സ്പെയിനിലെ ബുന്യോളിൽ നടക്കുന്ന ലോകപ്രശസ്തമായ ലാ ടൊമാറ്റിന ഉത്സവം സിനിമകളിൽ കാണുന്നത്ര സുന്ദരമല്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇൻഫ്ലുവൻസർ അനാലി ഗുപ്ത.
ബോളിവുഡ് ചിത്രങ്ങളിലൂടെ ജനപ്രിയമായ ഈ ആഘോഷം ശാരീരികമായി ഏറെ തളർത്തുന്ന ഒന്നാണെന്ന് കഴിഞ്ഞ വർഷത്തെ തന്റെ അനുഭവം പങ്കുവെച്ച് അവർ പറയുന്നു.
ഉത്സവത്തിന് ഉപയോഗിക്കുന്ന ചീഞ്ഞ തക്കാളികളുടെ കഠിനമായ ദുർഗന്ധം അസഹനീയമാണെന്നും, കടുത്ത ജനത്തിരക്കും തള്ളിക്കയറ്റവും കാരണം പലർക്കും ഛർദ്ദിലും പ്രയാസങ്ങളും അനുഭവപ്പെടാറുണ്ടെന്നും അവർ വ്യക്തമാക്കി.
മുകളിൽ നിന്നും വശങ്ങളിൽ നിന്നും ഒരേസമയം വലിയ തക്കാളികൾ വന്നടിക്കുന്നത് വേദനയുണ്ടാക്കുമെന്നും, ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അതിനാൽ വലിയ തുക ചെലവഴിച്ച് എത്തുന്നതിന് മുൻപ് യഥാർഥ സാഹചര്യങ്ങൾ മനസിലാക്കി ശാരീരികമായും മാനസികമായും തയ്യാറെടുക്കണമെന്നാണ് അവരുടെ പക്ഷം. നിരവധി വിനോദസഞ്ചാരികളും അനാലിയുടെ ഈ തുറന്നുപറച്ചിലിനോട് യോജിച്ച് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
Tags : LaTomatina LaTomatinaFestival SpainTourism LaTomatinaReality SpainTravel