x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിങ്ക് നഗരത്തിൽ ഒരു 'പിങ്ക് ആന'; ജയ്പുരിലെ ആന ഫോട്ടോഷൂട്ട് വിവാദക്കുരുക്കിൽ


Published: March 29, 2026 08:15 PM IST | Updated: March 29, 2026 08:15 PM IST

രാജസ്ഥാനിലെ ജയ്പുരിന്‍റെ സാംസ്കാരിക പൈതൃകം ക്യാമറയിലാക്കാൻ എത്തിയ വിദേശ ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവയുടെ പുതിയ ചിത്രങ്ങൾ വലിയൊരു സൈബർ പോരാട്ടത്തിന് വഴിതുറന്നിരിക്കുകയാണ്.

പിങ്ക് നഗരമെന്നറിയപ്പെടുന്ന ജയ്പുരിലെ തന്‍റെ ആറ് ആഴ്ചത്തെ താമസത്തിനിടയിൽ, നഗരത്തിന്‍റെ അടയാളമായ ആനകളെയും അവിടുത്തെ പ്രിയപ്പെട്ട പിങ്ക് നിറത്തെയും സംയോജിപ്പിച്ച് ഒരു ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ജൂലിയയുടെ ലക്ഷ്യം.

ഇതിനായി ഒരു ആനയെയും മോഡലിനെയും പൂർണമായും പിങ്ക് നിറം പൂശി നടത്തിയ ഫോട്ടോഷൂട്ട് കലയും ധാർമ്മികതയും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടു.

ആനകൾ രാജസ്ഥാന്‍റെ തെരുവുകളിലും വാസ്തുവിദ്യയിലും അലങ്കാരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഒന്നാണെന്നും ഉത്സവകാലങ്ങളിൽ അവയെ ചായം പൂശുന്ന പ്രാദേശിക രീതിയിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നും ഫോട്ടോഗ്രാഫർ വ്യക്തമാക്കുന്നു.

ഏറെ നാളത്തെ തിരച്ചിലിനും നിയമപരമായ അനുമതികൾക്കും ഒടുവിലാണ് ഇത്തരമൊരു ചിത്രീകരണം സാധ്യമായത്. പ്രകൃതിദത്തമായ ചായങ്ങൾ മാത്രമാണ് ഉപയോഗിച്ചതെന്നും ആനയ്ക്ക് യാതൊരുവിധ ശാരീരിക പരിക്കുകളും ഏൽപ്പിച്ചിട്ടില്ലെന്നും അവർ അവകാശപ്പെടുന്നുണ്ടെങ്കിലും മൃഗസ്നേഹികൾ ഈ വാദത്തെ ശക്തമായി എതിർക്കുന്നു.

ചിത്രങ്ങൾ ദൃശ്യപരമായി മനോഹരമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കേവലം കുറച്ച് ലൈക്കുകൾക്കും പ്രശസ്തിക്കും വേണ്ടി ഒരു മിണ്ടാപ്രാണിയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ക്രൂരതയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ആനകളുടെ ചർമ്മം വളരെ സെൻസിറ്റീവ് ആണെന്നും ശരീരം മുഴുവൻ ചായം പൂശുന്നത് അവയ്ക്ക് കടുത്ത അസ്വസ്ഥതയുണ്ടാക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആധുനിക കാലത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്നിരിക്കെ, എന്തിനാണ് ഒരു ജീവിയെ സമ്മർദ്ദത്തിലാക്കുന്നതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ മൃഗസംരക്ഷണ സംഘടനകളായ പെറ്റ, വൈൽഡ് ലൈഫ് എസ്ഒഎസ് എന്നിവർ ജയ്പുരിലെ വിനോദസഞ്ചാര മേഖലയിൽ ആനകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. കഠിനമായ ടാർ റോഡുകളിലൂടെ ഭാരം ചുമന്നുള്ള നടത്തവും ആൾക്കൂട്ടവും ആനകളിൽ വലിയ രീതിയിലുള്ള മാനസികാഘാതം സൃഷ്ടിക്കുന്നുണ്ട്.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ആനകളുടെ സ്വാഭാവിക ജീവിതത്തെ തകർക്കുന്നതാണെന്നും കലയുടെ പേരിൽ നടത്തുന്ന ഈ 'നിറം പൂശൽ' യഥാർഥത്തിൽ അവയുടെ ദുരവസ്ഥയെ മറച്ചുപിടിക്കാനാണെന്നും വിമർശകർ ഒരേ സ്വരത്തിൽ പറയുന്നു.

 

Tags : JaipurPhotoshoot PinkElephant JuliaBuruleva ViralNews ArtControversy

Recent News

Corehub Up