അമേരിക്കയിലെ മിഷിഗണിലുള്ള ചെബോയ്ഗൻ നദിയുടെ ആഴങ്ങളിൽ നിന്ന് അഞ്ചു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ആ അപൂർവ്വ സന്ദേശത്തിന് ഇപ്പോൾ 100 വർഷം തികയുകയാണ്.
ബോട്ട് ടൂർ കമ്പനി ഉടമയായ ജെന്നിഫർ ഡൗക്കർ എന്ന സ്കൂബാ ഡൈവർ, തന്റെ ബോട്ടിന്റെ അടിഭാഗം വൃത്തിയാക്കുന്നതിനിടയിലാണ് തികച്ചും ആകസ്മികമായി ഒരു പച്ച ഗ്ലാസ് കുപ്പി കാണാൻ ഇടയായത്.
കുപ്പിയുടെ മുക്കാൽ ഭാഗവും വെള്ളം കയറിയ അവസ്ഥയിലായിരുന്നെങ്കിലും, അതിനുള്ളിൽ ഒരു പഴകിയ കടലാസ് കഷണം ഭദ്രമായി ഇരിപ്പുണ്ടായിരുന്നു. ആ കടലാസ് പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് 1926 ൽ എഴുതിയ ആ കൗതുകകരമായ കുറിപ്പ് ശ്രദ്ധയിൽപ്പെടുന്നത്.
ഈ കുപ്പി കണ്ടെത്താൻ ഇടയാകുന്നയാൾ ചെബോയ്ഗനിലെ ജോർജ്ജ് മോറോ എന്ന വ്യക്തിക്ക് ഇത് തിരികെ എത്തിക്കണമെന്നും, അത് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയിക്കണമെന്നുമായിരുന്നു ആ ചെറിയ സന്ദേശത്തിൽ ഉണ്ടായിരുന്നത്.
ഈ അപൂർവ്വ നിധിയുടെ ചിത്രങ്ങൾ ജെന്നിഫർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം അതിവേഗം ലോകശ്രദ്ധ നേടി. പോസ്റ്റ് വൈറലായതോടെ ജെന്നിഫറിനെ തേടി ഒരു പ്രത്യേക ഫോൺ കോളുമെത്തി. 74 വയസുള്ള മിഷേൽ പ്രിമോ എന്ന സ്ത്രീയായിരുന്നു അത്.
പ്രചരിച്ച ചിത്രങ്ങളിലെ കൈപ്പട തന്റെ പിതാവായ ജോർജ്ജ് മോറോയുടേതാണെന്ന് അവർ തിരിച്ചറിഞ്ഞു. തന്റെ ജന്മദിന മാസമായ നവംബറിലാണ് അദ്ദേഹം ഈ സന്ദേശം നദിയിലേക്ക് എറിഞ്ഞതെന്നും 1995-ൽ അദ്ദേഹം അന്തരിച്ചുവെന്നും മിഷേൽ വ്യക്തമാക്കി.
കണ്ടെത്തിയ കത്ത് മകൾക്ക് തിരികെ നൽകാൻ ജെന്നിഫർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മിഷേൽ അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. തന്റെ പിതാവിന്റെ ഈ ഓർമ്മ കൂടുതൽ ആളുകളിലേക്ക് എത്തണമെന്നും അത് ജെന്നിഫർ തന്നെ സൂക്ഷിക്കണമെന്നുമാണ് അവർ ആഗ്രഹിച്ചത്.
തുടർന്ന്, ആ പഴയ എഴുത്തും ജോർജ്ജ് മോറോയുടെ ചിത്രങ്ങളും ചേർത്ത് മനോഹരമായി ഫ്രെയിം ചെയ്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
Tags : MessageInABottle HistoryUncovered MysteryFound ScubaDiving RealLifeMagic