ഫിൽ ഹ്യൂസ്
ക്രിക്കറ്റ് ലോകത്തെ ഇന്നും കണ്ണീരിലാഴ്ത്തുന്ന ഓർമയാണ് ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ അകാല വിയോഗം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബൗൺസർ പന്ത് തലയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഹ്യൂസ് രണ്ട് ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ക്രിക്കറ്റ് ലോകത്തെ നടുക്കിയ ആ ദുരന്തത്തിന് ഇന്ന് 12 വർഷം.
ബൗൺസർ തലയിൽ പതിച്ച് ദുരന്തം
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സൗത്ത് ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയിൽസും തമ്മിലുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെയായിരുന്നു ഹ്യൂസിന് ദാരുണമായി പരിക്കേറ്റത്. പേസ് ബൗളർ സീൻ അബോട്ട് എറിഞ്ഞ ബൗൺസർ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച ഹ്യൂസിന്റെ തലയ്ക്ക് പിന്നിൽ പതിക്കുകയായിരുന്നു.
ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഹ്യൂസിന് സഹതാരങ്ങളും മെഡിക്കൽ സംഘവും ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി. ഹെലികോപ്റ്ററിൽ സിഡ്നിയിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ, മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് നവംബർ 27ന് മരണം സംഭവിക്കുകയായിരുന്നു.
26-ാം ജന്മദിനത്തിന് വെറും മൂന്ന് ദിവസം മുൻപായിരുന്നു ആ വിയോഗം. ഇത്തരത്തിലുള്ള അപൂർവ പരിക്കുകൾ മൂലമുള്ള നൂറാമത്തെ സംഭവമായിരുന്നു ഇതെന്നും ക്രിക്കറ്റിൽ ആദ്യത്തേതായിരുന്നെന്നും ടീം ഡോക്ടർ പീറ്റർ ബ്രക്നർ വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റ് സുരക്ഷയിൽ നിർണായക മാറ്റങ്ങൾ
ഹ്യൂസിന്റെ മരണം ക്രിക്കറ്റിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ഹെൽമെറ്റുകളിൽ കഴുത്തിന് പിന്നിലെ ഭാഗം സംരക്ഷിക്കുന്ന നെക്ക് ഗാർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു.
പിന്നീട് ബാറ്റർമാരുടെ സുരക്ഷയ്ക്കായി നെക്ക് ഗാർഡുകൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നതിലേക്കും ഈ ദുരന്തം വഴിതെളിച്ചു.
സഹതാരങ്ങളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ
അന്ന് ഓസ്ട്രേലിയൻ പര്യടനത്തിലുണ്ടായിരുന്ന ഇന്ത്യൻ ടീം വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഹ്യൂസിന്റെ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുത്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ ടീമിന്റെ ഈ സ്നേഹപ്രകടനത്തെ അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് പ്രശംസിക്കുകയും ചെയ്തു.
അടുത്ത സുഹൃത്തുക്കളായിരുന്ന ഡേവിഡ് വാർണറും മൈക്കിൾ ക്ലാർക്കും ഹ്യൂസിന്റെ വിയോഗത്തിൽ തകർന്നുപോയി. സിഡ്നി ടെസ്റ്റിൽ 63 റൺസ് തികച്ചശേഷം വാർണർ, ഹ്യൂസ് വീണ സ്ഥലത്ത് മുട്ടുകുത്തി മണ്ണിൽ ചുംബിച്ചത് ക്രിക്കറ്റ് ലോകത്തെ ഏറെ വൈകാരികമായി സ്പർശിച്ചു.
63 നോട്ടൗട്ട്; മറക്കാത്ത ഇന്നിംഗ്സ്
ഏകദിനത്തിൽ ഹ്യൂസ് ധരിച്ചിരുന്ന 64-ാം നമ്പർ ജഴ്സി പിന്നീട് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ആദരവിന്റെ ഭാഗമായി മാറി. പരുക്കേൽക്കുമ്പോൾ 63 റൺസിലായിരുന്നു ഹ്യൂസ്. ആ ഇന്നിംഗ്സ് പിന്നീട് "63 നോട്ടൗട്ട്' എന്ന നിലയിൽ രേഖപ്പെടുത്തി.
നേപ്പാളിൽ ഓസ്ട്രേലിയക്കാരുൾപ്പെട്ട സംഘം 63 ഓവർ മത്സരം സംഘടിപ്പിച്ചും താരത്തിന് ആദരമർപ്പിച്ചു.
റിക്കാർഡുകൾ സ്വന്തമാക്കിയ പ്രതിഭ
ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമാണ് ഹ്യൂസ് കളിച്ചത്. 2009ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാത്യു ഹെയ്ഡന് പകരക്കാരനായാണ് ടെസ്റ്റിൽ അരങ്ങേറിയത്. ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ 75 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി.
രണ്ടാം ടെസ്റ്റിന്റെ ഇരുഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയതോടെ 20 വയസും 96 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ടെസ്റ്റിലെ ഇരുഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും ഹ്യൂസ് സ്വന്തമാക്കി.
2013 ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ആദ്യ ഓസ്ട്രേലിയൻ താരമെന്ന നേട്ടവും ഹ്യൂസ് സ്വന്തമാക്കി.
ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഹ്യൂസിന്റെ കരിയറിന് അപ്രതീക്ഷിത ദുരന്തം വിരാമമിട്ടു. ഇന്നും ക്രിക്കറ്റ് ലോകം മറക്കാത്ത പേരുകളിലൊന്നാണ് ഫിൽ ഹ്യൂസ്.
Tags : PhilHughes Cricket Australia Tribute