുടർന്നു താഴ്വരയിൽ പ്രളയസമാനമായ അന്തരീക്ഷമാണ്.
കുപ്വാരയിലെ ബിംലവാലിയിൽ ഒരു മുസ്ലിം ആരാധനാലയവും നടപ്പാലയും വെള്ളപ്പൊക്കത്തിൽ തകർന്നു.
അനന്ത്നാഗിലെ പഹൽഗാം, ഷോപ്പിയാനിലെ ഹിർപോറ, ബന്ദിപോറയയിലെ ദാർദ്പോറ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായി. മേഖലയിലെ ഒട്ടേറെ പാലങ്ങളും റോഡുകളും പ്രളയത്തിൽ തകർന്നു.
District News
ഇരിട്ടി: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാരും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും ജനങ്ങളും ഏകോപനത്തോടെ നടത്തിയ ഇടപെടലുകൾ ഫലപ്രദമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മഴക്കെടുതിയെ തുടർന്ന് ആകെ 4,80,614 വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ഇതിൽ 92 ശതമാനവും വളരെ വേഗത്തിൽ പുനഃസ്ഥാപിച്ചതായും ഇനി 35,118 കണക്ഷനുകൾ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളതെന്നും മന്ത്രി ഇരിട്ടിയിലെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 2,892 ട്രാൻസ്ഫോമറുകൾക്ക് തകരാറുണ്ടായി.
വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ഇതിൽ 2,600 ട്രാൻസ്ഫോമറുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ചാർജ് ചെയ്തിട്ടുണ്ട്. 1,872 വൈദ്യുതി തൂണുകൾക്കും നാശനഷ്ടമുണ്ടായതായും അവ അതിവേഗം പുനഃസ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം പത്തനംതിട്ട ജില്ലയിലും തുടർന്ന് കണ്ണൂർ ജില്ലയിലുമാണുണ്ടായത്. കണ്ണൂരിൽ ശ്രീകണ്ഠപുരം സർക്കിളിലെ ചെറുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ഇരിട്ടി സർക്കിളിലെ മലയോര മേഖലകളെയും കൂടുതലായി ബാധിച്ചു.
ഈ മേഖലകളിൽ വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് നിലവിൽ 42.5 ശതമാനമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 73 ശതമാനമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീടുകളുടെ നാശനഷ്ടം: മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രി
ഇരിട്ടി: മഴക്കെടുതിയിൽ തകർന്ന വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി സണ്ണി ജോസഫ്. 2018-ലെ പ്രളയകാലത്തേതിന് സമാനമായ രീതിയിൽ കരിക്കോട്ടക്കരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ച സാഹചര്യമാണ്. ഇത്തരം വീടുകളും പൂർണ നാശനഷ്ട വിഭാഗത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തകർന്ന പാലങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുഴകളിൽ മണ്ണടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
തൃശൂർ: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, മേജർ-മൈനർ ഇറിഗേഷൻ, കെഎൽഡിസി തുടങ്ങി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിനായി ഫെബ്രുവരി 19-ന് തന്നെ 2.30 കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും, പ്രധാന തോടുകളുടെ ശുചീകരണം ഉൾപ്പെടെ 231 പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയെന്നും മേയർ പറഞ്ഞു. എന്നാൽ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള തോടുകളും കനാലുകളും ഒരുമിച്ച് ശുചീകരിക്കാതെ വെള്ളക്കെട്ടിന് സ്ഥിരപരിഹാരം സാധ്യമാകില്ലെന്നും അവർ വ്യക്തമാക്കി.
അശാസ്ത്രീയമായി നിർമിച്ച കാനകളെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച മേയർ, അവ താൻ വന്നതിന് ശേഷം നിർമിച്ചതല്ലെന്നും മുൻകാലങ്ങളിൽ നിർമിച്ചതാണെന്നും പറഞ്ഞു.
വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ശാസ്ത്രീയ മാപ്പിംഗ് നടത്തുകയും പോരായ്മകൾ പരിഹരിക്കുകയുമാണ് വേണ്ടത്. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തോടെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.
മഴക്കാലം മുന്നിൽക്കണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ, ഹെൽപ്ലൈൻ സംവിധാനം എന്നിവയും കോർപറേഷൻ സജ്ജമാക്കിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ കൂട്ടിച്ചേർത്തു
Kerala
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കി.
നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ദുരന്തമേഖലയ്ക്കുള്ള ഫണ്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Health
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം.
ചർമത്തിലെ മുറിവുകളില്‍
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
കാല്‍വണ്ണയ്ക്ക് വേദന
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.
ഡോക്സിസൈക്ലിന്‍ എന്തിന്?
· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല
· എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ
കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ
Kerala
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധി ഭീഷണിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. ഊണ് കഴിക്കുന്നത് തെറ്റാണോ എന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.
ശനിയാഴ്ച മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. രാത്രിയില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയും ആറൻമുളയും വീണ്ടും പ്രളയ ഭീഷണിയിലായതോടെ, പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം.
പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. അതേസമയം, ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
Kerala
ഈരാറ്റുപേട്ട: പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ പ്ലാത്തോട്ടത്തിൽ വസതിയിലും ഭാര്യയുടെ കടയിലും വെള്ളം കയറി കനത്തനാശം. ഇവിടെ താമസം തുടങ്ങിയിട്ട് നാല്പതിലധികം വർഷമായെങ്കിലും തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു വെള്ളപ്പൊക്കം ആദ്യമായാണ് കാണുന്നതെന്ന് പി.സി. ജോർജ് പറഞ്ഞു.
പുലർച്ചെ രണ്ടു മണിയോടെ അയൽവാസിയായ യുവാവ് വിവരമറിയിച്ചതിനെത്തുടർന്ന് നോക്കുമ്പോൾ വീട്ടുമുറ്റം മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. തുടർന്ന് രണ്ടരയോടെ വീടിനകത്തേക്ക് വെള്ളം ഇരച്ചുകയറി.
വീട്ടിനുള്ളിൽ മൂന്നരയടിയോളം പൊക്കത്തിൽ വെള്ളമുയർന്നു. ഫ്രിഡ്ജും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും നശിച്ചു. പ്രളയസമയത്ത് പി.സി. ജോർജും ഭാര്യയും മകൻ ഡോ. ഷെയ്നും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളമുയർന്നതോടെ വീടിന്റെ രണ്ടാം നിലയിലേക്ക് മാറി.
വീടിനു പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സമീപത്തു പ്രവർത്തിച്ചിരുന്ന തുണിക്കട, തയ്യൽക്കട എന്നിവ പൂർണമായും പ്രളയത്തിൽ നശിച്ചു. ഇവിടെ ഏകദേശം മുപ്പതു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ഇന്നോവ കാറുകളിലും മാരുതി കാറിലും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു.
വെള്ളൂക്കുളം മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വടക്കനാറിലൂടെയും പൂഞ്ഞാർ ഭാഗത്തുനിന്നുള്ള ആറിലൂടെയും ഒഴുകിയെത്തിയ പ്രളയജലം സംഗമിച്ചതാണ് ഈരാറ്റുപേട്ടയിൽ പെട്ടെന്ന് വെള്ളമുയരാൻ ഇടയാക്കിയത്. പ്രദേശത്ത് അതിരുകൾ തിരിച്ച് കൂറ്റൻ മതിലുകളും നിർമാണങ്ങളും കൂടിയതോടെ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതായതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത്. ഒരു വാർഡിലേക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്, ക്ലീനിംഗ് അടക്കമാണിത്. വെള്ളപ്പൊക്കത്തിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം എന്നും അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചുവെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കര്‍വ് ബാധകമല്ലെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 കുടുംബങ്ങളിലെ 143 കുട്ടികളടക്കം 702 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ചെങ്ങന്നൂർ താലൂക്കിൽ എട്ട് ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കിൽ മൂന്നു ക്യാമ്പുകളും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്.
ജില്ലയിൽ മൂന്നു വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും തർന്നു. അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻഡിആർഎഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിലെ മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാം. സര്‍ക്കാര്‍ സ്പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയിൽ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയോളം സബ്സിഡിയും നല്കി.
എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
ശനിയാഴ്ച നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ശനിയാഴ്ച ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
പത്തനംതിട്ട: പ്രളയക്കെടുതിയിൽ വലിയ തോതിൽ ദുരിതം നേരിടുന്ന ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ആറന്മുളയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ എത്തിച്ചേരുന്നത് ആറന്മുളയിലേക്കാണ്. അതിനാൽ റാന്നി മേഖലയിൽ ജലനിരപ്പ് കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടണമെന്നും അബിൻ വർക്കി അഭ്യർഥിച്ചു.
Kerala
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളില്‍ പലയിടത്തും വെള്ളം കയറി. കോടഞ്ചേരി നിരന്നപാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കോടഞ്ചേരി-നിരന്നാപാറ റോഡില്‍ മണ്ണ് ഒഴുകിവന്ന് അടിഞ്ഞുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചുരത്തില്‍ ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു.
ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പോലീസ് വാഹനങ്ങള്‍, അവശ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, വനം വകുപ്പ്, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവലും മാറ്റിവച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത തുടരുകയാണ്. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു മീൻപിടിത്തത്തിനു പോയ ബോട്ട് ശക്തമായ മഴയില്‍ എന്ജിന് തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
Kerala
കൽപ്പറ്റ: ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ വയനാട്ടില്‍ ശരാശരി 203 മില്ലിമീറ്റര്‍ മഴ പെയ്തതായി കല്‍പ്പറ്റ പുളിയാര്‍മല ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വൈത്തിരി വട്ടപ്പാറയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്-208.4 മില്ലിമീറ്റര്‍. വൈത്തിരിയിൽ 169.73 മില്ലിമീറ്റര്‍ മഴ വര്‍ഷിച്ചു.
മുനീശ്വരന്മല-107, പനമരം നീര്‍വാരം-118, തവിഞ്ഞാല്‍-135, തൊണ്ടര്‍നാട്-129.6, തരിയോട്-96.5, പൊഴുതന-113.25, തിരുനെല്ലി-73.66, തവിഞ്ഞാല്‍- 73.66, മാനന്തവാടി-76.58, കല്‍പ്പറ്റ-86.15 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
തെക്കേ വയനാടിന്റെ ചില ഭാഗങ്ങളില്‍ കുറഞ്ഞ അളവിലായിരുന്നു പെയ്ത്ത്. മുള്ളന്‍കൊല്ലി-29.33, പുല്‍പ്പള്ളി-29.45, ബത്തേരി-18.4, നൂല്‍പ്പുഴ-13.76 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ ഏറ്റക്കുറച്ചില്‍ പ്രകടമാണ്.
Kerala
കണ്ണൂർ: കർണാടകയിലും ആറളം വനാന്തർ ഭാഗങ്ങളിലും ആറളം, ചെറുപുഴ, ഉളിക്കൽ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. പുഴയിലെ ഒഴുക്കിൽപെട്ട് ചെറുപുഴയിലും പേരാവൂരിലു മായി രണ്ടു പേരെ കാണാതായി.
ചെറുപുഴയിൽ തുരുത്തിൽ പെട്ടയാളെ റാഫ്റ്റിൽ രക്ഷിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷാപ്രവർത്തകൻ രാജേഷ് കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പേരാവൂർ തൊണ്ടിയിൽ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ പോയ കൊട്ടംചുരം സ്വദേശി വയൽപീടിക ഹനീഫയെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചെറുപുഴ ജോസ്ഗിരിയിൽനിന്നു രാജഗിരിയിലേക്ക് ബൈക്കിൽ വരികയായിരുന്നയാൾ മലവെള്ളപ്പാച്ചിലിൽ ബൈക്ക് സഹിതം ഒഴുകിപ്പോയെങ്കിലും രക്ഷപ്പെടുത്തി. മറ്റത്താനിക്കൽ സണ്ണിയാണ് ഒഴുക്കിൽപ്പെട്ടത്. പരിക്കേറ്റ സണ്ണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യങ്കോട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കോലുവള്ളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അപകടസാധ്യതയെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെടുംപൊയിൽ ചുരം പാതയിൽ ഏലപ്പീടികയിലെ വെള്ളച്ചാട്ടം റോഡിലേക്ക് പരന്നൊഴുകി. മഴ ശക്തമായതിനെത്തുടർന്ന് പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകളും നാലുമീറ്ററാക്കി ഉയർത്തി.
മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ, കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കവിഞ്ഞു. ആറളം പുനരധിവാസമേഖലയിലെ 13 ,11,13/55 ബ്ലോക്കുകളിൽ വെള്ളം കയറി 45ഓളം കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനമാരംഭിച്ചു.
മന്ത്രി സണ്ണി ജോസഫ് മഴക്കെടുതി അതിജീവിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകിവരികയാണ്.
Kerala
തിരുവനന്തപുരം: മണിക്കൂറുകൾകൊണ്ട് ദുരിതം വിതച്ച് തിമിർത്തുപെയ്ത മഴയിൽ പകച്ച് കേരളം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകനാശം വിതച്ച ഇടുക്കിയിലും പത്തനംതിട്ടയിലും മണിക്കൂറുകൾകൊണ്ടു പെയ്തിറങ്ങിയത് 20 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴ.
പത്തനംതിട്ടയിലെ ളാഹയിൽ 25 സെന്റിമീറ്റും പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റിമീറ്ററും റാന്നിയിൽ 19 സെന്റിമീറ്ററും മഴ പെയ്തതോടെയാണ് മധ്യകേരളം മഴക്കലിയിൽ വിറങ്ങലിച്ചു പോയത്.
മണിക്കൂറുകൾകൊണ്ട് പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും സംജാതമായത് മിന്നൽപ്രളയത്തിനു സമാനമായ സാഹചര്യമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ഈ മേഖലകളിൽ തുടർന്നിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വൈകിയാണ് മഴയുടെ ഭാവം മാറിയത്. അതിതീവ്ര മഴ പെയ്ത മണിക്കൂറുകൾക്കു പിന്നാലെ പന്പയിലും മീനച്ചിലാറിലും ജലനിരപ്പ് കുതിച്ചുയർന്നു.
മലവെള്ളപ്പാച്ചിലിൽ തീരം കവിഞ്ഞതോടെ ഈ മേഖലകളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളടക്കം വെള്ളക്കെട്ടിലായത് ദുരിതം ഇരട്ടിയാക്കി. ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു ദിവസമോ ആഴ്ചകളോകൊണ്ടു പെയ്യേണ്ട മഴ പെയ്യുകയാണ്. ഇതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സമയം കിട്ടാത്തതാണ് മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്.
അറബിക്കടലിൽനിന്നുള്ള ശക്തമായ ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റാണ് നിലവിലെ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത 24 മണിക്കൂർകൂടി ശക്തമായ മഴ തുടരുമെന്നും പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പെയ്ത മഴ:
റാന്നി-19 സെന്റിമീറ്റർ, കരിപ്പൂർ വിമാനത്താവളം, കുരുടാമണ്ണിൽ, പാലോട്, ഉറുമി-16. ഇടുക്കി-15. കോന്നി-14. കോട്ടയം, നിലന്പൂർ-13. കുന്നന്താനം-12. ഒറ്റപ്പാലം, വൈത്തിരി, കൂത്താട്ടുകുളം, കുന്നമംഗലം, അയ്യൻകുന്ന്-11. ചേർത്തല, കുമരകം, വൈക്കം, തട്ടത്തുമല, തൈക്കാട്ടുശേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ 10 സെന്റിമീറ്റും മഴ പെയ്തു.
തിരുവനന്തപുരം: അതിതീവ്ര മഴ മൂലം പമ്പാനദിയിൽ വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും നാളെയും ശബരിമലയിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലകളിൽ ഏറ്റവും ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ പെയ്ത പ്രദേശങ്ങൾ
പത്തനംതിട്ട- 25 സെന്റിമീറ്റർ(ളാഹ)ഇടുക്കി- 21 (പീരുമേട്/തൊടുപുഴ)മലപ്പുറം- 16 (കരിപ്പൂർ)തിരുവനന്തപുരം-16 (പാലോട്)കോഴിക്കോട്- 16 (ഉറുമി)കോട്ടയം- 13 വയനാട്- 11 (വൈത്തിരി)എറണാകുളം- 11 (കൂത്താട്ടുകുളം)പാലക്കാട്- 11 (ഒറ്റപ്പാലം)കണ്ണൂർ- 11 (അയ്യൻകുന്ന്)കൊല്ലം- 9 (പുനലൂർ/ആര്യങ്കാവ്)ആലപ്പുഴ- 10(ചേർത്തല/കുമരകം)കാസർഗോഡ്- 8(പാണത്തൂർ)തൃശൂർ- 7
തകർന്ന വീടുകൾ 145, ദുരിതാശ്വാസ ക്യാമ്പിൽ 1465 പേർ
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 145 വീടുകൾ തകർന്നു. 17 വീടുകൾ പൂർണമായും 128 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇവിടങ്ങളിലായി 1465 പേരെ ഇന്നലെ വൈകുന്നേരം ആറു മണിവരെ മാറ്റിപ്പാർപ്പിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ളാഹയിൽ മാത്രം 24 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ശബരിമല വനത്തിലും ഗൂഡ്രിക്കൽ റേഞ്ച് മേഖലയിലും ഉണ്ടായ ശക്തമായ പേമാരി മൂലം നിരവധി സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി.
പമ്പാ നദിയും പ്രധാന പോഷക നദിയായ കക്കാട്ടാറും പെരുകിയതിനേതുടർന്ന് കക്കാട് പദ്ധതിയുടെ മൂഴിയാർ ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 10 സെ മീറ്റർ തുറന്നതും പ്രളയത്തിന്റെ കാഠിന്യം വർധിക്കാൻ കാരണമായി.
ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്ക് തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണിയിലൂടെ വെള്ളം നിർബാധം പുറത്തേക്ക് ഒഴുകിയും പ്രളയത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
റാന്നി, വടശേരിക്കര, അത്തിക്കയം പ്രദേശങ്ങൾ നേരം പുലർന്നപ്പോൾതന്നെ വെള്ളത്തിനടിയിലായി.
പന്പയുടെ തീരത്തുനിന്ന് കിലോമീറ്ററുകൾ അകലെ വരെ വെള്ളം വളരെ വേഗമെത്തി.റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റാൻഡും മുങ്ങി. പിന്നാലെ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലും വെള്ളം കയറി.
പുനലൂർ - മൂവാറ്റുപുഴ, തിരുവല്ല - കുന്പഴ സംസ്ഥാനപാതകളിലടക്കം ഗതാഗതം മുടങ്ങി. ശബരിമല പാതയിലും ഗതാഗത തടസം ഉണ്ടായി.
വീടുകളിൽ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ എൻഡിആർഎഫും ഫയർഫോഴ്സും റാന്നിയിലും ആറന്മുളയിലും രംഗത്തിറങ്ങി. ഡിങ്കി, കുട്ടവഞ്ചി, ചെറുവള്ളങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി, കോട്ടാങ്ങൽ, വായ്പൂര് മേഖലകളിലും വെള്ളപ്പൊക്കം ഉണ്ടായി. അച്ചൻകോവിലാറിന്റെ തീരത്തും പ്രളയക്കെടുതികൾ തുടരുകയാണ്.
Kerala
പാലാ: മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ, ഈരറ്റുപേട്ട നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി സ്ഥിതിയാണ്. പാലാ ഈരാറ്റുപേട്ട, പാലാ കോട്ടയം, പാലാ വൈക്കം റോഡുകളില്‍ ഗതാഗതം തടസപെട്ടു.
മിനച്ചില്‍ താലൂക്കിലിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് ഭരണങ്ങാനം മൂന്നാനി കൊട്ടാരമറ്റം പനക്കപ്പാലം കൊല്ലപ്പള്ളി ഉള്‍പ്പെടെ ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു.
മൂന്നിലവിലും തീക്കോയിയിലും വീടുകളിലും കടകളിലും വെള്ളം കയറി, ഗതാഗതം തടസപ്പെട്ടു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. കൂടാതെ ഈരാറ്റുപേട്ട - പാലാ റോഡിലും വലിയ തോതില്‍ വെള്ളം കയറിയത് യാത്രക്കാരെയും വാഹനങ്ങളെയും ദുരിതത്തിലാക്കി.
അപകടസാധ്യത കണക്കിലെടുത്ത് ദുരന്തബാധിത മേഖലകളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുകയാണ്.
പാലാ പ്രദേശത്ത് മാത്രം 50 വീടുകളില്‍ വെള്ളം കയറുകയും 30 വീടുകളിലെ വീട്ടുപകരണങ്ങള്‍ അടക്കം മുഴുവന്‍ വസ്തുക്കളും ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നാശനഷ്ടങ്ങളുടെ കണക്കും റിപ്പോര്‍ട്ടുകളും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമുണ്ട്. പാലാ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. ഫയർ ഫോഴ്സിന്റെ ഡിങ്കി ബോട്ടുകളെത്തി വീട്ടിൽ കുടുങ്ങിയ പ്രായമായവരെ ഇവിടെനിന്ന് മാറ്റുകയാണ്.
കനത്ത മഴയിൽ റാന്നി ടൗൺ പൂർണമായും മുങ്ങിയ നിലയിലാണ്. ടൗണിൽ അരയ്ക്കൊപ്പം വെള്ളം ഉയർന്നു. ടൗണിലെ വീടുകളിലും കടകളിലും വെള്ളം കയറി. ആളുകളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ കാന്പുകളിലേയ്ക്കുമാണ് മാറ്റുന്നത്. വെള്ളം കയറിയ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റുകയാണ്.
2018ലെ പ്രളയത്തിലും ടൗൺ മുങ്ങിയിരുന്നു. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു പെയ്തതെന്നു കളക്ടർ എ. നിസാമുദീൻ അറിയിച്ചു. 300 മില്ലിമീറ്റർ വരെ മഴയാണു ചെയ്തത്. ഇതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു.
Kerala
ഇടുക്കി: ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിയ സുമതിയുടെ മൃതദേഹം കണ്ടെടുത്തു.
മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ അകപ്പെട്ട സുമതിയുടെ ഭർത്താവ് രവി, മകൻ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർക്ക് ഗുരുതരമായ പരിക്കുകളൊന്നും ഇല്ല. പുലർച്ചെ രണ്ടോടെയായിരുന്നു മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്.
കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.
കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.
National
ദിസ്പൂർ: ആസാമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിലായി മൂന്ന് പേർ കൂടി മരിച്ചു.
ശിവസാഗറിൽ രണ്ട് പേരുടെയും ഗോലാഘട്ടിൽ ഒരാളുടെയും മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 78 ആയതായി ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശിവസാഗർ, ചരായിഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംറുപ്പ് മെട്രോപോളിറ്റൻ എന്നീ ഏഴ് ജില്ലകളിലായി 3,00,031 ആളുകളാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. 551 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
ചരായിഡിയോ ജില്ലയാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Movies
പ്രളയക്കെടുതി നേരിടുന്ന അസമിലെ ജനങ്ങളെ സഹായിക്കാനായി മുന്നോട്ടുവരാൻ ഫോളോവേഴ്സിനോട് അഭ്യർഥിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് ദുരിതബാധിതർക്ക് ഉടൻ തന്നെ അടിയന്തര സഹായം എത്തിക്കണമെന്ന് താരം ആവശ്യപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ സഹായിക്കാനുള്ള വഴികൾ ഉടൻ പങ്കുവയ്ക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് അസമിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിലായി നരവധി പേരാണ് മരിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളുടെ കൃഷിയിടങ്ങളാണ് വെള്ളത്തിലായത്. ഇതേ തുടർന്നാണ് ആലിയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ അഭ്യർഥിച്ചത്.
'രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഒന്നാണ് അസം. 60-ലധികം ജീവനുകളാണ് ഇതിനോടകം നഷ്ടപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല കുടുംബങ്ങൾക്കും തങ്ങളുടെ വീടുകളും കൃഷിയിടങ്ങളും കന്നുകാലികളെയും നഷ്ടപ്പെട്ടു, ചിലർക്കാകട്ടെ പ്രിയപ്പെട്ടവരെയും,' ആലിയ കുറിച്ചു.
'അസമിന് ഇപ്പോൾ അടിയന്തര സഹായവും പിന്തുണയും ആവശ്യമാണ്. ഇതിൽ നിങ്ങൾക്ക് എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുന്നുവെങ്കിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനകളെ പിന്തുണയ്ക്കാനുള്ള വഴികൾ ഞാൻ അടുത്ത ദിവസങ്ങളിൽ പങ്കുവയ്ക്കാം,' ആലിയ കൂട്ടിച്ചേർത്തു.
അസമിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന നിരവധി താരങ്ങളിൽ ഒരാളാണ് ആലിയ. അടുത്തിടെ നടൻ സൽമാൻ ഖാനും അസമിലെ തന്റെ ഒരു ഫാൻസ് ക്ലബ്ബുമായി ചേർന്ന് ദുരിതബാധിതർക്കായി സഹായവുമായി രംഗത്തെത്തിയിരുന്നു.
National
ദിസ്പൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അസാമിൽ മരിച്ചവരുടെ എണ്ണം 61 ആയി. 1000 -ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 12 ജില്ലകളിലായി 7,05,148 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 14 ഓളം പേരാണ് മരിച്ചത്. ഇതിൽ ഏഴ് മരണം ചരായിഡിയോയിലും, ആറ് മരണം ശിവസാഗറിലും, ഒരു മരണം ജോർഹട്ടിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56,606 ഹെക്ടറിലധികം കൃഷിയിടങ്ങൾ പൂർണമായും മുങ്ങിപ്പോയി.
ഗോലാഘട്ട്, ചരായിഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോൺ, ബിശ്വനാഥ്, ജോർഹട്ട്, ധേമാജി, ശിവസാഗർ, സോണിത്പൂർ, കാംരൂപ് മെട്രോ, കർബി ആംഗ്ലോംഗ് എന്നീ ജില്ലകളിലാണ് നിലവിൽ പ്രളയം രൂക്ഷമായിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ 363 ദുരിതാശ്വാസ കാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. 1,15,000-ത്തിലധികം ആളുകളാണ് കാമ്പുകളിൽ കഴിയുന്നത്.
കർഷകരെയും കന്നുകാലികളെയും പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങളും കോഴികളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
National
ഗാന്ധിനഗർ: കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗുജറാത്തിലെ ബാവ്ല-സർഖേജ് ഹൈവേയിലെ ഗതാഗതം പൂർണമായി നിരോധിച്ചു. വെളളപ്പൊക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി കരസേനയുടെ സേവനവും തേടിയിട്ടുണ്ട്.
വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലിമീറ്റർ മഴയാണ്. ശക്തമായ മഴയിൽ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി.
ബുധനാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടുമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരന്തബാധിത ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
National
ദിസ്പൂർ: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ മരണസംഖ്യ 47 ആയി ഉയർന്നു. ശക്തമായ മഴയെ തുടർന്ന് ഗുവാഹത്തിയുടെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തിനിടെ ശിവസാഗർ, ജോർഹാട്ട് ജില്ലകളിൽ മൂന്ന് പേർ വീതവും ചരായ്ഡിയോയിൽ രണ്ട് പേരും ധേമാജി, കർബി ആംഗ്ലോഗ് ജില്ലകളിൽ ഓരോ ആൾ വീതവുമാണ് മരിച്ചത്. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ 11 ജില്ലകളിലായി 6.53 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 939 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ബ്രഹ്മപുത്ര നദിയിയുടെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണ്.
ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിന്റെ മുന്നിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
മഴ പെയ്താല്‍ വെള്ളത്തിലൂടെ നീന്തി വേണം രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളിലേക്ക് പോകാന്‍. ഡ്രെയ്നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.
കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആശുപത്രി വെള്ളക്കെട്ടില്‍ തന്നെ തുടരാനാണ് സാധ്യത.
കൊച്ചിയില്‍ മഴക്കാല ശുചീകരണം കാര്യക്ഷമമായി നടത്തിയില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കോടികള്‍ മുടക്കി നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ടില്‍ ആയിരുന്നു.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴ മൂലം ചൈനയിലെ ഹെബെയ്, ലിയാലോംഗ് പ്രവിശ്യകളിൽ പ്രളയം.
ഹെബെയിലെ കുവാൻചെംഗ് എന്ന സ്ഥലത്ത് രണ്ടു മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി. തെരുവുകളിൽ വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ചുഴലിക്കൊടുങ്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി എങ്കിലും ആരെങ്കിലും മരിച്ചതായി റിപ്പോർട്ടില്ല. നേരത്തേ ഇരുപതു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.
District News
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിപ്രവേശന കവാടത്തിനു മുന്നിലെ വെള്ളക്കെട്ടും അകത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം അടച്ചിരിക്കുന്നതും യാത്രക്കാർക്കും രോഗികൾക്കും ദുരിതമാകുന്നു. അത്യാസന്ന നിലയിലായ രോഗികളെ കയറ്റിയ ആംബുലൻസുകളടക്കം നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന കവാടമാണ് കുണ്ടും കുഴിയുമായി വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങൾ പണിതെങ്കിലും റോഡ് നവീകരണത്തിന് പ്രാധാന്യം നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയപാത പള്ളിമുക്ക് ജംഗ്ഷൻ മുതൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന അര കിലോമീറ്ററോളം ഭാഗം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനെതിരേ ആശുപത്രി കേന്ദ്രമായിപ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാസമിതി അടക്കം സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ പ്രവേശന കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരംവരെ നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായപ്പോൾ അഞ്ചു ലക്ഷം രൂപ ചെലവിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. ഇതിൽ റോഡിന്റെ ഒരു ഭാഗം ഈ അടുത്ത സമയത്താണ് ടൈൽ പാകിയത്. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കയറാതിരിക്കാനാണ് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ കവാടത്തിനു സമീപം വാഹനങ്ങൾക്ക് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്.
അതേസമയം വലതുഭാഗത്തെ വഴിയിൽകൂടി വാഹനങ്ങൾക്കു പ്രവേശിക്കാമെങ്കിലും കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും കുഴിയും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കു പറ്റിയവരെ ഓട്ടോറിക്ഷകളിൽ എത്തിക്കുമ്പോൾ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള കെഎസ്ആർടിസി സർവീസും ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു കൂടിയാണിത്. റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കാലതാമസം വരുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
District News
കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണം മൂലം ബേവിഞ്ച പ്രദേശത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചില്‍ ഭീഷണിയും പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കല്ലട്ര മാഹിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ റവന്യു ഡിവിഷണല്‍ ഓഫീസറും സംഘവും ബേവിഞ്ചയില്‍ സംയുക്ത പരിശോധന നടത്തിയത്.
സ്റ്റാര്‍ നഗറിലെ കലുങ്ക് നിര്‍മാണവും ഡ്രെയിനേജ് പ്രശ്നവും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന തരത്തിലാണ് മണ്‍തിട്ട നില കൊള്ളുന്നത്. മുന്‍പുണ്ടായിരുന്ന വികെ പാറ റോഡ്, ഇല്ലം റോഡ്, കുണ്ടടുക്കം റോഡ്, കുന്നില്‍ സ്കൂള്‍ റോഡ്, കൊല്ലറ മൂല തുടങ്ങിയ അഞ്ചോളം കലുങ്കുകള്‍ നിര്‍മിക്കാതെ അവിടുത്തെ മുഴുവന്‍ മഴവെള്ളവും നിലവില്‍ പകുതി മാത്രം നിര്‍മാണം പൂര്‍ത്തിയായ പുതിയ വലിയ കലുങ്കിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ ഭൂമിയിലേക്കാണ് ഇതു തുറക്കുന്ന്. കലുങ്കിലൂടെ എത്തുന്ന ശക്തമായ വെള്ളമൊഴുക്ക് താങ്ങാന്‍ നിലവിലെ ഓടയ്ക്ക് സാധിക്കില്ല. അതിനാല്‍ ഇവിടെ മൂന്നുമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ഓട നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബേവിഞ്ച പാലത്തിന് അടിയില്‍ ബീമുകള്‍ ഉറപ്പിക്കാന്‍ കൊണ്ടുവന്നതും അല്ലാത്തതുമായ വലിയ മണ്ണു കൂമ്പാരമാണുള്ളത്. കുന്നിന്‍ചെരിവില്‍ നിന്ന് വരുന്ന മഴവെള്ളം കൃത്യമായ ഡ്രെയിനേജ് ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കെട്ടിക്കിടക്കുകയും തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങി ഉഗ്രാണി കോളനി-മുണ്ടാംകുളം റോഡിലേക്ക് പതിക്കുകയും ചെയ്യുന്നു. ശക്തമായ വെള്ള മൊഴുക്കില് പാലത്തിനടിയിലെ മണ്ണും ചെളിയും ഒലിച്ച് പുഴ പോലെ ഉഗ്രാണി കോളനിയിലെ വീടുകളിലേക്ക് കയറുകയാണ്.
പ്രദേശത്തെ വലിയ ഓടകള്‍ തമ്മില്‍ കണക്റ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കണമെന്നും പാലത്തിനടിയിലെ മണ്ണ് അടിയന്തരമായി നീക്കാന്‍ എന്‍എച്ച്എഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ കാരണം പഠിക്കാന്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു.
ശക്തമായ മഴയുള്ള സമയത്ത് ദേശീയപാതയില്‍ നിന്നുള്ള അിശകതമായ വെള്ളമാണ് മുണ്ടാംകുളം ടാര്‍ റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രധാന കാരണം. നിലവിലുള്ള സര്‍വീസ് റോഡിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പുതിയ ഡ്രെയിനേജ് നിര്‍മിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇതു സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ എന്‍എച്ച്എഐ എന്‍ജിനിയര്‍മാരോട് ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്തത് കാരണം ബേവിഞ്ച സ്കൂളിലേക്ക് പ്രവേശിക്കുന്ന റോഡ് ഇപ്പോള്‍ അഞ്ചു മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും അപകടകരമായ മണ്‍തിട്ടയായി മാറിയിരിക്കുകയാണ്. കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തത് സ്കൂള്‍ കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തിയും കൈവരിയും നിര്‍മിക്കാന്‍ എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടു. സ്കൂളിന് മുന്നില്‍ നടന്ന വലിയ തോതിലുള്ള അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് ജില്ലാ ജിയോളജിസ്റ്റിനെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
ഈസ്റ്റ് ബേവിഞ്ച ജുമാ മസ്ജിദിന് സമീപം ദേശീയ പാതയുടെ ഇരുവശത്തും സര്‍വീസ് റോഡ് വേണമെന്നതും പള്ളിയുടെ മുന്‍വശത്ത് നിലവില്‍ നിർമിച്ചിരിക്കുന്ന അണ്ടര്‍പാസ് നാലുമീറ്റര്‍ ഉയരവും ആറുമീറ്റര്‍ വീതിയുമുള്ള വലിയ അണ്ടര്പാസാക്കി മാറ്റണമെന്ന ആവശ്യവും എന്‍എച്ച്എഐ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും. ദേശീയപാത നിര്‍മാണം കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതവും കുറ്റമറ്റതുമായ പരിഹാരം കാണാന്‍ ആവശ്യമായ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പരിശോധനയ്ക്ക് ശേഷം എംഎല്‍എ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: എറണാകുളത്ത് രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇടപ്പള്ളി-വൈറ്റില ദേശീയപാതയിലെ വെണ്ണല ഭാഗത്തെ സര്‍വീസ് റോഡ് വെള്ളത്തിനടിയിലായി. റോഡും ഓടയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ്. ഓടകള്‍ ക്ലീന്‍ ചെയ്യാത്തതും വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.
പാലാരിവട്ടത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വെള്ളവും ഈ പ്രദേശത്ത് ഇന്ന് എത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഈ പ്രദേശത്തുണ്ട്. മഴ തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പാലാരിവട്ടത്ത് ബ്ലോക്ക് തുടരുകയാണ്.
കാക്കനാട് നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴി ആയതിനാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വലയുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ 20 ഓളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചി കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, എറണാകുളത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ മലയോര മേഖകളില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
Kerala
കൊച്ചി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൊച്ചി കോര്പ്പറേഷന് എടുത്തില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കോര്പ്പറേഷന് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലെത്തി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയ ശേഷം നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഓടകള്‍ നന്നാക്കുകയോ മഴക്കാല ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ആദ്യ മഴയില്‍ തന്നെ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തിയത്.
മെട്രോ പിങ്ക്ലൈനിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറ, മരട് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയില്‍ 20ല്‍ അധികം വീടുകളും വെള്ളത്തിലായി.
Kerala
കൊച്ചി: എറണാകുളത്ത് കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയിലെ ഇടംപാടം പാണ്ടിപ്പറമ്പ് റോഡിലെ 22 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. രാത്രിയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു.
വെള്ളം ഒഴുകി പോകേണ്ട പൈപ്പ് ഒരു സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മുമ്പ് പൈപ്പിട്ട് പരിഹരിച്ച വെള്ളക്കെട്ട് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, തൃപ്പൂണിത്തുറ നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കനത്ത ഗതാഗത കുരുക്കും ഈ ഭാഗത്ത് ഉണ്ടാവുന്നുണ്ട്. എറണാകുളത്ത് ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി കെ.സി. വേണുഗോപാല്‍ എംപി. ചോദ്യങ്ങള്‍ അടങ്ങുന്ന കത്ത് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു എന്നതാണ് ആദ്യ ചോദ്യം.
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പക്ഷേ, ഡല്‍ഹിക്കു പുറത്ത് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധാരണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടത് എന്തു ഡീല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവരഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതുകേട്ട് താന്‍ ഞെട്ടിത്തരിച്ചുപോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹികജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജന തന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
National
ജയ്പുർ: ജയ്പുരിലെ സർക്കാർ ആശുപത്രി ഐസിയുവിൽ പൈപ്പുപൊട്ടി വെള്ളപ്പൊക്കം.
വെന്റിലേറ്ററിലുള്ള രോഗികളെ ഉൾപ്പെടെ പുറത്തേക്കുമാറ്റേണ്ടിവന്നു. തിങ്കളാഴ്ച രാത്രി സ്വാമി മാൻസിംഗ് (എസ്എംഎസ്) ആശുപത്രിയിലായിരുന്നു സംഭവം.
ഐസിയുവിൽ വെന്റിലേറ്ററിലുള്ള 10 പേരുൾപ്പെടെ 14 രോഗികളാണുണ്ടായിരുന്നത്.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ക്രിസ്മസ് രാവിലുണ്ടായ കനത്ത കാറ്റിലും മഴയിലും മൂന്നു പേർ മരിച്ചു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.
ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 27 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. മിന്നൽപ്രളയം മൂലം റോഡിലെ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കലിഫോർണിയയിലെ തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.
International
ജക്കാർത്ത: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600നടുത്തായി.
ഇന്തോനേഷ്യയിൽ മാത്രം 417 പേർ മരിച്ചു. തായ്ലൻഡിൽ 170 ഉം മലേഷ്യയിൽ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലെ 40 ലക്ഷം പേർ കെടുതികൾ നേരിടുന്നു.
കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പെയ്യുന്ന മഴയാണു ദുരിതം വിതയ്ക്കുന്നത്. ഇതിൽ 30 ലക്ഷം പേർ തെക്കൻ തായ്ലൻഡിലും 11 ലക്ഷം പേർ പടിഞ്ഞാറൻ ഇന്തോനേഷ്യയിലുമാണ്.
ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ മൂന്നു പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 289 പേരെ കാണാതായെന്നും 2.13 ലക്ഷം പേർക്കു വീടുകൾ ഒഴിയേണ്ടിവന്നുവെന്നും ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സൈന്യം സഹായം നല്‍കുന്നുണ്ട്.
തായ്ലൻഡിലെ എട്ടു പ്രവിശ്യകൾ വെള്ളപ്പൊക്കം നേരിടുന്നു. തായ്ലൻഡിൽ മൊത്തം റിപ്പോർട്ട് ചെയ്ത 170 മരണങ്ങളിൽ 131ഉം സോംഗ്ലാ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയിലെ ഹാത് യായി നഗരത്തിൽ വെള്ളിയാഴ്ച 33.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.
മലേഷ്യയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് 24,500 പേരെ ഒഴിപ്പിച്ചുമാറ്റി.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ പ്രളയ ഭീതിയിൽ ശ്രീലങ്ക. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ നൂറിലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ഇന്നു സഹായം കൈമാറും. അതേസമയം, കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്നു സ്കൂൾ അവധി പ്രഖ്യാപിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 94 പേർ മരിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു ദുരന്തത്തിനു കാരണം.
55 പേരും മരിച്ചത് വടക്കൻ സുമാത്ര പ്രവിശ്യയിലാണെന്ന് ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. മലയോരപ്രദേശങ്ങളിൽ ഗ്രാമങ്ങൾ അപ്പാടെ ഒലിച്ചുപോയി എന്നാണു റിപ്പോർട്ട്. പ്രവിശ്യയിലെ 12 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതിവിതരണ സംവിധാനങ്ങളും ടെലിഫോൺ ശൃംഖലയും തകർന്നു.
പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.17,000 വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നാണു കണക്ക്. 23,000 പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.
റോഡുകളും പാലങ്ങളും തകർന്നതും യന്ത്രോപകരണങ്ങളുടെ അഭാവവും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
വടക്കൻ സുമാത്രയിലെ ബതാംഗ് തൊരു പട്ടണത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ ഏഴ് അജ്ഞാത മൃതദേഹങ്ങൾ പ്രദേശവാസികൾ കൂട്ടത്തോടെ മറവുചെയ്തു.
ദുരിതബാധിത മേഖലകളിൽ വിമാനത്തിലൂടെ സഹായവസ്തുക്കൾ വിതരണം ചെയ്യുന്നതായി ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
തെക്കുകിഴക്കനേഷ്യൻ രാജ്യമായ തായ്ലൻഡിലും മഴ ദുരിതം വിതയ്ക്കുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരണസംഖ്യ 145 ആയി. 30,000 പേർ അഭയകേന്ദ്രങ്ങളിൽ തുടരുന്നു.