സ്കൂൾ ക്ലാസ് റൂമിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചിരിക്ക് വഴി തുറന്നിരിക്കുകയാണ്. മറ്റ് വിദ്യാർഥികളെല്ലാം സാധാരണ ടിഫിൻ പാത്രങ്ങളിൽ ഉച്ചഭക്ഷണം കൊണ്ടുവന്നപ്പോൾ, ഒരു കൊച്ചുമിടുക്കൻ ക്ലാസിലേക്ക് വന്നത് ഐഫോൺ പെട്ടിയുമായിട്ടാണ്.
ഇത് കണ്ട് അമ്പരക്കുകയും കൗതുകം തോന്നുകയും ചെയ്ത അധ്യാപികയും കൂട്ടുകാരും ചേർന്നാണ് ഈ നിമിഷം വൈറലാക്കിയത്. വളരെ സ്റ്റൈലൻ ലുക്കിലുള്ള കറുത്ത ബോക്സ് കണ്ട അധ്യാപിക ആകാംഷയോടെയാണ് എന്താണ് ഇതിനുള്ളിൽ എന്ന് കുട്ടിയോട് ചോദിച്ചത്.
യാതൊരു ഭാവമാറ്റവുമില്ലാതെ, വളരെ നിഷ്കളങ്കമായി ആ കുട്ടി മറുപടി നൽകി: 'മാഡം, ലഞ്ചാണ്.' ഉടൻതന്നെ ബോക്സ് തുറന്നു കാണിക്കാൻ അധ്യാപിക ആവശ്യപ്പെട്ടു.
ഐഫോൺ ബോക്സിന്റെ കവർ ഉയർത്തിയപ്പോൾ, പുതിയ സ്മാർട്ട്ഫോണിന് പകരം, വൃത്തിയായി പേപ്പറിൽ പൊതിഞ്ഞ പൊറോട്ടകൾ അടുക്കി വെച്ചിരിക്കുന്നത് കണ്ട് ക്ലാസ് മുറിയിൽ കൂട്ടച്ചിരി ഉയർന്നു.
'ആരാണ് ഇത് പാക്ക് ചെയ്തത്? ഇതൊരു ലഞ്ച് ബോക്സായി തോന്നുന്നുണ്ടോ?' എന്ന് ചിരിച്ചുകൊണ്ട് അദ്ധ്യാപിക ചോദിച്ചപ്പോൾ, ആത്മവിശ്വാസത്തോടെ ആ വിദ്യാർഥി പ്രതികരിച്ചു. 'ഞാൻ സ്വയം ചെയ്തതാണ്'.
ഈ വാക്കുകൾക്ക് പിന്നാലെ അവന്റെ സഹപാഠികൾ ബെഞ്ചുകളിൽ നിന്ന് മുന്നോട്ട് ആഞ്ഞ് നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഈ രസകരമായ പ്രവൃത്തി ഇന്റർനെറ്റിൽ തരംഗമായി മാറി.
വിദ്യാർഥിയുടെ ഈ ബുദ്ധിപരമായ തമാശയെയും, സാധാരണ കാര്യങ്ങൾക്ക് 'പ്രീമിയം' പരിവേഷം നൽകാനുള്ള അവന്റെ കഴിവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ഐഫോൺ ബോക്സിനെ "ഒന്നര ലക്ഷം രൂപയുടെ ലഞ്ച് ബോക്സ്' എന്ന് കളിയാക്കിയും, 'പ്രീമിയം വൈബുകൾ' എന്ന് വിശേഷിപ്പിച്ചും കമന്റുകൾ നിറഞ്ഞു.
Tags : iPhoneBoxLunch ViralVideo SchoolLife StudentLife TrendingNow