രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. ഭീവണ്ടി-നിസാമ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ തന്നെ അപകടാവസ്ഥയിലായതായി പ്രഖ്യാപിച്ചിരുന്ന കെട്ടിടമാണിത്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ആകെ 48 മുറികളുള്ള ഈ കെട്ടിടത്തിന്റെ ഓരോ നിലയിലും 12 മുറികൾ വീതമാണ് ഉണ്ടായിരുന്നത്.
കെട്ടിടം തകരുന്നതിന് തൊട്ടുമുമ്പ് കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി. എങ്കിലും, കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Tags : Deepika BreakingNews BuildingCollapse Death