സോഷ്യൽ മീഡിയയിലെ കാഴ്ചകൾക്കിടയിൽ മനുഷ്യത്വത്തിന്റെ കരുത്തും നിഷ്കളങ്കമായ സ്നേഹവും വിളിച്ചോതുന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യം വായനക്കാരുടെ കണ്ണ് നനയിക്കുകയാണ്.
ജീവിതം ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ പ്രതിസന്ധികളിലൂടെയും അനീതികളിലൂടെയും നമ്മെ കടത്തിവിട്ടേക്കാം, എന്നാൽ ആ പരിമിതികൾക്കിടയിലും സ്നേഹം കൊണ്ട് ജീവിതം എങ്ങനെ അർഥപൂർണമാക്കാം എന്ന വലിയ പാഠമാണ് ഈ കൊച്ചു വീഡിയോ പകർന്നു നൽകുന്നത്.
ആശുപത്രി കിടക്കയിലിരുന്ന് തന്റെ അനിയന് അതീവ വാത്സല്യത്തോടെയും ശാന്തതയോടെയും ഭക്ഷണം നൽകുന്ന ഒരു കൊച്ചു ബാലനാണ് ഈ ദൃശ്യങ്ങളിലെ താരം.
വെളുത്ത വിരിയിട്ട ആ ആശുപത്രി കിടക്ക ദുരിതത്തിന്റെ അടയാളമാണെങ്കിലും, ആ സഹോദരങ്ങൾക്കിടയിലെ ആത്മബന്ധം എല്ലാ വേദനകളെയും നിഷ്പ്രഭമാക്കുന്ന കാഴ്ചയായിരുന്നു.
ഇൻസ്റ്റാഗ്രാമിലിലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളിലേക്ക് എത്തുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. പ്രത്യേകിച്ച് മെഡിക്കൽ വിദ്യാർഥികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു വലിയ സന്ദേശം ഈ പോസ്റ്റ് മുന്നോട്ട് വെക്കുന്നുണ്ട്.
വെറുമൊരു ബിരുദം നേടാനോ പരീക്ഷകൾ വിജയിക്കാനോ ഉള്ളതല്ല നിങ്ങളുടെ പഠനം, മറിച്ച് ഇത്തരം നിസഹായരായ മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള വലിയൊരു ദൗത്യത്തിലേക്കുള്ള തയ്യാറെടുപ്പാണെന്ന് വീഡിയോ ഓർമ്മിപ്പിക്കുന്നു.
"നിങ്ങൾ പഠിക്കുന്നത് പരീക്ഷകൾക്കല്ല, മറിച്ച് ജീവൻ രക്ഷിക്കാനാണ്" എന്ന അടിക്കുറിപ്പ് ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. വൈകാരികമായ നിരവധി പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്.
ഒരു ഡോക്ടർ അനുഭവിക്കുന്ന ഉറക്കമില്ലാത്ത രാത്രികളും കഠിനമായ മാനസിക സമ്മർദ്ദവും ഒടുവിൽ മരണത്തെ മുഖാമുഖം കാണുന്ന ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ ലഭിക്കുന്ന ആ സംതൃപ്തിക്ക് മുന്നിൽ ഒന്നുമല്ലെന്ന് പലരും കുറിച്ചു.
എന്നാൽ ഇതിനോടൊപ്പം തന്നെ ആരോഗ്യ പ്രവർത്തകരുടെ കഷ്ടപ്പാടുകളെ കേവലം വൈകാരികമായി കാണാതെ, അവരുടെ ക്ഷേമവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരീക്ഷകൾക്കും കരിയറിനും വേണ്ടി ജീവതത്തിലെ നല്ല നിമിഷങ്ങൾ മാറ്റിവെക്കേണ്ടി വരുന്ന വിദ്യാർഥികളുടെ ആത്മഗതങ്ങളും കമന്റ് ബോക്സുകളിൽ നിറയുന്നു. എങ്കിലും, ആ കൊച്ചു സഹോദരങ്ങളുടെ സ്നേഹം തളർന്നു പോകുന്ന ഏതൊരാൾക്കും പ്രത്യാശയുടെ വലിയൊരു കിരണമാണ് നൽകുന്നത്.
Tags : WholesomeContent HeartTouching BrotherlyLove SiblingBond PureLove