മാക് ബുക്ക് നിയോ 2
ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പ് നിരയിലേക്ക് കരുത്തുറ്റ മാറ്റങ്ങളോടെ 'മാക്ബുക് നിയോ 2' (MacBook Neo 2) എത്തുന്നു. ഉപയോക്താക്കൾ നിരന്തരം ചൂണ്ടിക്കാണിച്ച പ്രധാന പോരായ്മ പരിഹരിച്ചുകൊണ്ട് കൂടുതൽ റാമുമായാണ് പുതിയ മോഡൽ എത്തുന്നത്.
മാർക്ക് ഗുർമാൻ നൽകുന്ന വിവരമനുസരിച്ച്, A19 പ്രോ ചിപ്പും 12GB റാമും സഹിതമാണ് ആപ്പിൾ മാക്ബുക് നിയോ 2 വികസിപ്പിക്കുന്നത്. നിലവിലെ മാക്ബുക് നിയോയിൽ A18 പ്രോ ചിപ്പും 8GB റാമുമാണുള്ളത്.
റാം 8ജീബി-യിൽ നിന്ന് 12ജീബി ആയി ഉയർത്തുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. ആപ്പിൾ തങ്ങളുടെ മാക് ഒഎസിൽ (macOS) കൂടുതൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ 12GB റാം വലിയ സഹായകരമാകും. കൂടാതെ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഒരേസമയം ഉപയോഗിക്കുമ്പോഴുള്ള പെർഫോമൻസ് തടസ്സങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് പോലെയുള്ള കഠിനമായ ജോലികൾക്കുള്ളതല്ലെങ്കിലും വിദ്യാർത്ഥികൾക്കും സാധാരണ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്കും മാക്ബുക് നിയോ 2 മികച്ചൊരു ഓപ്ഷനായിരിക്കും. നിലവിലുള്ള സിൽവർ, ബ്ലഷ്, സിട്രസ്, ഇൻഡിഗോ നിറങ്ങൾക്ക് പുറമെ പുതിയ കളർ വേരിയന്റുകളും ഇതിൽ പ്രതീക്ഷിക്കാം. 2027 ആദ്യ പകുതിയോടെ ഇത് വിപണിയിലെത്താനാണ് സാധ്യത.
Tags : macbookneo2 apple budget laptop